Friday, August 31, 2018

യാജ്ഞവല്‍ക്യന്റെ ബ്രഹ്മനിഷ്ഠയെ പരീക്ഷിക്കുന്നു

സ്വാമി അഭയാനന്ദ
Saturday 1 September 2018 2:15 am IST
യാജ്ഞവല്‍ക്യന്റെ ബ്രഹ്മനിഷ്ഠയെ പരീക്ഷിക്കാന്‍ രാജസദസ്സിലെ പണ്ഡിതര്‍ ഓരോരുത്തരും ചോദ്യം ചോദിക്കുന്നു. ആദ്യം അശ്വലന്റെ ചോദ്യവും അതിനുള്ള യാജ്ഞവല്‍ക്യന്റെ മറുപടിയുമാണ്.
 യാജ്ഞവല്‍ക്യേതി ഹോവാച, യദിദം സര്‍വം മൃത്യുനാപ്തം...
അശ്വലന്‍ ചോദിച്ചു. യാജ്ഞവല്‍ക്യ, കര്‍മത്തിന്റെ സാധനമായ ഋത്വിക് മുതലായവയെല്ലാം മൃത്യുവിനാല്‍ വ്യാപ്തമാണെങ്കിലോ, മൃത്യുവിനാല്‍ വശീകരിക്കപ്പെട്ടതാണെങ്കിലോ ഏത് ദര്‍ശന ത്താലാണ് യജമാനന്‍ മൃത്യുവിനെ അതിക്രമിച്ച് മുക്തനാകുന്നത്?
യാജ്ഞവല്‍ക്യന്‍ പറഞ്ഞു ഹോതാവായ ഋത്വിക്കും അഗ്നിയുമായ വാക്കുകൊണ്ടാണ് മറികടക്കുക. യജമാനന്റെ വാക്ക് തന്നെയാണ് ഹോതാവ്. വാക്ക് തന്നെയാണ് അധിദൈവതമായ അഗ്നി, ആ അഗ്നി ഹോതാവുന്നു. അഗ്നി രൂപത്തില്‍ ദര്‍ശിക്കപ്പെടുന്ന ആ ഹോതാവ് മുക്തിക്ക് സാധനമാണ്. ആ മുക്തി അതി മുക്തിക്ക് സാധനമാണ്.
 നേരത്തെ ഉദ്ഗീഥ പ്രകരണത്തില്‍ ഉപാസനയോടെ പാങ്ക്ത കര്‍മത്തെ അനുഷ്ഠിച്ചാല്‍ മൃത്യുവിനെ അതിക്രമിക്കാമെന്ന് പറഞ്ഞിരുന്നു. അതിലില്ലാത്ത ചില വിശേഷ ദര്‍ശനങ്ങളെയാണ് ഇവിടെ വിവരിക്കുന്നത്.
സ്വാഭാവികമായ അജ്ഞാനം മൂലമുണ്ടാകുന്ന ഇന്ദ്രിയവിഷയ സംസര്‍ഗത്തിലെ ആസക്തിയാണ് മൃത്യു. ഹൃത്വിക്, അഗ്നി മുതലായ സാധനങ്ങളെല്ലാം മൃത്യുവിനാല്‍ വശീകരിക്കപ്പെട്ടതാണെങ്കില്‍ യജമാനന് അതിനെ അതിക്രമിക്കാനുള്ള സാധന ഏതാണെന്നാണ് ചോദ്യം. ഋത്വിക്കും വാക്കും അധിദൈവതാ രൂപത്തിലെ അപരിച്ഛിന്ന അഗ്നിയായി ദര്‍ശിച്ചാല്‍ യജമാനന് മൃത്യുവില്‍ നിന്നും മുക്തിയുണ്ടാകും.
ആസക്തി മൂലമുണ്ടാകുന്ന മൃത്യുവിനെ അതിക്രമിച്ച് അധിദേവതാത്വമായ അഗ്നിയെന്ന അവസ്ഥയെ പ്രാപിക്കുന്നതാണ് അതിമുക്തി.
 യാജ്ഞവല്‍ക്യേതി ഹോ വാച, യദിദം സര്‍വമഹോരാത്രാഭ്യാ മാപ്തം...
അശ്വലന്‍ ചോദിച്ചു. യാജ്ഞവല്‍ക്യ, ഈയുള്ളതെല്ലാം അഹോരാത്രങ്ങളാല്‍ വ്യാപ്തമോ  വശീകൃതമോ ആണെങ്കില്‍ ഏത് ദര്‍ശനം കൊണ്ടാണ് യജമാനന്‍ അഹോരാത്രങ്ങളുടെ പ്രാപ്തിയെ അതിക്രമിച്ച് മുക്തനാവുന്നത്?
യാജ്ഞവല്‍ക്യന്‍ പറഞ്ഞു അധ്വര്യുവെന്ന ഋത്വിക്കും ചക്ഷുസ്സുമായ ആദിത്യനെ കൊണ്ട് മുക്തനാവും.
യജമാനന്റെ ചക്ഷുസ്സ് തന്നെയാണ് അധ്വര്യു. അതില്‍ ചക്ഷുസ്സ് തന്നെയാണ് അധിദൈവതമായ ആദിത്യന്‍. ആദിത്യന്‍ അധ്വര്യുവാണ്. ആദിത്യ രൂപത്തില്‍ കാണപ്പെടുന്ന അധ്യര്യു മുക്തിക്ക് സാധനമാണ്. ആ മുക്തി അതിമുക്തിക്ക് സാധനമാണ്.
 കര്‍മത്തിന് ആശ്രയമായ കാലരൂപമായ മൃത്യുവില്‍ നിന്നുള്ള മുക്തിയെപ്പറ്റിയാണ് ഇവിടെ പറഞ്ഞത്. കാലം അഹോരാത്രങ്ങളുടെ (രാപകലുകളുടെ) രൂപത്തിലും തിഥി മുതലായവയുടെ രൂപത്തിലും രണ്ട് വിധമുണ്ട്. അതില്‍ അഹോരാത്ര രൂപമായ കാലത്തില്‍ നിന്നുള്ള അതിമുക്തിയെയാണിതില്‍ പറയുന്നത്. യജ്ഞ സാധനങ്ങളുള്‍പ്പെടെ എല്ലാം രാപകലുകള്‍ക്ക് അധീനമാണ്.
 യജമാനന്റെ ചക്ഷുസ്സും അധ്വരുവും എന്നത് പരിമിതികളെ വിട്ട് അധിദൈവതമായ ആദിത്യ രൂപത്തില്‍ കാണുന്നതാണ് മുക്തി. ആ മുക്തി അധിദൈവതമായ ആദിത്യാവസ്ഥയെ പ്രാപിക്കുമ്പോള്‍ അതിമുക്തി. ആദിത്യ ഉപാസനയാല്‍ ആദിത്യനായിത്തീര്‍ന്നാല്‍ പിന്നെ അവിടെ അഹോരാത്രങ്ങള്‍ക്ക് സ്ഥാനമില്ല.

No comments: