Sunday, August 26, 2018

ഉപനിഷത്തുക്കള്‍ ഭാരതീയദര്‍ശനത്തിലെ ഹിമാലയമായി കരുതപ്പെടുന്നു.അത്രയ്ക്ക് ഉദാത്തമാണ് ഉപനിഷത് ദര്‍ശനം. ഋക്‍, സാമ, യജുര്‍, അഥര്‍വ വേദങ്ങളില്‍ അന്ത്യഭാഗത്താണ് ഉപനിഷത്തുക്കളുള്ളത്. പ്രധാനമായി 108 ഉപനിഷത്തുക്കളും, അവയില്‍ തന്നെ ശങ്കരാചാര്യര്‍ ഭാഷ്യം രചിച്ചിട്ടുള്ളതും ബ്രഹ്മസൂത്രത്തില്‍ ബാദരായണമഹര്‍ഷി എടുത്തു പറഞ്ഞിട്ടുള്ളതുമായ പത്തു ഉപനിഷത്തുക്കള്‍ വിശിഷ്ടവുമാണെന്നു കരുതപ്പെടുന്നു. ഈ പത്തുപനിഷത്തുക്കളുടെയും പേരുകള്‍ ഓര്‍മ്മിക്കുവാന്‍ താഴെ പറയുന്ന ശ്ലോകം സഹായിക്കും.
“ഈശകേനകഠപ്രശ്നമുണ്ഡമാണ്ഡൂക്യതിത്തിരി
ഐതരേയം ച ഛാന്ദോഗ്യം ബൃഹദാരണ്യകം തഥാ”
ഉപനിഷത്ത് എന്ന പദത്തിന്റെ സാമാന്യാര്‍ഥം “ഗുരുവിന്റെ കാല്ക്കലിരുന്ന് അഭ്യസിക്കുന്ന വിദ്യ” (ഉപ = സമീപം, നിഷദ് = ഇരിക്കുക) എന്നാണ്. എന്നാല്‍ ആദിശങ്കരാചാര്യര്‍ തന്റെ ഭാഷ്യത്തില്‍ ഈ പദത്തിന് നാലു അര്‍ഥങ്ങള്‍ പറയുന്നുണ്ട്. ഉപ = ഗുരുവിന്റെ അടുക്കലിരുന്ന് അഭ്യസിക്കുന്നതു നി = നിശ്ശേഷമായും നിശ്ചയമായും സദ് = ബന്ധകാരണമായ അവിദ്യയെ നശിപ്പിക്കുന്നതുമായ വിദ്യയാണ് ഉപനിഷത്തെന്നു ഇതിനെ ചുരുക്കിപ്പറയാം.
ഈശാവസ്യോപനിഷത്തിലെ “ഈശാവാസ്യമിദം സര്‍വ്വം” എന്നു തുടങ്ങുന്ന ആദ്യമന്ത്രം വളരെ പ്രശസ്തമാണല്ലോ. ശുക്ലയജുര്‍വേദത്തിന്റെ അവസാന അദ്ധ്യായത്തിലാണ് 18 മന്ത്രങ്ങള്‍ മാത്രമുള്ള ഈ ഉപനിഷത്തുള്ളത്.
apparelblog

No comments: