Wednesday, August 29, 2018

യത്ര യോഗേശ്വരഃ കൃഷ്ണോ യത്ര പാർത്ഥ ധനുർധരഃ 
തത്ര ശ്രീർവിജയോ ഭൂതിർ ധ്രുവാ നീതിർമതിർ മമ
     യത്ര - എവിടെ; യോഗേശ്വരഃ – യോഗേശ്വരനായ; കൃഷ്ണഃ - കൃഷ്ണനുണ്ടോ; യത്ര - എവിടെ; ധനുർധര - വില്ലും ശരവും ധരിച്ച; പാർത്ഥഃ - പാർത്ഥനുണ്ടോ; തത്ര - അവിടെ; ശ്രീഃ - ശ്രീയും (ഐശ്വര്യവും); വിജയഃ - വിജയവും; ഭൂതി - ഭൂതിയും (ധനവും അളവറ്റ ശക്തിയും; ധ്രുവാ - ധ്രുവമായ; നീതിഃ - നീതിയും; (സന്തി ഇതി) – ഉണ്ടെന്നാണ്; മമ മതിഃ - എന്റെ അഭിപ്രായം.
    എവിടെ യോഗേശ്വരനായ കൃഷ്ണനുണ്ടോഎവിടെ വില്ലാളി വീരനായ അർജുനനുണ്ടോഅവിടെയാണ് ഐശ്വര്യവും വിജയവും അസാധാരണശക്തിയും നീതിയും ഉള്ളത്. ഇതാണ് എന്റെ അഭിപ്രായം.
   ധൃതരാഷ്ട്രടരുടെ ഒരു ചോദ്യത്തോടുകൂടിയാണ് ഭഗവദ്ഗീത ആരംഭിക്കുന്നത്. വീരയോദ്ധാക്കളായ ഭീഷ്മർ, ദ്രോണർ, കർണ്ണൻ എന്നിവർ സഹായത്തിനുള്ള തന്റെ മക്കൾക്ക് വിജയം ലഭിക്കുമെന്നദ്ദേഹം പ്രതീക്ഷിച്ചിരുന്നു. തന്റെ കക്ഷി ജയിക്കുമെന്ന് ആ രാജാവ് കരുതി. പക്ഷേ യുദ്ധരംഗം വിവരിച്ചുകൊണ്ട് സoഞ്ജയൻ പറഞ്ഞതിതാണ്. അങ്ങ് വിജയത്തെക്കുറിച്ചോർക്കുന്നു! എന്റെ അഭിപ്രായത്തിൽ, കൃഷ്ണാർജുനന്മാർ എവിടെയോ അവിടെയായിരിക്കും സർവ്വ ശ്രേയസ്സും. ധ്യതരാഷ്ട്രർ തന്റെ കക്ഷിക്ക് ജയം പ്രതീക്ഷിക്കേണ്ട, എന്ന് സഞ്ഞ്ജയൻ നേരിട്ട് പറയുന്നു. കൃഷ്ണൻ കൂടെയുള്ളതുകൊണ്ട് അർജുനന്റെ കക്ഷി ജയിക്കുമെന്നുറപ്പിക്കാം. കൃഷ്ണൻ അർജുനന്റെ തേരാളിയാകാൻ സമ്മതിച്ചതും ഒരു വൈഭവ പ്രദർശനമാണ്. സകല വിഭൂതികളുടേയും ഉറവിടമാകുന്നു കൃഷ്ണൻ. ആ വിഭൂതികളിലൊന്നാണ് വൈരാഗ്യം. ഈ വൈരാഗ്യത്തിനു ധാരാളം ഉദാഹരണങ്ങളുണ്ട്. വൈരാഗ്യാധിപനുമാണല്ലോ കൃഷ്ണൻ.
     വാസ്തവത്തിൽ യുദ്ധം ദുര്യോധനനും യുധിഷ്ഠിരനും തമ്മിലാണ്. ജ്യേഷ്ഠനായ യുധിഷ്ഠിരനുവേണ്ടി പൊരുതുകയാണർജുനൻ. യുധിഷ്ഠിരന്റെ സഹായികളാണ് കൃഷ്ണനും അർജുനനും. അവർ തന്റെ പക്ഷത്തിലായതുകൊണ്ട് യുധിഷ്ഠിരന് വിജയം സുനിശ്ചിതമാണ്. ആരാണ് ലോകം ഭരിക്കുക എന്ന് തീരുമാനിക്കാൻവേണ്ടിയുള്ളതാണ് ഈ യുദ്ധം. യുധിഷ്ഠിരൻ ജയിച്ച് നാടുവാഴുമെന്ന് സoഞ്ജയൻ പ്രവചിക്കുന്നു. യുദ്ധത്തിൽ ജയിച്ചതിന് ശേഷവും യുധിഷ്ഠിരന് കൂടുതൽ അഭ്യുദയമുണ്ടാകുമെന്നും, അദ്ദേഹം നീതിമാനും ഭക്തനും ധാർമ്മികനുമായതാണ് കാരണമെന്നുംകൂടി സoഞ്ജയൻ പറയുന്നു. യുധിഷ്ഠിരൻ തന്റെ ജീവിതത്തിൽ ഒരൊറ്റ നുണ പോലും പറഞ്ഞിട്ടില്ല.
    യുദ്ധഭൂമിയിൽവെച്ച് രണ്ടു സുഹൃത്തുക്കൾ തമ്മിൽ നടന്ന സംഭാഷണമാണ് ഭഗവദ്ഗീതയെന്നു വിശ്വസിക്കുന്ന അനേകം മന്ദബുദ്ധികളുണ്ട്. അങ്ങനെയുള്ള ഒരു കൃതി പുണ്യഗ്രന്ഥങ്ങളിലൊന്നാവാൻ വയ്യ. കൃഷ്ണൻ അർജുനനെ യുദ്ധത്തിന് പ്രേരിപ്പിച്ചുവെന്നാക്ഷേപിക്കുന്നവരുമുണ്ട്. യുദ്ധം അധാർമ്മികമാണ്. പക്ഷേ സംഭവസ്ഥിതി ഇവിടെ വിശദമാക്കിയിരിക്കുന്നു. ഉത്കൃഷ്ടമായ നീതിശാസ്ത്രമാണ് ഭഗവദ്ഗീത. അതിന്റെ കാതലായ ഭാഗം ഒമ്പതാമദ്ധ്യായത്തിന്റെ മുപ്പത്തിനാലാം ശ്ലോകത്തിലൊതുങ്ങുന്നു; ‘മന്മനാഭവ മദ്ഭക്തഃ’ കൃഷ്ണഭക്തനാവണമെന്നർത്ഥം. സർവ്വധർമ്മങ്ങളുടേയും സാരം ഇതാണ്. ‘സർവധർമാൻ പരിത്യജ്യ മാമേകം ശരണം വ്രജ’. നീതിധർമ്മങ്ങളുടെ ഉത്തമ പ്രകിയകളുൾക്കൊള്ളുന്നതാണ് ഭഗവദ്ഗീത. മറ്റ് പ്രക്രിയകളെല്ലാം പവിത്രങ്ങളാവാം, അവ ഇതിലേക്ക് വഴിവെയ്ക്കുന്നു എന്നുവരാം. ഏതായാലും സകല നീതിധർമ്മങ്ങളുടേയും രത്നച്ചുരുക്കമാണ് ഭഗവദ്ഗീതയിലെ അന്തിമോപദേശം; കൃഷ്ണന് സ്വയം സമർപ്പിക്കുക എന്നത്. പതിനെട്ടാ മദ്ധ്യായം ഇതിന് ഊന്നൽ കൊടുത്തിരിക്കുകയാണ്.
     തത്ത്വജ്ഞാനപരങ്ങളായ നിഗമനങ്ങളെക്കൊണ്ടും ധ്യാനം കൊണ്ടും ആത്മസാക്ഷാത്കാരം നേടുന്നതാണ് ഒരു പ്രക്രിയ എന്ന് ഭഗവദ്ഗീതയിൽനിന്നും മനസ്സിലാക്കാം. പക്ഷേ സമഗ്രമായ ഉത്കൃഷ്ടത കൃഷ്ണനായി സ്വയം സമർപ്പിക്കലാണ്. ഭഗവദ്ഗീതോപദേശത്തിന്റെ സാരസർവ്വസ്വമാണിത്. സാമൂഹ്യമായ വർണ്ണാശ്രമധർമ്മമനുസരിച്ചും ധർമ്മവ്യത്യാസമനുസരിച്ചുമുള്ള നിബന്ധനകളുടെ വഴി ഗോപ്യമായൊരു ജ്ഞാനത്തിന്റേതാവാം. അങ്ങനെ ധാർമ്മികാനുഷ്ഠാനങ്ങൾ ഗോപ്യങ്ങളെങ്കിൽ ധ്യാനവും ജ്ഞാനയോഗവും അതിലേറെ ഗോപ്യങ്ങളാണ്. തികഞ്ഞ കൃഷ്ണാവബോധത്തോടെ സേവനത്തിനുവേണ്ടി കൃഷ്ണന്ന് സ്വയം സമർപ്പിക്കുക എന്നത് ഏറ്റവും രഹസ്യമായ ഉപദേശവും. പതിനെട്ടാമദ്ധ്യായത്തിന്റെ സാരമിതാണ്.
   പരമസത്യം ഭഗവാൻ കൃഷ്ണൻ മാത്രമാണെന്നതാണ് ഭഗവദ് ഗീതയുടെ മറ്റൊരു ഭാവം. ഈ നിരപേക്ഷതത്ത്വം മൂന്നു വിധത്തിൽ സാക്ഷാത്കരിക്കപ്പെടുന്നു. അവ്യക്തിഗത ബ്രഹ്മം, സ്ഥാനീയപരമാത്മാവ്, പരമദിവ്യോത്തമപുരുഷനായ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ എന്നിങ്ങനെ. നിരപേക്ഷതത്ത്വത്തിന്റെ പൂർണ്ണജ്ഞാനമെന്നാൽ കൃഷ്ണനെ പറ്റിയുള്ള പൂർണ്ണജ്ഞാനംതന്നെ. കൃഷ്ണനെക്കുറിച്ച് അറിവ് സിദ്ധിച്ചവർക്ക് ജ്ഞാനത്തിന്റെ ഏതു വിഭാഗവും സ്പഷ്ടമാണ്. പരമമായ കൃഷ്ണജ്ഞാനത്തിന്റെ ചെറിയ അംശമാണല്ലോ അതോരോന്നും. തന്റെ സനാതനമായ അന്തരംഗശക്തിയിൽ സദാ സ്ഥിതി ചെയ്യുന്ന കൃഷ്ണൻ എപ്പോഴും ഇന്ദ്രിയാതീതനാണ്. തന്റെ ശക്തിയിൽ നിന്ന് ജീവജാലങ്ങളെല്ലാമുണ്ടാകുന്നു. അവ രണ്ടു വിധമാണ്. നിത്യബദ്ധരും നിത്യമുക്തരും. ഈ ജീവഗണങ്ങൾക്കെണ്ണമില്ല. കൃഷ്ണന്റെ മൗലികാംശങ്ങളാണവയെന്ന് കരുതപ്പെടുന്നു. ഭൗതിക ശക്തിക്ക് ഇരുപത്തിനാല് രൂപഭേദങ്ങളുണ്ട്. ശാശ്വതമായ കാലത്താൽ സ്യഷ്ടി പ്രകിയ നടക്കുന്നു. ബഹിരംഗശക്തി സൃഷ്ടിജാലത്തെ ഉളവാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഈ പ്രപഞ്ചത്തിന്റെ ആവിഷ്ക്കാരം ദൃശ്യമായിക്കൊണ്ടും അദൃശ്യമായിക്കൊണ്ടും തുടരുകയാണ്.
     ഭഗവദ്ഗീതയിൽ അഞ്ച് പ്രധാന വിഷയങ്ങളാണ് ചർച്ചചെയ്യപ്പെടുന്നത്. പരമദിവ്യോത്തമപുരുഷൻ, ഭൗതികപ്രകൃതി, ജീവാത്മാവ്, ശാശ്വതമായ കാലം, കർമ്മം എന്നിവ. ഈ അഞ്ചും ഭഗവാൻ കൃഷ്ണനെ ആശയിച്ചാണ് നിലനില്ക്കുന്നത്. നിരപേക്ഷതത്ത്വത്തെക്കുറിച്ചുള്ള സങ്കല്പങ്ങൾ-അവ്യക്തിഗത ബ്രഹ്മം, പരമാത്മാവ്, വേറെയും ഏതെങ്കിലും വിധത്തിൽ അതീന്ദ്രിയമായ ഭഗവത്സത്തയെ നിർവ്വചിക്കുന്ന ആശയങ്ങൾ-ഇവയെല്ലാം പരമപുരുഷനെക്കുറിച്ചുള്ള ജ്ഞാനത്തിന്റെ പരിധിയിൽപ്പെടും. ഒറ്റനോട്ടത്തിൽ ഭഗവാനും ജീവാത്മാവും ഭൗതികപ്രകൃതിയും കാലവുമെല്ലാം വ്യത്യസ്തങ്ങളായി തോന്നുന്നുവെങ്കിലും യഥാർത്ഥത്തിൽ ഭഗവാനിൽ നിന്ന് ഭിന്നമായി യാതൊന്നുമില്ല. എന്നാൽ അവിടുന്ന് മറ്റേതൊന്നിൽ നിന്നും വ്യത്യസ്തനുമാണ്. അചിന്ത്യഭേദാഭേദതത്ത്വം എന്നാണ് ശ്രീചൈതന്യ മഹാപ്രഭുവിന്റെ സിദ്ധാന്തം. നിരപേക്ഷതത്ത്വത്തിന്റെ പരിപൂർണ്ണജ്ഞാനമുൾക്കൊള്ളുന്നതാണ് ഈ തത്ത്വദർശനം.
    സഹജാവസ്ഥയിൽ ശുദ്ധമായ ആത്മാവാണ് ജീവൻ, പരമാത്മാവിന്റെ അണുപ്രായമായൊരംശം. ശ്രീകൃഷ്ണ ഭഗവാനെ സൂര്യനോടും ജീവാത്മാക്കളെ സൂര്യപ്രകാശത്തോടും ഉപമിക്കാം. കൃഷ്ണന്റെ തടസ്ഥ ശക്തികളായ ജീവാത്മാക്കൾ ഭൗതികശക്തിയോടോ ആദ്ധ്യാത്മികശക്തിയോടോ ബന്ധപ്പെടാനുള്ള ഒരു പ്രവണതയുള്ളവരാണ്. രണ്ടു തരം ഭഗവച്ഛക്തികൾക്ക് മദ്ധ്യത്തിലാണ് ജീവന്റെ നിലയെന്നും ഉത്തമ ശക്തിയിലുള്ളതാകയാൽ അതിന് തെല്ലൊരു സ്വാതന്ത്ര്യമുണ്ടെന്നും പറയാം. ഈ സ്വാതന്ത്ര്യത്തെ വേണ്ടുംവണ്ണമുപയോഗിച്ചാൽ ജീവന് കൃഷ്ണന്റെ ആജ്ഞാനുവർത്തിയായിത്തീരാം. അങ്ങനെ ആനന്ദ പ്രദാനത്തിന് കഴിവുള്ള സ്വഭാവികാവസ്ഥയിലെത്തുകയുംചെയ്യാം.
                              സംന്യാസത്തിന്റെ പരിപൂർണ്ണത എന്ന ശ്രീമദ് ഭഗവദ്ഗീതയുടെ
                                     പതിനെട്ടാമദ്ധ്യായത്തിന്റെ ഭക്തിവേദാന്ത വിശദീകരണം
                                                                   ഇപ്രകാരം സമാപിക്കുന്നു.
VEDABASE

No comments: