Thursday, January 18, 2018

ഉറക്കം ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങുന്നതുവരെയുള്ള മുഴുവന്‍ വ്യാപാരവും ഭഗവാനോടു ബന്ധപ്പെട്ട കര്‍മമായി മാറ്റാന്‍ കഴിയും. സൂര്യോദയത്തിനു ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഉണരുക. ഉണര്‍ന്നാല്‍ ഉടനെ താഴെ എഴുതുന്ന ഷോഡശനാമം കലിസന്തരണോപനിഷത്ത്-മഹാമന്ത്രം-എന്നെല്ലാം അറിയപ്പെടുന്ന നാമം ജപിക്കുക. ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ! ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണഹരേ ഹരേ! പല്ലുതേക്കുമ്പോഴും നാക്കുവടിക്കുമ്പോഴും വൃത്തിയായ പല്ലും നാവുംകൊണ്ട് മാത്രമേ ഞാന്‍ നാമം ജപിക്കൂ എന്നു ചിന്തിക്കുക. നിലവിളക്കില്‍ ദീപം കൊളുത്തുമ്പോള്‍ ആ ദീപ നാളത്തിലെ തേജസ്സ് ശ്രീകൃഷ്ണഭഗവാന്റെ തേജസ്സുതന്നെ എന്ന ബോധം ഉണ്ടാവാന്‍ ഹരേ കൃഷ്ണ മന്ത്രം ജപിക്കുക. കുളിക്കുമ്പോള്‍ ദേഹവും ശിരസ്സും വൃത്തിയാക്കിയശേഷം കൈക്കുമ്പിളില്‍ വെള്ളം കോരിയെടുത്ത് താഴെ എഴുതുന്ന മന്ത്രം ചൊല്ലി തലയില്‍ ഒഴിച്ചാല്‍, ഗംഗ തുടങ്ങിയ ഏഴ് നദികളിലും കുളിച്ച അവസ്ഥയില്‍ നാം എത്തിച്ചേര്‍ന്നു. ''ഗംഗേ, ച യുമുനേ, ചൈവ ഗോദാവരി, സരസ്വതി, നര്‍മദേ, സിന്ധു, കാവേരി, ജലേസ്മിന്‍ സന്നിധിം കുരു'' സ്‌നാനം കഴിഞ്ഞാല്‍ ഗോപിയോ ഭഗവാന് സമര്‍പ്പിച്ച ചന്ദനമോ നെറ്റിയിലും മാറിലും കഴുത്തിലും രണ്ടു കൈകളിലും ഹരേകൃഷ്ണ മന്ത്രം ചൊല്ലി, ദീപനാളത്തിന്റെ ആകൃതിയിലോ മുളയുടെ ഇലയുടെ ആകൃതിയിലോ ധരിക്കണം. ഭക്ഷണം കഴിക്കാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. അതു തീറ്റ എന്ന നിലയില്‍ ആവാതെ ഭഗവത്സമര്‍പ്പണമായി മാറ്റാം. ശ്രീകൃഷ്ണഭഗവാന്‍ പറയുന്നത് ശ്രദ്ധിക്കകുക. ''അര്‍ജുന, ഞാനാണ്-ഈ കൃഷ്ണനാണ് എല്ലാ ജീവജാലങ്ങളുമായും വയറ്റില്‍ കുടികൊണ്ട്, പ്രാണന്‍, അപാനന്‍ എന്നീ രണ്ടുതരം പ്രാണങ്ങളെ ഉപയോഗിച്ച് അവര്‍ കഴിക്കുന്ന ആഹാരം ദഹിപ്പിക്കുന്നത്'' (ഗീത 15-14) ഈ വാക്യം ധ്യാനിച്ച്, ''ഹരേ കൃഷ്ണ'' മന്ത്രം ജപിച്ച് ആഹാരം കഴിക്കാന്‍ തുടങ്ങിയാല്‍ ഭഗവത്സമര്‍പ്പണമായി. ക്ഷേത്രങ്ങളിലേക്കു നടക്കുമ്പോഴും ജോലി സ്ഥലത്തേക്കു വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോഴും നാമം ജപിച്ചു ശീലിക്കാം. റെയില്‍വേ സ്റ്റേഷനില്‍ ടിക്കറ്റു ബുക്കു ചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും ഡോക്ടറെ കാണാന്‍ ടോക്കണ്‍ കാത്തിരിക്കുമ്പോഴും ആ സമയം വെറുതെ കളയാതെ മെല്ലെ നാമം ജപിച്ചുകൊണ്ടു ലാഭിക്കാം. സുഹൃത്തുക്കളാരെങ്കിലും ഫോണില്‍ വിളിച്ചാല്‍ ''ഹലോ'' എന്നതിനു പകരം ''ഹരേ!'' എന്നു വിളികേട്ടാല്‍ എന്താണ് കുഴപ്പം?....janmbahumi

No comments: