Friday, December 14, 2018


2018, ഡിസംബർ 12, ബുധനാഴ്‌ച

ഓരോ ജീവന്റെയും ജീവന്‍ ഓരോ വിധം




ഓരോ ജീവനും ഓരോ വിധത്തിലാണ്‌ ഈ ഭൂമിയിലേക്ക്‌ വരുന്നത്. ഓരോരുത്തരും ഓരോ രീതിയിലാണ്‌ ഈശ്വരനുമായി സംവദിക്കുന്നത്. ചിലര്ജ്ഞാനമാര്ഗ്ഗത്തിലൂടെ സഞ്ചരിച്ച്‌ ഈശ്വരന്റെ അനിര്വ്വചനീയങ്ങളായ മഹത്വത്തെ അറിഞ്ഞ്അതില്ത്തന്നെ രമിക്കുന്നു. ഈശ്വരന്റെ അത്യന്ത ക്ര്‌പാസാഗരത്തിന്റെ മാഹാത്മ്യം അറിഞ്ഞ്അതില്ത്തന്നെ രമിക്കുന്നു മറ്റു ചിലര്. ഇക്കാണുന്നതൊക്കെയും ഭഗവല് മാഹാത്മ്യംതന്നെ എന്നറിഞ്ഞ് അതിനെ ചിലര് പദേപദേ നമിച്ചുകൊണ്ടിരിക്കുന്നു. ചിലര് ആ മാഹാത്മ്യത്തെ പാടിപ്പുകഴ്ത്തിക്കൊണ്ടിരിക്കുന്നു. ഇനി വേറെ ചിലര്കുന്തീദേവിയെപ്പോലെയും ശബരിയെപ്പോലെയും ഈശ്വരനുവേണ്ടി കണ്ണീരൊഴുക്കിക്കൊണ്ടിരിക്കുന്നു. വീണ്ടും എത്രയോ പേര് നല്ലഭാവനയോടെത്തന്നെ ഭഗവാനെ ചീത്തപറഞ്ഞുകൊണ്ടും, അസഭ്യം വിളിച്ചുകൊണ്ടും ഇരിക്കുന്നു. ഇതൊക്കെ എന്താ ഭഗവാനേ ഇങ്ങനെ എന്ന്‌ ഭഗവാനോട്തന്നെ ചോദിച്ചാല്ഭഗവാന് പറയും, ആരൊക്കെ എന്തൊക്കെ ഏതെല്ലാം വിധത്തില് എന്നെ സ്മരിക്കണമെന്ന്‌ ഞാന്തന്നെ വിധിച്ചിട്ടുള്ളതാണ്‌. ഇക്കാണുന്ന ജഗത്ത്‌ ഒരുപോലെയല്ല വിധാനം ചെയ്തിട്ടുള്ളത്. ഓരോ ജീവജാലത്തിനും, ജീവനുള്ളതിനും ജീവനില്ലാത്തതിനും, ഏതേത് വിധം ഇവിടെ നിലനില്ക്കേണ്ട കാലത്തോളം നിലനില്ക്കണോ, അതിനായിട്ടാണ്‌ ഈ രചന. ഇതൊക്കെ എന്റെതെന്നെ നാടകമാണ്‌, കേളിയാണ്‌. അതുകൊണ്ട് നിനക്ക്‌ തന്നിട്ടുള്ള രംഗം നീ ഭംഗിയാക്കി ആടി തീര്ക്കുക. അതില് ഞാന്സന്തുഷ്ടനായിരിക്കും.

2018, ഡിസംബർ 11, ചൊവ്വാഴ്ച

സമാധിയ്ക്ക്‌ പ്രവര്‍ത്തിയ്ക്കണോ ?



സമാധിയ്ക്ക്‌ പ്രവര്‍ത്തിയ്ക്കണോ ?

അത്‍ എന്താണ്‌, ഇതെന്താണ്‌, അതെങ്ങിനെ നേടാം, അത്‍ കിട്ടാന്‍ എന്ത്‍ ചെയ്യണം, എന്തെങ്കിലും പ്രത്യേക പ്രയോഗം വല്ലതും വേണോ, ഉപവാസം വേണോ, കാട്ടില്‍ പോയി ഇരിയ്ക്കണോ....   എന്ന്‌ തുടങ്ങി ഒരുപാടൊരുപാട്‌ സംശയങ്ങളും കൊണ്ടാണ്‌ പലരും മഹാത്മാക്കളെ സമീപിക്കുന്നത്‍.  ഈ സംശയമൊക്കെ തന്റെ അകമെ ഉള്ളതുതന്നെയാണ്‌.   ഒരു സത്യം മാത്രം അറിഞ്ഞിരിക്കുന്നത്‍ നല്ലതാണ്‌.  എന്തെങ്കിലും ചെയ്യുന്നതുകൊണ്ടോ, എന്തെങ്കിലും ചെയ്തതുകൊണ്ടോ സമാധിയൊന്നും കിട്ടില്ല, ഈശ്വരനെയൊന്നും കിട്ടില്ല.  ’ചെയ്യുന്നവന്‍’ നിലനില്‍ക്കുന്നിടത്തോളം സമാധിയും വരില്ല, ഈശ്വരനെയും കിട്ടില്ല.  ശ്രൂതി വളരെ സ്പഷ്ടമായിത്തന്നെ പറയുന്നുണ്ട്‍, ന ധനേന - ധനംകൊണ്ട്‌ നേടാനൊക്കില്ല,  ന കര്‍മ്മണാ,  - ഒരു കര്‍മ്മംകൊണ്ടും നേടാനൊക്കില്ല,  ന പ്രജയാ  -  സന്താനങ്ങളെ (ഉല്പാദിപ്പിച്ചതു)കൊണ്ട്‍ നേടാനൊക്കില്ല, എന്നൊക്കെ വേദംതന്നെ പറയുന്നു.   ശങ്കരാചാര്യരെപ്പോലത്തെ ആചാര്യന്മാരും അതുതന്നെ ഓതിയിരിക്കുന്നു.  ഭഗവത്‍ ഗീതയില്‍ ശ്രീക്ര്‌ഷ്ണ പരമാത്മാവും അതുതന്നെ പറഞ്ഞിരിക്കുന്നു, സകല കര്‍മ്മങ്ങളും മാറ്റിവെയ്ക്കുന്നുവെങ്കില്‍ മാത്രമേ ജ്ഞാനലബ്ധി ഉണ്ടാകൂ എന്ന്‌.  ഈ സംശയങ്ങളും, ഈ കര്‍മ്മകലാപങ്ങളും എല്ലാം എപ്പോള്‍  സംശയിക്കുന്നവനില്‍ത്തന്നെ വിലീനമാകുന്നുവോ, അവനില്‍ത്തന്നെ  ഇല്ലാതായിത്തീരുന്നുവോ, അതുതന്നെയാണ്‌ സമാധി.  ഈ സംശയങ്ങളെല്ലാം അടങ്ങിക്കിട്ടാനാണ്‌ സദ്‍ഗുരുവിന്റെ ഉപദേശം ഉണ്ടാവണ്ടത്‍.
 ഒരു ഏകദേശ ഉദാഹരണം എന്ന നിലക്ക്‌ നമുക്ക്‌ പറയാം,  സകല സംശയങ്ങളും, ചോദ്യങ്ങളും ഉറങ്ങാന്‍ കിടന്നാല്‍ അവനവനില്‍ത്തന്നെ വിലീനമാകുന്നു, അതോടെ അവിടെ ഭഗവത്‍ സാന്നിദ്ധ്യം ഉണ്ടാകുന്നു. ചത്തപോലെ കിടക്കുന്നതുകൊണ്ട്‍, ഭഗവാന്‍ നമ്മുടെ അകത്തും പുറത്തും ഉണര്‍ന്നിരിക്കുന്നു. ആ സാന്നിദ്ധ്യം  അവിടെ ഉണ്ടാകുന്നതുകൊണ്ടാണ്‌,  ഉറക്കത്തില്‍ അത്യന്തം സുഖമായി ഇരിക്കുന്നത്‍.  അതേ അവസ്ഥതന്നെ ഉണര്‍ന്നിരിക്കുന്ന സമയത്ത്‍, ജാഗ്രത്തില്‍ സജ്ജമാക്കണം. അപ്പോള്‍ അതിനെ സമാധി എന്ന്‌ പറയും.

2017, നവംബർ 13, തിങ്കളാഴ്‌ച

ചിന്തയും പ്രവ്ര്‌ത്തിയും സാമൂഹ്യസേവനമാകുമ്പോള്‍ സമൂഹം ആരോഗ്യപ്രദമായിത്തീരുന്നു


ഭോജനാന്തേ വിഷം വാരി. 
ഭോജനാന്തേ - ഭോജനശേഷം - ഭക്ഷണശേഷം
വാരി - ജലം, വെള്ളം.
വിഷം - വിഷം.

വൈദ്യശാസ്ത്രത്തില്‍ അഗ്രഗണ്യനായ വാഗ്‍ഭടാചാര്യന്റെ വാക്കുകളാണിത്‍.  ആയുര്‍വ്വേദത്തിന്‌ അപാരമായ സംഭാവനകള്‍ നല്‍കിയ ചരക മഹര്‍ഷിയുടെ ശിഷ്യനായിരുന്നു വാഗ്‍ഭടന്‍. തന്റെ ഗുരുനാഥന്റെ ആരോഗ്യ സൂത്രങ്ങളെ കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും, അത്‍ തന്നിലും മറ്റുള്ളവരിലും പ്രയോഗിക്കുകയും, തന്റെ അനുഭവങ്ങളെ ഗ്രന്ഥരൂപത്തിലാക്കി ജനസേവനത്തിനായി സമര്‍പ്പിക്കുകയും ചെയ്തു. ചരക സൂത്രങ്ങളെ തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ വികസിപ്പിച്ച്‍ അതിനെ വ്യാഖ്യാനിക്കുകയാണ്‌ ചെയ്യുന്നത്‍.  ചരക ശിഷ്യനായ വാഗ്‍ഭടന്‍ നൂറ്റിമുപ്പത്‍ വയസ്സുവരെ ജീവിച്ചിരുന്നുവെന്നും, സ്വേച്ഛാമ്ര്‌ത്യു കൈവരിച്ച ഒരു മഹാഋഷിയായിരുന്നു എന്നും പറയുന്നു.

ഭക്ഷണശേഷം വെള്ളം കുടിക്കുന്നത്‍ വിഷമാണെന്ന്‍ ആചാര്യന്‍ പറയുന്നു. ഏഴായിരത്തില്‍പരം സൂത്രങ്ങളാല്‍ അഷ്ടാംഗഹ്ര്‌ദയവും അഷ്ടാംഗസംഹിതയും തീര്‍ത്തിരിക്കുന്ന വാഗ്‍ഭടാചാര്യന്‍ ഭോജനാന്തേ വിഷം വാരി എന്ന ഒരൊറ്റ സൂത്രത്തില്‍ ഏതാണ്ട്‍ എല്ലാ അസുഖങ്ങളുടെയും കാരണവും നിവാരണവും സുവ്യക്തമാക്കി തരുന്നു എന്ന്‍ കരുതാം.  വേഗങ്ങളെ ഒരു കാരണവശാലും തടയരുതെന്ന്‍ ആയുര്‍വ്വേദം വ്യക്തമാക്കുന്നു. വിശപ്പ്‍ എന്നത്‍ ശരീരത്തിന്റെ ധര്‍മ്മമാണ്‌, അത്‍ ഒരു വേഗമാണ്‌.

കഴിക്കുന്ന അന്നം ആമാശയത്തില്‍ എത്തുന്നു. വായില്‍ അന്നം എത്തുന്നതോടെ ഉമിനീരിന്റെ പ്രവര്‍ത്തം സ്വമേധയാ തുടങ്ങുന്നു. ഉമിനീര്‌ അന്നത്തെ ദഹിപ്പിക്കുന്നതില്‍ മുഖ്യമായ പങ്ക്‍ വഹിക്കുന്നു. അതുകൊണ്ട്‍ ഭക്ഷണം ചവച്ചരച്ച്‍ കഴിക്കണം എന്ന്‍ പറയുന്നു. ഉമിനീര്‌ പുറപ്പെട്ടാല്‍ ഉടന്‍തന്നെ അനൈച്ഛികചേഷ്ടാക്രമത്തില്‍ -reflect action- ആ പദാര്‍ത്ഥത്തെ ദഹിപ്പിക്കാനുള്ള മറ്റ്‍ ദീപനരസങ്ങള്‍ -enzymes- ആമാശയത്തില്‍ ഉണ്ടാകുന്നു. ആഹാരം ആമാശയത്തിലെത്തിയാല്‍ -ജഠരത്തില്‍- അവിടെ അഗ്നി ജ്വലിച്ചുതുടങ്ങും. ഈ അഗ്നിയെ ജഠരാഗ്നി എന്ന്‍ പറയും. ജഠരത്തിലെത്തുന്ന അന്നത്തെ ജഠരാഗ്നി ദഹിപ്പിച്ചുകൊണ്ടിരിക്കും.

ഭഗവത്‍ഗീതയില്‍ ഈ അഗ്നിയെ വൈശ്വാനര അഗ്നി എന്ന്‍ ഭഗവാന്‍ പറയുന്നുണ്ട്‍..

അഹം വൈശ്വാനരോ ഭൂത്വാ, പ്രാണിനാം ദേഹമാശ്രിത,
പ്രാണാപാന സമായുക്താം, പചാമ്യന്നം ചതുര്‍വിധം  (ഭ.ഗീ)

ഹേ അര്‍ജ്ജുനാ, സകല പ്രാണികളുടെയും ശരീരത്തെ ആശ്രയിച്ചുകൊണ്ട്‍ വൈശ്വാനരനെന്ന അഗ്നിഭാവത്തില്‍ ഇരുന്നുകൊണ്ട്‍ പ്രാണ അപാന സമാന ഉദാന വ്യാനാദികളെ യുക്താനുസരണം സമ്യക്കാക്കി, ശരീരികള്‍ കഴിക്കുന്ന നാല്‌ വിധത്തിലുള്ള അന്നത്തെയും ഞാനാണ്‌ പചിപ്പിക്കുന്നത്‍, എന്ന്‍ അറിഞ്ഞാലും.

ഭക്ഷണം കഴിഞ്ഞ്‍ വെള്ളം കുടിക്കുന്നതോടെ അവിടെ കത്തിജ്ജ്വലിച്ചുകൊണ്ടിരിക്കുന്ന അഗ്നി ഒന്നുകില്‍ തല്‍ക്കാലത്തേക്ക്‍ കെട്ടുപോകുന്നു, അല്ലെങ്കില്‍ മന്ദീഭവിക്കുന്നു.  കത്തിക്കൊണ്ടിരിക്കുന്ന അടുപ്പിലേക്ക്‍ വെള്ളം ഒഴിച്ചാല്‍ എങ്ങിനെയുണ്ടാവുമെന്ന്‍ ആലോചിക്കുക.   അതും തണുത്ത വെള്ളമാണ്‌ കുടിക്കുന്നതെങ്കില്‍, അഗ്നി കൂടുതല്‍ മന്ദീഭവിക്കും. ചിലര്‍ക്ക്‍ തണുത്ത വെള്ളത്തില്‍ ഐസ്‍കട്ട ഇട്ട്‍ കുടിക്കാനാണ്‌ പ്രിയം. വെള്ളത്തിന്റെ സ്വഭാവം സ്വതേ തണുപ്പാണ്‌. വെള്ളം കൂടിക്കുന്നതോടെ കഴിച്ച അന്നവും ആമാശയ ഭിത്തികളും എല്ലാം തണുക്കുന്നു, ശരീരത്തിന്റെ ഊഷ്മാവ്‍ കുറയുന്നു. അങ്ങിനെ വെള്ളം കുടിക്കുമ്പോള്‍ ആ അഗ്നിക്ക്‍ സംഭവിക്കുന്നത്‍ എന്തായിരിക്കും എന്ന്‍ ഊഹിയ്ക്കാവുന്നതേ ഉള്ളു.  കെട്ടുപോയ ജഠരാഗ്നി, മന്ദീഭവിച്ച ജഠരാഗ്നി വീണ്ടും പതുക്കെപ്പതുക്കെ ജ്വലിച്ചുയര്‍ന്ന്‍ പ്രവര്‍ത്തനസജ്ജമാകുന്നു. ആ സമയത്ത്‍ അത്‍ ആദ്യം ഈ തണുത്ത വെള്ളത്തിനെ ശരീരത്തിന്റെ ഊഷ്മാവിന്‌ സമാനമായി കൊണ്ടുവരാന്‍ കഠിനമായി അധ്വാനിക്കുന്നു. വെള്ളത്തിനെ ശരീര ഊഷ്മാവിന്റെ അളവില്‍ എത്തിച്ചതിനുശേഷം മാത്രമേ അന്നത്തെ ദഹിപ്പിക്കാന്‍ ശ്രമിക്കുകയുള്ളു. ഇവിടെ നാം നമ്മുടെ ജഠരാഗ്നിയെ അത്യന്തം ക്ലേശിപ്പിക്കുന്നു. തണുത്തുപോയ ഭക്ഷണത്തിനെയും ശരീരഊഷ്മാവിലേക്ക്‍ എത്തിച്ച്‍ അതിനെ ദഹിപ്പിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും മൂന്നോ നാലോ മണിക്കൂര്‍ കഴിഞ്ഞുകാണും.  അപ്പോഴേക്കും ആ അന്നം അഴുകിയിരിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്‌.  ഇത്‍ മാത്രം മതി വയറിന്‌ കനം തോന്നാനും, വിശപ്പില്ലായ്മക്കും, വായുക്ഷോഭത്തിനും, ഗ്യാസ്‌ ട്രബിളിനും, തലവേദനക്കും, വയറ്‌ വേദനക്കും, ദഹിക്കാതെ വിസര്‍ജ്ജിക്കാനുമൊക്കെ കാരണമാവാന്‍.  ഭക്ഷണത്തിന്‌ ഒരു മണിക്കൂര്‍മുമ്പ്‍ വെള്ളം കുടിക്കുക, ഭക്ഷണം കഴിച്ച്‍ ഒന്നര മണിക്കൂര്‍ ശേഷം വെള്ളം കുടിക്കുക. ഈ പദ്ധതി തുടര്‍ന്നാല്‍ പല രോഗങ്ങളെയും സ്വയം നിയന്ത്രിക്കാം.  ഭക്ഷണശേഷം വെള്ളം കുടിച്ചേ മതിയാവൂ എന്നുണ്ടെങ്കില്‍ അര ഗ്ലാസ്‌ മോരുവെള്ളം കുടിക്കുന്നത്‍ കാര്യമായ ദോഷം ചെയ്യില്ല. കഞ്ഞിവെള്ളവും ആവാം. ഭക്ഷണം കഴിക്കുമ്പോളും ഇടക്കിടക്ക്‍ വെള്ളം കുടിക്കരുത്‍. ഒന്നോ രണ്ടോ തവണ ഓരോ ഇറക്ക്‍ വെള്ളം അത്യാവശ്യമെങ്കില്‍ കുടിക്കാം. അതിലപ്പുറം വിഷമാണ്‌.

രാവിലെ എണീറ്റ ഉടനെ -വായ വ്ര്‌ത്തിയാക്കുന്നതിനു മുമ്പെ- ഒരു ഗ്ലാസ്‍ ശുദ്ധമായ വെള്ളം ഓരോ ഇറക്കായി അല്പനേരം വായില്‍വെച്ചശേഷം ഇറക്കുക. ആ സമയത്തെ വായിലെ ഉമിനീര്‌ ഔഷധതുല്യമാണ്‌. ഉമിനീര്‌ ക്ഷാരഗുണമുള്ളതാണ്‌ -alkalised-. വയറിലെ എല്ലാവിധ അമ്ലത്തെയും --acidic- അത്‍ നശിപ്പിക്കും.

വാതപിത്ത കഫങ്ങളുടെ സമ്യക്‌ അവസ്ഥയാണ്‌ നിരോഗാവസ്ഥ. വെള്ളം കുടിക്കുമ്പോള്‍ ചമ്രംപടിഞ്ഞിരുന്ന്‍ കുടിക്കണം. അല്ലാത്തപക്ഷം നിന്നുകൊണ്ട്‍ വെള്ളം കുടിക്കുന്നവര്‍ക്ക്‍ കാല്‍മുട്ടു വേദന, സന്ധിവേദന ഒക്കെ പെട്ടെന്ന്‍ വരും. വാതം കോപിക്കുന്നതിന്‌ കാരണമാകുന്നതുകൊണ്ടാണ്‌ സന്ധിവേദനകള്‍ ഉണ്ടാകുന്നത്‍. ചമ്രംപടിഞ്ഞിരിക്കാന്‍ പറ്റാത്തവര്‍ കുന്തിച്ചിരുന്ന്‍ (പശുവിനെ കറക്കാന്‍ ഇരിക്കുന്നപോലെ) വെള്ളം കുടിക്കണമെന്ന്‍ ആയുര്‍ഗ്രന്ഥങ്ങളില്‍ കാണുന്നു.

രാവിലെ ആദ്യം വയറിലേക്ക്‍ എത്തുന്നത്‍ ചായയാണ്‌. ഇതിന്റെയത്ര വിഷമുള്ള മറ്റൊരു പാനീയമില്ല. ചായയിലെ പഞ്ചസാരയ്ക്കാണ്‌ വിഷം കൂടുതല്‍. ആധുനിക ആരോഗ്യശാസ്ത്രത്തിന്റെ ലോകവക്താക്കളായ ലോകാരോഗ്യ സംഘടന -world health organisation- പറയുന്ന അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ്‍ പ്രോട്ടീന്‍, മിനറല്‍സ്‍ കാല്‍സ്യം പൊട്ടാസ്യം മെഗ്നീഷ്യം സോഡിയം വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി ഇത്യാദികളൊക്കെ ഇത്ര ഇത്ര മാത്രയില്‍ വേണമെന്നും  ആഴ്ചയില്‍ ഒരു തവണ മാംസം, ഒരു തവണ മത്സ്യം, ഇലക്കറികള്‍ രണ്ട്‍ പ്രാവശ്യം ഇത്യാദികളൊക്കെ ടൈംടേബ്‍ള്‍ പോലെ ഉണ്ടാക്കിവെച്ച്‍, അതിനനുസരിച്ച്‍ പച്ചക്കറികളും മറ്റ്‍ ഭക്ഷണസാധനങ്ങളും ശേഖരിക്കുകയും, അതൊക്കെ വെച്ച്‍ വിളമ്പുകയും ചെയ്യുന്ന ആധുനികരും വിദ്യാസമ്പന്നരും ഈ വക പോഷകങ്ങളൊന്നും ഇല്ലാത്ത ഭക്ഷണസാധനങ്ങള്‍ ഒന്നും വാങ്ങാതിരിക്കുകയും അവയൊന്നും കഴിക്കില്ലെന്ന്‍ ശഠിക്കുകയും ചെയ്യുമ്പോള്‍,  പഞ്ചസാരയില്‍ കാര്‍ബോ ഹൈഡ്രേറ്റ്‍ ഇല്ല, പ്രോട്ടീന്‍ ഇല്ല, മിനറല്‍സ്‍ ഇല്ല, കാല്‍സ്യം ഇല്ല, പൊട്ടാസ്യം ഇല്ല, മെഗ്നീഷ്യം ഇല്ല, യാതൊരു വിറ്റാമിനും ഇല്ല, യാതൊരു ഔഷധമൂല്യവും ഇല്ല,  മാത്രമല്ല മാരകമായ വിഷം മാത്രമേ ഉള്ളു എന്ന്‍ അറിയാതെ പോകുന്നുവല്ലോ എന്ന്‍ ഓര്‍ക്കുമ്പോള്‍ ആധുനികന്റെ ആധുനികതയുടെ ആഴം എത്രയുണ്ടെന്ന്‍ ബുദ്ധിയുള്ളവന്‌ ഊഹിക്കാം.. പഞ്ചസാര ചേര്‍ത്ത എല്ലാ ഭക്ഷണസാധനങ്ങളും ത്യജിക്കാനുള്ള ആര്‍ജ്ജവം കാണിക്കുന്നവനെ രോഗാദികള്‍ ബാധിക്കില്ല. ചായ ഉപയോഗിക്കാത്തവനു നാലോ അഞ്ചോ കിലോമീറ്റര്‍ ഓടിയാലും ക്ഷീണം തോന്നില്ല. അതുകൊണ്ട്‍ വെളുത്തവിഷം എന്ന്‍ മഹാത്മാഗാന്ധി വിശേഷിപ്പിച്ച പഞ്ചസാര കഴിയ്ക്കില്ലെന്നും ചായ കുടിക്കില്ലെന്നും ദ്ര്‌ഢപ്രതിജ്ഞയെടുക്കുക. കുടിയ്ക്കാന്‍ എത്രയോ പേയങ്ങള്‍ നമുക്ക്‍ ലഭ്യമാണ്‌. അതിന്റെ സദുപയോഗം ചെയ്യുക. ആരോഗ്യം വിലപ്പെട്ടതാണ്‌, അത്‍ സരളമല്ല. പഞ്ചസാരയുടെയും ചായയുടെയും ത്യാഗം ചുരുങ്ങിയത്‍ ഇരുപത്തഞ്ച്‍ രോഗങ്ങളില്‍നിന്നും മോചിപ്പിക്കും.

വേഗധാരണം രോഗ കാരണം

ആയുര്‍വേദത്തില്‍ ചില വേഗങ്ങളെപ്പറ്റി പറയുന്നുണ്ട്‍. വേഗത്തിന്‌ ഗതി, സ്പീഡ്‍ എന്നൊക്കെ സാധാരണ പറയും.

ചിരി
അതില്‍ ഒന്നാണ്‌ ചിരി. ചിരിക്കാന്‍ തോന്നുക. മസ്തിഷ്കത്തില്‍ പീനിയല്‍ ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ഒരു രസായനം ചിരിക്കാന്‍ സഹായിക്കുന്നു. ചിരിക്കാനുള്ള ഒരു സാഹചര്യമുണ്ടായാല്‍ പെട്ടെന്ന്‍ ചിരിവരുന്നതായി നമുക്ക്‍ തോന്നുന്നു, എന്നാല്‍ ആദ്യം പീനിയല്‍ഗ്രന്ഥി ആ രസായനം ഉല്പാദിപ്പിക്കും, എന്നിട്ടേ ചിരിക്കാന്‍ പറ്റു. അതിന്റെ ഉല്പാദനവും ചിരിക്കുക എന്ന പ്രക്രിയയും സെക്കന്റുകൊണ്ട്‍ നടക്കും.  കാരണമില്ലാതെ ചിരി വരും. എന്തെങ്കിലും കാണുമ്പോഴോ കേള്‍ക്കുമ്പോഴോ ഒക്കെ ചിരിവരും.  കാരണം എന്ത്‍തന്നെയായാലും, ചിരി ഒരു വേഗമാണ്‌. ചിരിക്കുമ്പോള്‍ ഒരു ഭാവന ഉടലെടുക്കും, കൂടാതെ ശരീരത്തില്‍ ചില രസങ്ങള്‍ ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യും. രസമില്ലാതെ, ഭാവനയില്ലാതെ ചിരി ഉണ്ടാവില്ല. മാത്രമല്ല, ചിരി വരാതെ, വെറുതെ മറ്റുള്ളവരെ കാണിയ്ക്കാന്‍വേണ്ടി ചിരിക്കുകയും അരുത്‍. വെറുതെ ഇളിച്ച്‍ കാണിക്കുമ്പോള്‍ അതും മസ്തിഷ്കത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നു. ചിരിയ്ക്കാനുള്ള രസായനം ഉല്പാദിപ്പിക്കാനുള്ള സാഹചര്യം ഉണ്ടെങ്കില്‍ മാത്രമേ അതിന്റെ ഉല്പാദനം നടക്കൂ. സ്വമേധയാ വരുന്ന ഒന്നായതുകൊണ്ട്‍ അതിനെ തടയാനും പാടില്ല. ചിരിയെ തടഞ്ഞ്‍ ചിരിക്കാതിരിക്കുന്നത്‍ കൂടുതല്‍ മസ്തിഷ്കസംഘര്‍ഷം ഉണ്ടാക്കും. അതുകൊണ്ട്‍ ചിരി വന്നാല്‍ ചിരിക്കുകതന്നെ വേണം.

കരുതിക്കൂട്ടി, അല്ലെങ്കില്‍ നിര്‍ബ്ബന്ധിച്ച്‍ ചിരിക്കുകയുമരുത്‍. കരുതിക്കൂട്ടി ചിരിക്കുന്നത്‍ തീര്‍ത്തും മെക്കാനിക്കല്‍ / യാന്തികമാണ്‌. അങ്ങിനെ ചിരിക്കുമ്പോള്‍ അതില്‍ രസമോ ഭാവനയോ ഇല്ല. ലാഫിങ്ങ്‍ ക്ലബ്ബുകളും മറ്റും ധാരാളം ഉള്ള കാലമാണിപ്പോ. അവിടെ പോയി ചിരിക്കുന്നവരും ഉണ്ട്‍. എന്നാല്‍ എന്തെങ്കിലും തമാശ പറഞ്ഞിട്ടോ എന്തെങ്കിലും ചേഷ്ടകള്‍ കാട്ടിയിട്ടോ ഒക്കെ ചിരിക്കുന്നത്‍ ശരിയാണ്‌. വെറുതെ ഹ ഹ ഹ എന്ന്‍ ചിരിക്കുമ്പോള്‍ അതില്‍ രസവുമില്ല, ഭാവനയുമില്ല. അങ്ങിനെ യാന്തികമായി ചിരിച്ചാല്‍ അത്‍ വയറ്‍ കൊളുത്തുമെന്നല്ലാതെ പ്രയോജനമൊന്നും ഇല്ല. യാന്ത്രികമായുള്ള ചിരി ശരീരത്തെ സംബന്ധിച്ചിടത്തോളം വാമമാര്‍ഗ്ഗീയമാണ്‌. അത്‍ extreme left ആണ്‌. ചിരിയെ നിയന്ത്രിക്കുക എന്നത്‍ extreme right ആണ്‌. ഭാരതത്തില്‍ മധ്യമാര്‍ഗ്ഗീയതയാണ്‌ എല്ലാറ്റിനും വിധിച്ചിട്ടുള്ളത്‍.  ചിരി ഒരു വേഗമായതുകൊണ്ട്‍ അതിനെ തടയരുത്‍ എന്ന്‍ ആയുര്‍വ്വേദം പറയുന്നു.

തുമ്മല്‍
മറ്റൊരു വേഗമാണ്‌ തുമ്മല്‍. തുമ്മല്‍ വന്നാല്‍ അതിനെ തടയാനോ നിയന്ത്രിക്കാനോ പാടില്ല. അത്‍ സ്വച്ഛന്ദം നടക്കണം. കരുതിക്കൂട്ടി, നിര്‍ബ്ബന്ധിച്ച്‍ മൂക്കില്‍ എന്തെങ്കിലും ഇട്ട്‍ തിരിച്ച്‍, തുമ്മാനും പാടില്ല. നിര്‍ബ്ബന്ധിച്ച്‍ തുമ്മിയാല്‍ 14 തരം രോഗങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്‍ ആയുര്‍വ്വേദ ആചാര്യനായ വാഗ്‍ഭടന്‍ അഷ്ടാംഗഹ്ര്‌ദയത്തില്‍ പറയുന്നുണ്ട്‍. സ്വാഭാവികമായി തുമ്മല്‍ വരുമ്പോള്‍ തുമ്മണം. അതിനെ നിരോധിക്കരുത്‍. ശരീരത്തിന്റെ എന്തോ ഒരു പ്രതികരണഭാവമാണ്‌ തുമ്മല്‍. പലവിധ വഴികളും ഉണ്ടെങ്കിലും
അഴുക്കുകളെ പുറംതള്ളാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്‌ തുമ്മല്‍. വായുവിലൂടെ, വെള്ളത്തിലുടെ ഒക്കെ ശരീരത്തിലേക്ക്‍ കടന്നുവരുന്ന പലതരം പൊടിപടലങ്ങളെ തുമ്മലിലൂടെ പുറത്തേക്ക്‍ തള്ളുന്നതിനാണ്‌ തുമ്മുന്നത്‍. ശരീരത്തിന്റെ ഒരാവശ്യമാണത്‍. അതുകൊണ്ട്‍ തുമ്മാന്‍ തോന്നുമ്പോള്‍ തുമ്മുകതന്നെ ചെയ്യണം.

ദാഹം
ദാഹം ഒരു വേഗമാണ്‌. ദാഹിച്ചാല്‍ വെള്ളം കുടിച്ചിരിക്കണം. അതും സഹിച്ചുകൊണ്ടിരിക്കരുത്‍, ദാഹത്തെ തടയരുത്‍. വെള്ളം കുടിക്കുന്നതിന്‌ വിധി പറഞ്ഞിട്ടുണ്ട്‍. അത്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വെള്ളം ചമ്രംപടിഞ്ഞിരുന്നേ കുടിക്കാവൂ. ഓരോ ഇറക്ക്‍ വെള്ളമെടുത്ത്‍ അത് അല്പനേരം വായില്‍ വെച്ചതിനുശേഷം ഇറക്കുക. മൂന്നോ നാലോ സെക്കന്റ്‌ വായില്‍വെച്ചാല്‍മതി, അത്‍  ഇറക്കിയതിനുശേഷം അടുത്ത വായ്‍ വെള്ളം എടുത്ത്‍ മൂന്നോനാലോ സെക്കന്റിനുശേഷം ഇറക്കിയിട്ട്‍ അടുത്ത ഇറക്ക്‍ എടുക്കുക. ഒരു മ്‍ട്‌ക്ക്‍ എന്ന്‍ നാം സാധാരണ പറയും.   ഒറ്റയടിക്ക്‍ വെള്ളം കുടിക്കരുത്‍. അങ്ങനെ കുടിക്കുന്നതുകൊണ്ട്‍ രണ്ട്‍ തരം രോഗങ്ങള്‍ക്ക്‍ കാരണമാകുമെന്ന്‍ പറയുന്നു. ഒന്ന്‍ ഹര്‍ണിയ. ആന്തത്തിന്റെ ഇറക്കം എന്ന്‍ ആയുര്‍വ്വേദത്തില്‍ ഇതിനെ പറയും. മറ്റൊരു രോഗമാണ്‌ അപ്പന്റിസൈറ്റിസ്‍. അപ്പന്റിസൈറ്റിസ്‍ ഉണ്ടാവാനും ഒറ്റയടിക്കുള്ള വെള്ളംകുടി സഹായകമാകും.  അറുപത്‍ വയസ്സിനു മീതെയുള്ളവര്‍ ഒറ്റയടിക്ക്‍ വെള്ളം കുടിക്കുന്നുവെങ്കില്‍ ഹൈഡ്രോസില്‍ വരാനും പ്രോസ്‍ട്രേറ്റ്‍ രോഗമുണ്ടാവാനും സാധ്യതയുണ്ട്‍. ഇതെല്ലാം ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്‌.  അതുകൊണ്ട്‍ ദാഹം  തോന്നുമ്പോള്‍ വെള്ളം കുടിക്കണം. ദാഹത്തെ നിരോധിച്ചാല്‍ 58 വിധം രോഗങ്ങള്‍ക്ക്‍ സാധ്യതയുണ്ടെന്ന്‍ ആയുര്‍വ്വേദം.  നല്ല ദാഹമുണ്ട്‍, പക്ഷേ ഞാന്‍ വെള്ളം കുടിക്കുന്നില്ല... ഇതാണ്‌ ദാഹത്തിനെ നിരോധിക്കുക എന്ന്‍ പറയുന്നത്‍. ജലപാനം ചെയ്യാന്‍ അനുവദിക്കാത്ത ഏകാദശി നോല്‍മ്പ്‍ പോലത്തെ ചില വ്രതങ്ങളുണ്ട്‍. അതെടുക്കുമ്പോള്‍ എന്ത്‍ ചെയ്യും എന്ന്‍ സംശയം വരും. അഷ്ടാംഗഹ്ര്‌ദയപ്രകാരം, അത്തരം വ്രതങ്ങള്‍ എടുക്കാന്‍ മനസ്സ്‍ പക്വമായാല്‍ മാത്രമേ അതൊക്കെ അനുഷ്ഠിയ്ക്കാവൂ എന്നാണ്‌ പറയുന്നത്‍. അല്ലെങ്കില്‍ വ്രതത്തില്‍നിന്ന്‍ ലഭിക്കുന്ന ഗുണത്തേക്കാളേറെ ആരോഗ്യപരമായ ദോഷങ്ങളായിരിക്കും ലഭിക്കുക.

പക്ഷികള്‍ എല്ലാം സിപ്പ്‍ സിപ്പ്‍ ആയേ വെള്ളം കുടിക്കൂ. പട്ടികളെ നോക്കുക, ആട്‍ പോത്ത്‍ കഴുത കുതിര ഇവയെ ഒക്കെ ശ്രദ്ധിക്കുക. അവയൊക്കെ സിപ്പ്‍ സിപ്പ്‍ ആയിട്ടേ വെള്ളം കുടിക്കുകയുള്ളു. മനുഷ്യനും അതുപോലെത്തന്നെ സിപ്പ്‍സിപ്പ്‍ ആയിട്ടേ വെള്ളം കുടിക്കാവൂ എന്ന്‍ ആയുര്‍വ്വേദം നിഷ്കര്‍ഷിക്കുന്നു.

ദാഹമില്ലാതെ വെള്ളം കുടിക്കാമോ എന്ന സംശയത്തിനും സമാധാനം കൊടുത്തിരിക്കുന്നു. രാവിലെ ഉണര്‍ന്ന ഉടനെ ദാഹം ഇല്ലെങ്കിലും വെള്ളം കുടിക്കാം. അവിടെയും കുടിക്കാനുള്ള രീതി ആദ്യം പറഞ്ഞതുതന്നെ. ചമ്രംപടിഞ്ഞ്‍ ഇരിക്കുന്നത്‍ നിലത്താണ്‌ വേണ്ടത്‍, കസേരയിലോ സ്റ്റൂളിന്മേലോ രണ്ട്‍ കാലും മടക്കിവെച്ച്‍ (ചമ്രംപോലെ) ഇരിക്കാം. അതിന്‌ പറ്റില്ലേങ്കില്‍ കുന്തിച്ചിരുന്ന്‍ കുടിക്കണം. (പശുവിനെ കറക്കാന്‍ ഇരുക്കുന്നപോലെ ഇരിക്കുക, എന്നിട്ട്‍ കുടിക്കുക). നിന്നുകൊണ്ടോ നടന്നുകൊണ്ടോ ഒക്കെ വെള്ളം കുടിച്ചാല്‍ മുട്ടുവേദന, സന്ധിവേദന തുടങ്ങി പല രോഗങ്ങളും ഉണ്ടാവും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ -ഉദയത്തിന്‌ ഒന്നരമണിക്കൂര്‍ മുമ്പൊ- ദാഹമില്ലെങ്കിലും വെള്ളം കുടിക്കാമെന്ന്‍ പറഞ്ഞി
രിക്കുന്നു.

ഭക്ഷണശേഷം വെള്ളം കുടിക്കരുത്‍. വെള്ളത്തിന്റെ സ്വഭാവം ശീതളിമയാണ്‌. ആമാശയത്തെയും ആമാശയത്തിലെത്തിയിട്ടുള്ള ഭക്ഷണത്തെയും അത്‍ തണുപ്പിക്കും. മാത്രമല്ല ജഠരാഗ്നിയെ കെടുത്തുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യും. ഭക്ഷണശേഷം വെള്ളം വേണമെന്ന്‍ നിര്‍ബ്ബന്ധമുണ്ടെങ്കില്‍ തൈര്‌ വെള്ളംചേര്‍ത്ത്‍ നേര്‍പ്പിച്ചതോ നേര്‍പ്പിച്ച മോരോ കഞ്ഞിവെള്ളമോ പഴച്ചാറോ -ഫ്രൂട്ട്‍ ജ്യൂസ്‍- കുടിക്കാം. രാവിലെ ജ്യൂസ്‍,  മോര്‌ ഉച്ചക്ക്‍  വൈകുന്നേരം പാല്‌ ഇതാണ്‌ ശരിയായ ക്രമം.

വിശപ്പ്‍
വിശപ്പിനെ തടയാന്‍ പാടില്ല. വിശപ്പിനെ നിരോധിച്ചാല്‍ 103 വിധത്തിലുള്ള രോഗങ്ങള്‍ക്ക്‍ സാധ്യയയുണ്ടെന്ന്‍ ആയുര്‍വ്വേദം പറയുന്നു. ആദ്യം അസിഡിറ്റി ഉണ്ടാകും, അതില്‍നിന്ന്‍ അനവധി രോഗങ്ങളുണ്ടാവും, ഒടുവില്‍ ചെറുകുടലിലെ അര്‍ബ്ബുദം - intestinal cancer- ആയിത്തീരും.

ഇവിടെ സംശയങ്ങള്‍ ധാരാളം ഉണ്ടാവാം. ഏകാദശി പോലത്തെ വ്രതം, ഉപവാസം ഇതൊക്കെ വിശപ്പിനെ നിരോധിക്കലല്ലേ എന്ന്‍. ഇതിനുള്ള സമാധാനം ആയുര്‍വ്വേദത്തില്‍തന്നെ പറയുന്നുണ്ട്‍. ഉപവാസം ശരീരത്തിനെ ശുദ്ധീകരിക്കുന്ന പ്രക്രിയയാണ്‌. ശരീരശുദ്ധി വരുമ്പോള്‍ മനസ്സും ചിത്തവും ശുദ്ധമാകുന്നു. ശരീരശുദ്ധി മനശ്ശുദ്ധി ചിത്തശുദ്ധി ഇത്‍ മൂന്നിനും ഉള്ള ഒരു പ്രക്രിയയാണ്‌ ഉപവാസം. സാധാരണയില്‍ കവിഞ്ഞ്‍ എന്തെങ്കിലും അമിതമായി ഭക്ഷിച്ചു എന്ന്‍ തോന്നിയാല്‍ ഉപവാസം അനുഷ്ഠിക്കാം. ആഴ്ചയില്‍ ഒരു ദിവസം ഉപവാസമാവാം. എന്നാല്‍ ഇടക്കിടക്ക്‍ വെള്ളം കുടിച്ചിരിക്കണം.   ദഹനത്തിനു അമ്ലമാണ്‌ -acid- ആണ്‌ സഹായിക്കുന്നത്‍. ഇത്‍ ഹൈഡ്രോക്ലോറിക്‍ ആസിഡ്‍ ആണ്‌. തീവ്രശക്തിയുള്ളതാണ്‌ ഈ ആസിഡ്‍. ഉപവാസ ദിവസങ്ങളിലും ഈ ആസിഡ്‍  ഉല്പാദിപ്പിച്ചുകൊണ്ടിരിക്കും. അതിനെ നിയന്ത്രിക്കാന്‍ നമുക്ക്‍ സാധ്യമല്ല, അത്‍ പ്രക്ര്‌തിയുടെ ധര്‍മ്മമാണ്‌, ഈശ്വരനുമാത്രമേ അതിനെ നിയന്ത്രിക്കാന്‍ പറ്റു.  ഈ ആസിഡ്‍ ദോഷം ചെയ്യാതിരിക്കാന്‍ ഇടക്കിടക്ക്‍ വെള്ളം കുടിച്ചുകൊള്ളണം. അപ്പോള്‍ ശരീരം ഈ ആസിഡിനെ അതിന്റെ വീര്യത്തെ കുറച്ച്‍, അതിനെ നേര്‍ത്തതാക്കി, മൂത്രത്തിലൂടെ പുറത്തുകളഞ്ഞുകൊള്ളും.
അതില്ലെങ്കില്‍ വയറില്‍ അമ്ലം അധികം ഉല്പാദിപ്പിക്കപ്പെടുകയും അത്‍ ചെറുകുടലിനെ ദ്രവിപ്പിക്കാന്‍ തുടങ്ങുകയും ചെയ്യും. സസ്യാഹാരികള്‍ക്ക്‍ ഉപവാസം നല്ലതല്ല എന്ന്‍ ആയുര്‍വ്വേദം പറയുന്നു. സസ്യാഹാരം മാത്രം കഴിക്കുന്ന പശു പോത്ത്‍ ആട്‍ കഴുത കുതിര ചിലപക്ഷികള്‍ ഇവയൊന്നും പ്രക്ര്‌ത്യാ ഉപവാസമനുഷ്ടിക്കുന്നില്ല. എന്നാല്‍ കടുവ പുലി പൂച്ച പട്ടി  എന്നിവയൊക്കെ രണ്ടും കഴിക്കും. ചിലവ മാംസം മാത്രമേ ഭക്ഷിക്കൂ. ഒരു പാമ്പിനെ ശ്രദ്ധിച്ചാല്‍,  അത്‍ മാംസം മാത്രമേ ഭക്ഷിക്കുന്നുള്ളു എന്ന്‍ മനസ്സിലാകും. ഒരിക്കല്‍ ഒരു ഇര പിടിച്ചാല്‍ പിന്നെ കുറെ ദിവസത്തേക്ക്‍ ഒന്നും കഴിക്കില്ല. പെരുമ്പാമ്പ്‍ ഒരു പ്രാവശ്യം അതിന്റെ ഭക്ഷണം കഴിച്ചാല്‍ പതിനഞ്ച്‍ ദിവസത്തേക്ക്‍ ഉപവാസം അനുഷ്ഠിക്കുന്നു.  ദേഹാധ്വാനം ചെയ്യുന്നവര്‍ക്ക്‍ - പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍ക്ക്‍ ഉപവാസം പാടില്ല എന്ന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്‍. അവര്‍ വിശപ്പ്‍ വരുമ്പോള്‍ ഭക്ഷിച്ചിരിക്കണം.  വിശപ്പ്‍ ഒരു വേഗമായതുകൊണ്ട്‍ വിശപ്പിനെ നിര്‍ബ്ബന്ധിച്ച്‍ തടയരുത്‍.

കോട്ടുവായ്
കോട്ടുവായിടുന്നത്‍ ഒരു വേഗമാണ്‌. അതിനെ തടയരുത്‍. രക്തത്തില്‍ ശുദ്ധവായുവിന്റെ, -ഓക്‍സിജന്റെ- അളവ്‍ കുറയുമ്പോഴാണ്‌ കോട്ടുവായിടുന്നത്‍. അതിനെ തടഞ്ഞാല്‍, രക്തത്തിലെ ഓക്‍സിജന്റെ അളവിനെ വീണ്ടും കുറക്കുകയാണു ചെയ്യുന്നത്‍. കോട്ടുവാ ഇടുമ്പോള്‍ വായ്‍ക്കു മീതെ കൈവെക്കുന്നത്‍ കാണാം. അത്‍ പാടില്ല. നല്ല പോലെ വായ തുറന്ന്‍ മുഴുവന്‍ ശ്വാസവും വലിച്ചെടുക്കണം. കൂടുതല്‍ ഓക്‍സിജന്‍ ശരീരത്തിന്‌ ആവശ്യമുള്ളപ്പോഴാണ്‌ കോട്ടുവാ വരുന്നത്‍, അതുകൊണ്ട് നല്ലപോലെ കോട്ടുവാ ചെയ്തുകൊള്ളണം. അതിനെ തടയാന്‍ പാടില്ല.

മൂത്രം
മൂത്രം ഒരു വേഗമാണ്‌. മൂത്രശങ്ക ഉണ്ടായാല്‍ ഉടന്‍ മൂത്രമൊഴിക്കണം. മൂത്രത്തെ നിരോധിച്ചാല്‍ ശരീരത്തിലെ രക്തത്തിന്‌ വികാരമുണ്ടാകും, രക്തം ചൂടാവും, രക്തം വികസിക്കും.  കുറെനേരം മൂത്രത്തെ നിരോധിച്ചുകൊണ്ടിരിക്കുമ്പോള്‍ ആ സമയത്തെ രക്തസമ്മര്‍ദ്ധം -ബ്ലഡ്‍ പ്രഷര്‍- അളന്നു നോക്കുക. അത്‍ വര്‍ദ്ധിച്ചതായി കാണാം. നല്ലപോലെ മൂത്രശങ്കയുള്ള സമയത്ത്‍ രക്തത്തിന്റെ ഗതി -blood pressure- കൂടിയിരിക്കും. അങ്ങിനെ അളന്ന്‍ കിട്ടുന്ന pressureനെ BPയ്ക്ക്‍ ആധാരമായി എടുക്കരുത്‍.   മൂത്രത്തെ നിരോധിച്ചുകൊണ്ടിരിക്കുന്ന സമയത്ത്‍ ശരീരത്തിലെ പല ഗ്രന്ഥികളും പ്രവര്‍ത്തിക്കില്ല. അതാണ്‌ രക്തസമ്മര്‍ദ്ധം കൂട്ടുന്നത്‍. മാനസികവും ശാരീരികവുമായ സംഘര്‍ഷവും ഉണ്ടാവും.

മലം
മല വിസര്‍ജ്ജനവും ഒരു വേഗമാണ്‌. അതിനെയും തടഞ്ഞുകൊണ്ട്‍ ഇരിക്കരുത്‍. ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മല വിസര്‍ജ്ജനമാവാം. രാവിലെത്തന്നെ രണ്ട്‍ പ്രാവശ്യം മലവിസര്‍ജ്ജനം ചെയ്യുന്നവരുണ്ട്‍. ചിലര്‍ രാവിലെയും വൈകുന്നേരവും മലവിസര്‍ജ്ജനം ചെയ്യുന്നു കാണാം. ദിവസത്തില്‍ മൂന്ന്‍ പ്രാവശ്യം മല വിസര്‍ജ്ജനം ചെയ്യുന്നവരും ഉണ്ട്‍. എന്നാല്‍ അത്തരക്കാരില്‍ എന്തോ ചില അപാകതകള്‍ ഉണ്ടെന്നാണ്‌ ആയുര്‍വ്വേദം പറയുക. മൂന്നില്‍ കൂടുതല്‍ തവണ മലവിസര്‍ജ്ജനം ചെയ്യുന്നുവെങ്കില്‍, അത്‍ രോഗമാണ്‌, ഒരു വൈദ്യനെ കാണണമെന്ന്‍ ആചാര്യന്‍ പറയുന്നു.

തുമ്മലും തികട്ടലും കോട്ടുവായും ചിരിയും കരച്ചിലും കൂര്‍ക്കംവലിയും കീഴ്‍ശ്വാസം ദാഹം വിശപ്പ്‍ മൂത്രം മലം കാമം ഉറക്കം ഛര്‍ദ്ദി  എല്ലാം വേഗങ്ങളാണ്‌. അതിനെ ഒന്നും തടയരുതെന്ന്‍ ആയുര്‍വ്വേദം.

2017, ഒക്‌ടോബർ 18, ബുധനാഴ്‌ച

കുട്ടികളുടെ ആരോഗ്യം

ഭാരതീയ ആരോഗ്യശാസ്ത്രപ്രകാരം 14 വയസ്സ്‍വരെ ബാല്യാവസ്ഥയായി കണക്കാക്കുന്നു. ഔഷധ പ്രയോഗത്തിന്‌ ഈ പതിനാല്‌ വര്‍ഷത്തിനെ മൂന്ന്‍ ഭാഗങ്ങളായി തിരിക്കുന്നു. ജനനം മുതല്‍ നാല്‌ വയസ്സ്‍ വരെ ഒന്ന്‍, നാല്‌ മുതല്‍ എട്ടു വരെ രണ്ട്‍, എട്ടുമുതല്‍ പതിനാല്‌ വരെ മൂന്ന്‍. വാതം പിത്തം കഫം എന്ന മൂന്ന്‍ തത്ത്വങ്ങളാണ്‌ ശരീരത്തിനെ നിയന്ത്രിക്കുന്നത്‍. ഇതിനെ ത്രിദോഷമെന്ന്‍ ആയുര്‍വേദം വിശേഷിപ്പിക്കുന്നു. പതിനാല്‌ വയസ്സ്‍ വരെ കഫത്തിന്റെ നിയന്ത്രണത്തിലും ശേഷം അറുപത്‍ വരെ പിത്തത്തിന്റെ പിടിയിലും അറുപതിനുശേഷം വാതത്തിന്റെ പിടിയിലുമാണ്‌. പ്രക്ര്‌തിയിലെ ഒരു ദിവസത്തില്‍, രാവിലെ പത്ത്‍ മണിവരെ കഫവും പത്ത്‍ മുതല്‍ നാല്‌ മണിവരെ പിത്തവും നാലിനുശേഷം കഫവുമാണ്‌ ദിവസത്തിന്റെ സ്വഭാവം. പ്രക്ര്‌തിയിലെ വാതപിത്തകഫ പ്രഭാവങ്ങള്‍ നമ്മളിലും സ്വാധീനം ചെലുത്തുന്നു.

ബാല്യത്തില്‍ കുട്ടികള്‍ കഫത്തിന്റെ പിടിയിലാണ്‌. കഫസംബന്ധമായ അസുഖങ്ങളാണ്‌ കുട്ടികളില്‍ ഉണ്ടാവുന്നത്‍. കഫത്തിന്‌ ഗുരുത്വം, ഘനം കൂടുതലാണ്‌. ഗുരുത്വം കൂടുതലുള്ള ദോഷത്തെ സമ്യക്കായി നിലനിര്‍ത്താന്‍ ഉറക്കമാണ്‌ ശ്രദ്ധേയമായിട്ടുള്ളത്‍. അതുകൊണ്ടാണ്‌ ചെറിയ കുട്ടികള്‍ കൂടുതല്‍ സമയം ഉറങ്ങുന്നത്‍. ഉറക്കത്തില്‍ ശ്വാസോച്ഛ്വാസവും ഹ്രദയത്തിന്റെ പ്രവര്‍ത്തനവും മറ്റ്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളും നിയമിതരീതിയില്‍ ആയിത്തീരുന്നു. ഭക്ഷണത്തിന്‌ എത്രകണ്ട്‍ പ്രാധാന്യമുണ്ടോ അത്രതന്നെ പ്രാധാന്യമുള്ളതാണ്‌ ഉറക്കവും. ഉറക്കം ശരീരത്തിന്‌ രോഗങ്ങള്‍ വരാതെ സൂക്ഷിക്കുന്നു.

രണ്ട്‍ വയസ്സുവരെയുള്ള കുട്ടികള്‍ 16-18 മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം 8 വയസ്സുവരെയുള്ളവര്‍  12-14 മണിക്കൂറും 8 മുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ 9-10 മണിക്കൂര്‍ ഉറങ്ങണം.

ബാല്യത്തില്‍ കഫസംബന്ധിയായ രോഗങ്ങള്‍ കുട്ടികളില്‍ കാണുന്നു. നിത്യവും കാച്ചിയ എണ്ണ ശരീരം മുഴുവനും തേച്ച്‍ നല്ലപോലെ ഉഴിയണം.  ചക്കില്‍ ആട്ടിയ ശുദ്ധമായ വെളിച്ചെണ്ണയാണ്‌ തേപ്പിക്കണ്ടത്‍. കടയില്‍നിന്ന്‍ വാങ്ങാന്‍ കിട്ടുന്ന വെളിച്ചെണ്ണ ഉപയോഗിക്കരുത്‍. എണ്ണകൊണ്ട്‍ അഭ്യംഗം ചെയ്യാനാണ്‌ ആയുര്‍വേദം ശാസിക്കുന്നത്‍. എണ്ണ വളരെനല്ല കഫനാശിനിയാണ്‌. എണ്ണതേപ്പിച്ച്‍ നന്നായി ഉഴിയണം. കുട്ടിയുടെ കഷത്ത്‍ വിയര്‍പ്പ്‍ പൊടിയുന്നതുവരെ ഉഴിച്ചില്‍ തുടരാമെന്ന്‍ ആയുര്‍വേദം പറയുന്നു. ജലദോഷം, മൂക്കടപ്പ്‍, ചുമ, കഫംകെട്ടല്‍, ചെവിവേദന‍, തലവേദന, പനി ഇത്യാദി കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന ഒരസുഖവും ഇതുകൊണ്ട്‍ ഉണ്ടാവില്ല.

കഫത്തിന്റെ ഒന്നാമത്തെ സ്ഥാനം ശിരസ്സാണ്‌. മൂര്‍ദ്ധാവില്‍ എണ്ണതേച്ച്‍ മെല്ലെമെല്ലെ തിരുമ്മണം. കഫത്തിന്റെ രണ്ടാമത്തെ സ്ഥാനം ചെവിയാണ്‌. അതിന്‌ ചെവിയുടെ രണ്ട്‍ ഭാഗത്തും, ചെവിക്ക്‍പുറകിലെ ഭാഗത്തും എണ്ണതേച്ച്‍ നന്നായി ഉഴിയുക, ചെവി പതുക്കെപ്പതുക്കെ തിരുമ്മുക. ഓരോ തുള്ളിവീതം ചെവിയില്‍ ഒറ്റിക്കുകയും ചെയ്യുക. ചെവിയുടെ ഭാഗത്തെ കഫശല്യം ഇതോടെ മാറിക്കിട്ടും. കഫത്തിന്റെ മൂന്നാമത്തെ സ്ഥാനം കണ്ണാണ്‌. കണ്‍പുരിക ഭാഗത്തും കണ്ണിനുതാഴെയും എണ്ണതേച്ച്‍ നല്ലപോലെ ഉഴിയുക.  എണ്ണ കണ്ണില്‍ ആവരുത്‍. കുളിപ്പിച്ച ശേഷം കണ്‍മഷി കണ്ണിലെഴുതണമെന്ന്‍ ആയുര്‍വേദം പറയുന്നു. സൗവീരാഞ്ജനം കണ്ണിലെഴുതാനാണ്‌ ശാസന. ഇത്‍ കണ്ണിന്റെഭാഗത്തെ കഫത്തിന്റെ ഉപദ്രവം ഇല്ലാതാക്കുന്നു.  കണ്ണിനുണ്ടാകുന്ന 99 ശതമാനം രോഗങ്ങളും കഫത്തിന്റെ പ്രഭാവം കൊണ്ടാണ്‌. കാറ്ററാക്‍ട്‍, മാലക്കണ്ണ്‌, കോങ്കണ്ണ്‍, കണ്ണിന്‍ പഴുപ്പ്‍, കണ്ണില്‍ മിടിപ്പ്‍, തുടിപ്പ്‍ -സമ്മര്‍ദ്ധം- സന്ധ്യക്ക്‍ കണ്ണ്‍ കാണായ്‍ക, കൂടുതല്‍ നോക്കുമ്പോള്‍ വേദന, ഗ്ലൂക്കോമ, കണ്ണില്‍ ചുവപ്പ്‍ നിറം,  മറ്റ്‍ നിറഭേദങ്ങള്‍,  ഇവയൊക്കെ കണ്ണിന്റെ ഭാഗത്തെ കഫത്തിന്റെ പ്രഭാവത്താല്‍ വരുന്നതാണ്‌. ശുദ്ധമായ നാടന്‍ പശുവിന്‍നെയ്യ്‌ കണ്ണിലെഴുതുന്നത്‍ വളരെ നല്ലതാണ്‌. ഇത്‍ കഫം കോപിക്കാതിരിക്കാന്‍ ഉത്തമമാണ്‌.

എണ്ണ തേച്ച്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ്‍ ചെറുചൂടുവെള്ളത്തില്‍ കുളിപ്പിക്കുക. കുളിപ്പിക്കുമ്പോള്‍ ദേഹത്ത്‍ തേക്കാന്‍ കടലപ്പൊടിയോ ചെറുപയര്‍ പൊടിയോ ഉപയോഗിക്കണം. വീട്ടില്‍ പൊടിച്ചെടുത്ത പൊടിയാണ്‌ വേണ്ടത്‍.  കുളിക്കാന്‍ സോപ്പ്‍ ഉപയോഗിക്കരുത്‍. സോപ്പില്‍ കാസ്റ്റിക്‍സോഡ -സോഡപ്പൊടി- യാണ്‌. നൂറ്‍ഗ്രാം തൂക്കം വരുന്ന സോപ്പിന്‌ 40 രൂപയോളം വിലയുണ്ട്‍. 450 രൂപ കിലൊ. ചെറുപയറിന്റെ വിലയേക്കാള്‍ പത്തിരട്ടി വിലയുണ്ട്‍ സോപ്പിന്‌. ചെറുപയര്‌ ഉപയോഗിക്കുന്നതുകൊണ്ട്‌ ത്വക്കിന്റെ പല രോഗങ്ങളും ഇല്ലാതാകും. സോപ്പിന്‌ ആ വക യാതൊരു ഗുണവും ഇല്ലെന്ന്‍ മാത്രമല്ല അതിലെ സോഡപ്പൊടി ത്വക്കിനെ കേടുവരുത്തുകയും ചെയ്യുന്നു.  മാത്രമല്ല വിദേശ കമ്പനികള്‍ക്ക്‍ ലാഭമുണ്ടാക്കി കൊടുക്കുന്നത്‍ നിര്‍ത്താനാവുന്നതോടെ സ്വദേശികളായ കര്‍ഷകരെ നാം പരോക്ഷമായി സഹായിക്കുകയും ചെയ്യുന്നു.

രാവിലെ കുട്ടികളെ ഉറക്കത്തില്‍നിന്ന്‍ വിളിച്ചുണര്‍ത്തരുത്‍. ഉറക്കം മതിയായാല്‍ തനിയെ ഉണര്‍ന്നുകൊള്ളും. കഫനാശത്തിന്‌ ഉറക്കം സഹായിക്കുന്നതുകൊണ്ട്‍ കുട്ടികള്‍ക്ക്‍ ഭഗവാന്റെ വരദാനമാണ്‌ കൂടുതല്‍ സമയം ഉറങ്ങുക എന്നത്‍. കഫത്തിന്റെ പ്രഭാ വമാണ്‌ ഉറക്കത്തിന്‌ കാരണം. അതിരാവിലെ കുട്ടികളെ നിര്‍ബ്ബന്ധിച്ച്‍, ഒച്ചവെച്ചും ചീത്തപറഞ്ഞും അടിച്ചും ഇടിച്ചും ചവിട്ടിയും ഒക്കെ വിളിച്ചുണര്‍ത്തി, അവരെ രോഗത്തിലേക്ക്‍ തള്ളിവിടുകയാണ്‌ അമ്മമാര്‍ ചെയ്യുന്നത്‍. അങ്ങിനെ നേരത്തെ വിളിച്ചുണര്‍ത്തുമ്പോള്‍ കുട്ടികളില്‍ ഏറ്റവും അത്യാവശ്യമായ അനുസരണ എന്ന ഒന്ന്‍ ഇല്ലാതെയാകുന്നു.  കുട്ടികളുള്ള ഏത്‍ വീട്ടില്‍ ചെന്നാലും അമ്മമാര്‍ പറയും, കുട്ടി ഒന്നും പറഞ്ഞാ കേക്കില്ലാ എന്ന്‍.  അതെ, കുട്ടികള്‍ കേള്‍ക്കില്ല, അനുസരിക്കില്ല, കാരണം നിങ്ങള്‍ അവരെ ഉറക്കത്തില്‍നിന്ന്‍ വഞ്ചിക്കുകയാണ്‌. ഉറക്കം മതിയാവാത്തതുകൊണ്ട്‍ കുട്ടിയില്‍ കഫം കോപിക്കുന്നു. അടിക്കാനും ഇടിക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനുമൊക്കെയുള്ള പ്രവണത കഫത്തിന്റേതാണ്‌. നന്നായി ഉറങ്ങിയാല്‍ അതൊന്നും ഉണ്ടാവില്ല.  അതിന്‌ വീട്ടില്‍ വൈകുന്നേരം ടി.വി. വെക്കരുത്‍. മുതിര്‍ന്നവര്‍ ടി.വി. കാണുന്നുവെങ്കില്‍ മാത്രമേ കുട്ടികള്‍ അതിനുമുന്നില്‍ ഇരിക്കൂ. അത്‍ തുറക്കുന്നില്ലെങ്കില്‍, കുട്ടികള്‍ക്ക്‍ സന്ധ്യയോടെ ഉറക്കം വരും.  കുട്ടികള്‍ക്ക്‍അപ്പോള്‍ ആഹാരം കൊടുത്ത്‍ ഉറക്കണം.

കുട്ടികളുടെ സങ്കല്‍പ്പശക്തി മുതിര്‍ന്നവരേക്കാള്‍ എത്രയോ മടങ്ങ്‍ കൂടുതലാണ്‌. നൂറ്‍ ഇരട്ടിയിലധികമാണിത്‍.  ഒരു പാട്‍ സംശയങ്ങള്‍ അവര്‍ക്കുണ്ടാകും. എന്ത്‍കൊണ്ടാണ്‌ മരത്തിന്റെ ഇലകള്‍ക്ക്‍ പച്ച നിറം, തക്കാളി എങ്ങിനെ ചുവപ്പ്‍ നിറമുള്ളതായി, സൂര്യന്‍ ഉദിക്കുന്നതെങ്ങിനെ, ചന്ദ്രന്റെ നിലാവ്‍ എങ്ങിനെ ഉണ്ടാവുന്നു, തുടങ്ങി‍ ധാരാളം സംശയങ്ങള്‍ ചോദിക്കും. അതിന്‌ ശരിയായ ഉത്തരം കൊടുക്കണം. അതറിയില്ലെങ്കില്‍ സ്നേഹത്തോടെ പറയണം, മോനേ/മോളേ അത്‍ അമ്മക്ക്‍ അറിയില്ല, ആരോടെങ്കിലും ചോദിച്ചറിഞ്ഞ്‍ നാളെ പറഞ്ഞ്‍ തരാം എന്ന്‍ ഉത്തരം കൊടുക്കണം. ഇത്തരം സന്ദര്‍ഭത്തില്‍ അമ്മയും അതിനുള്ള കാരണങ്ങള്‍ പഠിക്കാനും അറിയാനും മെനക്കെടും, അമ്മക്കും അതൊക്കെ ഒരു അറിവായി തീരുകയും ചെയ്യും. കുട്ടികളുടെ സങ്കല്‍പശക്തിയെ നശിപ്പിക്കുന്ന വിധം - ഛേ... കഴുതേ... കുരുത്തം കെട്ടതേ,..... ഇതൊക്കെയാണോ ചോദ്യങ്ങള്‍ ചോദിക്കണ്ടത്‍.. എന്ന്‍ പറഞ്ഞ്‍ അവരുടെ ജിഞാസയെ നശിപ്പിക്കരുത്‍, സങ്കല്‍പ്പശക്തിയെ നശിപ്പിക്കരുത്‍.   കുട്ടിയെ എന്താക്കി തീര്‍ക്കണം എന്ന്‍ അമ്മക്ക്‍ ഒരു സങ്കല്‍പം വേണം.  ഭഗവാന്‍ ശ്രീ ശങ്കരാചാര്യരുടെ കഥ,  ചട്ടമ്പിസ്വാമികളുടെ കഥ,  ശ്രീ  നാരായണ ഗുരുവിന്റെ കഥ, ശിവാജിയുടെ കഥ,  റാണി ലക്ഷ്മീബായിയുടെ കഥ, കുറൂരമ്മയുടെ കഥ, ശ്രീക്ര്‌ഷ്ണന്റെ കഥ, ശ്രീരാമന്റെ കഥ, പരമശിവന്റെ കഥകള്‍, ദേവീമാഹാത്മ്യത്തിലെ കഥകള്‍,  ഇതൊക്കെ ഭംഗിയായി കുട്ടികള്‍ക്ക്‍ പറഞ്ഞ്‍ കൊടുത്താല്‍ കുട്ടികളും അതേപോലെ മഹാന്മാരായി വളരും. തന്റെ കുട്ടിയെ എന്താക്കി തീര്‍ക്കണം എന്ന്‍ അമ്മമാരാണ്‌ തീരുമാനിക്കണ്ടത്‍, അതിന്‌ അനുസരിച്ച്‍ കഥകളും മറ്റും പറഞ്ഞുകൊടുത്താല്‍ കുട്ടി അതായിത്തീരും. കഥകള്‍ കേട്ടുകൊണ്ട്‍ കുട്ടികള്‍ ഉറങ്ങട്ടെ.   ലോകത്തെ ഏറ്റവും മഹത്തായതും ഏറ്റവും ബുദ്ധിമുട്ടുള്ളതുമായ പണിയാണ്‌ കുട്ടികളെ വളര്‍ത്തി വലുതാക്കുക എന്നത്‍.  മറ്റ്‍ ഏതൊരു സ്ഥാപനത്തിനോ സംഘടനക്കോ ഒന്നും മക്കളെ വാര്‍ത്തെടുക്കാന്‍ സാധ്യമേ അല്ല.  ഇതിനെ കുറിച്ച്‍ ഏറ്റവും കൂടുതല്‍ പഠനങ്ങള്‍ നടന്നിട്ടുള്ളത്‍ യൂറോപ്പിലാണ്‌. വിദേശത്തെ കോണ്‍വെന്റ്‍െ  എന്ന്‍ പറയുന്നത്‍ അനാഥക്കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരാനുള്ളതാണ്‌. കോണ്‍വെന്റ്‍ സമ്പ്രദായം അതിന്‌ സാധിക്കാതെ വന്നു എന്ന്‍ ബോധ്യപ്പെട്ടിരിക്കുന്നു. ലോകത്ത്‍ മറ്റൊരിടത്തും നമ്മുടെ മഹത്തായ ഈ പാരമ്പര്യവും ഇല്ല. കോണ്‍വെന്റ്‍ എന്ന അനാഥാലയത്തില്‍ വളര്‍ന്നുവന്ന കുട്ടികളിലാണ്‌ അക്രാമികത കൂടുതല്‍ കണ്ടുവരുന്നത്‍. ധര്‍മ്മബോധം അവിടെ പകര്‍ന്നുനല്‍കാന്‍ കഴിയുന്നില്ല.
പ്ലേ സ്കൂളിലും അനാഥാലയങ്ങളിലും ഒന്നും കുട്ടികളെ വാര്‍ത്തെടുക്കാന്‍ സാധ്യമേ അല്ല. അതൊന്നും കുട്ടികളെ മനുഷ്യനാക്കാന്‍ പര്യാപ്തമല്ല.   by Vijayan,

2017, ഓഗസ്റ്റ് 29, ചൊവ്വാഴ്ച

ശ്രീരാമാവതാരത്തിന്റെ അവസാനത്തേതും അഞ്ചാമത്തേതുമായ കാരണം - 5

വിശ്വവിഖ്യാതമായ കേകയ രാജ്യം. ധര്‍മ്മിഷ്ടനും മഹാപ്രതാപിയുമായ സത്യകേതു എന്ന രാജാവ് രാജ്യം ഭരിക്കുന്നു. രാജാവിന്‌ രണ്ട്‍ പുത്രന്മാര്‍. പ്രതാപ്‍ഭാനു, അരിമര്‍ദ്ദന്‍ എന്ന പേരില്‍ പ്രസിദ്ധരാണ്‌. സന്താനങ്ങള്‍ക്ക്‍ കാര്യപ്രാപ്തി വന്നു എന്ന്‍ അറിഞ്ഞതോടെ സത്യകേതു മൂത്ത പുത്രനായ പ്രതപ്‍ഭാനുവിനെ രാജ്യഭാരമെല്ലാം ഏല്‍പ്പിച്ച്‍ ഈശ്വര ഭജനത്തിനായി കാട്ടിലേക്ക്‍ പോയി. പ്രതാപ്‍ഭാനു ധാര്‍മ്മികതയോടെ രാജ്യം ഭരിച്ചു. അരിമര്‍ദ്ധനനെ മന്ത്രിയായി നിയമിച്ചു. മന്ത്രി രാജ്യകാര്യങ്ങള്‍ വളരെ ഭംഗിയായി നടത്തി. പ്രജാപരിപാലനത്തില്‍ അതീവ തല്പരനായിരുന്നു പ്രതാപ്‍ഭാനു. ധീരനും വീരനുമായിരുന്ന അരിമര്‍ദ്ധന്റെ സഹായത്തോടെ രാജാവ്‍ ദിഗ്‍വിജയത്തിനായി പുറപ്പെട്ടു. അല്പകാലംകൊണ്ട്‍ എല്ലാ രാജാക്കന്മാരും പ്രതാപ്‍ഭാനുവിന്റെ കീഴിലായി. ഭൂമണ്ഡലത്തില്‍ പ്രതാപ്‍ഭാനുവിന്റെസാമ്രാജ്യം നിലവില്‍ വന്നു. പ്രജാപരിപാലനത്തില്‍ ഊന്നിനിന്നുകൊണ്ട്‍ ധര്‍മ്മയുക്തവും നീതിയുക്തവുമായി രാജ്യം ഭരിച്ചുപോന്നു. ചക്രവര്‍ത്തി പ്രതാപ്‍ഭാനുവിന്റെ കാര്യക്ഷമതയില്‍ പ്ര്‌ഥ്വി മുഴുവനും കാമധേനുവിനെപ്പോലെയായി. പ്രജകള്‍ ധര്‍മ്മശീലരും ഐശ്വര്യവാന്മാരുമായി. ഗുരുസേവനം, ദേവസേവനം, സാധുമഹാത്മാക്കളുതെ സേവനം, പിത്ര്‌ക്കളെ ത്ര്‌പ്തിപ്പെടുത്തല്‍ തുടങ്ങിയ കര്‍മ്മങ്ങളില്‍ രാജാവ്‍ അതീവ തല്പരനായിരുന്നു.

ഒരിക്കല്‍ രാജാവ്‍ തന്റെ സേനയേയും കൂട്ടി നായാട്ടിനായി വിന്ധ്യാചലത്തിലെ ഗാഢവനത്തിലേക്ക്‍ പുറപ്പെട്ടു. കാട്ടില്‍ ഒരു വിചിത്രമായ കാട്ടുപന്നിയെ കണ്ടു. രാജാവ്‍ തന്റെ സൈന്യത്തെ ഒരിടത്ത്‍ നിര്‍ത്തി, കുതിരപ്പുറത്ത്‍ കയറി അമ്പുംവില്ലുമെടുത്ത്‍ ആ കാട്ടുപന്നിതെ കൊല്ലാനായി അതിനു പുറകെ പോയി. കുതിര തന്റെ പുറകെ വരുന്നത്‍ കണ്ട്‍ പന്നി ഓടാന്‍ തുടങ്ങി. രാജാവ്‍ പന്നിക്ക്‍ നേരെ ഒരസ്ത്രം പ്രയോഗിച്ചു. അപ്പോഴേക്കും പന്നി ഒരു കുഴിയിലേക്ക്‍ ചാടി രക്ഷപ്പെട്ടു. രാജാവിന്‌ പന്നിയെ കൊല്ലാന്‍ കഴിഞ്ഞി. കാട്ടിലൂടെ കുറെ ദൂരം പോയതുകൊണ്ട്‍ തിരിച്ച്‍ തന്റെ സൈന്യത്തിന്റെ അരികിലെത്താന്‍ കഴിഞ്ഞില്ല, രാജാവിന്‌ ആ ഗാഢവനത്തില്‍ വഴി തെറ്റി. കുറെ ദൂരം സഞ്ചരിച്ചതിന്റെ ഫലമായി വിശപ്പും ദാഹവും കൊണ്ട്‍ രാജാവ്‍ വലഞ്ഞു.  യാജ്ഞവല്‍ക്യ മഹര്‍ഷി ഭരദ്വാജനോട്‍ പറയുന്നു, ആ കാട്ടുപന്നിയുടെ വേഷത്തില്‍ കണ്ടത്‍ ഒരു പന്നിയായിരുന്നില്ല, അത്‍ കാലകേതു എന്ന്‍ പറയുന്ന മായാവിയായ ഒരു രാക്ഷസനായിരുന്നു. പ്രതാപ്‍ഭാനു ദിഗ്‍വിജയ സമയത്ത്‍ കാലകേതുരാക്ഷസനുമായി യുദ്ധം ചെയ്ത്‍ കാലകേതുവിന്റെ രാജ്യം പിടിച്ചടക്കിയിരുന്നു. കാലകേതുവിന്റെ നൂറ്‍ മക്കളും പത്ത്‍ സഹോദരങ്ങളും ആ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു. കാലകേതു മായാവിയായിരുന്നതുകൊണ്ട്‍ യുദ്ധത്തില്‍ രക്ഷപ്പെട്ടു. അത്‍ കാട്ടില്‍ മായാവിയായി സഞ്ചരിക്കുമ്പോഴാണ്‌ പ്രതാപ്‍ഭാനുവിനെയും സൈന്യത്തേയും കണ്ടത്‍. പ്രതാപ്‍ഭാനുവിനെ കാട്ടില്‍ കുടുക്കിക്കളയാനാണ്‌ കാട്ടുപന്നിയുടെ വേഷത്തില്‍ രാജാവിന്റെ മുന്നില്‍ പ്രകടമായത്‍.

സത്യകേതുവിന്റെ പുത്രന്‍ പ്രതാപ്‍ഭാനു കാലകേതുവിന്റെ പുറകെയാണ്‌ ഓടിയത്‍. കേത്‌ ശബ്ദത്തിന്‌ സങ്കേതം എന്നര്‍ത്ഥം. സത്യത്തിന്റെ സങ്കേതത്തില്‍ നിന്ന്‍ ജനിക്കുന്നതാണ്‌ പ്രതാപം. അത്‍ സൂര്യസമാനം ഭാസിക്കുന്നതുമാകും. സത്യസങ്കേതക്കാരന്‍, സത്യത്തിന്റെ വക്താവ്‍, സത്യത്തിന്റെ പാരമ്പര്യക്കാരന്‍, എന്നൊക്കെ അര്‍ഥം. കാലകേതു എന്ന വാക്കിന്‌ കാലത്തിനൊത്ത്‍, സമയത്തിനൊത്ത്‍ സങ്കേതം ഉണ്ടാക്കുന്നവന്‍, ക്ഷണഭംഗുരമായ സുഖഭോഗങ്ങള്‍ക്ക്‍ പുറകെ ഓടുന്നവന്‍,  അവസരത്തിനൊത്ത്‍ കാലുമാറുന്നവന്‍, അവസരവാദി എന്നൊക്കെ അര്‍ത്ഥം.  സത്യത്തിന്റെ ആചരണം ചെയ്യുന്നവര്‍, സത്യത്തിന്റെ വക്താക്കള്‍ സമയത്തിനനുസരിച്ച്‍ ആശയങ്ങളെയും സിദ്ധാന്തങ്ങളെയും വളച്ചൊടിച്ച്‍ സ്വാര്‍ത്ഥം സാധിക്കുന്നവരുടെ പുറകെ പോകരുത്‍ എന്ന്‍ ഈ സന്ദേശം നമ്മെ പഠിപ്പിക്കുന്നു. അങ്ങിനെ പോയാല്‍ അത്തരക്കാര്‍ ജീവിതത്തിന്റെ ഘോരവനങ്ങളില്‍വെച്ച്‍ വഴിതെറ്റി പോകും. അവരെ ആ കാട്ടില്‍നിന്ന്‍ പുറത്തുകടത്താന്‍ ആ അന്ധകാരത്തില്‍നിന്ന്‍ വെളിച്ചത്തിലേക്ക്‍ കൊണ്ടുവരാന്‍ അവര്‍ക്ക്‍ ഒരു സദ്‍ഗുരുവിന്റെ സാമീപ്യമല്ല മറിച്ച്‍ വല്ല കപടസന്യാസികളെയും കിട്ടും. സത്യകേതുവിന്‌ രണ്ട്‍ പുത്രന്മാര്‍. കാലകേതുവിന്‌ നൂറ്‍ പുത്രന്മാര്‍. എന്താണിതിന്റെ പൊരുള്‍.. സത്യം ആചരിക്കുന്നവര്‍, സത്യത്തിലൂടെ നീങ്ങുന്നവര്‍ ഒന്നോ രണ്ടോ മാത്രമേ കാണൂ എന്നാല്‍ അവസരവാദികള്‍ മായാവികളെപ്പോലെ കപടമുഖംമൂടിയണിഞ്ഞ്‍ നടക്കുന്നവര്‍ ധാരാളമായിരിക്കും. അതുകൊണ്ട്‍ സത്യവാദികള്‍ ശ്രദ്ധാലുക്കളായിരിക്കണം.

കുതിരപ്പുറത്തുകയറിയ പ്രതാപ്‍ഭാനു പരിശ്രമത്താല്‍ ക്ഷീണിതനായി, ദാഹവും വിശപ്പും കൊണ്ട്‍ ക്ഷീണിച്ച്‍ കുടിവെള്ളം അന്വേഷിച്ച്‍ കാട്ടില്‍ കറങ്ങുന്നതിനിടയില്‍ ഒരു ആശ്രമം കണ്ടു. അവിടെ മുനിയുടെ വേഷത്തില്‍ ഒരാള്‍ ഇരിക്കുന്ന്‌ കണ്ടു. ആദ്യം അയാളും ഒരു രാജാവായിരുന്നു. പ്രതാപ്‍ഭാനു ദിഗ്‍വിജയ സമയത്ത്‍ അയാളുടെ രാജ്യം പിടിച്ചടക്കിയിരുന്നു. കാലദോഷമെന്ന്‍ കരുതി കാട്ടില്‍ സന്യാസിയുടെ വേഷം ധരിച്ച്‍ ജീവിക്കുകയായിരുന്നു. ആശ്രമത്തില്‍ ചെന്ന പ്രതാപ്‍ഭാനു, ഇദ്ദേഹം ഒരു സിദ്ധമുനിയായിരിക്കുമെന്ന്‍ കരുതി സാഷ്ടാംഗം നമസ്കരിച്ചു. പ്രതാപ്‍ഭാനു ആ കപടമുനിതെ തിരിച്ചറിഞ്ഞില്ല, എന്നാല്‍ കപടമുനി പ്രതാപ്‍ഭാനുവിനെ തിരിച്ചറിഞ്ഞു. കപടമുനി പ്രതാപ്‍ഭാനുവിന്‌ ജലം കൊടുത്തു, രാജാവ്‍ ദാഹം തീര്‍ത്തു. കപടമുനി ചോദിച്ചു, അല്ലയോ അതിസുന്ദരനായ യുവാവേ, നിങ്ങള്‍ ആരാണ്‌, ഈ ഘോരവനത്തില്‍ എന്തിന്‌ വന്നു, നിങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ചക്രവര്‍ത്തിപോലെ ഉണ്ട്‍...  രാജനീതിയുക്തമായി പ്രതാപ്‍ഭാനു പറഞ്ഞു, ഞാന്‍ ചക്രവര്‍ത്തി പ്രതാപ്‍ഭാനു്വിന്റെ മന്ത്രിയാണ്‌. നായാട്ടിനായി വന്ന കാട്ടില്‍ വന്നപ്പോള്‍ കൂട്ടം തെറ്റി ഞാന്‍ തനിച്ചായി. എന്നാലും അങ്ങയെപ്പോലൊരു മുനീശ്വരന്റെ ദര്‍ശനം കിട്ടിയത്‍ മഹാഭാഗ്യമായി.

കപടമുനി പറഞ്ഞു, യോഗബലത്താല്‍ എല്ലാം അറിഞ്ഞിരിക്കുന്നു. നിങ്ങള്‍ സ്വയം പ്രതാപ്‍ഭാനു എന്ന ചക്രവര്‍ത്തിയാണ്‌. നിങ്ങളുടെ അനുജന്‍ അരിമര്‍ദ്ധന്‍ എന്ന ആളാണ്‌,  നിങ്ങളുടെ മന്ത്രിയുടെ പേര്‌ ധര്‍മ്മരുചി എന്നാണ്‌. പ്രതാപ്‍ഭാനുവിന്റെ ചരിത്രം മുഴുവനും പറഞ്ഞു. പ്രതാപ്‍ഭാനുവിന്‌ കപടമുനില്‍ ശ്രദ്ധ ജനിച്ചു. രാജാവ്‍ പറഞ്ഞു, അവിവേകമാണെങ്കില്‍ എന്നോട്‍ ക്ഷമിക്കണം, അങ്ങ്‍ ആരാണ്‌, അങ്ങയുടെ പേരേന്താണ്‌, ഇതെല്ലാം അറിഞ്ഞാല്‍ കൊള്ളാം.  പ്രതാപ്‍ഭാനുവിന്റെ വിശ്വാസം ആര്‍ജ്ജിച്ചു എന്ന്‍ ഉറപ്പുവരുത്തിയ കപടമുനി തന്റെ കാപട്യത്തിന്റെ വിസ്താരം കൂട്ടിക്കൊണ്ട്‍ പറഞ്ഞു, എന്റെ പേര്‌ ഏകതനു എന്നാണ്‌. ബ്രഹ്മാവ്‍ സ്ര്‌ഷ്ടിയുടെ ആദി സര്‍ജ്ജനം ചെയ്ത അന്നുമുതല്‍ ഞാന്‍ ഇവിടെ ഇരിപ്പാണ്‌. എന്റെ ഈ ശരീരത്തിന്‌ ശോഷണം സംഭവിക്കുന്നില്ല. ഞാന്‍ എവിടെയും പോകില്ല. ആരെയും കാണില്ല. കേവലം ഈശ്വരഭജനവുമായി ഇവിടെ കഴിയുന്നു. ഒന്നിനെയും കാണാതെയും ഒന്നിനെയും അറിയാതെയും ഞാന്‍ എല്ലാം കാണുന്നു, എല്ലാം അറിയുന്നു. നിന്റെ ഗുരുഭക്തിയില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു, എന്ത്‍ വരമാണ്‌ നിനക്കാവശ്യം, അത്‍ ചോദിച്ചുകൊള്ളൂ.. സന്തോഷവാനായ പ്രതാപ്‍ഭാനു പറഞ്ഞു, എനിക്ക്‍ ജരാനരകള്‍ ബാധിക്കരുത്‍, ഈ ഭൂമണ്ഡലത്തില്‍ കല്പാന്തകാലം വരെ ചക്രവര്‍ത്തിയായി തുടരണം, എനിക്ക്‍ മരണം സംഭവിക്കരുത്‍, ഇത്യാദി കുറ പറഞ്ഞു. എല്ലാത്തിനും തഥാസ്തു, അങ്ങിനെത്തന്നെ ഭവിക്കട്ടെ, എന്ന്‍ കപടമുനി അനുഗ്രഹവും കൊടുത്തു. അയാള്‍ക്കെന്താ നഷ്ടം തഥാസ്തു പറയാന്‍.  കപടമുനി പറഞ്ഞു, അല്ലയോ ചക്രവര്‍ത്തി, എല്ലാം ശരിതന്നെ, പക്ഷെ മരണത്തിനെ ജയിക്കാന്‍ എളുപ്പമല്ല. മരണത്തിനെ ജയിക്കാന്‍ ബ്രാഹ്മണരെ വശത്താക്കണം. ബ്രഹ്മണരുടെ അനുഗ്രഹം കിട്ടിയാല്‍ പിന്നീട്‍ കാലനന്‍പോലും  നിന്റെ കാലുപിടിക്കും.   മനുഷ്യസ്വഭാവം ഇവിടെ നാം കാണണം. എത്രകിട്ടിയാലും വീണ്ടും വീണ്ടും ഇരക്കുക. ചക്രവര്‍ത്തിപദത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും അനുഭവിച്ചുകൊണ്ട്‍, സകലവിധ പുണ്യ കര്‍മ്മങ്ങളും ചെയ്ത്‍കൊണ്ടിരിക്കുന്ന ചക്രവര്‍ത്തി, ഇനി മോക്ഷാവസ്ഥ മാത്രമേ ആഗ്രഹിക്കാന്‍ പാടുള്ളു. എന്തെല്ലാമാണ്‌ ചോദിക്കുന്നത്‍!! ഒട്ടുമുക്കാലും പ്രക്ര്‌തിവിരുദ്ധവുമാണ്‌. ജര ബാധിക്കരുത്‍, നര ബാധിക്കരുത്‍, അസുഖം വരരുത്‍, ഭൂമണ്ഡലത്തില്‍ ഞാന്‍ മാത്രം ചക്രവര്‍ത്തിയായിരിക്കുക, ഒരു തരത്തിലുള്ള ശത്രുക്കളും ഉണ്ടാവരുത്‍, കല്പാന്തംവരെ രാജ്യം ഭരിക്കണം... എല്ലാം പ്രക്ര്‌തിവിരുദ്ധം.  ധര്‍മ്മിഷ്ഠനായ ഒരു ചക്രവര്‍ത്തിക്ക്‍ അറിയില്ലേ, ഇതെല്ലാം പ്രക്ര്‌തിവിരുദ്ധമാണെന്നും അസംഭവ്യമാണെന്നും. പക്ഷെ മനുഷ്യന്‍ മോഹത്തിന്‌ വശംവദനാകുമ്പോള്‍, ചിത്തഭ്രമം സംഭവിക്കുന്നു, അവന്‍ എന്താണ്‌ പറയുന്നതെന്ന്‍ അവന്‍തന്നെ അറിയുന്നില്ല.

കപടമുനി പറഞ്ഞു, ബ്രാഹ്മണരെ വശത്താക്കാനുള്ള വിദ്യ എനിക്ക്‍ മാത്രമേ അറിയൂ. ഞാന്‍ ഇവിടുന്ന്‍ പുറത്ത്‍ എവിടെയും പോകാറില്ല. ഒരു വര്‍ഷം മുഴുവന്‍ നിന്റെ രാജ്യത്തെ ബ്രാഹ്മണര്‍ക്ക്‍ അന്നദാനം ചെയ്യണം. മന്ത്രോച്ഛാരണം ചെയ്ത്‍ ഭക്ഷണം പാകം ചെയ്യണം. ആ മന്ത്രം എന്റെ അധീനതയില്‍ മാത്രമേ ഉള്ളു. അത്‍ വേറെ ആര്‍ക്കും അറിയില്ല. ആ മന്ത്രോച്ഛാരണത്താല്‍ പാകം ചെയ്ത ഭക്ഷണം ഒരു വര്‍ഷം ബ്രാഹ്മണര്‍ക്ക്‍ കൊടുത്താല്‍, പിന്നെ നിനക്ക്‍ മ്ര്‌ത്യു സംഭവിക്കില്ല. പക്ഷെ ഞാന്‍ പുറത്തെങ്ങും പോകാറില്ല. അത്‍ എന്റെ നിയമമാണ്‌.

എന്നും ഇത്തരത്തിലുള്ള പലതും നടക്കുന്നുണ്ട്‍. ആരുടെയും കയ്യിലില്ലാത്ത മന്ത്രം. മാന്ത്രികശക്തികൊണ്ട്‍ എല്ലാം ശരിയാവും. ആരുടെയും കൈവശമില്ലാത്ത അത്ഭുത മന്ത്രം, മാന്ത്രിക ഏലസ്സ്‍, മാന്ത്രിക മോതിരം, ഇത്‍ ധരിച്ചാല്‍മാത്രം മതി, എല്ലാം സുഖപ്പെടും.  ഇത്‍ പഴയ അടവുതന്നെയാണെന്ന്‍ താല്പര്യം. ഇത്തരക്കാരെ ശ്രദ്ധിക്കുക...

തന്റെ കാപട്യം നിറഞ്ഞ വാഗ്ദാനങ്ങള്‍ നല്‍കി കപടമുനി രാജാവിന്റെ വിശ്വാസം നേടി. പ്രാതാപ്‍ഭാനു പറഞ്ഞു, ഹേ മുനീശ്വരാ, അങ്ങ്‍ എനിക്ക്‍ വേണ്ടി ദയവുചെയ്ത്‍ എന്റെ രാജ്യത്തിലേക്ക്‍ എഴുന്നള്ളണം. രാജാവിന്റെ നിര്‍ബ്ബന്ധംകൊണ്ട്‍ കപടമുനി പറഞ്ഞു, ശരി,, നിന്റെയും നിന്റെ രാജ്യത്തിന്റെയും മംഗളകാര്യമായതുകൊണ്ട്‍ നിന്റെ അപേക്ഷക്ക്‍ ഞാനൊരു ഉപേക്ഷ വരുത്തുന്നില്ല. പക്ഷേ, ഈ വേഷത്തില്‍ വരില്ല, നിന്റെ കൊട്ടാരം പാചകക്കാരന്റെ വേഷത്തില്‍ അടുത്ത മൂന്നാംദിവസം ഞാന്‍ കൊട്ടാരത്തില്‍ വരുന്നതായിരിക്കും. എന്നെ കുറിച്ച്‍ ആരോടും പറയാന്‍ പാടില്ല. മാത്രമല്ല നീ വഴിതെറ്റി കാട്ടില്‍ എന്ന കണ്ടതും നമ്മുടെ സംഭാഷണവും ഒന്നും ആരും അറിയരുത്‍. കപടമുനിയുടെ എല്ലാ കരാറുകളും പ്രതാപ്‍ഭാനു അംഗീകരിച്ചു.   മറ്റുള്ളവരുടെ ഏകപക്ഷീയമായ തീരുമാനങ്ങളില്‍ ഗ്രഹനാഥനോ രാജാവോ ചക്രവര്‍ത്തിയോ, രാഷ്ട്രത്തിലെ നേതാക്കന്മാരോ, ഭരണകര്‍ത്താക്കളോ ഒക്കെ ഒപ്പുവെക്കുന്നത്‍ തെറ്റാണെന്ന്‍ ഇവിടെ പറയുന്നു. പണ്ഡിതരുമായി കൂടി ആലോചിച്ചതിനുശേഷമേ അന്തിമ തീരുമാനത്തിലെത്താന്‍ പാടുള്ളു എന്ന്‍ ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

കപടമുനി പറഞ്ഞു, ഹേ രാജന്‍, നേരം വളരെ ഇരുട്ടിപ്പോയി. നിങ്ങള്‍ ഉറങ്ങിക്കൊള്ളുക. നിങ്ങളുടെ കുതിരസമേതം നാളെ പുലരുന്നതോടെ നിങ്ങളുടെ രാജധാനിയില്‍ എന്റെ തപസ്സിന്റെ ബലത്താല്‍ ഞാന്‍ എത്തിച്ചിരിക്കും. മൂന്നാം ദിവസം പാചകക്കാരന്റെ വേഷത്തില്‍ ഞാന്‍ കൊട്ടരത്തില്‍ വരും.

കപടമുനിയില്‍ ഒരു കഴിവും ഉണ്ടായിരുന്നില്ല. എന്നാല്‍ കാലകേതു രാക്ഷസന്‍ കപടമുനിയുടെ മിത്രമായിരുന്നു. കാലകേതു മായാവിയാണ്‌. മധ്യരാത്രിയില്‍ കാലകേതു കപടമുനിയെ കാണാന്‍ വന്നു. താന്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ വിസ്തരിച്ച്‍ കാലകേതുവിനോട്‍ പറഞ്ഞു. കപടമുനി പറഞ്ഞു, നീ മായാവിയാണ്‌. രാജാവിനെയും കുതിരയെയും രാജധാനിയില്‍ എത്തിച്ച്‍ പാചകക്കാരനെ ഇവിടെ കൊണ്ടുവരിക. പുരോഹിതന്റെ വേഷത്തില്‍ നീ കൊട്ടാരത്തില്‍ നില്‍ക്കണം. പാചകക്കലവറയുടെ അധികാരം നിന്റെ കയ്യിലാക്കണം. നിന്നെ ഗുരുവായി പ്രതാപ്‍ഭാനു സ്വീകരിക്കും. പാചകകാര്യങ്ങള്‍ ഏറ്റെടുത്ത്‍ അതില്‍ മ്ര്‌ഗങ്ങളുടെയും ബ്രാഹ്മണരുടെയും മാംസം ചേര്‍ത്ത്‍ വിളമ്പണം. ആ ഭക്ഷണം ബ്രാഹ്മണര്‍ കഴിക്കുമ്പോള്‍ അതില്‍ മാംസമുണ്ടെന്ന്‍ അവര്‍ അറിയും. അപ്പോള്‍ അവര്‍ പ്രതാപ്‍ഭാനുവിനെ സ്ഥാനഭ്രഷ്ടനാക്കി, ശപിക്കും. രാജാവിന്‌ ക്ഷീണം സംഭവിക്കുമ്പോള്‍ പരാജിതരായ രാജാക്കന്മാരെ ഒന്നിപ്പിച്ച്‍കൊണ്ട്‍ പ്രതാപ്‍ഭാനുവിനോട്‍ യുദ്ധം ചെയ്ത്‍ നമുക്ക്‍ നമ്മുടെ നഷ്ടപ്പെട്ട രാജ്യം തിരിച്ചെടുക്കാം. കപടമുനിയുടെ രാജ്യവും പ്രതാപ്‍ഭാനു ദിഗ്‍വിജയ സമയത്ത്‍ ജയിച്ചിരുന്നു. മറ്റൊരു വഴിയുമില്ലാതെ കപടമുനിയുടെ വേഷത്തില്‍ കാട്ടില്‍ ജീവിക്കുകയായിരുന്നു. പ്രതാപ്‍ഭാനു ഉറങ്ങുന്ന സമയം കുതിരയെ അടക്കം മായാവിയായ കാലകേതു പ്രതാപ്‍ഭാനുവിനെ കൊട്ടാരത്തിലെത്തിച്ചു. മൂന്നാം ദിവസം, കപടമുനി എന്ന്‍ തോന്നിക്കുമാറ്‍ മായാവി രാക്ഷസന്‍  കൊട്ടാരം പുരോഹിതന്റെ വേഷത്തില്‍ രാജാവിനെ വന്ന്‍ കണ്ടു. കലവറയുടെ സൂക്ഷിപ്പുകാരനുമായി. രാജാവ്‍ ബ്രാഹ്മണര്‍ക്ക്‍ ഭക്ഷണം കൊടുക്കുന്നുന്നു എന്ന്‍ നാടുമുഴുവനും വിളംബരം ചെയ്തു. ഭക്ഷണത്തില്‍ മ്ര്‌ഗങ്ങളുടെയും ബ്രാഹ്മണരുടെയും മാംസം ചേര്‍ത്ത്‍ പാകംചെയ്ത്‍ വിളമ്പി. ബ്രാഹ്മണര്‍ ബ്രഹ്മാര്‍പ്പണം ചെയ്ത്‍ ഭക്ഷിക്കാന്‍ തുടങ്ങുമ്പോള്‍ ആകാശത്ത്‍ നിന്ന്‍ ഒരു അശരീരി ഉണ്ടായി.   ഹേ വിപ്രവീരന്മാരേ, നിങ്ങള്‍ എല്ലാവരും എണീറ്റ്‍ അവരവരുടെ വീടുകളില്‍ പോവുക. ഈ ഭോജനം ബ്രാഹ്മണരുടെയും മ്ര്‌ഗങ്ങളുടെയും മാംസം ചേര്‍ത്തതാണ്‌, ഇത്‍ ഭക്ഷിക്കരുത്‍ - എന്ന്‍ അശരീരിയുണ്ടായി. ഇത്‍ കേട്ടതോടെ ബ്രാഹ്മണര്‍ എഴുന്നേറ്റു, അരിശം വന്ന ബ്രാഹ്മണര്‍ പ്രതാപ്‍ഭാനുവിനെ ശപിച്ചു.ഞങ്ങളെ ധര്‍മ്മഭ്രഷ്ടരാക്കാന്‍ ശ്രമിച്ച നീ നശിച്ചു പോകട്ടെ. ഒരു വര്‍ഷത്തിനുള്ളില്‍ നിന്റെ രാജ്യവും പരിവാരവും നശിച്ച്‍ നിന്റെ കുലത്തില്‍ ഒരു ജലദാതാവിപോലും ആരും ഇല്ലാതായിത്തീരട്ടെ, അടുത്ത ജന്മത്തില്‍ നീ രാക്ഷസനായി തീരട്ടെ. നിന്റെ കുലത്തിലുള്ളവരും ചെറുതും വലുതുമായ രാക്ഷസരായി ജനിക്കട്ടെ.

ബ്രാഹ്മണര്‍ ശപിച്ചപ്പോള്‍ വീണ്ടും അശരീരി ഉണ്ടായി - ഹേ വിപ്രവീരന്മാരേ, നിങ്ങള്‍ ആലോചിച്ചിട്ടല്ല രാജാവിനെ ശപിച്ചത്‍, രാജാവ്‍ നിരപരാധിയാണ്‌ എന്ന്‍ നിങ്ങള്‍ അറിയാന്‍ ശ്രമിച്ചില്ല.

ഇവിടെ ബ്രാഹ്മണര്‍ കുറേ മുന്നോട്ട്‍ പോയപോലെ തോന്നും. അശരീരി വഴി ബ്രാഹ്മണരോട്‍ ആ ആഹാരം ഭുജിക്കരുതെന്നും അതില്‍ മാംസം കലര്‍ത്തിയിട്ടുണ്ടെന്നും എണീറ്റ്‍ അവരവരുടെ വീട്ടിലേക്ക്‍ പോവുക എന്നുമാണ്‌ പറഞ്ഞത്‍. ഭഗവാന്‍ കല്പിച്ചതിനേക്കാള്‍ രണ്ടടി മുന്നോട്ട്‍ പോയി. ദേഷ്യത്തോടെ രാജാവിനെ ശപിക്കാന്‍, രാജാവിനെ ശിക്ഷിക്കാന്‍ പറഞ്ഞിട്ടില്ല. പക്ഷേ മഹാത്മാക്കള്‍ വെദ്ധപ്പാടില്‍ കുറേകൂടി മുന്നോട്ട്‍ പോയി. അത്‍ ശരിയല്ലെന്ന്‍ ഭഗവാന്‍ വീണ്ടും അറിയിച്ചു. രാജാവിന്റെ കര്‍മ്മങ്ങള്‍ക്ക്‍ കണക്ക്‍ ചോദിച്ചുകൊള്ളാം എന്നാണ്‌ പറഞ്ഞതിന്റെ അര്‍ത്ഥം. ബ്രാഹ്മണര്‍ ശപിച്ചത്‍ ഒരു നിരപരാധിയെയാണ്‌. അപരാധി കൊട്ടാരത്തില്‍ തന്നെയുണ്ട്‍. കള്ളന്‍ കപ്പലില്‍ത്തന്നെയാണ്‌, അതുകൊണ്ട്‍ ശിക്ഷിക്കേണ്ടത്‍ എന്റെ കര്‍ത്തവ്യമാണ്‌, നിങ്ങള്‍ എന്തിനതു ചെയ്തു, ഇതാണ്‌ അതിന്റെ സാരം.

പ്രതാപ്‍ഭാനു ബ്രാഹ്മണരുടെ ചരണാരവിന്ദങ്ങളില്‍ വീണു, നിരപരാധിയാണെന്നും രക്ഷിക്കണമെന്നും പറഞ്ഞ്‍ മാപ്പ്‍ ചോദിച്ചു. പ്രതാപ്‍ഭാനുവിന്റെ ദീനത കണ്ട ബ്രാഹ്മണര്‍ പറഞ്ഞു, ഹേ രാജാവേ രാക്ഷസനായി ജനിച്ചേ പറ്റു, പക്ഷെ ആ സമയത്ത്‍ നീ അതീവ പ്രതാപശാലിയായി, എല്ലാവിധ വൈഭവങ്ങളും സംഭരിച്ച്‍ അതി ശക്തിമാനായവനായിത്തീരും. രാക്ഷസീയതയില്‍നിന്ന്‍ മോക്ഷത്തിനായി സ്വയം ഭഗവാന്‍തന്നെ ദേഹധാരണം ചെയ്ത്‍ നിന്നെ മോചിപ്പിക്കും. സമയം നീങ്ങി. ഒരു വര്‍ഷം കഴിഞ്ഞു, പ്രതാപ്‍ഭാനുവിന്റെ രാജ്യവും സമ്പത്തും ഐശ്വര്യവും എല്ലാം നഷ്ടപ്പെട്ടു. ബ്രാഹ്മണശാപം അതിന്റെ മുഴുവന്‍ ഗൗരവത്തോടെതന്നെ സത്യമായി ഫലിച്ചു. പ്രതാപ്‍ഭാനുവിന്റെ അടുത്ത ജന്മം രാവണന്‍. അനുജനായ അരിമര്‍ദ്ദന്‍ കുംഭകര്‍ണ്ണന്‍, ധര്‍മ്മരുചി എന്ന മന്ത്രിവര്യന്‍ വിഭീഷണന്‍ ആയി ജനിച്ചു. മറ്റ്‍ അംഗങ്ങള്‍ ചെറുതും വലുതുമായ രാക്ഷസ പ്രജകളായി ഭൂമിയില്‍ വന്നു പിറന്നു. ആ രാക്ഷസവംശത്തെ ഇല്ലാതാക്കാന്‍ ഭഗവാന്‍ വിഷ്ണു അയോധ്യയിലെ ദശരഥപുത്രനായി ശ്രീരാമനെന്ന പേരില്‍ അവതരിച്ചു.

പ്രയാഗയിലെ ഭരദ്വാജാശ്രമത്തില്‍ യാജ്ഞ്യവല്‍ക്യ ഋഷി ഭരദ്വാജനോട്‍ പറയുന്നു, ഹേ മഹര്‍ഷേ, രാമജന്മത്തിന്റെ അഞ്ചാമത്തെ കാരണവും ഞാന്‍ പറഞ്ഞു കഴിഞ്ഞു.

2017, ഓഗസ്റ്റ് 26, ശനിയാഴ്‌ച

ശ്രീ രാമാവതാരത്തിന്റെ നാലാമത്തെ കാരണം - 4

ശ്രീ രാമാവതാരത്തിന്റെ നാലാമത്തെ കാരണം - 4

കൈലാസശിഖരത്തില്‍ ശ്രീ പരമേശ്വരന്‍ രാമാവതാരത്തിന്റെ നാലാമത്തെ കാരണം വിശദീകരിച്ചുകൊണ്ട്‍ പാര്‍വ്വതിയോട്‍ പറഞ്ഞു, ദേവീ, സ്ര്‌ഷ്ടിയുടെ ആരംഭത്തില്‍ പ്ര്‌ഥ്വിയിലെ ആദി ദമ്പതികള്‍, മനു ശത്‍രൂപ. സ്വയംഭൂവായ ആദ്യ ദമ്പതികള്‍. ഉത്തമ ധര്‍മ്മാചരണത്തിലൂടെ ജീവിതത്തെ പടുത്തുയര്‍ത്തിയ മനു-ശത്‍രൂപ ദമ്പതികളുടെ മരിയാദകള്‍ വേദങ്ങളില്‍ പ്രസിദ്ധമാണ്‌. അവരുടെ രണ്ട്‍ പുത്രന്മാരും മൂന്ന്‍ പുത്രികളും.  ഉത്താനപാദന്‍ പ്രിയവ്രതന്‍ എന്ന രണ്ട്‍ പുത്രന്മാരും ആകൂതി, ദേവഹൂതി പ്രസൂതി എന്ന മൂന്ന്‍ പുത്രിമാരും. ഉത്താനപാദ രാജാവിന്‌ രണ്ട്‍രാജ്ഞിമാര്‍. സുനീതി, സുരുചി. ഉത്താനപാദന്‌ സുനീതിയില്‍ ജനിച്ച പുത്രനാണ്‌ മഹാനായ വിഷ്ണുഭക്തനായ ധ്രുവന്‍. സുനീതിയുടെ പുത്രന്‍ ഉത്തമന്‍. മനു തന്റെ പുത്രിയായ ആഹുതിയെ രുചി എന്ന പ്രജാപതിക്ക്‍ വിവാഹം ചെയ്ത്‍ കൊടുത്തു. രുചിപ്രജാപതി-ആകൂതി ദമ്പതികള്‍ക്ക്‍ ദക്ഷിണ എന്ന പുത്രിയും യജ്ഞന്‍ എന്ന പുത്രനും ഉണ്ടായി. ദേവഹുതിയെ കര്‍ദ്ദമ മുനിക്ക്‍ വിവാഹം ചെയ്ത്‍ കൊടുത്തു. കര്‍ദ്ദമ-ദേവഹൂതി ദമ്പതികളുടെ പുത്രനാണ്‌ കപിലദേവന്‍, കപില മഹര്‍ഷി, സാംഖ്യദര്‍ശനത്തിന്റെ കര്‍ത്താവ്‍.  പ്രസൂതിയെ ദക്ഷ പ്രജാപതിക്ക്‍ വിവാഹം ചെയ്ത്‍ കൊടുത്തു. പ്രസൂതി-ദക്ഷ ദമ്പതികള്‍ക്ക്‍ അറുപത്‍ പുത്രിമാര്‍ ഉണ്ടായി. അതില്‍ പതിമൂന്ന്‍ പേരെ ധര്‍മ്മരാജന്‌ കൊടുത്തു, സ്വാഹയെ അഗ്നിക്ക്‍ കൊടുത്തു, സ്വധയെ പിത്രക്കും ദിതി അദിതി എന്ന രണ്ടുപേരെ കശ്യപനും, രോഹിണി രേവതിമാരെ ചന്ദ്രനും ഖ്യാതിയെ ഭ്ര്‌ഗുവിനും നല്‍കി.  മാതാപിതാക്കള്‍ മഹാന്മാരാണെങ്കില്‍ അവരുടെ സന്താനങ്ങളും മഹാന്മാരായിരിക്കും.  വളരെ ദീര്‍ഘകാലം മനു ചക്രവര്‍ത്തി സത്യസന്ധമായും നീതിയുക്തമായും രാജ്യം ഭരിച്ചുപോന്നു. 

ഒരു ദിവസം മനു തന്റെ കൊട്ടാരത്തില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹം ചിന്തിച്ചു, കുറെകാലമായി രാജ്യം പരിപാലിക്കുന്നു, ഇങ്ങനെ തുടര്‍ന്നാല്‍ ജീവിതത്തില്‍ വിഷയവൈരാഗ്യം ഉണ്ടാവാതെ ജീവിതം തീര്‍ന്നുപോകും. ഹരിഭക്തി ചെയ്യാതെ ഈ ജീവിതം നശിച്ചാല്‍ പിന്നെ ഈ വിശിഷ്ഠമായ മനുഷ്യദേഹം കിട്ടിയിട്ടെന്ത്‍ കാര്യം. രാജാവിന്റെ ഹ്ര്‌ദയത്തില്‍ ദു:ഖസൂചനകള്‍ ഉണ്ടായി. മനു പത്നിയെ വിളിച്ച്‍ തന്റെ ഇംഗിതം അറിയിച്ചു, പറഞ്ഞു, ദേവീ, ഈശ്വരഭജനം ചെയ്യാതെ ഇങ്ങനെ ജീവിച്ച്‍ പോയാല്‍ വിഷയവൈരാഗ്യം ഉണ്ടാവില്ല, ശരീരം നശിച്ചുപോകും, അങ്ങിനെ ആയാല്‍ ഈ മനുഷ്യജന്മത്തിന്‌ എന്തര്‍ത്ഥം. നമുക്ക്‍ ജീവിതത്തിന്റെ അന്ത്യയാമങ്കള്‍ കാട്ടില്‍ കഴിച്ചുകൂട്ടാം. ദേവീ ജീവിതത്തിന്റെ സമ്പൂര്‍ണ്ണതയ്ക്കായി നമുക്ക്‍ കാട്ടിലേക്ക്‍ പോകാം, വനവാസം സ്വീകരിച്ച്‍ ഈശ്വരനെ വരിച്ച്‍ ദേഹം ത്യജിക്കാം. പത്നി ശത്‍രൂപ ഭര്‍ത്താവിന്റെ ആഗ്രഹം അറിഞ്ഞപ്പോള്‍ ഒട്ടുംതന്നെ ചിന്തകള്‍ക്ക്‍ ഇടം കൊടുക്കാതെ ഉടന്‍ സമ്മതം അറിയിച്ചു. ഉത്താനപാദനെയും പ്രിയവ്രതനെയും രാജ്യഭാരങ്ങള്‍ ഏല്‍പ്പിച്ച്‍ മനു-ശതരൂപ വനവാസത്തിന്‌ പോയി.

ഈ ഒരു ചെറിയ ആശയത്തില്‍ എത്ര വലിയ സിദ്ധാന്തമാണ്‌ അടിങ്ങിയിട്ടുള്ളത്‍. ബാല്യം കൗമാരം യൗവ്വനം വാര്‍ദ്ധക്യം എന്നീ നാല്‌ അവസ്ഥകളും ഹരിസ്മരണ ഇല്ലാതെ കടന്നുപോയാല്‍ പിന്നെ നരജന്മം എങ്ങിനെ സഫലാകും. പിന്നെ മനുഷ്യനായി ജനിക്കുന്നതിന്റെ ആവശ്യമെന്ത്‍. മനുഷ്യജന്മത്തിന്റെ ഉദ്ദേശ്യംതന്നെ സത്യത്തെ അറിയലാണ്‌. യാതൊരു കടമകളും കര്‍ത്തവ്യങ്ങളും, യാതൊരു ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത അവസ്ഥ, അതിലേക്ക്‍ എത്തുക എന്നതാണ്‌ മനുഷ്യജന്മത്തിന്റെ സഫലത. ഓരോ ഗ്രഹസ്ഥനും ഇത്‍ ചിന്തിച്ച്‍ പ്രവര്‍ത്തിയ്ക്കേണ്ടതാന്‌. മക്കളൊക്കെ വളര്‍ന്ന്‍ വലുതായി, വിവാഹം കഴിച്ച് അവര്‍ക്കും മക്കളൊക്കെ ഉണ്ടായി, മക്കള്‍ വീട്ടുകാര്യങ്ങളൊക്കെ നിവര്‍ത്തിയ്ക്കാന്‍ പ്രാപ്തരായിക്കഴിഞ്ഞാല്‍, ഓരോ ഗ്രഹസ്ഥനും മെല്ലെമെല്ലെ എല്ലാ കാര്യങ്ങളും സന്താനങ്ങളെ ഏല്‍പ്പിച്ച്‍ പ്രവര്‍ത്തിയില്‍നിന്ന്‍ നിവ്ര്‌തി എടുക്കണം. ദിവസത്തില്‍ പത്ത്‍ മണിക്കൂര്‍ ഭൗതിക ആവശ്യങ്ങള്‍ക്ക്‍ പണിയെടുക്കുന്ന വ്യക്തി, അടുത്ത ദിവസംമുതല്‍ ഒമ്പത്‍ മണിക്കൂര്‍ അധ്വാനിക്കുക. മിച്ചം പിടിച്ച ഒരു മണിക്കൂര്‍ ആത്മീയകാര്യങ്ങള്‍ക്കായി ചെലവാക്കുക. അവനവനെ അറിയാനായി ചെലവാക്കുക. രണ്ടാമത്തെ ദിവസം എട്ട്‍ മണിക്കൂര്‍ ഭൗതിക കാര്യത്തിന്‌ ചെലവഴിക്കുക, രണ്ട്‍ മണിക്കൂര്‍ ഈശ്വരീയതക്കായി കരുതുക. ഇങ്ങനെ ഒരു പുറത്ത്‍ സമയം കുറച്ചുകൊണ്ട്‍ വരിക, മറ്റേപുറത്ത്‍ സമയം കൂട്ടിക്കൊണ്ട്‍ വരിക. വീട്ടുകാര്യങ്ങളും വ്യാപാരങ്ങളും എല്ലാം സന്താനങ്ങളെ ഏല്‍പ്പിക്കുക. ഇന്ന്‍ അച്ഛനമ്മമാര്‍ പറയും അങ്ങനെ എല്ലാം മക്കള്‍ക്ക്‍ എഴുതി കൊടുത്താല്‍, അവര്‍ അതും കൊണ്ട്‍ പോകും, ഞങ്ങളെ നോക്കില്ല, അല്ലെങ്കില്‍ ഇറക്കിവിടും എന്നൊക്കെ. ഓരോ അച്ഛനമ്മമാരും സനാതനധര്‍മ്മാധിഷ്ഠിതമായ ആചാരാനുഷ്ഠാനങ്ങളിലൂടെയാണ്‌ മക്കളെ വളര്‍ത്തിയിട്ടുള്ളതെങ്കില്‍ ഇത്തരത്തിലുള്ള ഭയങ്ങള്‍ക്ക്‍ സ്ഥാനമില്ല. ഇത്‍ ഋഷിവാണിയാണ്‌, അതിനെ വിശ്വസിയ്ക്കാം, പിന്‍തുടരാം. 

മനു-ശതരൂപ ഗ്രഹസ്ഥാശ്രമം ഉപേക്ഷിച്ച്‍ ഈശ്വരഭജനത്തിനായി വനത്തിലേക്ക്‍ പോയി. മനുവിന്റെ ചിന്തകള്‍ക്ക്‍, മനുവിന്റെ ആഗ്രഹങ്ങള്‍ക്ക്‍ സാഫല്യം നല്‍കുന്നതിനായി  പത്നി ശതരൂപ യാതൊന്നും ചിന്തിക്കാതെ സമ്മതിച്ചു. തന്റെ ഭര്‍ത്താവിന്റെ 
ആഗ്രഹം തന്നെയാണ്‌ തന്റെയും ആഗ്രഹം. സത്‍കര്‍മ്മങ്ങളോ ശുഭചിന്തകളോ മനസ്സില്‍ ഉടലെടുത്താല്‍ അത്‍ ആ നിമിഷംതന്നെ പ്രാബല്യത്തില്‍ വരുന്നണം. അടുത്ത ദിവസത്തേക്കോ പിന്നെ ഒരിക്കലോ ആവാമെന്ന്‍ കരുതി നീട്ടിവെച്ചാല്‍ അത്‍ സംഭവിച്ചേക്കണമെന്നില്ല. ആ ചിന്തകള്‍ ഉദിക്കുന്ന സമയംതന്നെയാണ്‌ അതിനുള്ള ശുഭമുഹൂര്‍ത്തവും. ശ്രീരാമനെ രാജാവായി വാഴിയ്ക്കണമെന്ന ചിന്ത ദശരഥന്റെ മനസ്സില്‍ ഉദിച്ചു, അത്‍ നാളെത്തേക്ക്‍ നീട്ടിവെച്ചു. ഈ നീട്ടിയതാണ്‌ രാമരാജ്യം വീണ്ടും പതിനാലു വര്‍ഷത്തേക്ക്‍ നഷ്ടമായത്‍. മനു ഗ്രഹത്യാഗമാണ്‌ ചെയ്തത്‍. ഗ്രഹപ്രവേശനത്തിന്‌ മുഹൂര്‍ത്തമുണ്ടാകും എന്നാല്‍ ഗ്രഹത്യാഗത്തിന്‌ ആരും മുഹൂര്‍ത്തം നോക്കാറില്ല. 

മനു-ശതരൂപ വനത്തിലേക്ക്‍ യാത്രയായി. യാജ്ഞവല്‍ക്യന്‍ ഭരദ്വാജനോട്‍ പറയുന്നു, ഹേ മഹര്‍ഷേ, ജ്ഞാനവും ഭക്തിയും ദേഹധാരണം ചെയ്ത്‍ നടന്നുപോകുന്നതുപോലെ തോന്നും മനുവും ശതരൂപയും പോകുന്നതു കണ്ടാല്‍. രണ്ടുപേരും നൈമിഷാരണ്യത്തില്‍ ധേനുമതീ നദിക്കരയിലെത്തി. അനേകം സാധുമഹാത്മാക്കള്‍ ആശ്രമങ്ങള്‍ കെട്ടി അവിടെ തപ്പസ്സ്വാധ്യായാദികളില്‍ മുഴുകിയിരിക്കുന്നു. ധേനുമതിയില്‍ സ്നാനം ചെയ്ത്‍ അക്ഷയവ്ര്‌ക്ഷത്തെ വലംവെച്ച്‍ പൂജാദികള്‍ നിര്‍വ്വഹിച്ചു. ധര്‍മ്മ പരിപാലകനായ രാജര്‍ഷി മനു വന്നിരിക്കുന്നു എന്ന്‍ അറിഞ്ഞ മഹാസിദ്ധന്മാരും ജ്ഞാനികളുമായ മഹര്‍ഷിമാര്‍ മനുവിനെ കാണാന്‍ വന്നു. മഹാത്മാക്കളുടെകൂടെ പലപല പുരാണ വ്ര്‌ത്താന്തങ്ങളും ശ്രവിച്ചുകൊണ്ട്‍, സത്സംഗം ചെയ്തുകൊണ്ട്‍ മനു-ശതരൂപ ജീവിക്കാന്‍ തുടങ്ങി. സിദ്ധരായ മഹര്‍ഷിമാരോട്‍ മനു പറഞ്ഞു, അല്ലയോ യോഗീശ്വരന്മാരെ, ഞങ്ങളുടെ ജീവിതം കഴിയുന്നതിനു മുമ്പെ, ഈ ശരീരത്തില്‍നിന്ന്‍ പ്രാണന്‍ വിട്ടുപോകുന്നതിനു മുമ്പ്‍ ഹരിദര്‍ശനം സിദ്ധിയ്ക്കണം, അതിനായി അനുഗ്രഹിച്ചാലും,. മനുവിന്റെ പ്രാര്‍ത്ഥനയില്‍ സന്തോഷിച്ച മഹര്‍ഷിമാര്‍ മനു-ശതരൂപയ്ക്ക്‍ ദ്വാദശാക്ഷരീമന്ത്രം -ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രം ഉപദേശിച്ചുകൊണ്ട്‍ പറഞ്ഞു, നിങ്ങളുടെ പ്രാരബ്ധം പൂര്‍ണ്ണമാകുന്നതിനു മുമ്പായി ഭഗവത്‍ദര്‍ശനം സിദ്ധിക്കും, ആശിര്‍വാദവും കൊടുത്തു.

മനുവിന്റെ ദ്ര്‌ഢചിത്തത ഇവിടെ വളരെ പ്രസക്തമാണ്‌. മനു പറഞ്ഞു, ഈ ജന്മത്തില്‍ത്തന്നെ ഭഗവല്‍പ്രാപ്തി കൈവരണം. മരിക്കുന്നതിനു മുമ്പ്‍തന്നെ ആത്മസാക്ഷാത്‍കാരം നേടണം. മനു പുരുഷാര്‍ത്ഥവാദിയായി ഇവിടെ നമുക്ക്‍ കാണാം. ഒന്നും അദ്ദേഹം പ്രാരബ്ധത്തിന്‌ വിട്ടുകൊടുക്കുന്നില്ല. ശുഭകാര്യങ്ങള്‍ തോന്നിയാല്‍ അപ്പൊത്തന്നെ അതിന്‌ തുടക്കമിടണം. ഇന്ന്‍ കിട്ടിയിരിക്കുന്ന ജന്മമാണ്‌ ശ്രേഷ്ഠം. അടുത്ത ജന്മമെന്ന ഒന്ന്‍ ഉണ്ടെങ്കില്‍ത്തന്നെ, അതില്‍ എന്തായിട്ട്‍ ജനിക്കും, വല്ല ക്ര്‌മി കീടാദികളൊക്കെ ആയിട്ട്‍ ജനിച്ചാല്‍ സത്‍കാര്യങ്ങളൊന്നും നിര്‍വ്വഹിക്കാന്‍ സാധ്യമല്ല. ഈ ജന്മം എന്നത്‍ ഒരു വാസ്തവമാണല്ലൊ. ഇതില്‍ മനുഷ്യനായി ജീവിക്കുക, ഈശ്വര ക്ര്‌പയ്ക്ക്‍ പാത്രമാവുക, അടുത്ത ജന്മം ആര്‌കണ്ടു.. മനു-ശതരൂപ ഹരിസ്മരണയില്‍ മുഴുകി. ഓം നമോ ഭഗവതേ വാസുദേവായ മന്ത്രജപത്തിന്റെ അനുരണങ്ങള്‍ അന്തര്‍ഗ്ഗതത്തില്‍ മുഴങ്ങാന്‍ തുടങ്ങി. കോശകോശാന്തരങ്ങളില്‍ മന്ത്രസ്പന്ദനം സംക്രമിച്ചു. രണ്ടുപേരുടെയും ശരീരം ക്ഷയിയ്ക്കാന്‍ തുടങ്ങി.  ഭഗവത്‍ സ്മരണ കൂടുന്തോറും, ഭജനം കൂടുന്തോറും ഭോജനം കുറയും, ശരീരഭാരം കുറയും. ഭജന കൂടിയാല്‍ ഭാരം കുറയും. തടി കുറയ്ക്കാന്‍ വേറെ ഒന്നും ചെയ്യേണ്ട കാര്യമില്ല. ഈശ്വരഭജന കൂട്ടിയാല്‍ മതി. ഭഗവല്‍നാമത്തിന്‌ വിശപ്പിനെ നശിപ്പിക്കാനുള്ള കഴിവുണ്ട്‍.

നാരായണാ എന്ന്‍ സദാ ജപിച്ചാല്‍, പാപം കെടും പശി കെടും വ്യസനങ്ങള്‍ തീരും.... എന്ന്‍ കവിവാക്യം പ്രസിദ്ധം.  പശി എന്നാല്‍ വിശപ്പ്‍. വിശപ്പില്ലാതെയാകും. വിശപ്പില്ലെങ്കില്‍ ആഹാരവും ഇല്ലാതാകും. എല്ലാ പാപങ്ങളും നശിക്കും.  ഋഷികളുടെ ദ്ര്‌ഷ്ടിയിലൂടെ ഈ ശബ്ദങ്ങളെ കാണണം. ഈശ്വരഭജനം കൊണ്ട്‍ ഐശ്വര്യം വര്‍ദ്ധിക്കും. അപ്പോള്‍ ദാരിദ്ര്യം ഉണ്ടാവില്ല എന്നൊരര്‍ത്ഥമുണ്ട്. ജപം വര്‍ദ്ധിച്ചാല്‍ ഭോജനം കുറയും. ഭോജനം കുറയുക എന്ന്‍ പറഞ്ഞാല്‍ അത്യാവശ്യത്തിന്‌ വേണ്ടുന്ന സാധനസാമഗ്രികളില്‍ മാത്രം ശ്രദ്ധയുണ്ടാവും. അല്ലാതതൊക്കെ ഒഴിവാക്കും. അനാവശ്യ സാധനങ്ങള്‍ ഒഴിവാക്കിയാല്‍ ധനം മിച്ചമുണ്ടാവും. അതുകൊണ്ട്‍ വിശപ്പിനുള്ള സാധനങ്ങള്‍ ശേഖരിക്കല്‍ സുലഭമാവും, ശരീരസന്ധാരണത്തിനുള്ളത്‍ എന്തെങ്കിലും അല്പം ഭക്ഷിക്കാമെന്ന തലത്തിലേക്ക്‍ തനിയെ നീങ്ങും. മനു-ശതരൂപ ബാഹ്യചിന്തകളെല്ലാം അടക്കി ആത്മാവിലേക്ക്‍ തിരിഞ്ഞു. ദിവസങ്ങള്‍ നീങ്ങി. രണ്ടുപേരും ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രത്തിന്റെ ആശ്രയത്തില്‍ തപസ്സുതുടങ്ങി. മനസ്സിന്റെ ഏകാഗ്രത കണ്ട്‍, ചിത്തശുദ്ധികണ്ട്‍, ദ്ര്‌ഢപ്രതിജ്ഞ കണ്ട്‍, യമനിയമാദി പാലനങ്ങള്‍ കണ്ട്‍, ആകാശത്തുനിന്ന്‍ ആകാശവാണി - അശരീരി ഉണ്ടായി. അല്ലയോ മനു! ശതരൂപ! നിങ്ങള്‍ ധന്യരാണ്‌, ഞാന്‍ പ്രസന്നനാണ്‌, ചോദിച്ചോളൂ, എന്ത്‍ വരമാണ്‌ വേണ്ടത്‍. അമ്ര്‌തസമാനമായ വാക്കുകള്‍ കേട്ട മനു-ശതരൂപ ആനന്ദത്താല്‍ മതിമറന്നു, ശരീരം പുളകിതമായി. ഭഗവാന്റെ നിരാകാരരൂപത്തെ നമസ്കരിച്ചുകൊണ്ട്‍ മനു പറഞ്ഞു, ഹേ ഭഗവന്‍, ഈ രണ്ടു കണ്ണുകള്‍കൊണ്ട്‍ പ്രത്യക്ഷത്തില്‍ അങ്ങയെ ദര്‍ശിക്കാനാണ്‌ ആഗ്രഹം. അതുകൊണ്ട്‍ അവിടുന്ന്‍ കൈലാസനാഥനായ പരമശിവന്റെ ഹ്ര്‌ദയത്തില്‍ ഏത്‍ രൂപത്തിലാണോ വിളങ്ങുന്നത്‍, ആ രൂപത്തില്‍ പ്രത്യക്ഷ ദര്‍ശനം തരണം.  ഈശ്വരന്‌ രൂപം കൊടുക്കുന്നത്‍ മനുഷ്യനാണ്‌. മനുഷ്യന്റെ ആഗ്രഹത്തിനനുസരിച്ച്‍ ഭഗവാന്‍ രൂപമെടുക്കുന്നു. ഇവിടെ മനുവിന്റെ അഭിപ്രായത്തില്‍, ശരീരമില്ലാതെ, നിരാകാരമായിട്ടോ, അല്ലെങ്കില്‍ സ്വപ്നത്തിലോ ഒക്കെയുള്ള ദര്‍ശനം തനിക്ക്‍ സ്വീകാര്യമല്ല എന്ന്‍ മനുവിന്റെ സിദ്ധാന്തം. മാത്രമല്ല ഈശ്വരനെ ഏത്‍ രൂപത്തില്‍ ദര്‍ശിക്കണം എന്ന്‍ തീരുമാനിക്കുന്നതും ഭക്തനാണ്‌. മനുവിന്റെ ഇച്ഛയാണ്‌ പരമേശ്വരന്‍ എത്‍ രൂപത്തെയാണോ സദാ ധ്യാനിച്ചുകൊണ്ടിരിക്കുന്നത്‍, ആ രൂപത്തില്‍ തനിക്കും ദര്‍ശിക്കണം എന്നത്‍. ഇത്‍ ഭക്തിയുടെ വിജയമാണ്‌. ഭക്തിക്ക്‍ അത്രക്കും കഴിവുണ്ട്‍. ഏത്‍ രൂപത്തില്‍ വേണ്ടോ, ആ രൂപത്തില്‍ ഭഗവാന്‍ പ്രകടമാകും. ഭക്തന്‍ പറഞ്ഞാല്‍ ഭഗവാന്‌ അതുപോലെ പ്രവര്‍ത്തിക്കേണ്ടി വരും. ശ്രീശങ്കരന്റെ മനസ്സില്‍ മിന്നിത്തിളങ്ങുന്ന രൂപത്തില്‍ വരാനാണ്‌ ആജ്ഞ. ഭഗവാന്‍ ശ്രീരാമന്റെ രൂപത്തില്‍ കയ്യില്‍ അമ്പും വില്ലും ധരിച്ച ശ്രീരാമരൂപത്തില്‍ മനു-ശതരൂപയുടെ മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷമായി. സജല നേത്രത്തോടെ രണ്ടുപേരും സാഷ്ടാംഗം നമസ്കരിച്ചു. 

ഓം നമോ ഭഗവതേ വാസുദേവായ എന്ന മന്ത്രത്തിന്റെ ഫലമായി ശ്രീക്ര്‌ഷ്ണദര്‍ശനം കിട്ടണമായിരുന്നു എന്ന്‍ ചിലപ്പോള്‍ ചിന്തിച്ചേക്കാം. മഹര്‍ഷിമാരുടെ സമന്വയ സിദ്ധാന്തം ഇവിടെ ദര്‍ശനീയമാകുന്നു എന്ന്‍ വേണം കരുതാന്‍. ഏത്‍ മന്ത്രം ജപിച്ചാലും ജപിക്കുന്നവന്റെ ഇച്ഛനുസരണം ദര്‍ശനമുണ്ടാകുന്നു എന്ന്‍ ഈ പ്രക്രിയ ബോധ്യപ്പെടുത്തുന്നു. 

ഭഗവാന്‍ ശ്രീരാമന്‍ സീതാസമേതനായി മനു-ശതരൂപയുടെ മുന്നില്‍ പ്രകടമായി. നീലമേഘശ്യാമ വര്‍ണ്ണത്തോട്‍ കൂടിയ ഭഗവാനെ കണ്ട്‍ കണ്ട്‍ മനു-ശതരൂപക്ക്‍ മതിയാവുന്നില്ല. ജലാശയത്തിലെ നീലനീല നിറം പോലെ, നീലമണി പോലെ, നീലമേഘം പോലെ എന്നൊക്കെ വര്‍ണ്ണിക്കുന്നു. ജലാശയം എത്രകണ്ട്‍ ആഴമുണ്ടോ അതിനനുസരിച്ച്‍ ജലത്തിന്റെ നീലനിറത്തിനും ഗാഢത കൂടും. അഗാധത ജ്ഞാനത്തെ, അറിവിനെ സൂചിപ്പിക്കുന്നു. നീല മണി എന്നത്‍ കര്‍മ്മത്തെ സൂചിപ്പിക്കുന്നു. നീലമേഘമെന്ന പ്രയോഗം പ്രേമത്തെ സൂചിപ്പിക്കുന്നു. ആകാശത്ത്‍ നീലമേഘത്തെ കണ്ണിമയ്ക്കാതെ നോക്കി ഇരിക്കുന്ന ചകോരങ്ങള്‍ പ്രേമസൂചകമാണ്‌. കോടികോടി കാമദേവന്മാരെ വെല്ലുന്ന ശരീരകാന്തിയോടെ ഭഗവാന്‍ പ്രത്യക്ഷമായി എന്നും പറയുന്നു. ഇത്‍ ശരണാഗതിയുടെ സൂചകമാണ്‌.  ഒരു ജലാശയത്തിലെ നീലനിറ സമാനമാണ്‌ ഭഗവാന്റെ രൂപം എന്ന്‍ ജ്ഞാനി പറയും. അങ്ങനെ ഓരോ തലത്തിലും ഉള്ളവര്‍ ഓരോ പ്രകാരത്തില്‍ പറയും. 

മനു-ശതരൂപയോട്‍ മനോവാഞ്ചിതം ചോദിച്ചുകൊള്ളാന്‍ ഭഗവാന്‍ പറഞ്ഞു.  മനു പറഞ്ഞു, ഭഗവാനേ അങ്ങയുടെ ദര്‍ശനത്താല്‍ തന്നെ എന്റെ മനം നിറഞ്ഞു. എന്നാലും ചില ആഗ്രഹങ്ങളുണ്ട്‍. ഭഗവാനേ, കല്പവ്ര്‌ക്ഷത്തിന്റെ ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ആവശ്യപ്പെടുന്നതെല്ലാം കിട്ടുമെന്ന്‍ അറിയാം, എന്നിരുന്നാലും ദരിദ്രന്‍ കൈനീട്ടുന്നതിന്‌ സങ്കോചം അനുഭവിക്കുന്നതുപോലെ, ഇത്തരത്തിലൊക്കെ ചോദിക്കാമോ എന്ന സങ്കോചം എന്നിലും ഉദിക്കുന്നു. ഭഗവാന്‍ പറഞ്ഞു, അല്ലയോ മനൂ, എന്റെ ഭക്തന്‍ ആവശ്യപ്പെടുന്നതെന്തും കൊടുക്കാന്‍ കഴിവുള്ള ഭണ്ഡാരമാണ്‌ എന്റെ കൈവശം. സങ്കോചമുക്തമായി ചോദിച്ചോളൂ.  

ഭഗവാന്‍ പറയുന്നു, ഭക്തന്‍ ചോദിക്കുന്നത്‍ എന്തുതന്നെയായാലും, അതൊക്കെ കൊടുക്കുമെന്ന്‍. ഇതില്‍ നമുക്ക്‍ വിശ്വാസം വരുന്നില്ല. നമ്മുടെ ധര്‍മ്മത്തില്‍ പ്രതിപാദിച്ചിട്ടുള്ളതൊന്നും നമുക്ക്‍ സ്വീകാര്യമല്ല. അതില്‍ നമുക്ക്‍ വിശ്വാസമില്ല. ഇതര  ധര്‍മ്മക്കാരുടെ വാക്കുകളില്‍ വിശ്വാസിക്കാന്‍ മടിയുമില്ല. നിങ്ങള്‍ ഇതില്‍ വിശ്വസിക്കൂ, നിങ്ങള്‍ക്ക്‍ സ്വര്‍ഗ്ഗം കിട്ടും, ഇതില്‍ മത്തായി പറഞ്ഞു, ഇതില്‍ ലൂക്കോസ്‍ പറഞ്ഞു, കുത്തനെ സ്വര്‍ഗ്ഗത്തിലെത്തുമെന്ന്‍, അതുകൊണ്ട്‍ ഇതില്‍ വിശ്വസിക്കൂ, ഇങ്ങോട്ട്‍ പോരൂ. ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ച്‍ ഇവിടെ സ്വര്‍ഗ്ഗസുഖം അനുഭവിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവിടെ പോയാല്‍ അനുഭവിക്കാന്‍ പറ്റുമെന്ന്‍ ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ അത്‍ പച്ചനുണയാണ്‌. ഇവിടെ ജീവിക്കുമ്പോള്‍ വീട്ടുകാരെയും നാട്ടുകാരെയും മറ്റ്‍ ജീവജാലങ്ങയുമൊക്കെ ഉപദ്രവിച്ച്‍, വീട്ടിലാണെങ്കില്‍ പരസ്പരം ലഹളയുണ്ടാക്കി, അയല്‍ക്കാരെ ഉപദ്രവിച്ച്‍, ധാര്‍മ്മിക കാര്യങ്ങളൊന്നും ചെയ്യാതെ, ആരോഗ്യം ക്ഷയിച്ച്‍ ശരീരം ഒന്നിനും കൊള്ളാത്തതായി, രോഗിയായി കിടന്ന്‍ വായിലൂടെ ഒരു തുള്ളി വെള്ളംപോലും ഇറക്കാന്‍ പറ്റാതെ വിശന്ന്‍ ദാഹിച്ച്‍ അപ്പോഴും മറ്റുള്ളവരെയൊക്കെ തെറിവിളിച്ചും കുറ്റം പറഞ്ഞും ദിവസങ്ങള്‍ തള്ളിനീക്കി അവസാന നിമിഷങ്ങളില്‍ കാലന്‍ പോത്തിന്‍ പുറത്ത്‍ വന്നുനില്‍ക്കുന്ന ദ്ര്‌ശ്യം ചുമരില്‍ കാണ്ടുകൊണ്ട്‍ കിടക്കുമ്പോള്‍ ഒച്ചവെയ്ക്കുകയും ആര്‍ത്ത്‍ കരയുകയും ദു:ഖിച്ച്‍ തേങ്ങിതേങ്ങി കരയുകയും ഒക്കെ ചെയ്യേണ്ടി വരികയും, അതൊക്കെ അനുഭവിക്കുകയും ചെയ്യുമ്പോള്‍, അവരൊക്കെ സ്വര്‍ഗ്ഗത്തിലേക്കാണോ അതോ വേറെ എവിടെയെങ്കിലേക്കുമായിരിക്കുമോ പോവുക. സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാണ്‌ മാത്ര്‌ഭൂമി എന്ന്‍ നമ്മുടെ ഗ്രന്ഥങ്ങളില്‍ പലയിടത്തും കാണാം.

മനു വരം  ചോദിക്കാന്‍ തയ്യാറായി. മനു ചോദിക്കുന്നു, ഭഗവാനേ, അടുത്ത ജന്മത്തില്‍ ഞങ്ങള്‍ വീണ്ടും പതി-പത്നിമാരായിരിക്കണം. അപ്പോഴത്തെ ഗ്രഹസ്ഥാശ്രമ സമയത്ത്‍ അങ്ങയെപ്പോലത്തെ പുത്രനുണ്ടാവണം. അങ്ങുതന്നെ പുത്രനായി ജനിക്കണം. മനുവിന്റെ ഭഗവല്‍പ്രേമത്തില്‍ പ്രസന്നനായ ഭഗവാന്‍, തഥാസ്തു - അങ്ങിനെത്തനെ ഭവിക്കും, എന്ന്‍ അനുഗ്രഹിച്ചു.  കൈകൂപ്പിനിന്ന ശത്‍രൂപയോട്‌ എന്തെങ്കിലും ആവശ്യപ്പെടാനുണ്ടോ, എന്ന്‍ ചോദിച്ചു. ശത്‍രൂപ വിചാരിക്കുന്നു, ഭഗവാന്‍ പുത്രനായി വന്നാല്‍ ഏറ്റവും കൂടുതല്‍ ലാഭം എനിക്കായിരിക്കുമല്ലൊ. പിന്നെ എന്ത്‍ ചോദിക്കാന്‍..!!  എന്നാലും ശത്‍രൂപ പറഞ്ഞു, ഭഗവാനേ എന്റെ ഭര്‍ത്താവ്‍ ആവശ്യപ്പെട്ടതുതന്നെയാണ്‌ എനിക്കും ആവശ്യപ്പെടാനുള്ളത്‍. അവിടുത്തെ ഭക്തര്‍ക്ക്‍ എന്തെല്ലാം സുഖമാണ്‌ കിട്ടുന്നത്‍, അതൊക്കെ ഞങ്ങള്‍ക്കും കിട്ടണം. മനു വീണ്ടും ഭഗവാനോട്‍ പറയുന്നു, അല്ലയോ ഭഗവാനേ, അങ്ങ്‍ പുത്രനായി വന്നാല്‍, അങ്ങ്‍ എന്റെ അരികില്‍ ഇല്ലാത്ത അവസ്ഥയുണ്ടായാല്‍, മണി നഷ്ടപ്പെട്ട  പാമ്പിനെപോലയോ, ജലത്തില്‍ നിന്ന്‍ കരയിലേക്ക്‍ എടുത്ത മത്സ്യത്തെപോലെ, അങ്ങയെ പ്രാപിക്കാനായി പുത്രവിരഹത്താല്‍ എന്റെ മ്ര്‌ത്യു സംഭവിക്കണം.   ഭഗവാന്‍ മനുശതരൂപമാരുടെ ഇംഗിതങ്ങള്‍ക്ക്‍ തഥാസ്തു അരുളിക്കൊണ്ട്‍ പറഞ്ഞു, ഹേ പുണ്യാത്മാക്കളേ, നിങ്ങള്‍ക്ക്‍ ജീവിതം ബാക്കിയുണ്ട്‍, അത്‍ ജീവിച്ച്‍ തീര്‍ക്കുക. നിങ്ങള്‍ വീണ്ടും ഈ ഭൂമിയില്‍ ജനിക്കും, എന്ന്‍ പറഞ്ഞ്‍കൊണ്ട്‍ ഭഗവാന്‍ അപ്രത്യക്ഷമായി.   സാധു മഹാത്മാക്കളുടെ കൂടെ മനു-ശതരൂപ ബാക്കിയുള്ള കാലം കഴിച്ചു, ദേഹത്യാഗം ചെയ്തു.  മനു-ശതരൂപ ആവശ്യപ്പെട്ടത്‍ ഭഗവത്‍ ഭക്തിയും മ്ര്‌ത്യുവുമാണ്‌. ജീവിതവും ഭക്തിയും ജ്ഞാനവുമൊക്കെ എല്ലാവരും ഇച്ഛിക്കും, മരണം ആരാണ്‌ ചോദിച്ച്‍ വാങ്ങുക. ഭഗവാന്റെ വിരഹത്തില്‍ മരിക്കണം... ഈശ്വര ഭജനത്തിനായി പുനര്‍ജ്ജന്മം ആഗ്രഹിക്കുന്നു, അതോടൊപ്പം ഈശ്വര വിരഹത്താല്‍ മ്ര്‌ത്യുവിനെയും ആഗ്രഹിക്കുന്നു. വീണ്ടും ഒരു ജനനം വേണമെന്ന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത്‍ ഈശ്വരഭജനത്തിനായിരിക്കണം. അല്ലാത്ത ജീവിതം എന്തിന്‌..  മനു-ശതരൂപയുടെ അടുത്ത ജന്മം ദശരഥനും കൗസല്യയുമായി അയോധ്യയില്‍, അവരുടെ പുത്രനായി ശ്രീരാമാവതാരം.     ഭഗവാന്‍ പരമശിവന്‍ കൈലാസത്തില്‍ ഈ കഥ വിസ്തരിക്കുന്നു എന്ന്‍ യാജ്ഞവല്‍ക്യ മുനി ഭരദ്വാജനോട്‍ പറഞ്ഞുകൊണ്ട്‍ രാമാവതാരത്തിന്റെ നാലാമത്തെ കാരണവും പറഞ്ഞു.

2017, ഓഗസ്റ്റ് 25, വെള്ളിയാഴ്‌ച

ശ്രീരാമാവതാരത്തിന്റെ മൂന്നാമത്തെ കാരണം - 3


ശ്രീരാമാവതാരത്തിന്റെ മൂന്നാമത്തെ കാരണം - 3

ശ്രീ രാമാവതാരത്തിന്റെ മൂന്നാമത്തെ കാരണം പ്രയാഗയിലെ ഭരദ്വാജ മഹര്‍ഷിയുടെ  ആശ്രമത്തില്‍ യാജ്ഞവല്‍ക്യമുനി ഭരദ്വാജ മഹര്‍ഷിക്ക്‍ വിവരിച്ചു കൊടുക്കുന്നു, ഹേ മഹര്‍ഷേ അങ്ങ്‍ കേട്ടാലും. 

കൈലാസത്തില്‍ പരമശിവന്‍ പാര്‍വ്വതിയോട്‍ പറഞ്ഞു,  ഹേ ദേവീ ഒരിക്കല്‍ മഹര്‍ഷി നാരദന്‍ ഭഗവാന്‍ വിഷ്ണുവിനെ ശപിച്ചു. നാരദന്റെ ശാപഫലമായി വിഷ്ണുവിന്‌ മനുഷ്യദേഹം ധരിച്ച്‍ പ്ര്‌ഥ്വിയില്‍ അവതരിക്കേണ്ടി വന്നു.

നാരദന്‍ വിഷ്ണുവിനെ ശപിച്ചു, എന്ന്‍ പരമശിവന്‍ പറഞ്ഞപ്പോള്‍, പാര്‍വ്വതി ഞെട്ടിപ്പോയി. ആകെ ഒരു വെപ്രാളത്തിലായി. ഇരുന്നിടത്തുനിന്ന്‍ എണീറ്റു. ഒരു പ്രതിഷേധ ഭാവത്തോടെ എണീറ്റു. പരമശിവനോട്‍ പറഞ്ഞു, എന്ത്‌, ശ്രീ നാരദന്‍ വിഷ്ണുവിനെ ശപിച്ചു എന്നോ. ഏയ്‌, അതുണ്ടാവില്ല, ഒരിക്കലും ഉണ്ടാവില്ല. അഥവാ അങ്ങിനെ ഉണ്ടായിട്ടുണ്ടെങ്കില്‍ത്തന്നെ വിഷ്ണു എന്തെങ്കിലും തെറ്റ്‍ ചെയ്തിട്ടുണ്ടാവും, അല്ലാതെ മഹര്‍ഷി വിഷ്ണുവിനെ ശപിക്കില്ല.  നാരദന്‍ വിഷ്ണുഭക്തനുമാണ്‌, ജ്ഞാനിയാണ്‌, ദേവര്‍ഷിയാണ്‌. അദ്ദേഹം തെറ്റ്‍ ചെയ്യില്ല.

യാജ്ഞവല്‍ക്യന്‍ ഭരദ്വാജനോട്‍ പറയുന്നു, ഹേ മഹര്‍ഷേ, കണ്ടുവോ, പാര്‍വ്വതിക്ക്‍ നാരദനോടുള്ള സ്നേഹം. നാരദന്‍ പാര്‍വ്വതിയുടെ ഗുരുവാണ്‌. ഗുരുവിനെകുറിച്ച്‍ ആര്‌തന്നെ, എന്ത്‍ തന്നെ ദോഷം പറഞ്ഞാലും, അത്‌ ശിഷ്യന്‌ ഉള്‍ക്കൊള്ളാന്‍ പറ്റില്ല, അത്‍ സമ്മതിച്ച്‍ കൊടുക്കാന്‍ സാധ്യമല്ല. കാരണം ശിഷ്യന്‍ തന്റെ അനുഭവത്തിന്റെ ഉടമയാണ്‌. താന്‍ എന്തെല്ലാം നേടിയോ അതിനൊക്കെ കാരണം ഗുരുവാണ്‌.  ഇവിടെയും പാര്‍വ്വതിക്ക്‍ അത്‍ തന്നെ സംഭവിച്ചു, തന്റെ ഗുരുവിനെകുറിച്ച്‌ തന്റെ ഭര്‍ത്താവ്‌ പറഞ്ഞത്‍ പാര്‍വ്വതിക്ക്‍ അസ്വീകാര്യമായിരിക്കുന്നു.  എന്നിട്ട്‍ പാര്‍വ്വതി പറയുന്നു, ഹേ ഭഗവന്‍, എന്റെ ഗുരുദേവന്‍ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല, തെറ്റ്‍ വല്ലതും വന്നിട്ടുണ്ടെങ്കില്‍ അത്‍ വിഷ്ണുവിന്റെ ഭാഗത്തുനിന്ന്‌ ആവാനേ തരമുള്ളു..   ഹേ ഭഗവാനേ, എന്റെ ഗുരുനാഥന്‍ വിഷ്ണുവിനെ ശപിയ്ക്കാനുണ്ടായ കാരണം എന്താണ്‌, അത്‍ വിശദമായിത്തന്നെ എനിക്ക്‍ പറഞ്ഞുതന്നാലും. 

പാര്‍വ്വതിയുടെ സംശയത്തിന്‌ പരമശിവന്‍ നാരദന്റെ കഥ വിസ്തരിച്ച്‍ പറയാന്‍ തയ്യാറായി.  ദേവീ, കേട്ടുകൊള്ളൂ, ദേവിയുടെ ഗുരു പരമഭക്തനും ജ്ഞാനിയും ഋഷിയുമൊക്കെയാണെന്നല്ലേ പറഞ്ഞത്‍, എങ്കില്‍ ഭക്തന്‍ ആരാണ്‌, ജ്ഞാനി ആരാണ്‌, എന്നൊക്കെ അറിഞ്ഞുകൊള്ളുക.   ദേവീ, ലോകത്ത്‍ ഭക്തനായി ആരുമില്ല,  ജ്ഞാനിയായി ആരുംതന്നെ ഇല്ല. മൂഢരായും ആരുമില്ല.  ഭക്തരായും മൂഢരായും ജ്ഞാനിയായുമൊക്കെ നാം കാണുന്നതെല്ലാം ഭഗവാന്‍ ആരെയെല്ലാമോ ഏതേത്‍ വിധത്തില്‍ ആക്കിത്തീര്‍ക്കണമെന്ന്‍ തീരുമാനിക്കുന്നുവോ, ജീവാത്മാക്കള്‍ ആ വിധത്തിലായിത്തീരുന്നു. ലോകത്ത്‍ മൂഢരായും ആരുമില്ല, ജ്ഞാനിയായും ആരുമില്ല എന്ന സങ്കല്‍പ്പമാണ്‌ ശ്രീ പരമേശ്വരന്‍ അഭിപ്രായപ്പെടുന്നത്‍. ജഗത്ത്‍ മിഥ്യയാണെന്നാണ്‌, സ്വപ്നസദ്ര്‌ശമാണെന്നാണ്‌, പരമേശ്വര സിദ്ധാന്തം. 

ലോകം മിഥ്യയാണെങ്കില്‍, ലോകം ഒരു സ്വപ്നമാണെങ്കില്‍ പിന്നെ, സ്വപ്നത്തില്‍ അല്ലാം മിഥ്യതന്നെ. സ്വപ്നത്തില്‍ വലിയ വലിയ രാജാക്കന്മാരോ മന്ത്രിമാരോ പണക്കാരോ ദരിദ്രനോ ഒക്കെ ആവാറുള്ള നമുക്കൊക്കെ, സ്വപ്നത്തില്‍ അതെല്ലാം പരമാര്‍ത്ഥമാണെന്ന്‍ തോന്നാറുണ്ട്‍. ഉണര്‍ന്നശേഷം അതൊന്നുമല്ലാതായിത്തീരുകയും ചെയ്യുന്നു.  പരമ വിവേകികളാണെന്ന്‍ ലോകര്‍ ധരിച്ചിരിക്കുന്ന വ്യക്തികള്‍ വിഡ്ഢിത്തങ്ങള്‍ വിളിച്ചുപറയുമ്പോള്‍, വിഡ്ഢിത്തങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇവനൊരു പമ്പര വിഡ്ഢിതന്നെ എന്ന്‍ നാം പറയും. അതേപോലെ മഹാ വിഡ്ഢികളായവര്‍ മഹാജ്ഞാനികളായിത്തീര്‍ന്ന ചരിത്രവും ധാരാളം നമുക്ക്‍ മുന്നിലുണ്ട്‍. മഹാ വിഡ്ഢിയായിരുന്നു കാളിദാസന്‍, ഇരിക്കുന്ന കൊമ്പ്‍ മുറിക്കുന്നപോലത്തെ വിഡ്ഢിത്തം കാട്ടുമായിരുന്നു. അദ്ദേഹം മഹാകവി കാളിദാസനായി, മഹാ ജ്ഞാനിയായി, മഹാ ഭക്തനുമായി. ഭഗവാന്‍ ആരെ എപ്പൊ എങ്ങിനെയാക്കണമെന്ന്‍ തീരുമാനിയ്ക്കുന്നുവോ അപ്പോള്‍ അതുപോലെയായിത്തീരുന്നു. ഇവിടെ ജ്ഞാനിയെന്നോ മൂഢനെന്നോ എന്ന ആരും തന്നെയില്ല. 

പരമശിവന്‍ പറയുന്നു, ദേവീ,  ദേവിയുടെ ഗുരുനാഥനായ നാരദന്‍ ചെയ്ത കാര്യം എന്താണെന്ന്‍ അറിയണ്ടേ. ശ്രദ്ധയോടെ ശ്രവിച്ചുകൊള്ളു.

നാരദന്‍ ഒരിക്കല്‍ ഹിമാലയത്തിലൂടെ സഞ്ചരിച്ച്‍ കൊണ്ടിരിക്കുമ്പോള്‍, അത്യധികം പാവനവും പവിത്രവുമായ ഒരു ഗുഹ ശ്രദ്ധയില്‍ പെട്ടു. ഗംഗാനദിയുടെ കരയില്‍ ഉള്ള ആ ഗുഹയില്‍ പവിത്രമായ ഒരു ആശ്രമ അന്തരീക്ഷം നാരദന്‌ ദ്ര്‌ശ്യമായി.  ഹിമാലയത്തിലെ അന്തരീക്ഷം, ഗംഗാതരംഗങ്ങളുടെ കളകളാ ശബ്ദം പവിത്രത നിറഞ്ഞ ആശ്രമാന്തരീക്ഷം, തന്നിലെ വിഷ്ണുസ്മരണ, എല്ലാം കൂടി ഒത്തുചേര്‍ന്നപ്പോള്‍ നാരദന്‌ തോന്നി ; കുറെകാലമായി പരിഭ്രമണം തുടങ്ങിയിട്ട്, ഇനി കുറച്ച്‍ ധ്യാനത്തില്‍ ഇരിയ്ക്കട്ടെ എന്ന്‍. ബാഹ്യ സാഹചര്യങ്ങള്‍ ആത്മചിന്തനം ചെയ്യാന്‍ പലപ്പോഴും അത്യധികം സഹായകമായിത്തീരുന്നു. അങ്ങനെ നാരദന്‍ അവിടെ ഇരുന്ന്‍ ഹരിസ്മരണയില്‍  മുഴുകി, നാരദന്‍ തപോനിരതനായി. നാരദന്‌ കിട്ടിയിരുന്ന ശാപം ശക്തിയില്ലാതായി. ദക്ഷപ്രജാപതിയുടെ രാജധാനിയില്‍ ചെന്നപ്പോള്‍ ദക്ഷകുമാരന്മാര്‍ക്ക്‍ മന്ത്രദീക്ഷ നല്‍കി അവരെ ഭൗതിക ജീവിതത്തിലേക്ക്‍ പ്രവേശിയ്ക്കാതെ, മുക്തിയുടെ മാര്‍ഗ്ഗത്തിലേക്ക്‍ തിരിച്ചുവിട്ടു. ഇത്‍ അറിഞ്ഞ  ദക്ഷന്‍ കോപിയ്ക്കുകയും  നിങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഒരിടത്ത്‍ അധികം നില്‍ക്കില്ല, പരിഭ്രമണം ചെയ്തുകൊണ്ടേ ഇരിക്കും എന്ന്‍ നാരദനെ ശപിക്കുകയും ചെയ്തിരുന്നു. ഹരിസ്മരണയും ആശ്രമാന്തരീക്ഷവും എല്ലാംകൂടി നാരദനെ ആ ശാപത്തില്‍നിന്ന്‍ മോചിപ്പിച്ചു. നാരദന്‍ ഹരി സ്മരണയില്‍ സമാധിസ്ഥനായി.

നാരദന്‍ ധ്യാനസ്ഥനായതോടെ,  അങ്ങ്‍ ദൂരെ, ദേവലോകത്ത്‍, ദേവേന്ദ്രന്‌ പേടി തോന്നാന്‍ തുടങ്ങി. ഇതെന്താ ഈ കാണുന്നത്‍. നാരദന്‍ തപസ്സിലോ..  എന്തിനായിരിക്കും നാരദന്‍ തപസ്സ്‍ ചെയ്യണത്‍, വിഷ്ണുവിന്റെ ഏറ്റവും വേണ്ടപ്പെട്ട ആളാണ്‌, തീര്‍ച്ചയായും നാരദന്‍ എന്റെ ദേവേന്ദ്ര പദം കൈക്കലാക്കാന്‍തന്നെയാണ്‌ തപസ്സ്‍ ചെയ്യുന്നത്‍. ഇത്‍ അനുവദിച്ചുകൂടാ, എന്തെങ്കിലും ഉപായം ചെയ്തേ പറ്റൂ...

പ്ര്‌ഥ്വിയില്‍ ഒരു വ്യക്തി ധ്യാന നിരതനായി, താപസികനായി, ഇരുന്നാല്‍, അതിന്റെ അനുരണങ്ങള്‍ ഇഹലോകത്ത്‍ പരന്നുകൊണ്ടിരിക്കും എന്ന്‍ മാത്രമല്ല, ദേവലോകത്ത്‍ വരെ അതിന്റെ ആന്ദോളനങ്ങള്‍, അതിന്റെ സ്പന്ദാത്മകത ത്രസിക്കുന്നു, തുടിക്കുന്നു. സ്വാമി വിവേകാനന്ദന്‍ ഒരിടത്ത്‍ പറയുന്നു, ഹിമാലയത്തിലെ ഗുഹയില്‍ ഏതെങ്കിലും മഹാത്മാവ്‍ ആ ഗുഹയുടെ ദ്വാരം നല്ല വലിയ കരിങ്കല്ലുകൊണ്ട്‍ അടച്ച്‍ അതിനകത്തിരുന്ന്‍ തപസ്സനുഷ്ഠിച്ചാലും, ആ വ്യക്തിയുടെ തപോബലം ആ കരിങ്കല്ലുകളെ മുഴുവനും തകര്‍ത്ത്‍ പുറത്ത്‍വന്ന്‍ ബാഹ്യലോകത്തിന്‌ മംഗളം പ്രദാനം ചെയ്യുന്നു, എന്ന്‍.  മൗനത്തിന്റെ, തപസ്സിന്റെ, ധ്യാനത്തിന്റെ ശക്തി ഒന്ന്‍ നോക്കൂ. ഇവിടെ ദേവേന്ദ്രന്‍വരെ ഭയചകിതനായി തീരുന്നു. തന്റെ സിംഹാസനത്തിന്‌ കോട്ടം തട്ടുമോ എന്ന ഭയം.  വീട്ടില്‍ ആരെങ്കിലും പണവും പ്രതാപവും ദ്രവ്യസമ്പത്തിയുമൊക്കെ ഉള്ളവര്‍ക്കാണ്‌ കൂടുതല്‍ മനപ്രയാസം. സത്യം അഹിംസ യമം നിയമം ബ്രഹ്മചര്യം ജപം ധ്യാനം ഇത്യാദി ശബ്ദങ്ങള്‍ കേള്‍ക്കുന്നതുതന്നെ പൊതുവേ ഇഷ്ടമില്ലാത്ത വാക്കുകളാണ്‌. ഈശ്വരോപാസനയിലേക്ക്‍ തിരിഞ്ഞാല്‍ ബാക്കിയുള്ളവരെല്ലാംകൂടി അയാളെ പിന്തിരിപ്പിക്കും. 

നാരദനെ തപസ്സില്‍നിന്ന്‍ പിന്തിരിപ്പിക്കാനുള്ള പോംവഴി അന്വേഷിച്ചുകൊണ്ട്‍ ഇന്ദ്രന്‍ വിചാരിച്ചു, ദേവേന്മാരുടെ ഏറ്റവും വലിയ ശക്തിയാണ്‌ കാമദേവന്‍. കാമദേവനെ വിളിച്ച്‍ ഇന്ദ്രന്‍ പറഞ്ഞു, ഹിമാലയത്തില്‍ നാരദന്‍ തപസ്സുചെയ്യുന്നുണ്ട്‍, ആ തപസ്സ്‍ ഇളക്കണം, തപസ്സില്‍നിന്ന്‍ അകറ്റണം, എന്ന്‍.   കാമദേവന്‍ പറഞ്ഞു, എന്നെക്കൊണ്ട്‍ പറ്റില്ല, ഹിമാലയത്തില്‍ വെച്ച്‍ എനിക്ക്‍ ഇതിനുമുമ്പ്‍ ഒരു അനുഭവം ഉണ്ടായതാണ്‌. അന്ന്‍ പരമശിവനായിരുന്നു. എനിക്ക്‍ വേണ്ടുവോളം കിട്ടി. എന്റെ ശരീരംതന്നെ എനിക്ക്‍ നഷ്ടമായി. ദേവേന്ദ്രന്‍ പറഞ്ഞു, അങ്ങനെ ഒഴിയാനൊന്നും പറ്റില്ല, ഇത്‍ ജഗത്‍ മംഗളത്തിനുവേണ്ടിയിട്ടാണ്‌, ദേവ ഇച്ഛയാണ്‌.  ഇന്ദ്രന്റെ ആജ്ഞപ്രകാരം നാരദന്‍ പരിവാര സമേതം ഹിമാലയ പ്രാന്തത്തിലെത്തി. ആരുടെയും തപസ്സിളക്കാന്‍ കഴിവുള്ള ഉര്‍വ്വശി രംഭാദികള്‍ സഹിതം കാമദേവന്‍ നിര്‍ദ്ദിഷ്ഠകാര്യത്തിന്‌ തയ്യാറായി.

നാരദന്‍ ഇരിക്കുന്ന ആശ്രമാന്തരീക്ഷത്തിലെത്തി. കാമദേവന്‍ ഒരു തപോപുഞ്ജം പോലെയാണ്‌ നാരദനെ കാണുന്നത്‍. തപസ്സ്‍ സ്വയം രൂപം ധരിച്ച്‍ വന്നപോലെ. തപസ്സ്‍ ഇളക്കാന്‍ പലതും ചെയ്തുനോക്കി. സുന്ദരാംഗനമാര്‍ ന്ര്‌ത്തന്ര്‌ത്യങ്ങള്‍ തുടങ്ങി, വാദ്യഘോഷങ്ങള്‍ മുഴങ്ങി. ഒന്നും നാരദനെ ഏല്‍ക്കുന്നില്ല. കാമദേവന്റെ സകല അടവുകളും പരാജയപ്പെട്ടു. പദ്ധതി തുടരാനും പറ്റുന്നില്ല, ഉപേക്ഷിയ്ക്കാനും പറ്റില്ല... ആകപ്പാടെ അങ്കലാപ്പിലായി. 

കാമദേവന്‍ നാരദനെ പ്രശംസിയ്ക്കാന്‍ തുടങ്ങി. അല്ലയോ നാരദരേ, അങ്ങ്‍ മഹാന്‍തന്നെ. അങ്ങയുടെ തപശ്ശക്തിക്കുമുന്നില്‍ ഇതാ ഈ കാമദേവന്‍ തോറ്റുപോകുന്നു. സാക്ഷാല്‍ പരമശിവന്റെ തപസ്സ്‍ ഇളക്കുക എന്നത്‍ വളരെ എളുപ്പമായിരുന്നു എന്ന്‍ എനിക്ക്‍ ഇപ്പോള്‍ മനസ്സിലാകുന്നു. അങ്ങയുടെ തപസ്സ്‍ ആരെക്കൊണ്ടും ഇളക്കാന്‍ പറ്റില്ല. ഭക്തന്മാരെ ധാരാളം കണ്ടിട്ടുണ്ട്‍, പക്ഷെ അവരുടെ ഭക്തിയൊന്നും എന്നെ അതിശയിപ്പിച്ചിട്ടില്ല. അങ്ങയുടെ സംയമത്തിനുമുന്നില്‍ ഞാന്‍ ശിരസ്സ്‍ നമിക്കുന്നു, ഇത്യാദി കുറെ പ്രശംസകള്‍കൊണ്ട്‍ നാരദനെ കാമദേവന്‍ മൂടി. 

കാമദേവന്റെ ഈ കാഴ്ചപ്പാട്‍ നമ്മുടെ ജീവിതത്തിലും ധാരാളം കാണാം. നമുക്ക്‍ ആരെക്കൊണ്ടെങ്കിലും എന്തെങ്കിലും ഒരു കാര്യം നിറവേറ്റി കിട്ടണമെങ്കില്‍ അയാളുടെ വീട്ടില്‍പോയിട്ട്‍ ആയാളെയും വീട്ടുകാരെയും പറ്റി ആവോളം പ്രശംസിക്കുക. നിങ്ങള്‍ എത്ര കേമനാണ്‌, എന്തൊരു ബുദ്ധിയാണ്‌ നിങ്ങളുടേത്‍, മറ്റാരെക്കൊണ്ടും കഴിയാത്ത കാര്യങ്ങളല്ലേ നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്‍. നിങ്ങള്‍ സ്നേഹത്തിന്റെ നിധിയാണ്‌, കാരുണ്യം എന്താണെന്ന്‍ നിങ്ങളില്‍നിന്ന്‍ പഠിക്കണം. പരോപകാരപ്രിയനായ നിങ്ങള്‍ ഈശ്വരക്ര്‌പക്ക്‍ പാത്രമാണ്‌, ഞാന്‍ സകുടുംബം അങ്ങയെ നമിക്കുന്നു, ഇങ്ങനെയൊക്കെ അയാളെ പ്രശംസിച്ചു നോക്കുക. കാര്യം നടക്കും.

എന്നാല്‍ കാമദേവന്റെ പ്രശംസകൊണ്ടൊന്നും നാരദന്‌ ഒരിളക്കവും സംഭവിച്ചില്ല. അടുത്തതായി നാരദന്‍ കാമദേവനോട്‍ പ്രാര്‍ത്ഥിച്ചു, അല്ലയോ മഹാമുനിയേ, ശ്രീ നാരദരേ, അങ്ങ്‍ ഭഗവാന്‍ മഹാവിഷ്ണുവിന്റെ ഹ്ര്‌ദയത്തിലാണ്‌ എപ്പോഴും വസിക്കുന്നത്‍. മഹാവിഷ്ണുവിന്‌ ഏറ്റവും പ്രിയം അങ്ങുതന്നെയാണ്‌, ലക്ഷ്മിയോടുംകൂടി വിഷ്ണുവിന്‌ അത്ര പ്രിയമില്ല, അത്രക്കും അങ്ങയോട്‍  മഹാവിഷ്ണു കടപ്പെട്ടിരിക്കുന്നു. ഹേ മഹാമഹര്‍ഷേ, ഈ അഗതിയോട്‍ ക്ര്‌പയുണ്ടാവണേ, ഇവനെ കഷ്ടപ്പെടുത്തല്ലേ, ഞാന്‍ അങ്ങയുടെ ദാസനാണ്‌, എന്നെ കൈവിടരുതേ...  ഇങ്ങനെ കാമദേവന്‍ നാരദനോട്‍ കുറെ പ്രാര്‍ത്ഥിച്ചു. എന്നിട്ടും നാരദന്റെ തപസ്സിന്‌ കോട്ടം സംഭവിച്ചില്ല. 

പ്രാര്‍ത്ഥനകളൊന്നും ഫലിക്കുന്നില്ലെന്ന്‍ കണ്ട കാമദേവന്‍ നാരദനെ സാഷ്ടാംഗം പ്രണാമം ചെയ്തുകൊണ്ട്‍ തന്റെ വിവശതകള്‍ ഒന്നൊന്നായി നാരദനോട്‍ പറഞ്ഞു. ഭഗവാനേ, എനിക്ക്‍ ശരണമേകണേ, എന്നെ ദേവന്മാര്‍ ഇനി ദേവലോകത്തേക്ക്‍ കയറ്റില്ല. ഞാന്‍ അനാഥനായിത്തീരും. അങ്ങയുടെ സേവനം എയ്ത്‍ ഇവിടെ എവിടെയെങ്കിലുമൊക്കെ ജീവിച്ചുകൊള്ളാം. അങ്ങ്‍ എന്നില്‍ കനിയണേ.. 

പ്രണാമംകൊണ്ടും തന്റെ വിദ്യകളെക്കൊണ്ടൊന്നും നാരദനില്‍ യാതൊന്നും ഏശുന്നില്ലെന്ന്‍ മനസ്സിലാക്കിയ കാമദേവന്‍ അടുത്തുള്ള വള്ളിക്കുടിലില്‍ കയറി കുറെ പൂക്കള്‍ പറിച്ച്‍ ഒരു മാലയാക്കി നാരദന്റെ കഴുത്തിലണിയിച്ചുകൊണ്ട്‍ പറഞ്ഞു, ഹേ മഹാമഹര്‍ഷേ, അല്ലയോ മഹാമുനേ, സാക്ഷാല്‍ പരമശിവന്റെ തപസ്സുപോലും ഇളക്കിയ ഞാന്‍ അങ്ങയുടെ തപസ്സിനുമുന്നില്‍ തോറ്റിരിക്കുന്നു. അങ്ങയുടെ കഴുത്തില്‍ ഇതാ ഞാന്‍ ഈ പുഷ്പമാല അര്‍പ്പിക്കുന്നു. അങ്ങ്‍ സാക്ഷാല്‍ നാരായണസ്വരൂപം തന്നെ. ഞാന്‍ എന്റെ ക്ര്‌ത്യനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടിരിക്കുന്നു.  അങ്ങ്‍ കാമനെ വിജയിച്ചിരിക്കുന്നു, അങ്ങേക്ക്‍ ജയ്‍ ഹോ, അങ്ങേക്ക്‍ ജയ്‍ ഹോ, നാരദന്‍ ജയിക്കട്ടെ, ജയിക്കട്ടെ. കാമത്തെ ജയിച്ച അങ്ങയെ സകലലോകങ്ങളിമുള്ള സകല ജീവികളും അങ്ങയുടെ കീര്‍ത്തി പാടിക്കൊണ്ടേ ഇരിയ്ക്കട്ടെ,  എന്നൊക്കെ പറഞ്ഞ്‍, പുഷ്പമാലയൊക്കെ കഴുത്തിലിട്ട്‍, പുഷ്പങ്ങള്‍ അര്‍പ്പിച്ച്‍,  നാരദനെ പൂജിച്ച്‍, കീര്‍ത്തനങ്ങളൊക്കെ ചെയ്തപ്പോള്‍ നാരദന്‍ മെല്ലെമെല്ലെ കണ്ണ്‍ തുറന്നു.

പ്രശംസ, പ്രാര്‍ത്ഥന, പ്രണാമം, പുഷ്പഹാരം എന്ന ഈ നാല്‌ പ്രക്രിയകളില്‍ വീഴാത്ത ആരുംതന്നെ ഈ ഭൂമാവില്‍ ഉണ്ടാവില്ല എന്ന്‍ ഈ ഒരു ഉദാഹരണത്തില്‍ നിന്ന്‍ അറിയാം. കാമദേവന്റെ ഈ അനുഷ്ഠാനും നമുക്കും ആവശ്യത്തിന്‌ സ്വീകരിക്കാമെന്ന്‍ തോന്നുന്നു.

നാരദന്‍ തപസ്സില്‍നിന്ന്‍ ഉണര്‍ന്നു, ആരാണ്‌ എന്നെ തപസ്സില്‍നിന്നും ഉണര്‍ത്തിയത്‍ എന്ന്‍ ചിന്തിച്ചുകൊണ്ട്‍ ചുറ്റുപാടും നോക്കി. അപ്പോള്‍ പരിവാരസമേതം വിലസുന്ന കാമദേവനെ കണ്ടു. കാമദേവന്‍ നാരദന്റെ കാല്‍ക്കല്‍ വീണുകൊണ്ട്‍ പറഞ്ഞു, അല്ലയോ മഹാമുനേ, ദേവദേവനായ പരമശിവന്റെ തപസ്സ്‍ എത്രയോ തുച്ഛം. അങ്ങയുടെ തപസ്സ്‍ അത്യന്തം ഗാഢംതന്നെ. അതിന്‌ തുല്യമായി ആരുടെയും തപസ്സില്ല. എന്റെ അനുഭവമാണ്‌ ഞാന്‍ പറയുന്നത്‍, അങ്ങാണ്‌ ശരിയായ അര്‍ത്ഥത്തില്‍ കാമത്തെ ജയിച്ചവന്‍, ജിതേന്ദ്രിയന്‍ അങ്ങുതന്നെ, വിഷ്ണുഭഗവാന്‍ അങ്ങയില്‍ സംപ്രീതനായിരിക്കുന്നപോലെ മറ്റ്‍ ആരിലും ഉണ്ടാവില്ല. അങ്ങയുടെ തപസ്സിനുമുന്നില്‍ പാവപ്പെട്ട ഈ കാമദേവന്റെ പ്രണാമങ്ങള്‍!!

നാരദന്‍ പറഞ്ഞു, ഓ.. ശരി ശരി, സാരമില്ല. ഞാന്‍ താങ്കളില്‍ പ്രസന്നനാണ്‌.  താങ്കള്‍ക്ക്‍ പോകാം. കാമദേവന്‍ തിരിച്ച്‍ ദേവലോകത്തെത്തി ഇന്ദ്രനെ വിവരങ്ങള്‍ ധരിപ്പിച്ചു. ഇന്ദ്രന്‌ സന്തോഷമായി. നാരദന്റെ ജീവിതത്തിലെ തെറ്റ്‍ ഇവിടെ നമുക്ക്‍ കാണാം. കാമനെ നാരദന്‍ സന്തോഷിപ്പിക്കുന്നു, പ്രശംസിക്കുന്നു, പ്രേരണാത്മകമായി കാമദേവനെ ശ്ലാഘിക്കുന്നു. കാമത്തിനെ ശ്ലാഘിക്കാന്‍ പാടില്ല, അതിനെ അതിന്റെ മുളയില്‍ത്തന്നെ നശിപ്പിക്കണം. അതാണ്‌ വിജയം, അതാണ്‌ വിവേകം. നാരദന്‍ ഇവിടെ തെറ്റിപ്പോയി. 

തപസ്സില്‍നിന്നുണര്‍ന്ന നാരദന്‍ വീണ്ടും പരിഭമണം തുടങ്ങി. മനസ്സില്‍ ഒരു ചിന്ത ഉണര്‍ന്നു. ഞാന്‍ ജിതേന്ദ്രിയനാണ്‌, കാമദേവനെ ജയിച്ചവനാണ്‌. കാമദേവന്‍ മുന്നില്‍ വന്നിട്ടും എന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.  പരമ ശിവന്റെ തപസ്സിളക്കിയ കാമദേവന്‍ എന്റെ മുന്നില്‍ തോറ്റുപോയി. എന്നെ ഇളക്കാന്‍ പറ്റിയില്ല. കാമനെ ജയിച്ചവരില്‍ പരമശിവനേക്കാള്‍ ഒരു പടി ഞാനാണ്‌ മുന്നില്‍. ഈ ഒരു ചിന്ത നാരദനില്‍ ഉടലെടുത്തു, ദിനംപ്രതി അത്‍ ബലപ്പെട്ടു വന്നു, നാരദന്‌ അഹംകാരം വര്‍ദ്ധിച്ച്‍ വര്‍ദ്ധിച്ച്‍ വന്നു. കൈലാസനാഥനായ പരമശിവനാണ്‌ കാമത്തെ ദഹിപ്പിച്ച്‍ കളഞ്ഞവന്‍ എന്നാണ്‌ എല്ലാവരും പറയുന്നത്‍, എന്നാല്‍ പരമശിവനല്ല ഞാനാണ്‌ ശരിയ്ക്കും കാമദേവനെ, കാമത്തെ നശിപ്പിച്ചവന്‍. നാരദന്റെ അഹംകാരം ദ്ര്‌ഢമായി.

ലൗകിക കര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന അഹങ്കാരം മറ്റുള്ളവര്‍ക്ക്‍ ഏറെക്കുറെ ദ്ര്‌ഷ്ടമാകും. അയാള്‍ക്ക്‍ ധനമുള്ളതിന്റെ അഹങ്കാരമാണ്‌, സാധനങ്ങളുള്ളതിന്റെ അഹങ്കാരമാണ്‌, രൂപത്തിന്റെ അഹങ്കാരമാണ്‌, പദവിയുടെ അഹങ്കാരമാണ്‌ എന്നൊക്കെ മറ്റുള്ളവര്‍ക്ക്‍ അറിയാന്‍ കഴിയും. അതെല്ലാം സ്ഥൂലമാണ്‌, ദ്ര്‌ഷ്ടമാകുന്നതാണ്‌. എന്നാല്‍  ഇതിനേക്കാളൊക്കെ അപകടമുള്ളതാണ്‌ സത്‍കാര്യങ്ങളുടെ അഹങ്കാരം. ഇത്‍ സൂക്ഷ്മരൂപത്തിലാണ്‌ ഒരുവനില്‍ പ്രവര്‍ത്തിക്കുന്നത്‍. ദാനധര്‍മ്മാദികള്‍ ചെയ്യുക, ഈശ്വരോപാസന ചെയ്യുക, ഭക്തി അനുഷ്ഠിക്കുക, ഇത്യാദികള്‍ വ്യക്തിയില്‍ അഗാധമായ അഹങ്കാരത്തെ ജനിപ്പിക്കുന്നു. ഇവിടെ സാധകന്‍ അത്യന്തം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.

നാട്‍ മുഴുവനും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നാരദന്‍ വീട്‍വീടാന്തരം സന്ദര്‍ശിക്കാന്‍ തുടങ്ങി. ആദ്യംതന്നെ ദേവലോകത്ത്‍ ചെന്നു. അവിടെ പ്രൗഢഗംഭീരമായ ഒരു വരവേല്‍പ്പുതന്നെ ഇന്ദ്രന്‍ ഒരുക്കി. സഭകൂടി നാരദനെ ആദരിച്ചു.  പ്രശംസകള്‍കൊണ്ട്‍ നാരദനെ വീര്‍പ്പുമുട്ടിച്ചു. സന്തോഷത്തോടെ നാരദന്‍ യാത്ര പറഞ്ഞു, വീണ്ടും ഭൂമിയിലെത്തി.  ഓരോ വീട്ടിലും നാരദന്‍ കയറിയിറങ്ങി.  അവിടെയുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ഉത്തമ ഉപദേശങ്ങള്‍ കൊടുക്കും. എന്നാല്‍ ഈയിടെയായി നാരദന്റെ ഉപദേശങ്ങളില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി. താന്‍ ഹിമാലയത്തില്‍ തപസ്സിരുന്നതും, കാമദേവന്‍ സപരിവാരം തന്റെ തപസ്സിളക്കാന്‍ വന്നതും, കാമദേവന്‍ അതില്‍ പരാജയപ്പെട്ടതുമൊക്കെ നാടുമുഴുവന്‍ നടന്ന്‍ പാടാന്‍ തുടങ്ങി. മാത്രമല്ല, ഇപ്പൊ പരമശിവനല്ല കാമനെ നശിപ്പിച്ചത്‍, ഞാനാണ്‌ കാമനെ നശിപ്പിച്ചത്‍, അതുകൊണ്ട്‍ എന്റെ നമ്പറാണ്‌ മുന്നില്‍.  രാമനാമം ജപിയ്ക്കേണ്ടുന്ന നാവ്‍ കാമനാമജപം തുടങ്ങി.   അങ്ങിനെ നടക്കുമ്പോളാണ്‌ ഓര്‍മ്മ വന്നത്‍, അല്ലാ... ഞാന്‍ കാമനെ ജയിച്ച വിവരം കൈലാസത്തില്‍ പരമശിവന്‍ അറിഞ്ഞുകാണുമോ ഇല്ലയോ..  അദ്ദേഹം അത്‍ തീര്‍ച്ചയായും അറിയണം. ഒരുപക്ഷെ ആരും അദ്ദേഹത്തെ അത് ധരിപ്പിച്ചിട്ടില്ലെങ്കിലോ....  ഉണ്ടെങ്കിലും ഇല്ലെങ്കിലും വേണ്ടില്ല, ഒന്ന്‍ പോവുകതന്നെ. അങ്ങിനെ അഹങ്കാരത്താല്‍ തലക്ക്‍ മത്ത്‍ പിടിച്ച്‍ പതനത്തിലേക്ക്‍ നീങ്ങിക്കൊണ്ടിരുന്ന നാരദന്‍ ഒരു ദിവസം കൈലാസത്തിലെത്തി.  കൈലാസത്തിന്റെ ഉയരവും തലയുടെ ഘനവും, രണ്ടും കൂടി ചേര്‍ന്നപ്പോള്‍ നാരദന്‍ കുറെകൂടി അഹങ്കാരത്തിലേക്ക്‍ ഉയര്‍ന്നപോലെയായി.  പരമശിവന്‍ ഒരു വടവ്ര്‌ക്ഷത്തിന്റെ ചുവട്ടില്‍ ഇരിക്കുന്നു. വളരെ ദൂരെനിന്നുതന്നെ നാരദന്‍ വരുന്നത്‍ പരമശിവന്‍ കണ്ടു. ഭഗവാന്‍ വേഗം എഴുന്നേറ്റ്‍ നാരദനെ സ്വീകരിക്കാന്‍ പോയി. അരികിലെത്തിയ ഉടനെ, പരമശിവന്‍ നാരദന്റെ കൈ പിടിച്ചുകൊണ്ട്‍ സ്വാഗതം ചെയ്തു, തന്റെ സങ്കേതത്തിലേക്ക്‍ കൂട്ടിക്കൊണ്ടുപോന്നു.  പരമശിവന്‍ ചോദിച്ചു, അല്ലയോ മഹര്‍ഷീശ്വരാ, അങ്ങയ്ക്ക്‍ സുഖംതന്നെയല്ലേ, കുറെകാലമായി അങ്ങയുടെ ദര്‍ശനമൊന്നും കിട്ടുന്നില്ലല്ലൊ, എന്തെല്ലാമുണ്ട്‍ വിശേഷങ്ങള്‍ !  

പരമശിവന്റെ കുശലാന്വേഷണം കേട്ടമാത്രയില്‍ നാരദന്‍ പറഞ്ഞു, ആഹാ.. വളരെ സൗഖ്യംതന്നെ. വിശേഷങ്ങളൊക്കെ കുറെയുണ്ട്‍. എന്റെ വിശേഷങ്ങളൊന്നും അങ്ങയോട്‍  ഇത്രകാലമായി ആരും ഒന്നും  പറഞ്ഞില്ലേ..  പരമശിവന്‍ പറഞ്ഞു, നാരദരേ, കൈലാസം എത്ര ദൂരെയാണ്‌, എത്ര ഉയരത്തിലാണ്‌, ഇവിടേക്കൊന്നും ആരും പെട്ടെന്ന്‍ കയറിവരില്ലല്ലൊ, അതുകൊണ്ട്‍ ലോക വര്‍ത്തമാനങ്ങളൊന്നും അറിയാറില്ല.  എന്തേ, എന്തെങ്കിലും വിശിഷ്ഠമായി സംഭവിച്ചുവോ..?

പരമശിവന്റെ ഈ ചോദ്യത്തിന്‌ മറുപടിയായി, തനിക്ക്‍ ഉണ്ടായ അനുഭവങ്ങളെല്ലാം നാരദന്‍ വിശദമായി, കുറെ ഉപ്പും മുളകും ചേര്‍ത്ത്‌, പറഞ്ഞു.  ഹരിനാമം പാടിക്കൊണ്ടിരിക്കുന്ന, രാമനാമം ജപിച്ചുകൊണ്ടിരിക്കേണ്ട നാവില്‍ നിന്ന്‍, ഇന്ന്‍, കാമനാമം ഒഴുകിക്കൊണ്ടേ ഇരുന്നു. എല്ലാം പറഞ്ഞ്‍ കഴിഞ്ഞ്‍ നാരദന്‍ പോകാനായി എണീറ്റു.  ആ സമയം പരമശിവന്‍ പറഞ്ഞു, 
നാരദരേ അങ്ങയെ കാമദേവനു ഒന്നും ചെയ്യാന്‍ സാധിക്കില്ല. അങ്ങ്‍ പരമഭക്തനാണ്‌. ഹിമാലയത്തില്‍ എവിടെയെങ്കിലും ആരെങ്കിലും ഇരുന്ന്‍ വെറുതെ ഹരിനാമം ഉച്ചരിച്ചാല്‍തന്നെ അവന്‍ കാമനെ ജയിക്കും. എന്നിട്ടാണോ ജിതേന്ദ്രിയനായ അങ്ങയുടെ കാര്യം.  നാരദന്‍ പറഞ്ഞു, ഭഗവാനേ, എല്ലാം അങ്ങയുടെ ക്ര്‌പ.

നാരദന്റെ കണ്ണാടിയില്‍ നമ്മുടെ മുഖം നാം നോക്കണം. നാരദന്‍ പറഞ്ഞ അതേ ഭാഷതന്നെയാണ്‌ നാമൊക്കെ പ്രയോഗിക്കാറ്‌. എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്ത്‍ അത്‍ നാടൊക്കെ അറിഞ്ഞുകഴിഞ്ഞു എന്ന്‍ നമുക്ക്‍ ബോധ്യപ്പെട്ട്‍, അതിനുശേഷം ആരെങ്കിലും നമ്മെ ശ്ലാഘിച്ചാല്‍, പുകഴ്‍ത്തിയാല്‍, നമ്മള്‍ പറയും, അയ്യയ്യോ... ഞാനൊന്നും ചെയ്തിട്ടില്ലേ... നമ്മളെക്കൊണ്ടൊക്കെ എന്ത്‍ കഴിവാണുള്ളത്‍, അതൊക്കെ ഭഗവത്‍ക്ര്‌പ, എല്ലാം ഈശ്വരന്‍ ചെയ്യിക്കുന്നു, ഈശ്വരക്ര്‌പ.. ഇത്‍ നമ്മുടെ വാക്കുകള്‍. നാരദനെ നിമിത്തമാക്കി നമുക്ക്‍ നമ്മെത്തന്നെ ആ കണ്ണാടിയില്‍ കാണാനുള്ള ഒരു അവസരം.  കഥകളൊക്കെ ഇതിനാണല്ലൊ.

പരമശിവന്‍ പറഞ്ഞു, എന്തായാലും,  നാരദരേ, ഇവിടെ വന്ന്‍ താങ്കള്‍ ഈ സംഭവം എന്നോട്‍ പറഞ്ഞത്‍ പറഞ്ഞു, ദയവുചെയ്ത്‍ ഭഗവാന്‍ വിഷ്ണുവിനോട്‍ ഇതൊന്നും പറയരുതേ...!!    അതും കേട്ട്‍ നാരദന്‍ ശിവസന്നിധിയില്‍ നിന്ന്‍ പോന്നു.   വഴിയില്‍ നാരദന്‍ ചിന്തിക്കുന്നു, എന്ത്‍ കൊണ്ട്‍ പാലാഴിയില്‍ പോയി ഈ സംഭവം‍  വിഷ്ണുവിനോട്‍ പറഞ്ഞുകൂടാ, ഞാന്‍ കാമനെ ജയിച്ച കാര്യമല്ലേ പറയുന്നത്‍, മറ്റൊന്നുമല്ലല്ലൊ. കാമനെ ജയിച്ചതില്‍ ഇപ്പൊ എന്റെ പേരാണ്‌ മുന്നില്‍, അത്‍ വിഷ്ണു അറിയുന്നത്‍ ശിവഭഗവാന്‌ ഇഷ്ടമല്ല, അതാണ്‌ കാരണം. എന്തുകൊണ്ട്‍ വിഷ്ണുവിനോട്‍ പറഞ്ഞുകൂടാ, ഞാന്‍ തീര്‍ച്ചയായും വൈകുണ്ഠത്തില്‍ പോകും.  നാരദന്‍ വിഷ്ണുസവിധത്തിലേക്ക്‍ യാത്രയായി. 

കൈലാസത്തിലേക്ക്‍ കയറിവന്ന നാരദരെ സ്വീകരിക്കാന്‍ പരമശിവന്‍ പോയി, നാരദന്റെ കൈകള്‍ പിടിച്ച്‍, ആനയിച്ച്‍ കൊണ്ടുവന്നു.  എന്തുകൊണ്ടായിരിക്കും ഭഗവാന്‍ സ്വയം സ്വീകരിക്കാന്‍ പോയത്‍, എന്ന്‍ സംശയം ജനിക്കാം.  ഭഗവാന്റെ ഭക്തനാണ്‌ വരുന്നത്‍. ഹരിനാമ മഹിമ ലോകം മുഴുവന്‍ പരത്തുന്ന പരമഭക്തനാണ്‌ നാരദന്‍. ഭഗവാന്‍ എപ്പോഴും ഭക്തന്റെ അടിമയാണ്‌. അതുകൊണ്ട്‍ തന്റെ ഭക്തനെ സ്വീകരിക്കേണ്ടത്‍ തന്റെ കടമയാണ്‌, അതുകൊണ്ട്‍ പോയതാവാം.  ശിരസ്സിന്റെ ഭാരം താങ്ങാനാവാതെ വരുന്ന നാരദന്‍ കൈലാസത്തിന്റെ കൊടുമുടിയില്‍ കയറിതോടെ അദ്ദേഹം താഴെ വിഴുമെന്ന്‍ ഉറപ്പായി, അതിനായി ഭഗവാന്‍ കൈ പിടിച്ചു എന്നാവാം.  ഏതായാലും നാരദന്‍ പാലാഴിയിലേക്ക്‍ പുറപ്പെട്ടു.

ഒരു ദിവസം കയ്യില്‍ വീണയുമായി, ശ്രീഹരിയുടെ ഗുണഗണങ്ങള്‍ കീര്‍ത്തിച്ചുകൊണ്ട്‍ നാരദന്‍  ക്ഷീരസാഗരത്തില്‍ ശ്രീനിവാസ സന്നിധിയിലെത്തി. തന്റെ പ്രിയഭക്തനെ ശ്രീഹരി യഥോചിതം ആദരിച്ചിരുത്തി കുശലം അന്വേഷിച്ചു. എന്തൊക്കേ നാരദരേ സുഖംതന്നെയല്ലേ, എന്ന്‍ ചോദിച്ചപ്പോഴേക്കും ശ്രീ നാരദന്‍ തന്റെ വീരകഥകള്‍ മുഴുവനും വര്‍ണ്ണിച്ചു. ഹിമാലയത്തിലെ ഗുഹയില്‍ തപസ്സുചെയ്തുകൊണ്ടിരിക്കുകയായിരുന്നു, കാമദേവന്‍ വന്നു, എല്ലാ അടവും പയറ്റി, എന്നെ സമാധിയില്‍നിന്ന്‍ ഉണര്‍ത്താന്‍ കഴിഞ്ഞില്ല, പരമശിവനെ ഉണര്‍ത്തിയ കാമദേവന്‍ എന്റെ മുന്നില്‍ തോറ്റുപോയി, ഇപ്പോള്‍ ഞാനാണ്‌ ജിതേന്ദ്രിയന്‍, എന്നിങ്ങനെ കാമകഥ മുഴുവന്‍ നാരദന്‍ ശ്രീഹരിക്ക്‍ വിവരിച്ചു കൊടുത്തു. നാരദന്റെ ഹിതത്തിനായുള്ള ഉപദേശങ്ങള്‍ വിഷ്ണുഭഗവാന്‍ കൊടുത്തു. തനിക്ക്‍ അല്പം തിടുക്കമുണ്ട്‍, പിന്നീട്‍ വരാമെന്ന്‍ പറഞ്ഞ്‍ നാരദന്‍ ഹിമാലയസാനുക്കളിലേക്ക്‍ തിരിച്ചു. ഭക്തന്‌ അഹംങ്കാരം വളരെ വര്‍ദ്ധിച്ചിരിക്കുന്നു എന്ന്‍ മനസ്സിലാക്കിയ വിഷ്ണു, ഈ അഹങ്കാരത്തിന്റെ കുരു എത്രയും വേഗം  പൊട്ടിച്ചുകളയണമെന്ന്‍ തീരുമാനിച്ചു.

നാരദന്‍ പോകുന്ന വഴിയില്‍, ഹിമാലയത്തില്‍ ഒരിടത്ത്‍ തന്റെ മായകൊണ്ട്‍ വിഷ്ണു നൂറ്‍ യോജന വിസ്താരമുള്ള വിശാലമായ നഗരം സ്ര്‌ഷ്ടിച്ചു. അവിടെ കുറെ നഗരവാസികളും രാജവീഥികളും എല്ലാ സൗകര്യങ്ങളും മായയാല്‍ നിര്‍മ്മിച്ചു. ശീലനിധി എന്ന ഒരു രാജാവും പരിവാരവും മന്ത്രിപ്രവരരും പ്രജകളും എല്ലാം സര്‍ജ്ജിതമായി. നാരദന്‍ ചിന്തിച്ചു, ഈ നഗരം ഏതാണ്‌, ഇതിനെകുറിച്ച്‍ ഇന്നേവരെ കേട്ടിട്ടില്ലല്ലൊ. വൈഭവപ്രഭവമായതും വൈകുണ്ഠത്തേക്കാള്‍ ഐശ്വര്യം തോന്നിക്കുന്നതുമായ ഈ നഗരം ഏതാണെന്ന്‍ 
അന്വേഷിച്ചപ്പോള്‍ ശീലനിധി എന്ന രാജാവിന്റെ നഗരമാണെന്നും അദ്ദേഹത്തിന്റെ പുത്രി വിശ്വമോഹിനിയുടെ സ്വയംവരം നടക്കാന്‍ പോവുകയാണെന്നുമൊക്കെ വാര്‍ത്തകള്‍ കിട്ടി. കൂടുതല്‍ അറിയാനായി നാരദന്‍ രാജധാനിയിലേക്ക്‍ ചെന്നു. രാജാവ്‌ നാരദനെ ഭക്ത്യാദരവോടെ സ്വീകരിച്ചു, സുഖാദികള്‍ അന്വേഷിച്ചു. തന്റെ പുത്രിയെ അരികില്‍ വിളിച്ച്‍ നാരദര്‍ക്ക്‍ കാണിച്ചുകൊടുത്തുകൊണ്ട്‍ രാജാവ്‍ പറഞ്ഞു, ഹേ മഹാമുനേ ഇത്‍ എന്റെ പുത്രി വിശ്വമോഹിനി. നാളെ  ഇവളുടെ സ്വയംവരം നടത്താന്‍ പോവുകയാണ്‌. അങ്ങ്‍ ത്രികാലജ്ഞാനിയാണെന്ന്‍ ഞാന്‍ കേട്ടിട്ടുണ്ട്‍, എന്റെ പുത്രിയുടെ കൈരേഖനോക്കി അവളുടെ ഭാവിജീവിതം എങ്ങിനെയൊക്കെയായിരിക്കുമെന്ന്‍ ലക്ഷണം പറഞ്ഞാല്‍ നന്നായിരുന്നു. ശീലനിധി തന്റെ പുത്രി വിശ്വമോഹിനിയെ വിളിച്ച്‍ നാരദന്‌ പരിചയപ്പെടുത്തുന്നു. നാരദന്റെ ചരണസ്പര്‍ശം ചെയ്യാനോ വന്ദിയ്ക്കാനോ ഒന്നും പറയുന്നില്ല. നാരദരെ പ്രണമിച്ചാല്‍, നാരദന്റെ മനോകാംമനകളെല്ലാം തകരും. നാരദന്‌ കന്യകയില്‍ മോഹം ജനിയ്ക്കാന്‍ അത്‍  വിഘ്നമായി മാറും. അതായിരിക്കണം കാരണം.  

ഇത്‍ വരെയും ഞാന്‍ വിഷ്ണുഭക്തന്‍, ഞാന്‍ ക്രോധത്തെ ജയിച്ചവന്‍, ഞാന്‍ കാമത്തെ ജയിച്ചവന്‍, ഞാന്‍ ജിതേന്ദ്രിയന്‍ എന്നൊക്കെ പാടി നടന്നിരുന്ന നാരദന്‍ വിശ്വമോഹിനിയെ കണ്ടതോടെ, തന്നെത്തന്നെ മറന്നു. വിശ്വമോഹിനിയുടെ മുഖത്തേക്ക്‍തന്നെ നോക്കിയിരുന്നുപോയി. കുറച്ച്‍ കഴിഞ്ഞപ്പോള്‍ ശീലനിധിക്കുതന്നെ പറയേണ്ടി വന്നു, ഹേ നാരദരേ, മുഖം നോക്കാനല്ല, കൈ നോക്കാനാണ്‌ പറഞ്ഞത്‍ എന്ന്‍. നാരദന്‍ വിശ്വമോഹിനിയുടെ കൈ തന്റെ കയ്യിലേക്ക്‍ വെച്ചു. കൈകള്‍ തമ്മില്‍ സ്പര്‍ശിക്കുകകൂടി ചെയ്തതോടെ നാരദന്‌ വിശ്വമോഹിനിയില്‍ മോഹമുദിച്ചു. കന്യകയുടെ കൈരേഖകള്‍ നോക്കി ലക്ഷണം പറഞ്ഞു, ഹേ രാജാവേ, ഇവള്‍ സുശീലയാണ്‌, സര്‍വ്വഗുണസമ്പന്നയാണ്‌, സുലക്ഷിണിയാണ്‌, ഇവളെ വിവാഹം ചെയ്യുന്ന വ്യക്തി പതിനാലു ലോകങ്ങളുടെയും, ബ്രഹ്മാണ്ഡത്തിന്റെ തന്നെയും അധിപനായിത്തീരും. ഇത്രയൊക്കെ എങ്ങിനെയോ പറഞ്ഞൊപ്പിച്ച്‍ നാരദന്‍ പോകാനായി എഴുന്നേറ്റു.  ശീലനിധി പറഞ്ഞു, മഹാത്മാവേ, അങ്ങ്‍ ഇവിടെ താമസിച്ചാലും, നാളെ സ്വയംവരത്തില്‍ പങ്കുകൊണ്ട്‍ നവദമ്പതികള്‍ക്ക്‍ ആശീര്‍വാദം കൊടുത്തിട്ട്‍ അങ്ങേക്ക്‍ പോകാം. എനിക്ക്‍ അത്യാവശ്യമായ ചില കാര്യങ്ങളുണ്ട്‍, വേഗം പോയേ പറ്റു എന്ന്‍ പറഞ്ഞ്‍ നാരദന്‍ വിടവാങ്ങി.

വഴിയില്‍ നാരദന്‍ ചിന്തിക്കുന്നു, ഈ കന്യകയെ എനിക്ക്‍ കിട്ടണം. കാമത്തെ ജയിച്ചതുകൊണ്ട്‍ പരമശിവനേക്കാള്‍ മുന്നിലെത്തി എന്നാണ്‌ നാരദന്‍ സങ്കല്‍പ്പിക്കുന്നത്‍. പരമശിവ പദം ഇപ്പോള്‍ എനിയ്ക്കാണ്‌ ഉള്ളത്‍. വിശ്വമോഹിനിയെ വിവാഹം ചെയ്താല്‍ ബ്രഹ്മാണ്ഡത്തിന്റെ അധിപതിയാവാം, മഹാവിഷ്ണുവിന്റെ പദവികൂടി എനിക്ക്‍ കിട്ടും, എന്ന തോന്നല്‍ നാരദനില്‍ ഉദിച്ചു. വാസ്തവത്തില്‍ കൈരേഖ അങ്ങിനെയല്ല. ബ്രഹ്മാണ്ഡത്തിന്റെ അധിപതി ആരാണോ, അയാളെ വിശ്വമോഹിനി വരിക്കും എന്നാണ്‌. പക്ഷെ അഹങ്കാരത്താല്‍ ഗര്‍വ്വിതനായ നാരദന്‍ കൈരേഖാ ലക്ഷണം വിപരീതമായി മനസ്സിലാക്കി. വിശ്വമോഹിനിയെ എനിക്ക്‍ കിട്ടണം, അതിനുള്ള ഉപായമെന്താണ്‌. കുറെ ചിന്തിച്ച്‍ ഒരു പോംവഴിയും കണ്ടില്ല. ഒരു കാര്യം നാരദന്‍ ശരിക്കും അറിയാം, വിശ്വമോഹിനി തന്നെ വരണമാല്യം ചാര്‍ത്തണമെങ്കില്‍ ഈ വേഷവും രൂപവും പറ്റില്ല. സൗന്ദര്യം വേണം. ഏതൊരു കന്യകയും ഇച്ഛിക്കുന്നത്‍ രൂപവാനെയാണ്‌. കന്യക രൂപവാനെ ഇച്ഛിക്കുന്നു, മാതാവ്‍ ധനവാനെ ഇച്ഛിക്കുന്നു, പിതാവ്‍ വിദ്യാവാനെ ഇച്ഛിക്കുന്നു എന്നാണല്ലൊ പ്രമാണം. നാരദന്‍ ചിന്തിക്കുന്നു, എന്നെ ഈ വേഷത്തില്‍ കണ്ടാല്‍ പാണിഗ്രഹണത്തിന്‌ പകരം പാദപൂജയാവും ഉണ്ടാവുക. അതുകൊണ്ട്‍ രൂപം വേണം. രൂപസൗന്ദര്യം വേണം. കഴിഞ്ഞ ദിവസം വരെ നാരായണ നാരായണ എന്ന്‍ പാടി ശ്രീഹരിയുടെ നാമ മാഹാത്മ്യം ലോകം മുഴുവനും പ്രചരിപ്പിച്ച്‍കൊണ്ട്‍ നടന്നിരുന്ന വ്യക്തി, ഞാന്‍ കാമത്തിനെ ജയിച്ചവന്‍ ജിതേന്ദ്രിയന്‍ എന്നൊക്കെ പറഞ്ഞിരുന്ന വ്യക്തി വിശ്വമോഹിനിയെ കണ്ടതോടെ എല്ലാം തകര്‍ന്നു. പരമശിവന്‍ പാര്‍വ്വതിയോട്‍ പറയുന്നു, ദേവീ, ആര്‌ ജ്ഞാനി, ആര്‌ മൂഢന്‍. വിശ്വമോഹിനിയെ കിട്ടണമെങ്കില്‍ തന്റെ ഇപ്പോഴത്തെ രൂപം പോരാ.. ഹിമാലയത്തിലൂടെ നടക്കുന്ന നാരദന്‌ സമാധാനമില്ലാതായി. വൈകുണ്ഠവാസനെ ധ്യാനിച്ച്‍ പ്രത്യക്ഷീകരിയ്ക്കാനൊന്നും സമയമെവിടെ, നാളെയല്ലേ സ്വയംവരം. എന്ത്‍ ചെയ്യും. ഒരു കാര്യം നാരദന്‌ അറിയാമായിരുന്നു, തന്റെ മംഗളം കാംക്ഷിക്കുന്നതില്‍ ശ്രീഹരിയെ കവിഞ്ഞ്‍ ആരുംതന്നെ ഇല്ല. അതുകൊണ്ട്‍ ശ്രീമന്‍ നാരായണനെ വിളിക്കുക തന്നെ. നാരദന്‍ ശ്രീഹരിയെ സ്മരിച്ചുകൊണ്ട്‍ നാരായണ നാരായണ എന്ന്‍ രണ്ട്‍നാല്‌ പ്രാവശ്യം വിളിച്ചു. ഭഗവാന്‍ പെട്ടെന്ന്‍ പ്രത്യക്ഷമായി. ഹേ നാരദമഹര്‍ഷേ ഞാന്‍ അങ്ങയില്‍ പ്രസന്നനാണ്‌, അങ്ങയ്ക്ക്‌ എന്ത്‍ വേണം, ശക്തി, ബുദ്ധി, ഭക്തി, വിശ്വാസം, വൈരാഗ്യം, എന്ത്‍ വേണമെങ്കിലും ചോദിച്ചോളൂ.. നാരദന്‍ പറഞ്ഞു, അയ്യയ്യോ ഭഗവാനേ ഇതൊക്കെ ഇപ്പൊത്തന്നെ ധാരാളമായിട്ടുണ്ട്‍, ഇതൊന്നും വേണ്ട, എനിക്ക്‍ "നിന്‍രൂപം തരികെന്ന്‍ പ്രാര്‍ത്ഥിച്ചൂ നാരദനും".. അങ്ങയുടെ ഈ ദിവ്യകോമളമായ രൂപമുണ്ടല്ലോ, അത്‍ തരണം, അതാണെനിക്ക്‍ ആവശ്യം, അങ്ങയുടെ ഈ രൂപം എനിക്ക്‍ തന്ന്‍ എന്നെ അനുഗ്രഹിക്കണം. ആസക്തിക്ക്‍ അടിമപ്പെട്ടിട്ടുള്ള വ്യക്തി എന്തെല്ലാം കാര്യങ്ങള്‍ക്ക്‍ വേണ്ടിയിട്ടാണ്‌ മറ്റുള്ളവരോട്‍ ഇരക്കുന്നത്‍ എന്ന്‍ ചിന്തിക്കുക. ഒരിക്കലും നടക്കാത്ത കാര്യമാണെന്ന ബോധംകൂടി ഇല്ലാതെയാണ്‌ ആവശ്യങ്ങള്‍ നിരത്തുന്നത്‍. പ്രക്ര്‌തിവിരുദ്ധമായിട്ടുള്ളതും അസംഭവ്യമായിട്ടുള്ളതും ഒക്കെ ആവശ്യപ്പെടുന്നതില്‍ ഇത്തരക്കാര്‍ക്ക്‍ ഒരു സങ്കോചവും തോന്നില്ല, കാമത്തിന്റെ പ്രഭാവം ശ്രദ്ധിക്കുക. നാരദന്‍ പറഞ്ഞു, ഹേ പ്രഭോ, എന്റെ നന്മ അങ്ങയ്ക്കല്ലാതെ മറ്റൊരാള്‍ക്കും ചെയ്യാന്‍ സാധിക്കില്ല, അതുകൊണ്ട്‍ എന്റെ പ്രാര്‍ത്ഥന സ്വീകരിച്ച്‍ എന്നെ അനുഗ്രഹിച്ചാലും. ഭഗവാന്‍ പറഞ്ഞു, ഹേ നാരദരേ, രൂപം കൈമാറ്റം ചെയ്യാന്‍ പറ്റില്ല, അത്‍ മാറ്റിവെയ്ക്കാന്‍ സാധ്യമല്ല. നിങ്ങളുടെ ഹിതത്തിന്‌, നിങ്ങളുടെ നന്മക്ക്‍ വേണ്ടുന്നത്‍ ചെയ്യണമെന്ന്‍ പ്രാര്‍ത്ഥിച്ചതുകൊണ്ട്‍ ഹേ മഹര്‍ഷേ, അങ്ങയുടെ ഹിതം ഭവിക്കട്ടെ, എന്ന്‍ പറഞ്ഞ്‍ ഭഗവാന്‍ അന്തര്‍ധാനം ചെയ്തു.  നാരദന്‌ സമാധാനമായി. താന്‍ ശ്യാമളകോമളനായി എന്ന്‍ നാരദന്‍ ധരിച്ചു. നേരം ഇരുട്ടി. രാത്രി മുഴുവനും കഴിച്ചുകൂട്ടണമല്ലോ എന്ന്‍ തോന്നിയ നാരദന്‌ സ്വബോധംതന്നെ നശിച്ചപോലെയായി. നാരദന്റെ സ്വാധ്യായാദികളും ജപതപാദികളും എല്ലാം മുടങ്ങി. ഒരു മഹര്‍ഷിയുടെ പരാധീനതയൊന്ന്‍ ശ്രദ്ധിക്കൂ. ആത്മീയ സാധനകള്‍ മുടങ്ങി, ഉപാസനകളും നിത്യപൂജ, ജപം കീര്‍ത്തനം ഒക്കെ മുടങ്ങി. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു, നാരദന്‍ തയ്യാറായി സ്വയംവര മണ്ഡപത്തിലേക്ക്‍ പുറപ്പെട്ടു.

അനേകം രാജ-മഹാരാജാക്കന്മാര്‍ വന്നുചേര്‍ന്നിട്ടുണ്ട്‍, സ്വയംവര സന്നാഹങ്ങള്‍, ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സ്വയംവര മണ്ഡപം അതിസുന്ദരമായി വിതാനിച്ചിരിക്കുന്നു. നാനാവിധ അലങ്കാരങ്ങളാല്‍ മോടിപിടിപ്പിച്ചിരിക്കുന്നു. മണ്ഡപത്തിന്റെ രചന അതി വിശിഷ്ടമായിരിക്കുന്നു.  സാക്ഷാല്‍ ജഗദംബ, സാക്ഷാല്‍ മായ, വിശ്വമോഹിനിയായി, വധൂവേഷത്തില്‍ വിരാചിക്കുന്ന മണ്ഡപത്തിന്റെ വര്‍ണ്ണന എങ്ങിനെ ചെയ്യും, ആരെക്കൊണ്ട്‍ വര്‍ണ്ണിക്കാന്‍ കഴിയും. സ്വയംവര മണ്ഡപത്തില്‍ അനേകം രാജകുമാരന്മാര്‍ എത്തിയിട്ടുണ്ട്‍. ശ്രീനാരദന്‍ മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചു. മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചപ്പോള്‍ അവിടെ ഇരുന്നിരുന്നവരെല്ലാം എണീറ്റ്‍ നാരദനെ വണങ്ങി. താന്‍ നരനില്‍ നിന്ന്‍ നാരായണനായി എന്ന്‍ നാരദന്‍ വിചാരിക്കുന്നു. മണ്ഡപത്തിലുള്ളവരെല്ലാം നാരദനെ ഒരു മഹര്‍ഷിയായി കാണുന്നു, അതുകൊണ്ട്‍ വന്ദനാസൂചകമായി എണീറ്റു. മണ്ഡപത്തില്‍  ഉടനെ കാണുന്ന ആദ്യത്തെ നിരയില്‍ത്തന്നെ നാരദന്‍ ഇരുന്നു. വിശ്വമോഹിനി വരണമാലയുമേന്തി വരുമ്പോള്‍ ആദ്യം എന്നെ കാണും, എന്റെ കഴുത്തില്‍ മാല ഇടും. കന്യകയ്ക്ക്‍ ആരെ വരിക്കണം എന്നൊക്കെ ചിന്തിച്ച്‍ വെറുതെ നേരം കളയണ്ടല്ലൊ, എന്നാണ്‌ നാരദന്റെ മനോഗതം.  അങ്ങനെ നല്ല ഗമയില്‍ത്തന്നെ നാരദന്‍ ഇരുന്നു. നാരദന്റെ ഇരുഭാഗത്തുമായി പരമശിവന്റെ രണ്ട്‍ ഗണങ്ങളും രാജകുമാരന്മാരുടെ വേഷത്തില്‍ ഇരുന്നിരുന്നു. രണ്ടു ഗണങ്ങളും ഇരുപുറവും ഇരുന്നുകൊണ്ട് നാരദനെ പുകഴ്ത്താന്‍ തുടങ്ങി. എന്തൊരു രൂപവാനാണ്‌ ഈ വ്യക്തി. സാക്ഷാല്‍ നാരായണസ്വരൂപം തന്നെ. ഇദ്ദേഹത്തിന്റെ വ്യക്തിസൗന്ദര്യം അലൗകികം തന്നെ, ഇയാളുടെ മാതാപിതാക്കള്‍ ആരായിരിക്കും, അവര്‍ എത്ര ഭാഗ്യശാലികളായിരിക്കും.... ഇത്തരത്തിലൊക്കെ നാരദന്‍ കേള്‍ക്കത്തക്ക വിധത്തില്‍ പുകഴ്ത്തി. ഇതുകേട്ടപ്പോള്‍ നാരദന്‌ തോന്നി, ഇപ്പൊ എല്ലാം ശരിയായിരിക്കുന്നു. ഇനി ഒന്നും ഭയക്കാനില്ല, വരണമാല്യം എന്റെ കഴുത്തില്‍ത്തന്നെ. ശിവഗണങ്ങളുടെ സംഭാഷണത്തിന്റെ ഗൂഢാര്‍ത്ഥം നാരദന്‌ മനസ്സിലാക്കാന്‍ സാധിച്ചില്ല.  വിശ്വമോഹിനി എന്റെ സ്വന്തം തന്നെ എന്ന്‍ ആശ്വസിച്ച് നാരദന്‍ ഇരുന്നു.  നാരായണന്‍ എന്നെ സ്വന്തം രൂപത്താല്‍ അനുഗ്രഹിച്ചിരിക്കുന്നു. എന്നെയല്ലാതെ ആരെയും വിശ്വമോഹിനി വരണമാല്യം അണിയിക്കില്ല... എന്നൊക്കെ നാരദന്‍ ഉറപ്പിച്ച്‍, ഗമയില്‍ത്തന്നെ ഇരുന്നു. 

വിശ്വമോഹിനി സഖികളുമൊത്ത്‍ വരണമാല്യവുമേന്തി സ്വയംവര മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചു. വിശ്വമോഹിനിയെ കുറിച്ച്‍ കൂടുതല്‍ വര്‍ണ്ണനകളൊന്നും കാണുന്നില്ല. പരമശിവന്‌ തോന്നിയിട്ടുണ്ടാവും, വിശ്വമോഹിനി എന്നത്‍ സാക്ഷാല്‍ ജഗദംബയാണ്‌, സ്വന്തം അമ്മയാണ്‌. അമ്മയുടെ സൗന്ദര്യത്തെ  പുത്രന്‍ വര്‍ണ്ണിക്കുന്നത്‍ മരിയാദയുടെ ലംഘനമാണ്‌, അമ്മയുടെ അംഗപ്രത്യംഗ വര്‍ണ്ണന പുത്രന്‍ ചെയ്യരുത്‍, അത്‍ നിഷേധമാണ്‌, മാത്ര്‌ദേവോ ഭവ: എന്ന  ഈശ്വരവാണിയുടെ ഉല്ലംഘനമായി പരമശിവന്‍ അതിനെ കണ്ടിരിക്കണം. നമുക്കൊക്കെ അതൊരു നീതിപാഠമാവട്ടെ... സ്വന്തം അമ്മയുടെ രൂപസൗന്ദര്യ വര്‍ണ്ണന മക്കള്‍ ചെയ്യാന്‍ പാടില്ല എന്ന ഗുണപാഠം ഇതില്‍നിന്ന്‍ പഠിക്കണം. പരമശിവന്‍ ഒന്നുകൂടി ചിന്തിച്ചിരിക്കണം. വിശ്വമോഹിനി മായയാണ്‌. മായ ഇന്ദ്രിയങ്ങള്‍ക്ക്‍ അതീതമാണ്‌. അതുകൊണ്ടുതന്നെ മായയെ വാണിയാല്‍ വര്‍ണ്ണിക്കാന്‍ സാധ്യമല്ല. കാണുന്നത്‍ കണ്ണുകൊണ്ടാണ്‌, കണ്ണ്‍ ഒരു ഇന്ദ്രിയമാണ്‌. കണ്ടതിനെ കണ്ടതുപോലെ പറയാന്‍ കണ്ണിന്‌ നാവില്ല. അതുകൊണ്ട്‍ പറയാന്‍ പറ്റില്ല. നാവുകൊണ്ടാണ്‌ കാര്യങ്ങള്‍ പറയുക, നാവ്‍ മായയെ കണ്ടിട്ടില്ല, നാവിനു കണ്ണ്‍ ഇല്ലാത്തതുകൊണ്ട്‍ നാവ്‍ കണ്ടിട്ടുമില്ല. അപ്പൊ വാണികൊണ്ടും വര്‍ണ്ണിക്കാന്‍ സാധ്യമല്ല.  അതുകൊണ്ട്‍ വിശ്വമോഹിനിയുടെ വര്‍ണ്ണന കൂടുതലൊന്നും ഇല്ല. മായ എന്നത്‍ ഇന്ദ്രിയങ്കള്‍ക്ക്‍ അതീതമാണ്‌ എന്ന്‍ വ്യംഗ്യാര്‍ത്ഥം. 

മായ ഭഗവാന്റേതാണ്‌, അതിന്റെ ഉപഭോഗം ഭഗവാനുള്ളതാണ്‌. മറ്റുള്ളവര്‍ക്ക്‍ അതിനെ വിവേകത്തോടെ ഉപയോഗിക്കാമെന്ന്‍ മാത്രം.  മമ മായ എന്ന്‍ ഗീതയില്‍ ഭഗവാന്‍ പറയുന്നത്‍ സ്മരണീയം.

വിശ്വമോഹിനി മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചപ്പോള്‍ ആദ്യം കണ്ടത്‍ നാരദനെയാണ്‌. നാരദന്‍ തന്നെപ്പറ്റി സ്വയം നാരായണനാണ്‌ എന്ന്‍ കല്പിച്ചിട്ടാണ്‌ ഇരിക്കുന്നത്‍. മറ്റുള്ള രാജകുമാരന്മാരൊക്കെ ഇത്‍ നാരദമഹര്‍ഷിയാണ്‌ എന്നാണ്‌ അറിയുന്നത്‍. ശിവഗണങ്ങള്‍ നാരദന്റെ ഉള്ളുകള്ളികള്‍ മുഴുവനും അറിഞ്ഞുകൊണ്ടാണ്‌ ഇരിക്കുന്നത്‍. വിശ്വമോഹിനി നാരദനെ എങ്ങിനെയാണ്‌ കണ്ടത്‍..  മര്‍ക്കടവദന ഭയങ്കര ദേഹി...  കുരങ്ങന്റെ മുഖത്തോട്‍ കൂടിയ ഭയങ്കരമായ ഒരു ശരീരത്തോടുകൂടിയവനായി കണ്ടു. പെട്ടെന്ന്‍ മുഖം തിരിച്ച്‍ മാറി നടന്നു. തന്റെ സഖികളോട്‍ പറഞ്ഞു, ഇത്‍ ഏതാണ്‌ ഇങ്ങനെത്തെ ഒരു രൂപം ഈ സ്വയംവര മണ്ഡപത്തില്‍, അതും ഈ ശുഭമുഹൂര്‍ത്തത്തില്‍..!! പോരാത്തതിന്‌ ആദ്യത്തെ വരിയില്‍ത്തന്നെ !!  ഇവിടുത്തെ പരിചാരകരൊക്കെ എവിടെപ്പോയി, ആര്‍ക്കും കാണുന്നില്ലെ ഈ മുതുക്കുരങ്ങിനെ, അതിനെ ആട്ടി പുറത്താക്കാന്‍ പറയൂ, എന്ന്‍ പറഞ്ഞ്‍ സഭാമണ്ഡപത്തിന്റെ മറ്റേ ഭാഗത്തേക്ക്‍ നീങ്ങി. 

ഈ അപശകുനം കാരണം വിശ്വമോഹിനി നാരദനെ നോക്കിയില്ല എന്ന്‍ മാത്രമല്ല, നാരദന്‍ ഇരുന്നിരുന്ന ആ വരിയില്‍ ആരെല്ലാം ഉണ്ടായിരുന്നുവോ അവരെ ആരെയും വിശ്വമോഹിനി നോക്കിയില്ല. നാരദന്‌  ആകെക്കൂടി ഇരിപ്പ്‍ ഉറയ്ക്കുന്നില്ല. ഭയങ്കര ബുദ്ധിമുട്ട്‍, ചെറുതായി ഒന്ന്‍ പൊങ്ങി നാലുപുറവും നോക്കും, ഒന്ന്‍ ഇളകി ഇരിക്കും, ചെരിഞ്ഞും മറിഞ്ഞും ഒക്കെ നോക്കിക്കൊണ്ടിരുന്നു.  എന്താ! വിശ്വമോഹിനി എന്നെ കണ്ടിട്ട്‍ കാണാതെ പോയോ, അതോ തീരെ കണ്ടതുതന്നെയില്ലെന്നുണ്ടോ, ആരുടെയെങ്കിലും തല തടഞ്ഞു എന്നെ കണ്ടില്ലായിരിക്കുമോ.. ഇങ്ങനെ പലപല ചിന്തകളും നാരദനില്‍ മിന്നി മറഞ്ഞു. സഭാമണ്ഡപത്തിന്റെ മധ്യഭാഗത്ത്‍ സന്നിഹിതനായിരുന്ന അതിസുന്ദരനായ ഒരു രാജകുമാരന്റെ വേഷത്തില്‍, ഭഗവാന്‍ ലക്ഷ്മീനിവാസന്റെ കഴുത്തില്‍ വരണമാല്യം അര്‍പ്പിച്ചു, വിശ്വമോഹിനി ശ്രീഹരിയെ വരിച്ചു. നാരദന്റെ വിഷമാവസ്ഥ കണ്ട്‍ ശിവഗണങ്ങള്‍ പരിഹസിച്ച്‍ ചിരിയ്ക്കാന്‍ തുടങ്ങി. 

മായ ഭഗവാന്റേയാണ്‌, അത്‍ ഭഗവാനെയേ മാലയണിയിക്കൂ. മുനുഷ്യന്‍ അവന്റെ കഴുത്തില്‍ മായ മാലയിടണം എന്ന്‍ കരുതുന്നത്‍ അവിവേകമാണ്‌.  നാരദന്‍ അതീവ ദു:ഖിതനായി. ശിവഗണങ്ങള്‍ കളിയാക്കിക്കൊണ്ട്‍ നാരദനോട്‍ പറഞ്ഞു, അല്ലയോ മഹാത്മാവേ, നിങ്ങളുടെ കയ്യില്‍ കണ്ണാടിയൊന്നും ഇല്ലെന്ന്‍ ഞങ്ങള്‍ക്കറിയാം ; എന്നാല്‍ ഇവിടെ കുറച്ച്‍ അപ്പുറത്ത്‍ ഒരു ജലാശയമുണ്ട്‍, നിങ്ങള്‍ പോയി അതില്‍ നിങ്ങളുടെ മുഖം ഒന്ന്‍ നോക്കൂ.. ശിവഗണങ്ങളുടെ പരിഹാസവും ഈ ഉപദേശവുംകൂടി കേട്ടതോടെ നാരദന്‌ അതിയായ ക്രോധമുണ്ടായി. ക്രോധത്തിന്‌ വശംവദനായ നാരദന്‍ ശിവഗണങ്ങളെ ശപിച്ചു. മറ്റുള്ളവരെ കളിയാക്കുന്നോ?!! നിങ്ങള്‍ രണ്ടുപേരും ഭയങ്കര രാക്ഷസന്മാരായി തീരട്ടെ എന്ന്‍ ശപിച്ചു.

വിശ്വമോഹിനി സ്വയംവര മണ്ഡപത്തിലേക്ക്‍ പ്രവേശിച്ചപ്പോള്‍ നാരദനെ മര്‍ക്കടമുഖത്തോടുകൂടിയതായാണ്‌ കണ്ടത്‍. അതുകൊണ്ട്‍ നാരദന്റെ നേരെ നോക്കിയില്ലെന്ന്‍ മാത്രമല്ല ആ വരിയില്‍ ഇരുന്നിരുന്ന മറ്റ്‍ രാജകുമാരന്മാരെ ആരെയും നോക്കിയില്ല, ആ ഒരു നിര മുഴുവനും വിട്ടു കളഞ്ഞു.. നമ്മളൊക്കെ സാധാരണ ഉപയോഗിക്കാറുള്ളതാണ്‌: ഒരു നല്ല കാര്യത്തിന്‌ പുറപ്പെടുമ്പോള്‍, ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെകുറിച്ച്‍, അവന്റെ കൂടെ പോയാല്‍ അന്ന്‍ മുഴുവനും പട്ടിണിയാവും, അല്ലെങ്കില്‍ പറയും, അവന്റെ കൂടെ പോയാല്‍, പോയകാര്യംതന്നെ മുടങ്ങും... ഇത്യാദികളൊക്കെ നാം നമ്മുടെ അനുഭവത്തില്‍ നിന്ന്‍ പറയാറുണ്ട്‍. ചില വ്യക്തികളുടെ കൂടെയോ അവര്‍ ഇരിക്കുന്നിടത്തോ, അവര്‍ പോകുന്നിടത്തോ, നമ്മള്‍ ഇരിക്കരുത്‍, പോകരുത്‍, അത്‍ ശകുനക്കേടായി വരും എന്നൊക്കെ കേവലം ലൗകികമായി നാം പറയാറുണ്ട്‍. ഇവിടെയും അതേപോലത്തെ ഒരു കാര്യമാണ്‌ നടന്നത്‍.  
നാരദ-വിശ്വമോഹിനി കഥ ലൗകികമല്ല അലൗകികമാണ്‌. അലൗകികമായ കാര്യങ്ങള്‍ വ്യാഖ്യാനിക്കുന്നത്‍  ഋഷീശ്വരന്മാരാണ്‌. മഹാത്മാക്കളാണ്‌ അതിന്റെയൊക്കെ അര്‍ത്ഥഘടന തീരുമാനിക്കുന്നത്‍. അങ്ങിനെയെങ്കില്‍, ഋഷിവ്യാഖ്യാനമെന്തായിരിക്കും. നാരദന്‍ എന്ന വ്യക്തി എത്രതന്നെ പ്രലോഭനങ്ങള്‍ക്ക്‍ അടിമപ്പെട്ടാലും ആത്യന്തികമായി അദ്ദേഹം മഹര്‍ഷിതന്നെയാണ്‌, ഭഗവത്‍ഭക്തനാണ്‌. അതുകൊണ്ട്‍ മായക്ക്‍ മഹര്‍ഷിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്താന്‍ സാധിക്കില്ല എന്ന്‍ മാത്രമല്ല മഹര്‍ഷിയുടെ അരികിലേക്ക്‍ വരാനുംകൂടി പറ്റില്ല. അത്രയുമല്ല, ഭഗവല്‍ഭക്തനെ തലയുയര്‍ത്തി ഒന്ന്‍ നോക്കാനുംകൂടി പറ്റില്ല. മഹര്‍ഷിയെ വിശ്വമോഹിനി നോക്കിയില്ല എന്ന്‍ മാത്രമല്ല ആ വരിയില്‍ ഇരുന്നിരുന്ന ആരെയും മായക്ക്‍ നോക്കാന്‍കൂടി പറ്റിയില്ല, ഒരു മഹര്‍ഷിയുടെ സംഗമത്തില്‍ ആണ്‌ അവരൊക്കെ ഇരിക്കുന്നത്‍. സത്സംഗത്തിന്റെ മഹിമയാണത്‍, സത്സംഗത്തിലാകുമ്പോള്‍ വ്യക്തി മായയില്‍നിന്ന്‍ മുക്തനാകുന്നു. നാരദനും നാരദന്റെ വരിയില്‍ ഇരുന്നിരുന്നവരും മായയുടെ പിടിയില്‍നിന്ന്‍ രക്ഷപ്പെട്ടു. ഭക്തരെ മായ ഭയക്കുന്നു. സത്സഗത്തിന്‌ അത്രക്കും ശക്തിയുണ്ട്‍. 

സ്വയംവരം കഴിഞ്ഞു, ഭഗവാന്‍ ലക്ഷ്മീനാരായണന്‍ വിശ്വമോഹിനിയെയും കൂട്ടി രഥത്തില്‍ യാത്രയായി. ശിവഗണങ്ങളുടെ പരിഹാസം നാരദന്‌ സഹിക്കാന്‍ കഴിഞ്ഞില്ല, അവര്‍ രാക്ഷസരായി പോകട്ടെ എന്ന്‍ ശപിച്ച്‍ നാരദന്‍ യാത്രയായി.  

ശിവഗണങ്ങള്‍ നാരദനോട്‍ പറഞ്ഞതാണ്‌ ജലാശയത്തില്‍ തന്റെ മുഖം നോക്കാന്‍. ഈ സമീപനം രാക്ഷസീയതയാണ്‌. മറ്റുള്ളവരോട്‍ കണ്ണാടി നോക്കാന്‍ പറയുക. സ്വയം കണ്ണാടിയില്‍ നോക്കാതെയാണ്‌ വേറൊരുത്തനോട്‍ കണ്ണാടിയില്‍ മുഖം നോക്കാന്‍ പറയുന്നത്‍. നമ്മളോട് ആരെങ്കിലും പറയുകയാണ്‌, എടോ പോയിട്ട്‍ നിന്റെ മുഖം ആ കണ്ണാടിയിലൊന്ന്‍ നോക്കീട്ട്‍ വാ... എന്ന്‍ പറഞ്ഞാല്‍ എന്താവും..!! നമുക്ക്‍ അതിയായ ദേഷ്യം വരും. ഇതുതന്നെയാണ്‌ രാവണീയ ചിന്താഗതി, ആസുരീയത. രാജ്യസഭയില്‍ ഒരു ദിവസം ദശരഥന്‍ കണ്ണാടി നോക്കി. തലയിലെ കുറച്ച്‍ മുടി നരച്ചിരിക്കുന്നതായി കണ്ടു. തനിക്ക്‍ വാര്‍ദ്ധക്യം വന്നു, ഇനി രാജ്യഭാരമൊക്കെ മക്കള്‍ക്ക്‍ കൊടുക്കണം എന്ന്‍ തോന്നി. അത്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നു. രാമനെ രാജ്യഭാരം ഏല്‍പ്പിക്കാനുള്ള വിളംബരം ഇങ്ങനെയാണ്‌ ഉണ്ടായത്‍. തന്റെ കുറവുകള്‍ കാണുക എന്നതാണ്‌ കണ്ണാടിയില്‍ മുഖം നോക്കുക എന്നതിന്റെ താല്പര്യം. ദശരഥനും ദശാനനനും തമ്മിലുള്ള വ്യത്യാസവും ഇതുതന്നെ.

നാരദന്‍ പോകുന്ന വഴിയില്‍ ഒരു ജലാശയം കണ്ടു, അതില്‍ തന്റെ രൂപം നോക്കി. ഒരു ഭയങ്കര വാനരരൂപമായിട്ടാണ്‌ നാരദന്‍ തന്നെ കണ്ടത്‍. നാരദന്റെ കോപം ഇരട്ടിയായി. വിഷ്ണു എന്നെ  ചതിച്ചു. അഹോരാത്രം വിഷ്ണുവിനെ സ്തുതിച്ചുകൊണ്ട്‍ നടന്നിട്ട്‍, ലോകം മുഴുവന്‍ വിഷ്ണുവിന്റെ മഹിമ പരത്തിയിട്ട്‍ കിട്ടിയത്‍ ഇതാണ്‌. നരനില്‍നിന്ന്‍ നാരായണനാവാന്‍ പോയിട്ട്‍ കിട്ടിയതോ നരനില്‍നിന്ന്‍ വാനരനായിട്ട്‍. എന്നെ അവഹേളിച്ചു.  ഇവിടെ നാരദനാണ്‌ തെറ്റ്‍ പറ്റിയത്‍, ശ്രീഹരിയ്ക്കല്ല. 

ഇവിടെ നമ്മുടെ മനസ്സിനെ നമുക്ക്‍ വായിക്കാം. ഞാന്‍ എത്ര കാലമായി എന്നും ക്ഷേത്രത്തില്‍ പോകുന്നു, ഭഗവാനെ തൊഴുന്നു, വഴിപാടുകള്‍ ചെയ്യുന്നു, രാമായണം വായിക്കുന്നു, ഭാഗവതം വായിക്കുന്നു, ഭഗവത്‍ഗീത വായിക്കുന്നു, സപ്താഹത്തിന്‌ പോകുന്നു, എന്നിട്ടും എന്തേ എനിക്ക്‍ ഈ ഗതി വരാന്‍ !! ഭഗവാന്‍ എന്നെ ദുരിതത്തിലാക്കി. നാരദന്റെ അതേ മനോഭാവംതന്നെ നമ്മിലും. 

നാരദന്‍  തീരുമാനിച്ചു, ഇതിന്‌ വിഷ്ണുവിനോട്‍ പകരംചോദിച്ചേ പറ്റു. ആ ഗണങ്ങളെയും ഞാന്‍ ശരിയാക്കി കൊടുക്കാം... ഇങ്ങനെ കല്‍പ്പിച്ച്‍ നടക്കുമ്പോള്‍ അതാ ഒരു ദിവ്യരഥം വരുന്നു, നാരദന്‍ സൂക്ഷിച്ചുനോക്കി. മഹാവിഷ്ണുതന്നെ. രഥം അരികിലെത്തി. രഥത്തില്‍ ഇരുന്നുകൊണ്ട്‍ വിഷ്ണു നാരദനോട്‍ പറഞ്ഞു, അല്ലയോ നാരദരേ, താങ്കള്‍ക്ക്‍ എവിടെയാണ്‌ പോകേണ്ടത്‍, രഥത്തില്‍ സ്ഥലമുണ്ട്‍, കയറിക്കോളൂ. രഥത്തിലേക്ക്‍ നാരദന്‍ നോക്കിയപ്പോള്‍, വിശ്വമോഹിനിയേയും കൂട്ടി, ലക്ഷ്മീസഹിതം വിഷ്ണു പോകുന്നു. നാരദന്‌ കോപം അടക്കാനായില്ല. രഥത്തിന്റെ മുന്‍ഭാഗത്ത്‍ ചെന്ന്‍ കുതിരയുടെ കടിഞ്ഞാണും പിടിച്ചുകൊണ്ട്‍ വിഷ്ണുവിനെ തനിയ്ക്ക്‍ അറിയാവുന്ന ഭാഷയിലൊക്കെ പുലഭ്യം, അസഭ്യം പറയാന്‍ തുടങ്ങി. നീ എന്താണ്‌ വിചാരിക്കുന്നത്‍. നിനക്ക്‍ ആരെയും ഭയമില്ലാത്തതുകൊണ്ട്‍ എന്തും ചെയ്യാമെന്നാണോ. തന്നിഷ്ടം പ്രവര്‍ത്തിക്കുന്നവനാണ്‌ നീ,  നീ മഹാ ചതിയനാണ്‌. ലക്ഷ്മി കൂടെ ഉണ്ടായിട്ടുകൂടി നീ വിശ്വമോഹിനിയെ എന്നില്‍നിന്ന്‍ തട്ടിയെടുത്തു. പണ്ട്‍ പാലാഴി മഥനത്തില്‍ പലപല ദിവ്യവസ്തുക്കളും പൊങ്ങി വന്നപ്പോള്‍ നല്ലതൊക്കെ നീ എടുത്തു, ബാക്കി കുറെ ദേവന്മാര്‍ക്കും കൊടുത്തു. വിഷം പൊങ്ങി വന്നപ്പോള്‍ അത്‍ നീ പരമേശ്വരനെ കുടിപ്പിച്ചു. ഇന്ന്‍ വിശ്വമോഹിനിയെ എന്നില്‍നിന്ന്‍ നീ പൊക്കി. നിന്നെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ല. പരമേശ്വരന്‍ വിവാഹം വേണ്ടെന്ന്‍ പറഞ്ഞപ്പോള്‍ നിര്‍ബ്ബന്ധിച്ച്‍ നീ വിവാഹം കഴിപ്പിച്ചു. ഞാന്‍ വിവാഹം വേണമെന്ന്‍ വെച്ചപ്പോള്‍ എന്നെ നീ വഞ്ചിച്ചു. നിന്നെക്കാള്‍ വലിയ ഒരു വഞ്ചകന്‍ ഈ പ്രപഞ്ചത്തില്‍ ഇല്ല.  ശകാരവര്‍ഷത്താല്‍ നാരദന്‍ വിഷ്ണുവിനെ പൊതിഞ്ഞു. രഥത്തിലിരുന്നുകൊണ്ട്‍ ലക്ഷ്മീദേവി ചെവിരണ്ടും പൊത്തി. വിഷ്ണുവിനോട്‍ പറഞ്ഞു, നിങ്ങളുടെ ഭക്തനല്ലേ, എന്തെങ്കിലും നാരദനോട്‍ പറയൂ, എത്രയെത്ര അസഭ്യമാണ്‌ അദ്ദേഹം വിളിച്ചുപറയുന്നത്‍. ഒരു ഭാര്യയ്ക്ക്‍ ഇതൊക്കെ കേള്‍ക്കാന്‍ കഴിയുമോ, എന്തെങ്കിലും പരിഹാരമുണ്ടാക്കൂ... ഭഗവാന്‍ പറഞ്ഞു, ദേവീ, അല്പം ക്ഷമിക്കൂ, അല്പം മൗനം പാലിക്കൂ.. ഇതെന്റെ ഭക്തനാണ്‌, ഇവന്റെ വായില്‍നിന്ന്‍ എത്രയോ സ്തുതികള്‍ ഞാന്‍ കേട്ടതാണ്‌. ഇവിടെ ഇപ്പൊ കുറച്ചൊക്കെ അസഭ്യം പറയുന്നുവെങ്കില്‍ അതും കേള്‍ക്കാം, ഭക്തന്റെ അസഭ്യവും എനിക്ക്‍ ഇഷ്ടമാണ്‌ എന്ന്‍ ഭഗവാന്‍ പറയുന്നു.  കൊടുങ്ങല്ലൂര്‍ ദേവിയെ അസഭ്യംകൊണ്ട്‍ സ്തുതിക്കുന്നതിന്റെയും പൊരുള്‌ ഇതാണോ എന്ന്‍ ഊഹിക്കാമോ... അറിയില്ല.

നാരദന്‍ പറഞ്ഞു,  വിഷ്ണോ, നമ്മള്‍ തമ്മിലുള്ള കണക്ക്‍ ഇന്ന്‍ ഇവിടെ വെച്ചുതന്നെ തീര്‍ക്കണം, ഒന്നുകില്‍ നീ അല്ലെങ്കില്‍ ഞാന്‍ എന്ന്‍ പറഞ്ഞ്‍ നാരദന്‍ വിഷ്ണുവിനെ ശപിച്ചു. എന്നില്‍നിന്ന്‍ വിശ്വമോഹിനിയെ തട്ടിയെടുത്തതില്‍ എനിക്ക്‍ അതിയായ ദു:ഖമുണ്ട്‍. നിനക്ക്‍ ആദു:ഖം അറിയില്ല, നീ കേവലനാണ്‌, സ്വതന്ത്രനാണ്‌, എല്ലാത്തിനും മീതെയാണ്‌ എന്നൊന്നും കരുതണ്ട. നിന്നെ ഞാനിതാ ശപിക്കുന്നു. എന്റെ ദു:ഖത്തിന്റെ ആഴം മനസ്സിലാവാന്‍ നീ മ്ര്‌ത്യുലോകത്ത്‍ മനുഷ്യനായി അവതരിയ്ക്കും, നിനക്ക്‍ മനുഷ്യദേഹം ധരിക്കേണ്ടി വരും. ആ സമയത്ത്‍ നിന്റെ ഭാര്യയെ രാക്ഷസന്മാര്‍ അപഹരിക്കും. 

മഹാവിഷ്ണു നാരദശാപത്തെ സ്വീകരിച്ചു. താന്‍ സ്ര്‌ഷ്ടിച്ച മായയെ ഉപസംഹരിച്ചു, നാരദന്‍ മായയില്‍ മുക്തനായി. അപ്പോള്‍ അവിടെ രഥവുമില്ല, ലക്ഷ്മിയുമില്ല, വിശ്വമോഹിനിയുമില്ല, ഭക്തനും ഭഗവാനും മാത്രം. നാരദന്‌ വല്ലാത്ത സങ്കടം തോന്നി. സാഷ്ടാംഗം വിഷ്ണുവിനെ നമസ്കരിച്ചു, കരഞ്ഞുകൊണ്ട്‍ മാപ്പ്‍ ചോദിച്ചു, തന്റെ അവിവേകത്തിന്‌ മാപ്പ്‍ തരണേ, എന്റെ ശാപങ്ങളെല്ലാം നിഷ്‍ഫലമായിത്തീരണേ എന്നൊക്കെ പ്രാര്‍ത്ഥിച്ചു.  അപ്പോള്‍ ഭഗവാന്‍ പറഞ്ഞു, നാരദരേ!! താങ്കളെക്കൊണ്ട്‍ എന്ത്‍ ചെയ്യാന്‍ പറ്റും, എല്ലാം എന്റെ ഇച്ഛയ്ക്കനുസരിച്ചാണ്‌ നടക്കുന്നത്‍, എല്ലാറ്റിനും കാരണക്കാരന്‍ ഞാന്‍തന്നെയാണ്‌. വിഷ്ണു അന്തര്‍ധാനം ചെയ്തു.

 ഇത്രയും പറഞ്ഞുകൊണ്ട്‍ നിന്നപ്പോള്‍, ശിവഗണങ്ങള്‍ ആ വഴിയിലൂടെ വന്നു. അവര്‍ നാരദനോട്‍ ശാപമോക്ഷത്തിനായി പ്രാര്‍ത്ഥിച്ചു. നാരദന്‍ പറഞ്ഞു, നിങ്ങള്‍ക്ക്‍ രാക്ഷസരായി ജനിക്കേണ്ടി വരുമെന്നത്‍ മാറ്റാനാവാത്തതാണ്‌. എന്നാല്‍ നിങ്ങള്‍ അത്യന്തം ശക്തിശാലികളും പ്രഭവമുള്ളവരുമായി തീരും. നിങ്ങളെ വധിക്കുവാനായി സാക്ഷാല്‍ മഹാവിഷ്ണുവിനുതന്നെ മനുഷ്യനായി ജനിക്കേണ്ടി വരും. അപ്പോള്‍ നിങ്ങളും ഈ ശാപത്തില്‍നിന്ന്‍ മോചിതരാവും. 

പരമശിവന്‍ പാര്‍വ്വതിയോട്‍ പറയുന്നു, ദേവീ, അങ്ങിനെ ശിവഗണങ്ങളുടെ അടുത്ത ജന്മം രാവണകുംഭകര്‍ണ്ണന്മാര്‍. വിഷ്ണു ശ്രീരാമനായി അവതരിച്ചു. ഇത്‍ രാമജന്മത്തിന്റെ മൂന്നാമത്തെ കാരണം.
------------------

No comments: