Friday, August 31, 2018

(അധ്യായം 18- ശ്ലോകം 62)
ഭാരതഃ തമേവ ശരണം ഗച്ഛ!
ഭാരതഃ - എന്ന് വിളിച്ചുകൊണ്ട് ഭഗവാന്‍ സൂചിപ്പിക്കുന്ന വസ്തുത ഇതാണ്. നീ ഭരത മഹാരാജാവിന്റെ വംശത്തിലാണല്ലോ ജനിച്ചത്. ശത്രുക്കളെ നിഗ്രഹിച്ച്, നിന്റെ കീര്‍ത്തി വര്‍ധിപ്പിക്കുകയാണ് നിന്റെ ഉചിതമായ കര്‍മം.
തമേവ- സര്‍വഭൂതങ്ങളെയും കറക്കുന്ന മായയുടെ നിയന്താവായവനും വാത്സല്യത്തിന്റെയും കാരുണ്യത്തിന്റെയും നിധിയും, നിന്റെ സാരഥ്യം സ്വീകരിച്ച് നിന്റെ ഹിതം മാത്രം(ഇഷ്ടമല്ല)- ചെയ്യുവാന്‍ ആഗ്രഹിച്ച് നിന്നെ ഉപദേശിക്കുന്ന ആ ഈശ്വരനെ- ഈ കൃഷ്ണനെ സര്‍വഭാവേന ശരണംപ്രാപിക്കൂ!
തന്റെ സ്വകര്‍മാ നുഷ്ഠാനം ഭഗവാന്ന് ആരാധനയായി തന്നെ ചെയ്യാന്‍ തയാറാവണം. ഭഗവാനും അന്തര്യാമിയുമായ ഞാന്‍ തന്നെയാണ് എല്ലാം എന്ന ഭാവം സ്ഥിരമാവണം. എല്ലായിടത്തും സര്‍വേശ്വരനായ താന്‍ തന്നെയാണ് എന്ന ബുദ്ധിയുറയ്ക്കണം- ഇതാണ് ''സര്‍വ ഭാവേന''- എന്ന പദംകൊണ്ട് സൂചിപ്പിച്ചത്.
ശരണം ഗച്ഛ- പോര, ശരണം പ്രാപിക്കുക തന്നെ വേണം.
''തംഹദേവമാത്മബുദ്ധി പ്രകാശം
മുമുക്ഷുര്‍ വൈശരണമഹം പ്രപദ്യേ''
(ശ്വേതാശ്വതരോപനിഷത്ത്)
(ആത്മാവിനെയും ബുദ്ധിയേയും പ്രകാശിപ്പിക്കുന്ന ആ ദേവനെ, മോക്ഷം ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഞാന്‍ ശരണംപ്രാപിക്കുന്നു)
ഇതാണ് ശരണം പ്രാപിക്കേണ്ട രീതി.
''സംസാര സാഗരേയഗ്നം ദീനംമാം 
കരുണാനിധേ 
കര്‍മഗ്രാഹഗൃഹീതാംശം മാമുദ്ധര 
ഭവാര്‍ണവത്''
(സംസാരമാകുന്ന- ജനനമരണ രൂപമാകുന്ന- സമുദ്രത്തില്‍ ഞാന്‍ ആണ്ടുപോയിരിക്കയാണ്. മാത്രമല്ല, പൂര്‍വജന്മങ്ങളിലെ കര്‍മമാകുന്ന മുതല പിടികൂടുകയും ചെയ്തിരിക്കുന്നു. കാരുണ്യപൂ
ര്‍ണനായ ഭഗവാനേ, എന്നെ ഈ സമുദ്രത്തില്‍നിന്ന് കരകയറ്റണോ) ഇങ്ങനെയും ശരണംപ്രാപി
ക്കാം.
തത് പ്രസാദാത് പരാംശാന്തിം പ്രാപ്‌സ്യ സി
(18-ല്‍ 62)
ഇങ്ങനെ ശരണംപ്രാപിച്ച്, യുദ്ധം എന്ന സ്വധര്‍മത്തിന് ആരാധനയായി ചെയ്താല്‍, ആ ഈശ്വരനായ ഈ ഞാന്‍, നിന്റെ കൃഷ്ണന്‍ സന്തോഷിക്കും, പ്രസാദിക്കും. 
പരാം ശാന്തി പ്രാപ്‌സ്യസി
എന്റെ അനുഗ്രഹംകൊണ്ട് നിന്റെ അജ്ഞാനം പൂര്‍ണമായും നശിക്കും. എന്റെ തത്ത്വജ്ഞാനവും നേടാം. അതാണ് ഉത്കൃഷ്ടമായ ശാന്തി-മനസ്സിന്റെ നിശ്ചലഭാവം-ആനന്ദപ്രദമായ അവസ്ഥ. അതുനേടാം.
ശാശ്വതം സ്ഥാനം പ്രാപ്‌സ്യസി
പ്രകൃതി, കര്‍മം, കാലം ഇവയുമായി ബന്ധമില്ലാത്തത്, എന്നും ഏകരസ പൂര്‍ണമായ സ്ഥാനം, പരമപദം, വൈകുണ്ഠം, ഗോലോകം, പ്രാപിക്കാനും
 കഴിയും. അവിടെ പരമപ്രേമപൂര്‍ണരായ മുക്തന്മാര്‍ അധിവസിക്കുന്നു.
പരോക്ഷനിര്‍ദേശത്തിന്റെ ഉദ്ദേശ്യം
61, 62 എന്നീ രണ്ടു ശ്ലോകങ്ങളില്‍-''ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ'' എന്നും, ''തമേവശരണം ഗച്ഛ'' എന്നും ഉള്ള ഭാഗം പരോക്ഷ നിര്‍ദേശമാണ്.
ഈശ്വരനായ ഞാന്‍ സര്‍വഭൂതഹൃദയങ്ങളില്‍ നില്‍ക്കുന്നു എന്ന് പറയാതെ, ഈശ്വരന്‍ എന്ന് പറഞ്ഞതും, നിന്റെ സാരഥിയായ ഈ കൃഷ്ണനെ എന്നു പറയാതെ, 'ആ ഈശ്വരനെ' എന്ന് പറഞ്ഞതുമാണ് പരോക്ഷത്തില്‍ നിര്‍ദേശം. കൃഷ്ണന്‍ തന്നെയാണ് ഈശ്വരന്‍ എന്നര്‍ഥം ഉറപ്പിച്ച് പ്രഖ്യാപിക്കുക എന്നതാണത്രേ ഉദ്ദേശ്യം. ആചാര്യന്‍- രാഘവേന്ദ്രമുനി- പ്രമാണവും ഉദ്ധരിച്ചിട്ടുണ്ട്.
''നിശ്ചയാര്‍ഥഃ സതുജ്ഞേയഃ
യത്രാത്മൈവ പരോക്ഷതഃ ഉച്യതേ''
(=തന്നെ സ്വയം പരോക്ഷമായി പറയുമ്പോള്‍ നിശ്ചയിക്കപ്പെട്ടത് എന്നാണര്‍ത്ഥം.)
kanapram

No comments: