Friday, August 24, 2018

അദ്ധ്യായം 13ന്റെ തുടര്‍ച്ച ''ഇതെന്താ മുത്തച്ഛാ, അര്‍ജുനനും കൃഷ്ണനും തമ്മിലാണോയുദ്ധം? അര്‍ജുനന്‍ ചോദ്യശരങ്ങള്‍തൊടുക്കുന്നു; ശരമാരി പോലെ ഭഗവാന്‍ ഉത്തരങ്ങള്‍ വര്‍ഷിക്കുന്നു!'' ഉണ്ണി അത്ഭുതം ഭാവിച്ചു. ''അതേയതേ.'' മുത്തച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.: ''54 ാം ശ്ലോകത്തിലെ ചോദ്യശരങ്ങള്‍ ഇവയാണ.് നാലെണ്ണമുണ്ട്... 6. സ്ഥിരബുദ്ധിയോടു കൂടിയവനും സമാധിശീലനുമായവന്റെ ലക്ഷണമെന്ത് ? 7. സ്ഥിരബുദ്ധിയുള്ളവന്‍ എന്തു സംസാരിക്കുന്നു. ? 8. സ്ഥിതപ്രജ്ഞന്‍ എങ്ങനെ ഇരിക്കുന്നു? 9. സ്ഥിതപ്രജ്ഞന്‍ എങ്ങനെ നടക്കുന്നു? ''തുടര്‍ന്നുള്ള 18 ശ്ലോകങ്ങളില്‍ ഭഗവാന്‍ മറുപടി നല്‍കുന്നതോടെ സാംഖ്യയോഗം അവസാനിക്കുകയായി. ഇതിനെ ജ്ഞാനയോഗമെന്നും വിശേഷിപ്പിക്കുന്നവരുണ്ട്. ഇപ്രകാരം ബ്രഹ്മ നിഷ്ഠയെ സാധിച്ചവര്‍ ജീവിതത്തെക്കുറിച്ചു വേവലാതിപ്പെടാതെ, ഒടുവില്‍ ബ്രഹ്മനിര്‍വാണം പ്രാപിക്കുമെന്നാണ് ഭഗവാന്‍ പറഞ്ഞു നിര്‍ത്തുന്നത്.'' ''ദുര്യോധനനെ യുദ്ധത്തില്‍ തോല്‍പ്പിച്ച്, തലവെട്ടിയെടുത്ത് എന്റെ കാല്‍ക്കീഴില്‍ കൊണ്ടു വയ്ക്കൂ എന്നല്ല അല്ലേ? ഉണ്ണി ചോദിച്ചു. ''അല്ലേ അല്ല! വളരെ ശാസ്ത്രീയമായ മനോനിയന്ത്രണത്തിന്റെ വഴികളാണ് ബ്രഹ്മവിദ്യയാണ്-കൃഷ്ണന്‍ ഉപദേശിക്കുന്നത്. പ്രധാനപ്പെട്ട ആറുശ്ലോകങ്ങള്‍ ശ്രദ്ധിക്കൂ: ധ്യായതോ വിഷയാന്‍ പുംസഃ സംഗസ്‌തേഷുപജായതേ സംഗാല്‍ സഞ്ജായതേ കാമഃ കാമാല്‍ ക്രോധോഭിജായതേ.   ക്രോധാദ് ഭവതി സമ്മോഹഃ സമ്മോഹാല്‍ സ്മൃതി വിഭ്രമഃ സ്മൃതി ഭ്രംശാദ് ബുദ്ധിനാശോ, ബുദ്ധി നാശാല്‍ പ്രണശ്യതി രാഗദ്വേഷ വിയുക്തൈസ്തു വിഷയാനിന്ദ്രിയൈശ്ചരന്‍ ആത്മവശൈര്‍വിധേയാത്മ പ്രസാദമതിഗച്ഛതി പ്രസാദേ സര്‍വ്വ ദുഃഖാനാം ഹാനിരസ്യോപജായതേ; പ്രസന്ന ചേതസോ ഹ്യാശു ബുദ്ധിഃ പര്യവതിഷ്ഠതേ നാസ്തിബുദ്ധിരയുക്തസ്യ ന ചാ യുക്തസ്യ ഭാവന ന ചാ ഭാവയതഃ ശാന്തി; രശാന്തസ്യ കുതഃ സുഖം? (2 - 62 മുതല്‍ 66വരെ) വിഹായകാമാന്‍ യഃ സര്‍വ്വാന്‍ പുമാംശ്ചരതി നിസപ്ൃഹഃ നിര്‍മ്മമോ നിരഹങ്കാരഃ സ ശാന്തിമധിഗച്ഛതി. 2-71 ഇവയുടെ അര്‍ത്ഥം കൂടി പറയാം. വിഷയങ്ങളെപ്പറ്റി ചിന്തിക്കുന്നവന്‍ അതു രുചിക്കാന്‍ ആഗ്രഹിക്കും. ആഗ്രഹം സാധിക്കാന്‍ തടസമുണ്ടായാല്‍ കോപിക്കയും ചെയ്യും. കോപത്തില്‍ നിന്ന് ആവേശമുണ്ടാവുമ്പോള്‍ ഓര്‍മ്മക്കേടും അതിലൂടെ ബുദ്ധിനാശവും ഉണ്ടാകുന്നു. ബുദ്ധിനാശത്തില്‍ നിന്നും സര്‍വനാശവും വരുന്നു. എന്നാല്‍, മനസ്സിനെ നിയന്ത്രണവിധേയമാക്കിയിട്ടുള്ള ഒരാള്‍ ഒന്നിലും വലിയ ഇഷ്ടമോ വെറുപ്പോ കാണിക്കുകയില്ല.അങ്ങനെയുള്ളവര്‍ വിഷയസുഖങ്ങളില്‍ മുഴുകുമ്പോഴും മനഃപ്രസാദം നഷ്ടപ്പെടുന്നവരാകുന്നില്ല. മനഃപ്രസാദം ഉള്ളവരുടെ ദുഃഖങ്ങള്‍ താനേ നശിച്ചു പോകുന്നു. പ്രസന്നമാനസനായവന്റെ ബുദ്ധിവേഗത്തില്‍ ദൃഢമായിത്തീരുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങളെ കീഴടക്കാത്തവന്റെ ബുദ്ധിയില്‍ ആത്മജ്ഞാനം തെളിയില്ല. അതുനേടാനുള്ള അഭിനിവേശവും ഉണ്ടാവില്ല. ആ അഭിനിവേശമില്ലെങ്കില്‍ ശാന്തിയില്ല. അശാന്തിയുള്ളവന് പിന്നെ എങ്ങനെ സുഖം കിട്ടാനാണ്. അതുകൊണ്ട് സര്‍വവിധമായ ആഗ്രഹങ്ങളും വെടിഞ്ഞ് അതിലുള്ള എല്ലാ ആവേശവും വെടിഞ്ഞ് എന്റേത്... എനിക്കുള്ളത്... എന്ന ചിന്ത വെടിഞ്ഞ്, അഹങ്കാരലേശമില്ലാതെ ആരാണോ ജീവിക്കുന്നത്;അവര്‍ ശാന്തിയെ പ്രാപിക്കുന്നു. സമാധാനം നേടുന്നു. ''ഇനി പറയൂ മക്കളേ, ഭഗവദ്ഗീത ഉപദേശിക്കിന്നത് യുദ്ധമാണോ? അതോ സമാധാനമോ?'' ''സംശയമില്ല മുത്തച്ഛാ! ഭഗവദ്ഗീതയിലുള്ളത് പവിത്രമായ ശാന്തി മന്ത്രങ്ങള്‍ തന്നെ.!'' 
janmabhumi

No comments: