പെരുന്തച്ചനും പ്രതിഭാധനനായ മകനും
ഐതീഹ്യമാലയിലൂടെ-13
Wednesday 29 August 2018 1:10 am IST
ദിവ്യനായൊരു പുത്രനുണ്ടായിരുന്നു പെരുന്തച്ചന്. കഴിവില്‍ അച്ഛനോളം പ്രഗത്ഭനായിരുന്നു മകനും. ദിക്കുകള്‍ മാറി നോക്കുമ്പോള്‍ പല മാതൃകകളില്‍ കാണപ്പെട്ട പെരുന്തച്ചന്റെ അത്ഭുത കുളവുമായി ബന്ധപ്പെട്ട് മകനൊരു ചോദ്യമുയര്‍ത്തി. ''പുഴ കടന്ന് കുളത്തിലേക്ക് വല്ലവരും പോകുമോ?'' എന്നായിരുന്നു ചോദ്യം. ക്ഷേത്രത്തോട് ചേര്‍ന്നായിരുന്നു കുളം. പുഴയാകട്ടെ ഒരുപാട് ദൂരെയും. ''എന്തു ഭ്രാന്താണീ ചോദിക്കുന്നത്, പുഴ എത്ര അകലെയാണ്?'' എന്ന് പെരുന്തച്ചന്‍ മറുചോദ്യമുയര്‍ത്തി. എന്നാല്‍ മകന്റെ സംശയം വൈകാതെ യാഥാര്‍ഥ്യമായി. അങ്ങ് ദൂരെയായി ഒഴുകിക്കൊണ്ടിരുന്ന പുഴ ഏറെ വൈകാതെ അമ്പലത്തിന്റെയും കുളത്തിന്റെയും മധ്യത്തില്‍ ഗതിമാറി ഒഴുകിത്തുടങ്ങി. അമ്പലവും കുളവും രണ്ടു കരകളിലായി. പുഴ കടന്ന് കുളത്തിലേക്ക് ആരും പോകാതെയായി.
അല്‍പനാള്‍ കഴിഞ്ഞപ്പോള്‍ പുഴയില്‍ പെരുന്തച്ചനൊരു പാലം പണിതു. പാലത്തിനൊരു പ്രത്യേകതയുണ്ടായിരുന്നു. അതിന്റെ ഒരറ്റത്ത് ഒരു പാവയുണ്ടായിരുന്നു. പാലത്തിന്റെ മറ്റേ അറ്റത്ത് ആള്‍ കയറിയാല്‍ പാവ വെള്ളത്തിലേക്ക് താണു തുടങ്ങും. പാലത്തില്‍ കയറിയ ആള്‍ മധ്യത്തിലെത്തുമ്പോള്‍ പാവ വെള്ളത്തില്‍ മുങ്ങും. ആള്‍ നടന്ന് അങ്ങേയറ്റത്ത് എത്തുമ്പോഴേക്കും പാവ പഴയപടി അവിടെ നില്‍പ്പുണ്ടാകും. ആള്‍ മുഖാമുഖമെത്തിയാല്‍ പാവ അയാളുടെ മുഖത്ത് തുപ്പും. ഇതു കണ്ട് പെരുന്തച്ചന്റെ മകന്‍ മറ്റൊരു പാവയെ ഉണ്ടാക്കി. അതിനെ മുന്‍പുള്ള പാവയുടെ എതിര്‍ദിശയില്‍, അതായത് പാലത്തിന്റെ മറ്റേത്തലയ്ക്കല്‍ സ്ഥാപിച്ചു. പാലത്തില്‍ ആള്‍ കയറിയാല്‍ പാവ അയാള്‍ക്കു മുമ്പ് മറ്റേത്തലയ്ക്കല്‍ എത്തും. അവിടെയുള്ള പാവ യാത്രക്കാരന്റെ മുഖത്തു തുപ്പാനൊരുങ്ങുമ്പോള്‍ ഈ പാവ അതിന്റെ ചെകിടത്തടിക്കും. അടികിട്ടിയാല്‍ പാവയുടെ മുഖം തിരിഞ്ഞു പോകും. പിന്നെ തുപ്പാനാവില്ല.
ഒരിക്കല്‍ യാത്രക്കിടെ പെരുന്തച്ചന്‍ കുറച്ച് ആശാരിമാര്‍ ഒരു അമ്പലം പണിയുന്നതായി കണ്ടു. പെരുന്തച്ചന്‍ അവര്‍ക്കരികെ ചെന്ന് അവരുടെ ജോലികള്‍ വീക്ഷിച്ചു നിന്നു. ആശാരിമാരാരും പെരുന്തച്ചനെ കണ്ടതായിപ്പോലും നടിച്ചില്ല. ഊണു കഴിക്കാന്‍ പോകുമ്പോള്‍ പെരുന്തച്ചനെ വിളിച്ചതുമില്ല. ഉടനെ പെരുന്തച്ചന്‍ അവിടെ ശ്രീകോവിലിനായി മാറ്റിയിട്ടിരുന്ന കഴുക്കോലുകളുടെ അറ്റത്ത് ഓരോ വരവരച്ച് അവിടം വിട്ടു പോയി. ഊണു കഴിഞ്ഞെത്തിയ ആശാരിമാര്‍ പണി തുടര്‍ന്നു. കഴുക്കോലില്‍ കണ്ട വര, കണക്കാശാരി വരച്ചതാണെന്നു ധരിച്ച് വരയില്‍ വെച്ച് കഴുക്കോല്‍ അവര്‍ മുറിച്ചു മാറ്റി. മുറിച്ച കഴുക്കോലുകളെല്ലാം ചേര്‍ത്ത് കൂട്ടു കേറ്റിയെങ്കിലും കൂടം പിടിച്ചില്ല. പഠിച്ച വിദ്യകളെല്ലാം പ്രയോഗിച്ചിട്ടും വിഫലമായി. ഇതെങ്ങനെ ഈ പിഴവുണ്ടായെന്ന് അവര്‍ സങ്കടപ്പെട്ടു.
പെരുന്തച്ചന്‍ പിന്നീട് കുറേ കടുന്തുടികള്‍ ഉണ്ടാക്കി പണിതു കൊണ്ടിരിക്കുന്ന ക്ഷേത്രത്തിലേക്കു തിരിച്ചു പോയി. ഇതു കണ്ട് മകനും അദ്ദേഹത്തെ അനുഗമിച്ചു. ആശാരിമാര്‍ ഉണ്ണാന്‍ പോയ തക്കം നോക്കി പെരുന്തച്ചന്‍ ശ്രീകോവിലിനു മുകളില്‍ ഇയറി കടുന്തുടികള്‍ ഇണക്കിച്ചേര്‍ത്ത് ഒരടി കൊടുത്തു. മകനെ അവിടെ കണ്ട പെരുന്തച്ചന്‍ അവനോടായി 'കൂടം പിടിച്ചത് കണ്ടോടാ?' എന്നു ചോദിച്ചു. കാണുക മാത്രമല്ല, പഠിക്കുകയും ചെയ്തു എന്നായിരുന്നു മകന്റെ ഉത്തരം. ഇങ്ങനെ പല അവസരങ്ങളിലായി, മകന്‍ തന്നേക്കാള്‍ കേമനായി വളര്‍ന്നേക്കുമെന്ന ഭീതിയും അസൂയയും പെരുന്തച്ചനില്‍ പെരുകി.
മകന്‍ ജീവിച്ചിരുന്നാല്‍ തന്റെ യശസ്സിനു ഭംഗം വന്നേക്കുമെന്നു ചിന്തിച്ച് ഒടുവില്‍ പെരുന്തച്ചന്‍ അവനെ കൊല്ലാനുറച്ചു.
No comments:
Post a Comment