ശ്രീകൃഷ്ണൻ പറഞ്ഞയച്ച ദാരുകൻ ഹസ്തിനപുരത്തിൽ എത്തി കൃഷ്ണ സന്ദേശം അർജ്ജുനനെ അറിയിച്ചു.കൃഷ്ണന്റെ മരണവും യദുനാശവും പാണ്ഡവർ ആദ്യം വിശ്വസിച്ചില്ല . ഭീമൻ പോലും ഭയന്നുപോയി .തന്റെ പുരിയിലെ ജനങ്ങളെ രക്ഷിക്കണമെന്നും ദ്വാരകയെ ഉടൻ സമുദ്രം വിഴുങ്ങുമെന്നും കൃഷ്ണൻ അര്ജുനനോട് പറയാനായി ദാരുകനെ ഏൽപ്പിച്ചിരുന്നു .അര്ജുനൻ ഉടനെ ദ്വാരകയിലേക്ക് യാത്രയായി .വസുദേവരോട് അടുത്ത നടപടിയെ പറ്റി ആലോചിക്കാൻ എത്തിയ അർജ്ജുനനോട് ദീനനായി വസുദേവൻ വിലപിക്കുകയും കൃഷ്ണമഹിമയെപ്പറ്റി പ്രസ്താവിക്കുകയും ചെയ്തു .നിരാലംബരായി വിലപിക്കുന്ന സ്ത്രീജനങ്ങളെ നോക്കി അർജ്ജുനൻ ഇങ്ങനെ പറഞ്ഞു . " ഞാൻ ശേഷിച്ച വൃഷ്ണി -അന്ധക ജനങ്ങളെക്കൂട്ടി ഇന്ദ്രപ്രസ്ഥത്തിലേക്കു പോകുവാൻ തീരുമാനിച്ചിരിക്കുന്നു . ഇന്ദ്രപ്രസ്ഥത്തിൽ നിങ്ങളുടെ രാജാവ് അനിരുദ്ധപുത്രനായ വജ്രനായിരിക്കും . ഇന്നേക്ക് ഏഴാം നാൾ സൂര്യനുദിക്കുമ്പോൾ ഈ ദ്വാരകയെ സമുദ്രം വിഴുങ്ങുന്നതാണ് . അതിനാൽ എത്രയും വേഗം നമുക്കിവിടെനിന്നും പുറപ്പെടണം ".അന്നുരാത്രി അതീവദുഃഖത്തോടെ അർജ്ജുനൻ അവിടെ കഴിച്ചുകൂട്ടി .അതിനടുത്ത ദിവസം കൃഷ്ണപിതാവായ വസുദേവൻ യോഗബലത്താൽ ദേഹം വെടിഞ്ഞു .വസുദേവരുടെ ദേഹം സംസ്ക്കരിക്കപ്പെട്ടു .വസുദേവരുടെ ദേഹത്തെ പുല്കിക്കൊണ്ടു അദ്ദേഹത്തിൻറെ നാല് പത്നിമാരായ രോഹിണി , മദിര , ഭദ്ര , ദേവകീദേവി എന്നിവർ ചിതയിലെരിഞ്ഞു സ്വർഗ്ഗം പൂകി .അർജ്ജുനനും ദാരുകനും ഏറെ തിരച്ചിലിനോടുവിൽ, ബലരാമന്റെ ഭൌതിക ശരീരം ഒരു വൃക്ഷ ച്ചുവട്ടിൽ കണ്ടെത്തി. വീണ്ടും നടത്തിയ തിരച്ചിലിനൊടുവിൽ കൃഷ്ണ ശരീരവും അർജ്ജുനൻ ദർശിച്ചു. ദുഃഖം ഉള്ളിലടക്കി അർജ്ജുനൻ ആ വിശിഷ്ടദേഹങ്ങൾ ദ്വാരകയിൽ എത്തിച്ചു.തുടർന്ന് അർജ്ജുനൻ പ്രഭാസതീരത്തെത്തി മരണപ്പെട്ട യദുക്കൾക്കു ശേഷക്രിയകൾ നിർവ്വഹിക്കുകയും , രാമകൃഷ്ണന്മാരുടെ ശരീരങ്ങൾ ദഹിപ്പിക്കുകയും ചെയ്തു .ബലരാമപത്നിയായ രേവതീദേവി അദ്ദേഹത്തിൻറെ ചിതയിൽ എരിഞ്ഞമർന്നു ഭർതൃലോകം പുൽകി .കൃഷ്ണന്റെ പ്രധാന പത്നിമാരും , മറ്റു ഭാര്യമാരായ 16000 പേരും അർജ്ജുനനോടൊപ്പം ഇന്ദ്രപ്രസ്ഥത്തിലേക്കു യാത്രയായി . ആയുധധാരികളായ യാദവയോദ്ധാക്കളാർ അകമ്പടി സേവിതരായി ഉത്തമഹയങ്ങളെപ്പൂട്ടിയ തേരുകളിൽ സുന്ദരികളായ യദുവംശമഹിളകൾ അർജ്ജുനനോടൊപ്പം ഇന്ദ്രപ്രസ്ഥത്തിലേക്കു യാത്രചെയ്തു . വൻകടൽ പോലെ വിശാലമായ വൃഷ്ണിജനത്തെ രതിശ്രേഷ്ഠനായ അർജ്ജുനൻ നയിച്ചു . യാദവർ വജ്രനെ മുന്നിലാക്കി , മഹാധനങ്ങൾ നിറഞ്ഞ ഭാണ്ഡങ്ങളുമേന്തി അർജ്ജുനനോടൊപ്പം യാത്രചെയ്തു . അവർ പിന്നിടുന്ന ദ്വാരകയുടെ ഭാഗങ്ങളെല്ലാം സമുദ്രം വിഴുങ്ങിക്കൊണ്ടിരുന്നത് അവരെ അത്ഭുതപ്പെടുത്തി . വൃഷ്ണ്യന്ധകർ അർജ്ജുനനോടൊപ്പം ദ്രുതത്തിൽ വാഹനങ്ങളിൽ പാഞ്ഞു . അങ്ങനെ ആ ജനസമൂഹം വിശാലമായ പഞ്ചനദ പ്രദേശത്തെത്തി . മൃഗങ്ങളെയും മറ്റും സ്വതന്ത്രരാക്കി മഹാധനങ്ങൾ നിറഞ്ഞ ഭാണ്ഡക്കെട്ടുകളെല്ലാം ഇറക്കിവച്ചിട്ടു അവർ സുന്ദരമായ ആ പ്രദേശത്തു വിശ്രമിച്ചു . എന്നാൽ ആ പ്രദേശത്തു താമസിച്ചിരുന്ന നീചന്മാരായ ദസ്യുക്കൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു .ഇടയന്മാരായ അവർ വളരെയേറെ ധനവും സുന്ദരികളായ സ്ത്രീകളുമുള്ള ആ മഹാസംഘത്തെ നയിക്കാൻ അർജ്ജുനൻ മാത്രമേയുള്ളൂവെന്നു കണ്ട് സംഘം ചേർന്ന് ഒരു ഗൂഡാലോചന നടത്തി .അവർ ഒത്തുചേർന്നു മുളവടികളുമായി അർജ്ജുനനും സംഘത്തിനും നേരെ ചാടിവീണു . ആക്രമണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ശ്രമിച്ച അർജ്ജുനൻ ഗാണ്ഡീവമെടുത്ത് കുലയേറ്റാൻ തുടങ്ങി .പക്ഷെ മുൻപെന്നപോലെ ഗാണ്ഡീവം കുലയേറ്റാൻ അർജ്ജുനന് സാധിച്ചില്ല . വളരെയേറെ ആയാസപ്പെട്ട് ഒരുവിധം ഗാണ്ഡീവത്തിൽ ഞാണു കെട്ടിയെങ്കിലും പഴയതുപോലെ ദിവ്യാസ്ത്രങ്ങളൊന്നും അദ്ദേഹത്തിന് ഓർമ്മവന്നില്ല . മഹാസ്ത്രജ്ഞനായ തനിക്കു നിസ്സാരന്മാരായ ദസ്യുക്കളിൽ നിന്നും യദുസ്ത്രീകളെ രക്ഷിക്കാൻ സാധിക്കാത്തതോർത്തു അർജ്ജുനൻ ലജ്ജിച്ചുഴന്നുപോയി . സ്ത്രീകളെയും ധനത്തെയും കവരുന്ന ദസ്യുക്കളെ തുരത്തുവാൻ തേരും ആനയും കുതിരകളുമുള്ള യാദവയോദ്ധാക്കൾക്കും സാധിച്ചില്ല . ആ തസ്ക്കരന്മാർ സ്ത്രീകളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് യാദവയോദ്ധാക്കൾ കണ്ടുനിന്നു. അർജ്ജുനൻ തന്നിലെ സകല കഴിവുമുപയോഗിച്ചു സ്ത്രീകളെ രക്ഷിക്കാനായി ഒരു അവസാനശ്രമം നടത്തി . അദ്ദേഹം അത്യധികം കിണഞ്ഞു ഗാണ്ഡീവത്തിൽ നിന്ന് അസ്ത്രങ്ങൾ പായിച്ചു കുറെ ദസ്യുക്കളെ കൊന്നുവീഴ്ത്തി . പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിൻറെ അമ്പൊഴിയാത്ത ആവനാഴി ശൂന്യമായതായി കാണപ്പെട്ടു . തന്റെ പരാക്രമത്തിന്റെ സർവ്വസ്വവും നഷ്ടപെട്ട അർജ്ജുനൻ നടുങ്ങിയ ഹൃദയത്തോടെ വളരെ പ്രയത്നിച്ചു വില്ലിന്റെ തണ്ടുകൊണ്ടു കുറെ ദസ്യുക്കളെ തല്ലിക്കൊന്നു . എന്നാൽ ദസ്യുക്കൽ അപ്പോഴേക്കും വളരെയേറെ സ്ത്രീകളെ അപഹരിച്ചിരുന്നു . അർജ്ജുനൻ കണ്ടുനിൽക്കേ ആ ഇടയ്ക്കൊള്ളക്കാർ വിലയേറിയ രത്നങ്ങളും , ധനങ്ങളും , സ്ത്രീകളുമായി കടന്നുകളഞ്ഞു .കൃഷ്ണന്റെ പത്നിമാരായ 16000 പേരിൽ ചിലരും അതിലുണ്ടായിരുന്നു . ഇതുകണ്ട് ഇനി താൻ പൊരുതുന്നില്ലെന്നുറച്ചുകൊണ്ട് ശേഷമുള്ള സ്ത്രീകളേയും യാദവന്മാരെയും കൊണ്ട് അർജ്ജുനൻ യാത്ര തുടർന്നു .ഭോജ നാരികളെ മാർത്തികാവതത്തിലാക്കി കൃതവർമ്മാവിന്റെ പുത്രനെ അവിടത്തെ രാജാവാക്കി . അനാഥകളെയും , ബാലകളെയും ,വൃദ്ധകളേയും ഇന്ദ്രപ്രസ്ഥത്തിലാക്കിയിട്ട് വജ്രനെ യാദവരുടെ അടുത്ത രാജാവാക്കി അഭിഷേകം ചെയ്തു . സരസ്വതീതീരത്തിൽ സാത്യകിയുടെ പുത്രന് അധികാരം നൽകി. ആ സമയം രുക്മിണി , ഹൈമവതി ,ഗാനധാരപുത്രി, ശൈബ്യ, ജാംബവതി എന്നീ കൃഷ്ണപത്നിമാർ അഗ്നിയിൽ ശരീരങ്ങൾ ഹോമിച്ചു വൈകുണ്ഠപ്രാപ്തരായി. സത്യഭാമയും മറ്റു രണ്ടു പത്നിമാരും തപസ്സു ചെയ്യാനായി വനത്തിലേക്ക് യാത്രയായി .ശേഷം ദ്വാരകാവാസികളായ യദുക്കളെ വജ്രന്റെ സംരക്ഷണത്തിലാക്കുകയും അവർക്കാവശ്യമായ ധനം നൽകുകയും ചെയ്തിട്ട് വ്യാസനെ കാണുവാനായി അര്ജുനൻ യാത്രയായി . വ്യാസനെ ദർശിച്ച അര്ജുനൻ , ജീവിതത്തിൽ തനിക്കേറ്റ തോല്വിയെക്കുറിച്ച് പറഞ്ഞു കരഞ്ഞു . വ്യാസൻ എല്ലാം ഈശ്വരഹിതമെന്നു പറഞ്ഞു അർജുനനെ ആശ്വസിപിച്ചു .തുടർന്ന് ദുഖിതനും ശക്തിഹീനനുമായ അർജുനൻ ഹസ്തിനപുരിയിലെത്തി പാണ്ടവരോട് എല്ലാം വിശദീകരിച്ചു . എല്ലാം ഈശ്വരഹിതമെന്നോർത്തു അവർ ആശ്വസിച്ചു ..wiki
No comments:
Post a Comment