പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്
ബ്രഹ്മായമാത്മേതി സം-
ഗായന് വിപ്ര! ചര പ്രശാന്തമനസാ
ത്വം ബ്രഹ്മബോധോദയാത്
പ്രാരബ്ധം ക്വനു സഞ്ചിതം തവ കിമാ-
ഗാമി ക്വ കർമ്മാപ്യസത്
ത്വയ്യധ്യസ്തമതോऽഖിലം ത്വമസി സ-
ച്ചിന്മാത്രമേകം വിഭുഃ.
ത്വം=നീ ; ബ്രഹ്മബോധോദയാത്=ബ്രഹ്മസാക്ഷാത്കാരം നേടി ; പ്രജ്ഞാനം ത്വഹമസ്മി=ഞാൻ പ്രജ്ഞാനം തന്നെയാണ് ; ത ത് ത്വ മസി=അതു നീ തന്നെയാണ് ; അയം ആത്മാ തദ് ബ്രഹ്മ= ഈ ആത്മാവ് ആ ബ്രഹ്മം തന്നെയാണ് ; ഇതി=ഇപ്രകാരം ; സംഗായൻ = സദാ ഗാനം ചെയ്തു കൊണ്ട് ; പ്രശാന്ത മനസാ=ഭേദ ചിന്തകളെല്ലാമടങ്ങി പ്രശാന്തമായ അന്തഃകരണത്തോട് കൂടി ; വിപ്രചര=വിശിഷ്ടാനിഭവത്തോടു കൂടി സഞ്ചരിയ്ക്കൂ ; തവ പ്രാരബ്ധം ക്വനു=നിനക്കു പ്രാരാബ്ധം എവിടെ ; സഞ്ചിതം കിം=സഞ്ചിതകർമ്മമെന്ത് ; ആഗാമി ക്വ=ആഗാമി കർമ്മമെവിടെ ; കർമ്മാപ്യസത്=കർമ്മം പോലും ഇല്ലാത്തതാണ് ; അഖിലം=എല്ലാം ; ത്വയീ അധ്യസ്തം=നിന്നിൽ വെറുതേ ആരോപിയ്ക്കപ്പെട്ടിരിയ്ക്കുന്നവയാണ് ; അതഃ=അതുകൊണ്ട് ; ത്വം സച്ചിന്മാത്രം=നീ ബോധ ഖനമായ ഉണ്മ മാത്രമാണ് ; ഏകം=രണ്ടില്ലാത്ത അദ്വയ സത്യമാണ് ; വിഭുഃ=സൃഷ്ടി സ്ഥിതി പ്രളയങ്ങൾക്ക് ഏകാശ്രയമായ ഈശ്വരൻ ; അസി=ആകുന്നു
അല്ലയോ ശിഷ്യ, നീ ബ്രഹ്മത്തെ പ്രത്യക്ഷമായി സാക്ഷാത്കരിയ്ക്കൂ. എന്നിട്ട് 'ഞാൻ പ്രജ്ഞാനമാണ് എന്നറിയൂ'. 'നീ ബ്രഹ്മമാണ്' എന്നറിയൂ. 'ഈ ആത്മാവ് ആ ബ്രഹ്മമാണ്' എന്നും ബോധിയ്ക്കൂ.ഈ അത്ഭുതകരമായ സാക്ഷാത്കാരാനുഭവം നിരന്തരം ഹൃദയതലത്തിൽ ഗാനം ചെയ്തുകൊണ്ട് ഭേദചിന്തകളും രാഗദ്വേഷങ്ങളും അടങ്ങി പ്രശാന്താന്തക്കരണനായി ജീവിതയാത്ര തുടരൂ. ഇത്രയുമായാൽ പ്രാരാബ്ധ കർമ്മമൊന്നും നിന്നെ ബാധിയ്ക്കുന്നതല്ല. സഞ്ചിത കർമ്മം പാടേ ഭസ്മമായിത്തീരുന്നതാണ്. ഭാവിയിലുണ്ടാകാവുന്ന ആഗാമികർമ്മം അടുക്കുക പോലുമില്ല. അല്ലയോ ശിഷ്യാ, കർമ്മം തന്നെ ഇല്ലാത്തതാണ്. ഈ കർമ്മമെല്ലാം നിന്നിലില്ലാതിരിയ്ക്കേ വെറുതേ ഉണ്ടെന്നാരോപിയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. അതുകൊണ്ട് നീ കേവലം ബോധഘനമായ ഉണ്മ മാത്രമാണെന്നറിയൂ. നീ രണ്ടില്ലാത്ത അദ്വയ വസ്തുവാണ്. നീ തന്നെയാണ് സൃഷ്ടി സ്ഥിതി പ്രളയങ്ങൾക്കെല്ലാം ഏകാശ്രയമായ ഈശ്വരൻ.
No comments:
Post a Comment