Thursday, January 04, 2018

ദശോപനിഷത്തുക്കളില്‍ വളരെ പ്രധാനപ്പെട്ടതാണ് പ്രശ്‌നോപനിഷത്ത്. അഥര്‍വവേദത്തില്‍ ഉള്‍പ്പെടുന്ന ഇതില്‍ പ്രധാനമായും ആറ് ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരവുമാണ്. പ്രശ്‌നം എന്നാല്‍ ചോദ്യം എന്നര്‍ത്ഥം.
സുകേശന്‍, സത്യകാമന്‍, ഗാര്‍ഗ്ഗ്യന്‍, കൗസലന്‍, ഭാര്‍ഗ്ഗവന്‍, കബന്ധി എന്നീ ശിഷ്യന്മാര്‍ പിപ്പലാദ മുനിയോട് ചോദിക്കുകയും അദ്ദേഹം ഉത്തരങ്ങള്‍ നല്‍കുന്നതുമായ രീതിയിലാണ് പ്രശ്‌നോപനിഷത്ത്. അഥര്‍വവേദത്തിലെ മുണ്ഡകോപനിഷത്തുമായി പ്രശ്‌നോപനിഷത്തിനു ബന്ധമുണ്ട്. പരവിദ്യയേയും അപരവിദ്യയേയും രണ്ട് ഉപനിഷത്തുക്കളും വിവരിക്കുന്നു. മുണ്ഡകത്തിലെ ചില കാര്യങ്ങള്‍ പ്രശ്‌നത്തില്‍ വിശദമായി കാണുന്നുണ്ട്.
ഗുരുശിഷ്യ സംവാദമാണ് പ്രശ്‌നോപനിഷത്ത്. അദ്ധ്യാത്മ വിഷയങ്ങളിലെ ജിജ്ഞാസമാത്രം പോര തപസ്സ്, ശ്രദ്ധ, ബ്രഹ്മചര്യം തുടങ്ങിയ സാധനകളില്‍ സ്ഥിരതയുണ്ടാകണമെന്ന് പ്രശ്‌നോപനിഷത്ത് നിര്‍ദ്ദേശിക്കുന്നു. പരബ്രഹ്മാന്വേഷണ തല്‍പ്പരനായ ശിഷ്യന്മാര്‍ സമീപിച്ചപ്പോള്‍ ഒരു വര്‍ഷം ശ്രദ്ധയോടെ തപസ്സ് അനുഷ്ഠിച്ചുവരാന്‍ ഗുരു പറഞ്ഞു. തപസ്സ് കഴിഞ്ഞ് തിരിച്ചുവന്നതിനുശേഷം മാത്രമേ അദ്ധ്യാത്മിക വിഷയത്തില്‍ ചോദ്യം ഉന്നയിക്കുവാന്‍ അനുവദിച്ചത്. സാധകരായിരുന്നെങ്കിലും പരബ്രഹ്മത്തെ അറിയാനുള്ള യോഗ്യത നേടാനാണ് തപസ്സിന് പറഞ്ഞയച്ചത്. ഇത് അവര്‍ക്കുവേണ്ട യോഗ്യതയെ നേടിക്കൊടുത്തു എന്നത് ചോദ്യങ്ങളുടെ നിലവാരത്തില്‍നിന്ന് വ്യക്തമാണ്.
എവിടെനിന്നാണ് ജീവികളുണ്ടാകുന്നത്? എന്നതാണ് ഒന്നാമത്തെ പ്രശ്‌നം. ചോദിക്കുന്നത് കബന്ധി. പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ ഉത്ഭവത്തെപ്പറ്റി ഉത്തരത്തില്‍ വിശദീകരിക്കുന്ന ഹിരണ്യഗര്‍ഭന്‍, ബ്രഹ്മാവ്, പ്രജാപതി, പ്രാണന്‍ എന്നൊക്കെ പറയുന്ന സമഷ്ടി ജീവനില്‍നിന്ന് സ്ഥൂലങ്ങളും സൂക്ഷ്മങ്ങളുമായ സൃഷ്ടിയുണ്ടായതെങ്ങനെയെന്ന് വിവരിക്കുന്നു.
പ്രജാസൃഷ്ടിക്കായി പ്രാണനേയും രയി(ജലം)യേയും മിഥുനരൂപത്തില്‍ ആദ്യമുണ്ടാക്കി. തുടര്‍ന്ന് അതില്‍നിന്ന് സൃഷ്ടി, തപസ്സ്, ബ്രഹ്മചര്യം, സത്യം എന്നിവയുടെ ആവശ്യകതയും കാപട്യവും വഞ്ചനയുമൊക്കെ ഒഴിവാക്കേണ്ടതിനെപ്പറ്റിയും ഈ പ്രശ്‌നത്തില്‍ പറയുന്നു.
ഏതെല്ലാം ശക്തികളാണ് സ്ഥൂലശരീരത്തെ നിലനിര്‍ത്തുന്നത്? അവയില്‍ പ്രധാനപ്പെട്ടതേത്? എന്ന ഭാര്‍ഗവന്റെ ചോദ്യമാണ് രണ്ടാം പ്രശ്‌നത്തില്‍. പിപ്പലാദ മുനിയുടെ ഉത്തരം പ്രാണശക്തിയാണ് പ്രധാനം. പ്രാണന്റെ അഭാവത്തില്‍ നമ്മുടെ നിലനില്‍പ്പുതന്നെ അസാധ്യമാകുമെന്ന് ഇവിടെ വ്യക്തമാക്കുന്നു.
പ്രാണന്‍ എവിടെനിന്ന് ഉണ്ടാകുന്നു? ദേഹത്തില്‍ എങ്ങനെ വരുന്നു? എങ്ങനെ ദേഹത്തെ നിലനിര്‍ത്തുന്നു? എങ്ങനെ പുറത്തുപോകുന്നു? എന്നിങ്ങനെയുള്ള കൗസലന്റെ ചോദ്യങ്ങളാണ് മൂന്നാം പ്രശ്‌നത്തില്‍. ആത്മാവില്‍നിന്നാണ് പ്രാണന്റെ ഉദ്ഭവം. അവിദ്യമൂലം ദേഹത്തില്‍ എത്തുന്നു. പഞ്ചപ്രാണനായി ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു, കര്‍മ്മഫലാനുഭവത്തിനു സഹായിക്കുന്നു.
ഉദാനവായു സുഷുമ്‌നാ നാഡിയിലൂടെ പുറത്തുപോകുന്നതും ഗുരു വിസ്തരിച്ചുപദേശിക്കുന്നു. നാം ഉറങ്ങുമ്പോള്‍ ഏതൊക്കെ മാനസിക ഭാവങ്ങള്‍ ഉറങ്ങും? ഏതൊക്കെ ഉണര്‍ന്നിരിക്കും? സ്വപ്നം കാണുന്നതും സുഖമനുഭവിക്കുന്നതും ആരാണ്? ഇതെല്ലാം ഉറച്ചിരിക്കുന്നത് ഏതിലാണ്? എന്നിപ്രകാരമുള്ള ഗാര്‍ഗ്ഗ്യന്റെ ചോദ്യമാണ് നാലാമത്തെ പ്രശ്‌നത്തില്‍. ഗുരു തന്റെ ഉത്തരത്തില്‍ ജാഗ്രത, സ്വപ്നം, സുഷുപ്തി അവസ്ഥകളെ വിശകലനം ചെയ്ത് പരമപുരുഷന്റെ അസ്തിത്വത്തെ സ്ഥാപിക്കുന്നു. തുരീയത്തിന്റെ തത്വവും വെളിപ്പെടുത്തുന്നു. ജീവന്‍ ഓരോ അവസ്ഥയിലും സഞ്ചരിക്കുന്നതും വിശദീകരിക്കുന്നു.
അഞ്ചാം പ്രശ്‌നം സത്യകാമന്റെയാണ് ഓങ്കാരത്തെ ധ്യാനിക്കുന്നയാള്‍ ഏതുലോകത്തെത്തും? ഓങ്കാരോപാസന നമ്മെ പരമപദത്തില്‍ എത്തിക്കുമെന്നും പ്രണവമന്ത്രത്തിലെ ഓരോ മാത്രയുടെ പ്രത്യേക ഉപാസനയെക്കുറിച്ചും പരവും അപരവുമായ ബ്രഹ്മപ്രാപ്തിയെക്കുറിച്ചും ഇവിടെ ഉത്തരം നല്‍കുന്നു.
ആറാമത്തെ പ്രശ്‌നത്തില്‍ സുകേശന്‍ 16 കലകളോടുകൂടിയ പുരുഷനെപ്പറ്റി ചോദിക്കുന്നു. എവിടെയാണ് ഷോഡശകല പുരുഷന്‍ ഇരിക്കുന്നത്? ഈ പുരുഷന്‍ ജഗത്തുമുഴുവന്‍ നിറഞ്ഞിരിക്കുന്നു. നമ്മുടെ ശരീരത്തിലും സ്ഥിതിചെയ്യുന്നു. ആ അക്ഷര പുരുഷനെ സാക്ഷാത്കരിക്കാന്‍ അമൃതത്വത്തെ കൈവരിക്കാം.
ഇപ്രകാരം സ്ഥൂലങ്ങളായ പ്രപഞ്ചാനുഭവങ്ങളില്‍ നിന്ന് ഏറ്റവും സൂക്ഷ്മമായ ആത്മസാക്ഷാത്കാരത്തിലേക്ക് സാവധാനം സാധകനെ കൈപിടിച്ചുയര്‍ത്തുകയാണ് പ്രശ്‌നോപനിഷത്തിലൂടെ ചെയ്യുന്നത്...janmabhumi

No comments: