Tuesday, January 02, 2018

ജ്ഞാനാധിഷ്ഠിതമായ മൂല്യവിവേചനം കൊണ്ട് കര്‍മ്മഫലമെനിക്കു വേണ്ടെന്നു നിശ്ചയിക്കാന്‍ കഴിയുന്നത് പക്വതയും സ്വാതന്ത്ര്യവും ആണ്. (ബാഹ്യലക്ഷണം കൊണ്ട് കര്‍മ്മഫല ത്യാഗിയെ മനസ്സിലാക്കാന്‍ കഴിയില്ല).കര്‍മ്മഫലം വേണ്ടെന്നു വെക്കുന്നതു പോലെ കര്‍മ്മം വേണ്ടെന്നു വെക്കുന്നത് അവിവേകമായിരിക്കും.
ശ്രീനാരായണ ഗുരുദേവന്‍ പറയുന്നു,’അപരനു വേണ്ടി അഹര്‍നിശം കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു’ ഒരു കൃപാലുവിനെ സംബന്ധിച്ചിടത്തോളം ചെയ്യുന്ന എല്ലാ കാര്യങ്ങളുടേയും ഉദ്ദേശം എന്താണ്? ‘അപരനു വേണ്ടി ഉപകാരം ചെയ്യുന്നു. അതും രാപകലില്ലാതെ. അതു നമുക്ക് മാതൃകയാക്കാന്‍ കഴിയണമെങ്കില്‍ പിന്നില്‍ ന്യായം ഉള്ളത് മനസ്സിലാവണം. വാസ്തവത്തില്‍ ഞാന്‍ തന്നെയാണ് അപരന്‍. എനിക്കുപകാരം (കര്‍മ്മഫലം) വേണ്ടാത്തത് പോലെ അപരന് ഉപകാരം വേണ്ടി വരില്ലെന്നു വിചാരിക്കരുത്. എന്റെ ലക്ഷ്യം എന്നില്‍ സ്വാസ്ഥ്യം തിരിച്ചറിയുക എന്നുള്ളതാണ്. അതിനുള്ള വഴി അപരനേയും ആ സ്വാസ്ഥ്യത്തിലേക്ക് നയിക്കുക എന്നതാണെന്ന് ഗ്രഹിക്കണം. അതുകൊണ്ട് അപരന് ഉപകാരം ചെയ്യുവാന്‍ തീരുമാനിക്കുക.
ഈ യുക്തി ചിന്ത നിലനിര്‍ത്താന്‍ തീരുമാനിക്കുക. എനിക്ക് വേണ്ടാത്ത കര്‍മ്മഫലം ഞാന്‍ അപരനു നല്‍കുന്നു എന്നതിനര്‍ത്ഥം കൊണ്ടുപോയി കൊടുക്കണമെന്നല്ല. ഭാവനയില്‍ ഇത് നിര്‍വ്വഹിച്ചാല്‍ മതി. ഈ കര്‍മ്മം കൊണ്ട് ഉരുത്തിരിഞ്ഞു വരുന്ന ഫലത്തെ ലോകകല്യാണത്തിനായി ഓരോരുത്തരും സമര്‍പ്പിക്കുക.
നാം ചില സാമൂഹിക പ്രവര്‍ത്തനങ്ങളോ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോ സാമാജിക പ്രവര്‍ത്തനങ്ങളോ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ കലാസാഹിത്യ പ്രവര്‍ത്തനങ്ങളോ ഒക്കെ ഏറ്റെടുത്തു ചെയ്യാറുണ്ട്. അതിനെക്കുറിച്ചും ലോകകല്യാണത്തിന് ഉതകട്ടെ എന്ന സമര്‍പ്പണബുദ്ധിയാവാം. അപ്പോള്‍ പരോക്ഷമായി പല പ്രകാരത്താല്‍ അടിഞ്ഞുകൂടിയ കൊതികളുടെ സമ്മര്‍ദ്ദങ്ങളില്‍ നിന്നും ഒരു വിടുതല്‍ നമുക്ക് അനുഭവപ്പെടും. കൂടുതല്‍ കൊതികള്‍ ഉയര്‍ത്തും പ്രകാരം ചെയ്തികള്‍ നമ്മെ ദ്രോഹിക്കുകയില്ല.
ഈ സമീപനം പ്രേമോദാരമാവുമ്പോള്‍ ഈശ്വരസങ്കല്‍പം പ്രസക്തമാവും. കണ്ണു തുറന്നു കാണുമ്പോള്‍ കാണുന്ന ലോകത്തിന്റെ വിധാനം, ലോകത്തിന് പിറകിലുള്ള അത്യുജ്ജ്വലമായ സംവിധാനം അതിനെ കുറിച്ചാലോചിക്കാന്‍ ഈശ്വരചിന്ത പ്രേരണ നല്‍കുന്നു. നമ്മുടെ ഒരു നോട്ടത്തിന്റെ പരിധിയില്‍ (നോട്ടം എന്ന പ്രയോഗത്തില്‍ ഇന്റര്‍നെറ്റിലൂടെയുള്ള എത്തിനോട്ടമടക്കം പരിഗണിക്കാം.) കുറച്ചു നക്ഷത്രജാലങ്ങളും അതുപോലെ തന്നെ ചില ഗ്രഹങ്ങളും ഗാലക്‌സികളും വരുന്നു. അതിനും അപ്പുറത്ത് മനുഷ്യന്റെ അന്വേഷണങ്ങക്കൊന്നും എത്തിച്ചേരാന്‍ കഴിയാത്ത എന്തെന്തു മാനങ്ങള്‍ ഉണ്ടാകാം. ഇതൊക്കെ സംവിധാനം ചെയ്ത ഒരു തത്വവിശേഷത്തെ ആദരപൂര്‍വ്വം അംഗീകരിക്കുന്നത് ഒരിക്കലും അശാസ്ത്രീയമല്ല.
യുക്തിരഹിതമോ അന്യായമോ അല്ല. ഇങ്ങനെ സകല പ്രപഞ്ചങ്ങളേയും നിയന്ത്രിക്കുന്ന, ഭരിക്കുന്ന സംവിധാനം ചെയ്തിരിക്കുന്ന ഒരു തത്ത്വവിശേഷം ഈശ്വരനാകുന്നു. കൃഷ്ണനെന്നും രാമനെന്നും കാളിയെന്നും പരമശിവനെന്നും സരസ്വതി മാതാവെന്നും ഒക്കെ ആരാധിക്കുമ്പോള്‍ ഇങ്ങിനെ ഒരു ഈശ്വരനെയാണ് നമ്മള്‍ ഓര്‍മ്മിക്കേണ്ടത്.
നമ്മുടെ മാംസ ചക്ഷുസ്സുക്കള്‍ക്ക് കാണാന്‍ കഴിയുന്ന പ്രപഞ്ചവും അതിനപ്പുറത്ത് മനുഷ്യന്‍ വികസിപ്പിച്ചെടുത്തിട്ടുള്ള ശാസ്ത്ര സംവിധാനം കൊണ്ട് ഗ്രഹിക്കാനും അനുഭവിക്കാനും കഴിയുന്ന ലോകവും അതിനും അപ്പുറത്ത് അജ്ഞേയമായി ഇന്നും പരിലസിക്കുന്ന ലോകങ്ങളടക്കം ഈശ്വരാധീനത്തിലാകുന്നു. ഇതുപോലെ തന്നെ ശാരീരികമായ നമ്മുടെ തലത്തേയും ഇന്ദ്രിയ മനോബുദ്ധിതലങ്ങളേയും ഒക്കെ ഭരിക്കുന്നതും ഈശ്വരനാകുന്നു.
പരമകൃപാലുവായി പരമേശ്വരന്‍ ഇങ്ങിനെയൊരു ജീവിതവും അതിനു നിലനില്‍പ്പിനും വളര്‍ച്ചക്കുമുള്ള സൗകര്യങ്ങളും അതിനൊക്കെ അപ്പുറത്ത് അന്വേഷണത്തിനുള്ള ഔത്സുക്യവും സമ്മാനിച്ചിരിക്കുന്നു. ആ ഈശ്വരനോട് നമുക്ക് പ്രേമമുണ്ടാവട്ടെ. അപ്പോള്‍ പിന്നെ ഈ കര്‍മ്മഫലങ്ങള്‍ പരമേശ്വര നൈവേദ്യമാക്കാം. ഇതും പ്രായോഗികമായിട്ട് പുലര്‍ത്താവുന്ന മോചന സഹായിയായ ഭാവനയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news761965#ixzz534aaqV00

No comments: