Friday, August 24, 2018

അസുര രാജാവായ ബലി ഈ ഭൂമി ഭാരതത്തില്‍ വന്നുപെട്ടതെങ്ങനെ? നര്‍മ്മദാ നദീതീരത്തെ ഭൃഗുകച്ഛകമെന്ന സ്ഥലമാണ് (മദ്ധ്യപ്രദേശ്) ബലി-വാമന സംവാദത്തിന്റെ രംഗം. ബലി കേരള ചക്രവര്‍ത്തിയാണെന്ന് ഒരു പുരാണവും പറയുന്നില്ലല്ലോ. വാമനന് ശേഷം വന്ന പരശുരാമ സൃഷ്ടിയല്ലേ ഭാര്‍ഗവ ക്ഷേത്രമായ കേരളം? മഹാബലി പ്രജാസന്ദര്‍ശനാര്‍ത്ഥം വര്‍ഷംതോറും കേരളത്തില്‍ വരുന്നുവെന്ന പുരാണബാഹ്യമായ സങ്കല്‍പ്പം പ്രചരിച്ചതെങ്ങനെ? 'മാവേലി നാടുവാണിടും കാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്ന് തുടങ്ങുന്ന സ്ഥിതിസമത്വത്തിന്റെ വസന്താഭ പാടിപ്പുകഴ്ത്തുന്ന വരികള്‍ കാലത്തിന്റെ ചുണ്ടില്‍നിന്ന് ചുണ്ടിലേക്കും കാതില്‍നിന്ന് കാതിലേക്കും എങ്ങനെ ഒഴുകിയെത്തി? തിരുവോണം വാമനമൂര്‍ത്തിയുടെ അവതാരദിനമെങ്കില്‍ മഹാബലിപൂജക്ക് പ്രാഥമ്യം വര്‍ധിച്ചതെങ്ങനെ? തൃക്കാക്കരയപ്പന്റെ-വാമനന്റെ-ചരിത്രനിര്‍വഹണമെന്ത്? ഓണം കാര്‍ഷികോത്സവം മാത്രമാണോ? ഓണത്തിന്റെ ആത്മീയ പരിവേഷത്തെ ചരിത്രം എങ്ങനെ വായിക്കുന്നു? ബലിക്ക് ലഭിച്ച മോക്ഷവും മോക്ഷപദവും ഗണിക്കാതെ മാതൃകാ ഭരണാധിപനായ ബലിയെ വാമനന്‍ ചതിയില്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്ന് വ്യാഖ്യാനിച്ചവരുടെ ലക്ഷ്യമെന്ത്? ശിരസ്സില്‍ പാദം വെച്ചനുഗ്രഹിക്കുന്ന വിശേഷരീതിയെ അനുധാവനം ചെയ്യുകയായിരുന്നോ ആ പാദ ശിരോസ്പര്‍ശം? വാമനന്‍ പ്രപഞ്ചാധിപനെങ്കില്‍ മാവേലി മലയാള നാടിന്റെ മന്നനാണ്. വാമനന്‍ ത്രിവിക്രമനായും മാവേലി 'മാ'-വേലി' (അതിരുകളില്ലാത്തവന്‍)യായും ഓണാഘോഷത്തില്‍ പാരസ്പര്യം പങ്കിടുന്നു.സമൂഹത്തിന്റെ സമത്വചിത്ര ചരിത്രമാണ് വാമനനും മാവേലിയും ഓണക്കഥകളായി പറയുന്നത്. ബലിയുടെ നാമത്തില്‍ നടന്ന ആഘോഷങ്ങളുടെ ആദ്യസൂചന നല്‍കുന്നത് സ്‌കന്ധപുരാണമാണ്. ''ഇന്ദ്രോത്സവം കഴിഞ്ഞുണ്ടാകുന്ന 'ദീപപ്രതിപദം' എന്ന ഉത്സവപ്പേരില്‍ നിന്നെ ജനമാദരിക്കും; പുഷ്പദീപങ്ങളില്‍ ആരാധിക്കും'' എന്നാണ് വിഷ്ണു ബലിയോട് അരുളിച്ചെയ്യുക. ഓണത്തിന്റെ ഐതിഹ്യം ഈ അവതാരിക രേഖപ്പെടുത്തുന്നു. 'വാമനപുരാണ'വും ഈ ഉത്സവസൂചന നല്‍കുന്നുണ്ട്. ഇന്നത്തെ 'ദീപാവലി'യാഘോഷത്തെ ഇതോര്‍മിപ്പിക്കുന്നുവെന്നും, 'പ്രതിപദ'ത്തിന് 'ബലിപ്രതിപദം' എന്ന പേര് മഹാരാഷ്ട്ര-ഗുജറാത്ത് ഭാഗങ്ങളില്‍ ഇപ്പോഴുമുണ്ടെന്നും അന്വേഷണകര്‍ കണ്ടെത്തുന്നു. 'കാര്‍ത്തിക ശുക്ല പ്രതിപദം' ബലിയെ സുതലത്തിലയച്ച ദിനമാണെന്നും അതല്ല ബലി ഭരണമേറ്റെടുത്ത ദിനമാണെന്നും കരുതുന്നവരുണ്ട്. പാതാളത്തില്‍നിന്ന് ബലി മോചിതനാകുന്ന ദിവസമാണിതെന്ന് കരുതാനാഗ്രഹിക്കുന്ന വിശ്വാസികളെയും കാണാം. പുരാണത്തില്‍ അഞ്ച് പേരാണ് ബലിനാമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 1. വൈരോചന ബലി (മഹാബലി) 2. ആനവബലി, 3. അമരപുര ബലി, 4. മന്ത്രകൃതബലി 5. ദനായൂഷബലി. പൗരാണിക ബലിയുടെ ആസ്ഥാനം സുരാഷ്ട്രദേശത്തിലെ വസ്ത്രപഥമാണ്. യാഗം നടക്കുന്നത് നര്‍മദാതീരത്ത്. ശുക്രാചാര്യനാണ് ബലിയുടെ പുരോഹിതന്‍. മഹാഭാരതബലിയും മൗര്യചക്രവര്‍ത്തിമാരും തമ്മിലുള്ള സാദൃശ്യം ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടീട്ടുണ്ട്. ഉജ്ജയിനിയിലെ വിക്രമാദിത്യനുമായാണ് ഇനിയും ചില അന്വേഷകര്‍ ബലിയെ കൂട്ടിയിണക്കുന്നത്. ഒന്നാം ബലി ക്രി.മു. രണ്ടാം നൂറ്റാണ്ടിന് മുന്‍പും രണ്ടാം ബലി ക്രി.വ. മൂന്നാം നൂറ്റാണ്ടിന് മുന്‍പുമാണ് എന്ന് വിശ്വസിക്കാം. കേരളത്തില്‍ ബലി സങ്കല്‍പ്പം മഹാബലിയായി ജനകീയ ഭരണാധികാരിപ്പട്ടത്തില്‍ 'സിംഹാസനമേറുന്നത്' 11-ാം നൂറ്റാണ്ടിനോടടുപ്പിച്ചാവണം. ഭൗതികവും ആത്മീയവുമായ തലങ്ങള്‍ സമന്വയിപ്പിച്ച് ബലി സങ്കല്‍പ്പം ആരാധ്യമാവുകയായിരുന്നു. വാമനജയന്തിയായി ഓണത്തെ കരുതുന്നവരും കുറവല്ല. തൃക്കാക്കര ക്ഷേത്രത്തില്‍ ഓണം സൂചിപ്പിക്കുന്ന രേഖ 11-ാം നൂറ്റാണ്ടിലേയാണ്. ബലി-വാമനകഥ വെറും മിത്തല്ല. മതമിത്താണ്. ഈ സ്വപ്‌നപ്പഴമയുടെ കാലപരിണതിയാണ് കേരളത്തിന്റെ തിരുവോണം. വാമനമൂര്‍ത്തിയായ തൃക്കാക്കരയപ്പന്റെ പ്രതിഷ്ഠ പരശുരാമനാണ് നിര്‍വഹിച്ചതെന്ന് കരുതുന്നു. മഹാബലി ചരിതം ഓണപ്പാട്ടി'ല്‍ (17-18 നൂറ്റാണ്ട്) കാണുന്ന കൗതുകകരമായ കഥ ഇതാണ്: മഹാബലി എന്ന ധര്‍മസ്വരൂപനായ രാജാവ് കേരളം ഭരിക്കുന്നു. തൃക്കാക്കര ക്ഷേത്രത്തില്‍ വാമനന്റെ അവതാര നാളായ തിരുവോണം ആഘോഷപൂര്‍വം നടത്താന്‍ ഉത്തരവിട്ടു.ക്ഷേത്രത്തിലെത്താത്തവര്‍ വീടുകളില്‍ ഓണം ആഘോഷിക്കണമെന്നാണ് കല്‍പ്പന. മാധവന്‍ വാമനനായി വന്ന് മൂന്നടിയളന്നപ്പോള്‍ മാവേലിക്ക് രാജ്യം ഉപേക്ഷിക്കേണ്ടിവന്നു. ജനങ്ങള്‍ നട്ടംതിരിഞ്ഞു; ഓണാഘോഷം നിന്നുപോയി. മഹാബലി ഇക്കാര്യം ആവലാതിയായി മാധവനെ ബോധിപ്പിച്ചു. ഓണം 'പൊടിപൂരമായി' ആഘോഷിക്കാന്‍ മാധവന്‍ ജനങ്ങളോട് ആജ്ഞാപിച്ചു. ഈ ആഘോഷം കാണാന്‍ മാധവന്‍ മഹാബലിയെ കേരളത്തിലേക്ക് ആനയിച്ചു. അങ്ങനെ തൃക്കാക്കരയപ്പന്റെ തിരുനാളായ ഓണം മഹാബലിയുടെ സന്ദര്‍ശന സന്ദര്‍ഭമായി വിളികൊള്ളാന്‍ തുടങ്ങി. ഇതിഹാസ പുരാണങ്ങളില്‍ ബലിമിത്ത് വൈവിധ്യ മേഖലകള്‍ തേടുന്നു. ജൈനമത പുരാവൃത്തത്തില്‍ മുനി വിഷ്ണുകുമാരന്‍ പദ്മ മഹാരാജാവിന്റെ മന്ത്രിയായ മേരു സമാനനായി വളര്‍ന്നതും, നമുചിയെ നാടുകടത്തിയതും, ത്രിവിക്രമനെന്ന് വിഷ്ണുവിന് വിളിപ്പേരായതും ബലിമിത്തിന്റെ പൂര്‍വമാതൃകയാണ്. മഹാഭാരതത്തില്‍ ശാന്തിപര്‍വത്തിലെ തത്വചിന്തകനായ ബലി മഹാബലിതന്നെയെന്ന് വിശ്വസിക്കാം. വാമനകഥ അവിടെ കാണുന്നില്ല. മൂന്നടിവച്ച് ആകാശവും സ്വര്‍ഗവുമളക്കുന്ന ബലി പരാമര്‍ശം 'വനപര്‍വ്വ'ത്തിലാണ്. രാമായണം 'ബാലകാണ്ഡ'മാണ് വാമനാവതാരത്തെ അവതരിപ്പിക്കുക. സ്‌കന്ധ-ബ്രഹ്മ-പദ്മ-വാമന-നാരദ-ഭാഗവത പുരാണങ്ങളിലും ഹരിവംശത്തിലും ബലി സങ്കല്‍പം പൂവിരിയുന്നു. ഭാഗവതത്തില്‍ വര്‍ണന തേടുന്ന ബലി-വാമന ചരിതമാണ് ഇന്ന് പ്രധാനമായും പ്രചരിക്കുക. എന്നാല്‍ മഹാബലി കേരള ഭരണാധിപനാണെന്നും ചിങ്ങത്തിരുവോണത്തിന് പ്രജകളെ സന്ദര്‍ശിക്കാന്‍ ബലിക്ക് വരം ലഭിച്ചിരുന്നു എന്നെല്ലാമുള്ള കഥാകൗതുകമൊന്നും അവിടെ കാണില്ല. കാലഗതിയുടെ വര്‍ണവസന്തമാണ് അത്തരം ചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്നത്. ബലിഭരണം സമത്വസുന്ദരമായ മാതൃകാ ഭരണമായിരുന്നെന്നും ഭാഗവതത്തില്‍ കാണില്ല. ചില പുരാണങ്ങള്‍-പദ്മപുരാണം സവിശേഷമായും ആ ഭരണകാലത്തെ ഘോഷിക്കുന്നു. ബലി ശിരസ്സില്‍ കാല്‍വച്ച് വാമനന്‍ പാതാളത്തിലേക്ക് താഴ്ത്തിയെന്നല്ല, 'സുതലത്തിലേക്കയച്ചതാണ് 'ഭാഗവത'വും 'സ്‌കന്ധവും' സൂചിപ്പിക്കുന്നത്. വാമനന്‍ 'സുരനും' ബലി 'അസുരനും' എന്ന സങ്കല്‍പ പ്രമാണം തന്നെ വ്യാഖ്യാനവും വ്യാഖ്യാനഭേദങ്ങളുമായാണ് കാലങ്ങളില്‍ പ്രചരിച്ചത്. പുതുകാല രാഷ്ട്രീയ ലക്ഷ്യങ്ങളും പ്രത്യയശാസ്ത്ര കുതന്ത്രങ്ങളും മഹാബലിക്ക് 'ദളിതപദവി' നല്‍കി ആദരിക്കാന്‍ തത്രപ്പെടുന്നു. 'ആസുര'മായത് എങ്ങനെ 'ദളിത'മാകും എന്ന ചോദ്യം അവിടെ മൗനമാവാഹിക്കുന്നു.

No comments: