ഹിന്ദുആചാരാനുഷ്ഠാനങ്ങള്‍ സ്വദേശി ആണോ?, അവയുടെ ഉത്ഭവപരിണാമങ്ങള്‍, വൈവിധ്യങ്ങളും കാരണങ്ങളും, അവയില്‍ അന്തര്‍ലീനമായ ഏകാത്മത, അവയുടെ തത്ത്വശാസ്ത്രപരമായ അടിത്തറയും ഫലദാനരഹസ്യവും, അവ ദുര്‍ഗ്രഹമാകാനും വികലമാകാനും ഇടയാക്കിയ സാഹചര്യം, അവയെ സമീപിക്കുവാനും ഉള്‍ക്കൊള്ളുവാനും സ്വീകരിക്കേണ്ട രീതിശാസ്ത്രം, അവയുടെ ഇന്നത്തെ പ്രസക്തി മുതലായ പ്രധാനവിഷയങ്ങളിലേക്കു പ്രവേശിക്കുന്നതിനു മുന്നോടിയായി ഭൂമിയുടെ ഉത്ഭവം തൊട്ട് ഇന്നുവരെയുള്ള സുദീര്‍ഘകാലത്തുണ്ടായ ചില സുപ്രധാന ഘട്ടങ്ങളിലൂടെ നമുക്ക് ഒരു ഓട്ടപ്രദക്ഷിണം നടത്താം.
ശാസ്ത്രീയ ഭൗതികവാദത്തിന്റെ കണ്ടെത്തലുകളനുസരിച്ച് ഏതാണ്ട് 13.5 ബില്യണ്‍ (ബില്യണ്‍=നൂറുകോടി) വര്‍ഷങ്ങള്‍ക്കുമുമ്പ് ദ്രവ്യവും ഊര്‍ജ്ജവും കാല -ദേശങ്ങളും മഹാവിസ്‌ഫോടനം വഴി ഉണ്ടായി. നാലരബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഭൂമി രൂപപ്പെട്ടു. 3.8 ബില്ല്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവരൂപങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. 6 മില്യണ്‍ (മില്യണ്‍= ദശലക്ഷം) വര്‍ഷങ്ങള്‍ക്കുമുമ്പാണത്രെ ചിമ്പാന്‍സികളുടേയും മനുഷ്യരുടേയും അവസാനത്തെ പൊതുമുത്തശ്ശിയുടെ കാലം. രണ്ടര മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പരിണാമ ശ്രേണിയിലെ ഹോമോ എന്ന മനുഷ്യജാതി രൂപംകൊണ്ടത്. ഇവര്‍ കല്ലുകൊണ്ടുളള ഉപകരണങ്ങള്‍ ഉപയോഗിച്ചുതുടങ്ങിയതും ഈ കാലത്താണ്.
രണ്ടു ദശലക്ഷം വര്‍ഷം മുമ്പ് ഈ മനുഷ്യര്‍ ആഫ്രിക്കയില്‍ നിന്നും യുറേഷ്യയിലേയ്ക്ക് (യൂറോപ്പും ഏഷ്യയും ഉള്‍ക്കൊളളുന്ന പ്രദേശം) വ്യാപിച്ചു. ഈ കാലഘട്ടംതൊട്ട് പല മനുഷ്യഗണങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. അഞ്ച് ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിയാണ്ടര്‍താലുകള്‍ എന്ന മനുഷ്യഗണം യൂറോപ്പിലും മധ്യേഷ്യയിലും രൂപപ്പെട്ടു. മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ് ആണ് 'തീ'യുടെ നിത്യോപയോഗം ആരംഭിച്ചതത്രേ. രണ്ട് ലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പാണ് ആധുനിക മനുഷ്യവിഭാഗമായ ഹോമോസാപ്പിയന്‍സ് കിഴക്കേ ആഫ്രിക്കയില്‍ രൂപപ്പെട്ടത്. 70,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് മനുഷ്യചരിത്ര ആരംഭം എന്നു വിശേഷിപ്പിക്കപ്പെടുന്ന അറിവിന്റെ വിപ്ലവം(Cognitive Revolution) ഇവരില്‍ സംഭവിച്ചു. ഭാഷയുടെ ആദിമ രൂപങ്ങള്‍ ഉദയം ചെയ്തു. വളരെയേറെ വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള കഴിവ് കൈവന്നു. തന്മൂലം സങ്കീര്‍ണ്ണങ്ങളായ പല പ്രവൃത്തികളും ആസൂത്രിതമായി നടപ്പാക്കാന്‍ സാധിച്ചു. സാമുഹ്യബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഉതകുന്ന വിവരങ്ങള്‍ കൂടുതല്‍ കൂടുതല്‍ കൈമാറാന്‍ കഴിവു വര്‍ദ്ധിച്ചതോടെ 150 ആളുകള്‍ക്കു പോലും സുസംഘടിത ഗ്രൂപ്പുകളായി യോജിച്ചു പ്രവര്‍ത്തിക്കാമെന്ന നിലവന്നു. ചിമ്പാന്‍സികള്‍ക്ക് 50 എണ്ണത്തില്‍ കൂടിയാല്‍ ഒത്തൊരുമ നഷ്ടപ്പെടുമത്രെ. ക്രമേണ കേവലം ഭാവനാജന്യങ്ങളായ വിഷയ(ഭൂതപ്രേതാദികള്‍, മതസിദ്ധാന്തങ്ങള്‍ മുതലായവ)ങ്ങളെയും അന്യോന്യം ബോദ്ധ്യപ്പെടുത്താന്‍ വേണ്ട കഴിവുവളര്‍ന്നു. അതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ജീവിക്കുന്ന അപരിചിതരായ ആളുകളുടെ പോലും വലിയ തോതിലുള്ള കൂട്ടായ്മകള്‍ സാധ്യമായി. ഇത്തരം ബൗദ്ധികസിദ്ധികള്‍ സ്വായത്തമായതോടെ സാപ്പിയനുകള്‍ മറ്റു മനുഷ്യവിഭാഗങ്ങളുള്‍പ്പടെയുള്ള ജീവജാലങ്ങളേക്കാള്‍ മേല്‍ക്കൈ നേടി.
ആഫ്രിക്കയില്‍ നിന്നും സാപ്പിയന്‍സ് എന്ന ഈ മനുഷ്യ വിഭാഗം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങി. 45,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരില്‍ ഒരു കൂട്ടര്‍ ആസ്‌ട്രേലിയയില്‍ എത്തിപ്പെട്ടു. ആസ്‌ട്രേലിയയിലെ ഭീമാകാര ജീവികളുടെ(Mega Fauna) വംശനാശം സംഭവിച്ചു. 30,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് നിയാണ്ടര്‍താലുകള്‍ എന്ന മനുഷ്യവിഭാഗം നിശ്ശേഷം ഇല്ലാതായി. 16,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് സാപിയന്‍ വിഭാഗത്തില്‍പ്പെട്ട മറ്റുചിലര്‍ അമേരിക്കയിലെത്തി. ഇതേ അവസരത്തില്‍ തന്നെ അമേരിക്കയിലെ മെഗാഫൗണ എന്ന ജീവി വിഭാഗം തുടച്ചുനീക്കപ്പെട്ടു. 13,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഹോമോ ഫ്‌ളോറെസിനേസിസ് (Homo Floresiensis) നാമാവശേഷമായി. അതോടെ ഹോമോസാപ്പിയന്‍സ് എന്നുമേല്‍പ്പറഞ്ഞ മനുഷ്യവിഭാഗം മാത്രം ഭൂമിയില്‍ അവശേഷിച്ചു. ഇവര്‍ പൊതുവെ നാടോടി, നായാടിയാണ് ജീവിച്ചുപോന്നത്. 12,000 വര്‍ഷങ്ങള്‍ക്കുമുന്‍പ് കാര്‍ഷിക വിപ്ലവം അരങ്ങേറി. മനുഷ്യജീവിതത്തിന് ഉപയോഗപ്പെടുന്ന സസ്യങ്ങളേയും ജന്തുക്കളേയും മെരുക്കിയെടുക്കാനും വളര്‍ത്താനും ആരംഭിച്ചു. മനുഷ്യന്‍ ഓരോ പ്രദേശത്തായി സ്ഥിരവാസം തുടങ്ങി. 5,000 വര്‍ഷങ്ങള്‍ക്കു മുമ്പ് രാജഭരണം, ലിപികള്‍, പണമിടപാട് തുടങ്ങിയവ രൂപം കൊണ്ടു. ബഹുദേവതാരാധനാരൂപമാര്‍ന്ന മതങ്ങള്‍ ആവിര്‍ഭവിച്ചു. 4,250 വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമായി സാമ്രാജ്യം (Akkadian Empire of Sargon) സ്ഥാപിക്കപ്പെട്ടു. 2,500 വര്‍ഷങ്ങള്‍ക്കു മുമ്പ് അന്തര്‍ദേശീയതലത്തില്‍ നാണയവ്യവസ്ഥ പ്രചാരത്തില്‍ വന്നു. പേര്‍ഷ്യന്‍ സാമ്രാജ്യം സ്ഥാപിതമായി. മനുഷ്യരാശിയുടെ നന്മയ്ക്കായി ആഗോളരാജനൈതികവ്യവസ്ഥ എന്നആശയംഉടലെടുത്തു.
ഇന്ത്യയില്‍ എല്ലാ ജീവജാലങ്ങളെയും ദു:ഖത്തില്‍ നിന്നും മോചിപ്പിക്കാനുള്ള സാര്‍വലൗകികസത്യത്തിന്റെ ഉദ്‌ഘോഷണവുമായി ബുദ്ധമതം ഉണ്ടായി. 2,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ചൈനയില്‍ ഹാന്‍ സാമ്രാജ്യവും മധ്യധരണ്യാഴിപ്രദേശത്ത് റോമന്‍ സാമ്രാജ്യവും സ്ഥാപിതമായി. ക്രിസ്തുമതത്തിന്റെ ആവിര്‍ഭാവം ഇക്കാലത്താണ്. 1,400 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്‌ളാം മതം സ്ഥാപിതമായി. 5,00 വര്‍ഷം മുമ്പ് ശാസ്ത്രവിപ്ലവം അരങ്ങേറി. മനുഷ്യന്‍ അന്നുവരെയുള്ള അജ്ഞത ബോദ്ധ്യം വന്ന് പരീക്ഷണനിരീക്ഷണങ്ങളിലൂടെ പ്രകൃതിനിയമങ്ങളെ മനസ്സിലാക്കി വളരെ ശക്തിയാര്‍ജിച്ചു. പാശ്ചാത്യര്‍ അമേരിക്കയേയും കടലിനേയും ലോകത്തെത്തന്നെയും കീഴടക്കാന്‍ തുടങ്ങി. മുതലാളിത്തം ഉടലെടുത്തു. ഏകദേശം 200 വര്‍ഷം മുമ്പ് വ്യാവസായിക വിപ്ലവം അരങ്ങേറി. കുടുംബം, സമൂഹം എന്നിവയുടെ സ്ഥാനത്ത് ഭരണകൂടവും വിപണിയും പ്രതിഷ്ഠിക്കപ്പെട്ടു. സസ്യജന്തുജാലങ്ങള്‍ വന്‍തോതില്‍ ഉന്മൂലനം ചെയ്യപ്പെട്ടു. ഇന്ന് മനുഷ്യന്‍ ഭൂമിയുടെ അതിരുകളെ ഭേദിച്ചിരിക്കുന്നു. ആണവായുധങ്ങള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്യുന്നു.
സംഘംചേര്‍ന്ന് ദേശാടനം നടത്തി ജീവിച്ചുപോന്നിരുന്ന ആ പഴയകാലഘട്ടത്തില്‍ തന്നെ ഓരോ കൂട്ടവും അതാതിന്റേതായ ആചാര അനുഷ്ഠാനങ്ങള്‍ക്ക് രൂപം കൊടുക്കുകയും നിത്യജീവിതത്തില്‍ അവ ആചരിക്കുകയും ചെയ്തിരുന്നു (ഉദാ: ജിപ്‌സികള്‍). സ്ഥിരവാസം തുടങ്ങിയപ്പോഴും ഇവ തുടര്‍ന്നു പോന്നു. പിന്നീടുളള പല കാലഘട്ടങ്ങളിലും ഇവയ്ക്ക് പല പരിഷ്‌കരണങ്ങളുമുണ്ടായെങ്കിലും മനുഷ്യര്‍ ഇവയെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായി നിലനിര്‍ത്തിപ്പോന്നു(അവലംബം: Yuval Noah Harari F-gpXnb The Sapiens A Brief History Of Humankind).
ലോകത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ ജീവിക്കുന്ന നിരവധി ഗോത്രവര്‍ഗ്ഗങ്ങളുടെ വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ വിചിത്രങ്ങളായ ആചാര അനുഷ്ഠാനങ്ങളെ ജെയിംസ് ജോര്‍ജ്ജ് ഫ്രെയ്‌സര്‍ എഴുതിയ -THE GOLDEN BOUGH A STUDY IN MAGIC AND RELIGION (1925) എന്ന വിഖ്യാതപുസ്തകത്തില്‍ വര്‍ണ്ണിക്കുന്നുണ്ട്. ആഫ്രിക്കയിലും ഏഷ്യയുടെ പലഭാഗങ്ങളിലും ഇത്തരം ആചാര അനുഷ്ഠാനങ്ങളുടേതായ ഗോത്രസംസ്‌കാരങ്ങള്‍ തുടര്‍ന്നും നിലനിന്നു.
പാശ്ചാത്യ നാടുകളിലാവട്ടെ പില്‍ക്കാലത്ത് വിഭിന്നമായ ഒരു പുതിയ സംവിധാനം രൂപപ്പെട്ടു. അതിനെയാണ് ഗ്രെക്കോ - റോമന്‍ സംസ്‌കാരം എന്നു വിളിക്കുന്നത്. പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ മുതലായവരാണിതിനെ പരിപോഷിപ്പിച്ചത്്. പ്ലേറ്റോയുടെ ദി റിപ്പബ്ലിക്ക്, ദി ലോ എന്നീ പുസ്തകങ്ങള്‍ ഇതിന്റെ ആധികാരിക ഗ്രന്ഥങ്ങളാണ്. പിന്നീട് സെമിറ്റിക് മതങ്ങള്‍ ഉണ്ടായി. ഏകശിലാത്വം, അധീശത്വം, അസഹിഷ്ണുത എന്നിവ മുഖമുദ്രകളാക്കിയ അവ പടയോട്ടങ്ങളിലൂടെ നടത്തിയ വ്യാപകമായ മതപരിവര്‍ത്തനങ്ങള്‍ ചരിത്രപുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ടല്ലോ. അതോടെ ഈ ഗോത്രസംസ്‌കാരങ്ങളിലെ കാഴ്ച്ചപ്പാടുകളും ആചാരാനുഷ്ഠാനങ്ങളും ഏറക്കുറെ നാമാവശേഷമായി.
ഗ്രെക്കോ-റോമന്‍ സഭ്യത തൊട്ട് സെമിറ്റിക്ക് മതങ്ങള്‍, മുതലാളിത്തം, കമ്മ്യൂണിസം, ശാസ്ത്രീയഭൗതികവാദം വരെ മുന്നോട്ടുവെച്ച ജീവിതചട്ടക്കൂടുകളുടെ ഏകശിലാത്വവും, യാന്ത്രികതയും, ഊഷരതയും, മനുഷ്യ-പ്രകൃതി വിരുദ്ധതയും അനുഭവിച്ചു മടുത്ത പാശ്ചാത്യരും മറ്റും ആധുനിക കാലഘട്ടത്തില്‍ ഈ പ്രാക്തന സംസ്‌കാരങ്ങളെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ ലോകത്ത് പൊതുവെ നടത്തി തുടങ്ങിയിരിക്കുന്നു. Pagan Federation of Religions International എന്ന ഒരു സംഘടന തന്നെ ഇതിനായി പ്രവര്‍ത്തിച്ചുവരുന്നു. ഭാരതീയ സഭ്യതയിലെ കാഴ്ചപ്പാടുകളേയും ആചാരാനുഷ്ഠാനങ്ങളെയും സ്വീകരിക്കുന്ന പ്രവണതയും ഈ വിദേശീയ സമൂഹങ്ങളില്‍ വര്‍ദ്ധിച്ചു വരുന്നു. വേദതന്ത്രയോഗാനുഷ്ഠാനങ്ങള്‍ ലോകമെമ്പാടും പരക്കുന്നു. അറേബ്യന്‍ നാടുകളിലെ സ്ത്രീകള്‍ പോലും യോഗാധ്യാപകരായി രംഗത്തു വരുന്നു. ഹരേകൃഷ്ണപ്രസ്ഥാനത്തിലും മറ്റും ചേരുന്ന അഭ്യസ്തവിദ്യരായ ഇക്കൂട്ടര്‍ സ്ത്രീപുരുഷഭേദമന്യേ വൈദികവും മറ്റുമായ വേഷവിധാനങ്ങളും പേരുകളും പോലും യാതൊരു സങ്കോചവും കൂടാതെ സ്വമേധയാ സ്വീകരിക്കുന്നതും റഷ്യയിലെയും മറ്റും തിരക്കേറിയ തെരുവുകളില്‍ വാദ്യവൃന്ദങ്ങളോടെ ഭജനഘോഷയാത്രകള്‍ നടത്തുന്നതും ഇന്നു സാധാരണമാണല്ലോ..janmabhumi
No comments:
Post a Comment