''യുദ്ധം ചെയ്യാനല്ലേ ഗീതയിലൂടെ ഭഗവാന്‍ ഉപദേശിക്കുന്നത്? യുദ്ധത്തില്‍ ഇരുവശത്തുമായി അനേകംപേര്‍ കൊല്ലപ്പെടുകയും കണ്ണീരും ചോരയും കൊണ്ട് ഭൂമി കുതിരുകയും ചെയ്യും. ജീവിച്ചിരിക്കുന്നവരുടെ സങ്കടങ്ങള്‍ക്കും അതിരുണ്ടാവില്ല. അങ്ങനെയൊരു ഹിംസയ്ക്ക് പ്രേരിപ്പിക്കുകയാണു ഭഗവാന്‍ കൃഷ്ണന്‍ എന്നു ഒരു കൂട്ടര്‍ കുറ്റപ്പെടുത്തുന്നുണ്ടല്ലോ മുത്തച്ഛാ. അതു ശരിയാണെന്ന് ചിലര്‍ ധരിച്ചുപോകുന്നു. മുത്തച്ഛന്‍ എന്തുപറയുന്നു?'' ഉണ്ണി ചോദിച്ചു. ''ആ വാദവും ധാരണയും തെറ്റാണു മോനേ. പ്രത്യേകിച്ചു ഭഗവദ്ഗീതയെ ഒറ്റഗ്രന്ഥമായി എടുക്കുമ്പോള്‍. അര്‍ജ്ജുനന്റെ ജോലിയിലുള്ള സംശയം, വിഷാദം, ആലസ്യം, ഭയം ഇവയെ മാറ്റുവാനുള്ള വഴികളാണ് ഭഗവാന്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു പട്ടാളക്കാരനോടോ, പോലീസുകാരനോടോ സ്വന്തം ജോലി ചെയ്യാന്‍ പറയുന്നതുപോലെയേ ഉള്ളൂ അത്. തോക്കും താഴെവെച്ച് അതിര്‍ത്തി സേനക്കാര്‍ ദുഃഖിച്ചിരുന്നാല്‍ രാജ്യം ഭീകരന്മാരുടെയോ അന്യരാജ്യക്കാരുടെയോ കൈകളിലാവില്ലേ? കള്ളന്റെ കൈയില്‍ മാരകായുധങ്ങളുണ്ടെന്നു കരുതി പോലീസുകാര്‍ അവനെ പിന്തുടര്‍ന്നു പിടികൂടാതിരിക്കുമോ? സ്വധര്‍മ്മം അനുഷ്ഠിക്കലാണത്. ഗീതയിലൂടെ ഭഗവാന്‍ ഓരോരുത്തരോടും അതുമാത്രമാണ് പറയുന്നതെന്നു സൂക്ഷിച്ചു നോക്കിയാല്‍ അറിയാം.'' ''മുത്തച്ഛന്റെ ഗീതോപദേശം കേട്ട് ചേട്ടന്‍ യുദ്ധത്തിനു പുറപ്പെടുമോ എന്നാണ് എന്റെ പേടി!'' ഉമ പുഞ്ചിരിച്ചു പറഞ്ഞു. ''എന്തിനു പേടിക്കണം മോളേ? അവന്‍ മാത്രമല്ല, നീയും യുദ്ധത്തിനൊരുങ്ങിക്കോളൂ. പക്ഷേ, എന്നോടു വേണ്ട; പാവം മുത്തശ്ശിയോടും!'' ''പിന്നെ ഇവിടെ ആരുമില്ലല്ലോ. ആരോടാ ഞങ്ങള്‍ യുദ്ധം ചെയ്യുക?'' ഉണ്ണിയുടെ ചോദ്യവും ചിരിച്ചുകൊണ്ടായിരുന്നു. ''നിങ്ങളോടു തന്നെ! നിങ്ങളിലുള്ള അജ്ഞതയോടാകട്ടെ പൊരിഞ്ഞ യുദ്ധം! നിങ്ങള്‍ കുട്ടികളല്ലേ? വിദ്യാര്‍ത്ഥികളല്ലേ? നിങ്ങളുടെ ധര്‍മം എന്താണ്?'' ''പഠിക്കല്‍!'' ഉണ്ണി പറഞ്ഞു. ''അതിന്റെ ഒടുവില്‍ പരീക്ഷയില്ലേ?'' ''ഉണ്ടല്ലോ.'' ''പരീക്ഷാഹാളിലെത്തിയിട്ട് ഞാന്‍ പരീക്ഷയെഴുതില്ല; എന്നെ തോല്‍പ്പിക്കാന്‍ മനഃപൂര്‍വം നിരത്തിവെച്ച ചോദ്യങ്ങളാണെല്ലാം എന്നുപറഞ്ഞു, പേനയും താഴെവെച്ചു ഉണ്ണി ഇരിക്കുമോ?'' മുത്തച്ഛന്റെ ചോദ്യത്തിനു മുന്നില്‍ ഉണ്ണി കണ്ണുമിഴിച്ചിരുന്നു. ''അങ്ങനെ ഇരിക്കരുതെന്നു കരുതിയാണ് നിങ്ങളുടെ അച്ഛനും ഈ മുത്തച്ഛനുമൊക്കെ ഉപദേശിക്കാറുള്ളത്. ശരിയായി പഠിക്കണം, ഏകാഗ്രത വേണം, പരീക്ഷയെ ഭയപ്പെടേണ്ട, മടിപിടിച്ചിരിക്കരുത്, സുനിശ്ചിതമാണു വിജയം... എന്നൊക്കെ പറഞ്ഞു ഉത്സാഹിപ്പിക്കാറില്ലേ? അത്രയേ ഭഗവാനും ചെയ്തുള്ളൂ. സ്വധര്‍മം എന്തെന്നറിഞ്ഞു കര്‍മനിരതനാകാനുള്ള ഉപദേശം. അതിനെ കൂട്ടക്കൊലയ്ക്കുള്ള പ്രേരണക്കുറ്റമായും യുദ്ധത്തിനുള്ള ആഹ്വാനമായും കാണുന്നതു തെറ്റായ സമീപനമാണ്; ദുര്‍വ്യാഖ്യാനമാണ്. ഇനി മറ്റൊരു കാര്യം കൂടി ഞാന്‍ ചോദിക്കട്ടെ?'' ''എന്താ മുത്തച്ഛാ?'' ''പല രാജ്യങ്ങള്‍ തമ്മിലും ഇന്നു യുദ്ധം നടക്കുന്നുണ്ടല്ലോ. കാരണം എന്തുമാകട്ടെ; വ്യാപകമായി മരണവും നടക്കുന്നു. ദൈന്യതകള്‍പ്പുറം എന്താണവിടെ കൂടുതലും ചര്‍ച്ച ചെയ്യപ്പെടുന്നത്?'' ''പലതരം തോക്കുകള്‍, ബോംബുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍, രാസായുധങ്ങള്‍.....'' ''പണ്ടത്തെ യുദ്ധത്തിലാണെങ്കില്‍ പലതരം അസ്ത്രങ്ങള്‍, വാളുകള്‍, ശൂലങ്ങള്‍, ഗദകള്‍ എന്നിവയെപ്പറ്റിയാവും വിവരണങ്ങള്‍'' ഉമ കൂട്ടിച്ചേര്‍ത്തു. ''അതെ. മഹാഭാരതത്തിലും രാമായണത്തിലും അങ്ങനെ കാണാവുന്നതാണ്. പക്ഷെ, ഭഗവദ്ഗീതയില്‍ ഒരിടത്തും ഭഗവാന്‍ കൃഷ്ണന്‍ അത്തരം ആയുധങ്ങളെടുത്ത് ആരെയെങ്കിലും കൊല്ലാന്‍ അര്‍ജ്ജുനനോട് പറയുന്നില്ല. കൃഷ്ണനും ആയുധമെടുത്തിട്ടല്ല നില്‍ക്കുന്നതെന്നു അറിയാമല്ലോ. പിന്നെ എങ്ങനെ ഭഗവാനെ കുറ്റപ്പെടുത്തും?'' ''അതും ശരിയാണല്ലോ!'' ''നിങ്ങള്‍ ഗീത മുഴുവന്‍ ശ്രദ്ധയോടെ വായിച്ചുനോക്കൂ. ഒരു ആയുധത്തിന്റെയും നശീകരണ ശക്തികളെപ്പറ്റി ഭഗവാന്‍ വിവരിക്കുന്നില്ല. അതെടുക്കൂ, ഇതെടുക്കൂ, അവരെക്കൊല്ലൂ എന്നുപറയുന്നുമില്ല. മനസ്സിനെ നിയന്ത്രിക്കൂ, ഏകാഗ്രമാക്കൂ, സമഭാവനയോടെ കാണൂ, ലോകക്ഷേമത്തിനായി പ്രവര്‍ത്തിക്കൂ എന്നാണ്. മനസ്സിലായോ?'' ''അപ്പോള്‍ കുരുക്ഷേത്രയുദ്ധമോ മുത്തച്ഛാ?'' ''അതു കാര്യങ്ങള്‍ പറഞ്ഞുതരാനുള്ള ഒരു പശ്ചാത്തലം ഒരുക്കിയതാണെന്നേ കരുതേണ്ടൂ. ചെറിയതോതില്‍ യുദ്ധം നടന്നിരിക്കാം. എഴുത്തുകാരന്‍ പൊടിപ്പും തൊങ്ങലും വെച്ചു വലുതാക്കിയതാകാം. എല്ലാം സാങ്കല്‍പ്പികമാകാം. അതൊന്നും നമ്മെ ബാധിക്കുന്ന കാര്യമല്ല. ഭഗവദ്ഗീതയില്‍ പറയുന്ന യുദ്ധം വേറൊന്നാണ്. ഓരോ വ്യക്തിയുടെയും മനസ്സില്‍ നടക്കുന്നതാണ്. ദുര്‍ഗുണങ്ങളും സദ്ഗുണങ്ങളും തമ്മിലാണ് യുദ്ധം. ദുര്‍ഗുണങ്ങള്‍ക്കു (ദുര്യോധനാദി നാമങ്ങള്‍ ശ്രദ്ധിക്കുക) മീതേ വിജയം നേടാനുള്ള വഴികളാണ് ഭഗവാന്‍ അര്‍ജ്ജുനന് പറഞ്ഞുകൊടുക്കുന്നത്. ആ വഴിയേ തന്നെ നിങ്ങളും പോയാല്‍ മതി.'' ''അതിന് ഞങ്ങള്‍ യുദ്ധത്തിലല്ലല്ലോ മുത്തച്ഛാ!'' ''അതെ. നിങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ യുദ്ധം തുടങ്ങിക്കഴിഞ്ഞു; ജീവിക്കാനുള്ള യുദ്ധം! അമ്മയുടെ വയറ്റില്‍ കിടക്കുമ്പോള്‍ തന്നെ തുടങ്ങി, ചവിട്ടും കുത്തും! പിറന്നുവീണശേഷം മുഷ്ടിചുരുട്ടി, കൈകാല്‍ കുടഞ്ഞു വാശിയോടെ കരച്ചിലായി. ജീവിക്കാനുള്ള ആ യുദ്ധം പലതലങ്ങളിലൂടെ കടന്നുപോവുകയാണ് നാം ഓരോരുത്തരും.'' ''ഒടുവില്‍, മരണത്തിലേയ്ക്ക്...അല്ലേ?'' ''അതെ. മരണം! ചിലര്‍ അങ്ങനെയൊന്നുണ്ടെന്നു അല്‍പ്പവും ചിന്തിക്കാതെ അഹങ്കാരികളായിക്കഴിയുന്നു. ചിലര്‍ ആ സത്യത്തെ വല്ലാതെ ഭയക്കുന്നു. മറ്റു ചിലര്‍ ദുഃഖാര്‍ത്തരാകുന്നു. മറ്റൊരു കൂട്ടര്‍ അത്യാഗ്രഹികളായി പരക്കം പായുന്നു! മനസ്സിരുത്തി ഗീത പഠിക്കുകയാണെങ്കിലോ? ഇവയൊന്നും നമ്മെ ബാധിക്കുകയേയില്ല. സമചിത്തതയോടെ എന്തിനെയും നേരിടാനുള്ള കരുത്ത് നാം നേടിയിട്ടുണ്ടാകും. അതിലൂടെ സ്വജീവിതത്തിലും സമൂഹത്തിലും സല്‍ഫലങ്ങള്‍ ഉണ്ടാക്കുവാന്‍ നമുക്ക് കഴിയുകയും ചെയ്യും.'' ''അതിനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റിയാണോ മുത്തച്ഛാ അര്‍ജ്ജുനന്‍ ഭഗവാനോടു ചോദിക്കുന്നത്?'' ഉമ ചോദിച്ചു. ''അതെ. മുപ്പതു ചോദ്യങ്ങളാണു ഇരുപതു ശ്ലോകങ്ങളിലൂടെ അര്‍ജ്ജുനന്‍ ഉന്നയിക്കുന്നത്. അവ ഓരോന്നിനും കൃത്യമായ മറുപടിയും വേണ്ടത്ര വിശദീകരണവും ഭഗവാന്‍ നല്‍കുന്നതായി കാണാം.'' ''ജീവിതയുദ്ധമെന്ന പരീക്ഷയും അതിലെ ചോദ്യോത്തരങ്ങളുമാണ് ഗീത എന്നുപറയാം അല്ലേ?'' ഉണ്ണിയുടെ നിരീക്ഷണം. ''അങ്ങനെ പറയുന്നതില്‍ വിരോധമില്ല. ഇന്നത്തെ വിദ്യാഭ്യാസരീതിയില്‍ കുട്ടികളായ നിങ്ങള്‍ക്കു അങ്ങനെയല്ലേ തോന്നൂ. പക്ഷെ, ഗീതയില്‍ വ്യത്യാസമുണ്ട്. എക്‌സാമിനര്‍ ഇല്ല! ''ഗുരു-ശിഷ്യ സംവാദമാണ് ഗീത. ഗുരുകുല വിദ്യാഭ്യാസമാണത്. ശിഷ്യര്‍ ചോദിക്കുന്നു; ഗുരു സംശയങ്ങള്‍ തീര്‍ക്കുന്നു. പിന്നെയാണ് ജീവിതമെന്ന പരീക്ഷയെ, യുദ്ധത്തെ, നിര്‍ഭയമായി നേരിടല്‍. അഥവാ ദുര്‍ഗുണങ്ങളെ ജയിക്കല്‍. അതിന് നിങ്ങളേയും പ്രാപ്തരാക്കാന്‍ അര്‍ജ്ജുനന്റെ മുപ്പതു ചോദ്യങ്ങളെ അടിസ്ഥാനമാക്കി നമുക്കൊരു ഗീതാപര്യടനമാകാം, എന്താ?'' ''ശരി മുത്തച്ഛാ!'' രണ്ടുപേരും പറഞ്ഞു.
janmabumi
janmabumi
No comments:
Post a Comment