Friday, August 24, 2018

പാടിപ്പതിഞ്ഞ ശീലുകളില്‍ ഒരുമാറ്റമുണ്ടായാല്‍ അതുള്‍ക്കൊള്ളാനാവാതെ, വീണ്ടും വീണ്ടും പഴയശീലുകള്‍ ആവര്‍ത്തിക്കുന്നവരുടെ മനസ്സിലേക്ക് ഓണത്തിന്റെ ചരിത്രം ഇപ്പോള്‍ കേട്ടുപഴകിയതൊന്നുമല്ലെന്ന് പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി. ചരിത്രത്തെ മാറ്റുകയോ? അസാധ്യം എന്നവര്‍ വിധിയെഴുതും. മഹാബലിയും വാമനനും നിറഞ്ഞുനില്‍ക്കുന്ന ഓണസങ്കല്‍പ്പത്തിന് എത്ര വര്‍ഷത്തെ പഴക്കമുണ്ട്? സംഘകാലകൃതികളിലും, എഡി എട്ടാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനുമിടയിലും രചിക്കപ്പെട്ട പല കൃതികളിലും ഓണത്തെപ്പറ്റി പരാമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍  മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളില്‍ അഞ്ചാമത്തെ അവതാരമായ വാമനന്റെ അവതാരോദ്ദേശ്യത്തെ ചിലര്‍ക്കെങ്കിലും തെറ്റായി വ്യാഖ്യാനിക്കാന്‍ ഇട നല്‍കുന്നതാണ് നിലവിലെ ഓണസങ്കല്‍പ്പം. ഭഗവാന്‍ ഓരോ യുഗത്തിലും ധര്‍മ്മ സംസ്ഥാപനമെന്ന ലക്ഷ്യം നിറവേറ്റാന്‍ അവതരിക്കുന്ന കാലവും ദേശവും തികച്ചും വിഭിന്നമാണ്. ദശാവതാരത്തിലെ ആദ്യമനുഷ്യരൂപം എന്ന് വിശേഷിപ്പിക്കുന്ന വാമനന്‍ പിറന്നതും ഇവിടെ കേരളത്തിലല്ലതാനും. വാമനന്റെ ജന്മനക്ഷത്രം തിരുവോണം ആണെന്നതിന് വാമനപുരാണത്തിലും തെളിവില്ല. നര്‍മദാ നദീതീരത്ത് അശ്വമേധയാഗം നടത്താന്‍ തയ്യാറെടുത്ത മഹാബലിയുടെ സമീപത്തെക്കാണ് വാമനന്‍ മൂന്നടി മണ്ണ് ചോദിച്ചെത്തിയതെന്നും പുരാണ വിജ്ഞാനകോശത്തില്‍ പറയുന്നു. അങ്ങനെയെങ്കില്‍ കേരളം ഭരിച്ച മഹാബലി ചക്രവര്‍ത്തി ആരാണ് ?n ഓരോ അവതാരങ്ങള്‍ക്കും ഓരോ ലക്ഷ്യമുണ്ടെന്നതിന് തര്‍ക്കമില്ല. വാമനാവതാരത്തിന് പിന്നിലും ആ ലക്ഷ്യം നമുക്ക് കാണാന്‍ സാധിക്കും. ദാനധര്‍മ്മാദികള്‍ക്കൊണ്ട് ഇന്ദ്രനേക്കാളും ശ്രേഷ്ഠത കൈവരിച്ച ബലി ചക്രവര്‍ത്തിയുടെ അഹങ്കാരത്തെ ശമിപ്പിക്കുകയായിരുന്നു ആ ലക്ഷ്യം. ഭൗതികതയും ആത്മീയതയും തമ്മിലുള്ള സംഘര്‍ഷം അത് അനാദികാലം മുതലേ നിലനിന്നിരുന്നുവെന്ന് പുരാണങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. തികഞ്ഞ ഭൗതികവാദിയായ, മഹാവിഷ്ണുവിനെ പാടേ നിരാകരിച്ച ഹിരണ്യകശിപുവും അതേസമയം സ്വന്തം ആനന്ദത്തില്‍ ലയിച്ചിരുന്ന, വിഷ്ണുദേവനെ സദാ സ്മരിച്ചിരുന്ന ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദനുമാണ് ഭൗതികതയുടേയും ആത്മീയതയുടേയും ഉത്തമോദാഹരണങ്ങള്‍. വിഷ്ണുദേവനെ ആരാധിക്കുന്ന മകന്‍ പ്രഹ്ലാദന് പീഡനങ്ങള്‍ സമ്മാനിക്കുന്ന ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്നതിലൂടെ ഭക്തനെ രക്ഷിക്കുന്നതിനായാണ് തൂണുപിളര്‍ന്ന് നരസിംഹമായി വിഷ്ണു അവതരിക്കുന്നത്. പ്രഹ്ലാദന്റെ മകന്‍ വിരോചനന്റെ പുത്രനാണ് മഹാബലി. അങ്ങനെനോക്കുമ്പോള്‍ വാമനന്‍ മഹാബലിക്ക് ഗുരുസ്ഥാനീയനുമാണ്. ഗുരുവിന്റെ പാദം ശിരസില്‍ പതിയുന്നതിലൂടെ ദീക്ഷയാണ് മഹാബലിക്ക് വാമനന്‍ നല്‍കുന്നതും. പരമമായലക്ഷ്യം പ്രാപിക്കുന്നതിന് ഒരുവന്‍ അവന്റെ അഹങ്കാരം വെടിയേണ്ടതുണ്ട്. ആ അഹങ്കാരത്തെയാണ് വാമനന്‍ സുതലം എന്നും അറിയപ്പെടുന്ന മൂലാധാരത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നത്. 14 അനുഭവമണ്ഡലങ്ങളില്‍ ഒന്നാണ് സുതലം. അടുത്ത കല്‍പത്തില്‍ ഇന്ദ്രസമാന പദവി നല്‍കിക്കൊണ്ടാണ് വാമനന്‍ മഹാബലിയെ സുതലത്തിലേക്ക് അയക്കുന്നതും. കേരളവുമായി ഈ സംഭവത്തിന് ബന്ധമൊന്നും പറയുന്നില്ലതാനും. അങ്ങനെയെങ്കില്‍ കേരളവുമായി ബന്ധപ്പെട്ട് ഓണത്തിന്റെ ചരിത്രം എന്തായിരിക്കും. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ.. ഓണത്തെപ്പറ്റി, സമ്പല്‍സമൃദ്ധിയുടെ ആ നല്ല നാളുകളെക്കുറിച്ച് വര്‍ണിക്കുന്ന വരികള്‍. എന്നാല്‍ ഇതില്‍ ഒരിടത്തും മഹാബലിയെക്കുറിച്ച് പരാമര്‍ശമില്ല. കേരളത്തില്‍ സമ്പല്‍സമൃദ്ധിയുടെ, കള്ളവും ചതിയും ഇല്ലാത്ത ഒരു നല്ല ഇന്നലെയുണ്ടായിരുന്നു. അതൊരുവാസ്തവമാണ്. ബുദ്ധമതത്തിന്റേയും ജൈനമതത്തിന്റേയും സ്വാധീനമുണ്ടായിരുന്ന, ആദിചേര രാജാക്കന്മാര്‍ ഭരിച്ചിരുന്ന പ്രദേശങ്ങള്‍. എല്ലാ അര്‍ത്ഥത്തിലും സ്വയം പര്യാപ്തമായ പ്രദേശങ്ങള്‍. കുട്ടനാടായിരുന്നു ആദിചേരരാജാക്കന്മാരുടെ ആസ്ഥാനമെന്നു ചരിത്ര രേഖകളില്‍ കാണുന്നു. സകല ശാസ്ത്ര സാങ്കേതിക വിദ്യകളിലും പുരോഗതി ഈ ദേശങ്ങള്‍ കൈവരിച്ചിരുന്നത്രെ. കൃഷി ശാസ്ത്രീയമായ രീതിയില്‍ത്തന്നെ വികസിച്ചിരുന്നു. പരിസ്ഥിതിയെ എങ്ങനെ പരിപാലിക്കണമെന്ന് മനസ്സിലാക്കിയിരുന്നു അവര്‍. ലോഹനിര്‍മാണത്തിനും പേരുകേട്ടിരുന്നു. കായംകുളം വാള്‍തന്നെ ഇതിന് ഉദാഹരണം. ലോഹത്താല്‍ നിര്‍മിതമായ ഒട്ടനവധി വസ്തുക്കള്‍ ആ വൈദഗ്ധ്യത്തിന്റെ ശേഷിപ്പുകളായുണ്ട്. സ്ഫടിക നിര്‍മാണ മേഖലയിലും പുരോഗതി കൈവരിച്ചിരുന്നു. പ്രശസ്തമായ ആറന്മുളക്കണ്ണാടിതന്നെ ഇതിന് സാക്ഷ്യം. വെടിമരുന്നിന്റെ ഉപയോഗവും ഇന്നാട്ടുകാര്‍ക്ക് വശമായിരുന്നു. പഞ്ചകര്‍മ ചികിത്സയും കപ്പല്‍നിര്‍മാണ വിദ്യവരെയും ആ നാട്ടുകാര്‍ക്ക് കരഗതമായിരുന്നു. കപ്പല്‍ നിര്‍മാണ വിദ്യയെക്കുറിച്ച് ഉണ്ണുനീലി സന്ദേശത്തിലും പരാമര്‍ശമുണ്ട്. ''ചൊങ്കും ചമ്പ്രാണിയുമുടനുടന്‍ വന്ന ചേണാടന്നുകൊണ്ടാ ക്രായന്തിജലധിമഖിലം നിന്നുടേ കീര്‍ത്തിപോലെ പൊന്‍മാടാനാം മണിമകുടമാം നാവുകൊണ്ടെച്ചിലാക്കി ക്കൂടക്കൂടക്കടലില്‍ മുഴുകിച്ചംബുജാന്‍ വേദയന്തി'' എന്ന് എഡി 14-ാം നൂറ്റാണ്ടില്‍ രചിച്ച ഉണ്ണുനീലി സന്ദേശത്തില്‍ ചൈനയും കൊല്ലവുമായി വ്യാപാരബന്ധം ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നവയാണ്. ഇതില്‍ ചൊങ്ക് അവരുടെ വലിയ കപ്പലും ചമ്പ്രാണി അവരുടെ ചെറിയകപ്പലുമാണ്. പഞ്ചകര്‍മ ചികിത്സകളിലൊന്നായ വമന ചികിത്സതന്നെയാണ് ഒരര്‍ത്ഥത്തില്‍ ചേര്‍ത്തലയിലെ തിരുവിഴ ക്ഷേത്രത്തില്‍ നടക്കുന്നതും. വാഗ്ഭടന്‍ അഷ്ടാംഗഹൃദയം രചിച്ചത് ചേര്‍ത്തലത്താലൂക്കില്‍ ഉള്‍പ്പെടുന്ന കടക്കരപ്പള്ളിയിലാണെന്നും പറയപ്പെടുന്നു. കൊല്ലവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇപ്പോഴത്തെ കാലഗണനയ്ക്ക് മുമ്പുതന്നെ കണ്ടിയൂര്‍ അബ്ദം എന്ന പേരില്‍ കാലഗണന നടത്തിയിരുന്നതിനും തെളിവുകളുണ്ട്. കണ്ടിയൂര്‍ ശിവക്ഷേത്രത്തില്‍ നിന്നും കണ്ടെടുത്ത് പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ കണ്ടിയൂര്‍ വര്‍ഷത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അതനുസരിച്ച് കണ്ടിയൂര്‍ വര്‍ഷം ആരംഭിക്കുന്നത് കൊല്ലവര്‍ഷത്തിന് രണ്ടുകൊല്ലം മുമ്പാണ്. കണ്ടിയൂര്‍ ക്ഷേത്രം കായംകുളം രാജാക്കന്മാരുടെ അധീനതയിലായിരുന്നു. തൃക്കുന്നപ്പുഴ കേന്ദ്രീകരിച്ച് ശ്രീമൂലവാസം എന്ന പേരില്‍ സര്‍വകലാശാല നിലനിന്നിരുന്നതായി പറയപ്പെടുന്നു. ഇവിടുത്തെ അവസാനത്തെ കുലപതിയായിരുന്ന മഞ്ജുശ്രീയെന്ന യോഗിനിയാണ് ബുദ്ധമതത്തെ താന്ത്രിക സമ്പ്രദായവുമായി കൂട്ടിക്കലര്‍ത്തി വജ്രായന ബുദ്ധമതം രൂപീകരിച്ചത്. എല്ലാം ഭഗവാന്റേതാണെന്ന മനോഭാവം വച്ചുപുലര്‍ത്തിയ ഒരു ജനതയായിരുന്നു അത്. ഓരോവീട്ടിലും മച്ചില്‍ ഭഗവതി കുടികൊണ്ടിരുന്നു. അളവു തൂക്കങ്ങള്‍ കൃത്യമായിരുന്നു. ബാലമരണങ്ങളും ഉണ്ടായിരുന്നില്ല. യുദ്ധതന്ത്രങ്ങളില്‍ നിപുണരായിരുന്ന അവര്‍ യുദ്ധത്തെ കളിയെന്നായിരുന്നു വിശേഷിപ്പിച്ചിരുന്നതും. കിളിത്തട്ട് എന്ന യുദ്ധതന്ത്രം അവര്‍ക്ക് സ്വന്തമായുണ്ടായിരുന്നു. ആ സമ്പല്‍സമൃദ്ധിയുടെ നല്ലനാളുകള്‍ക്ക് അന്തഃഛിദ്രം സംഭവിച്ചത് ആ നാട്ടുരാജാക്കന്മാരുടെ ജീവിതഗതിയിലുണ്ടായ വ്യതിയാനം കൊണ്ടാണ്. മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം കായംകുളത്തെ അക്രമിച്ചതിലൂടെ ആ പതനം പൂര്‍ണമായെന്നു ചരിത്രം പറയുന്നു.  ഓണാട്ടരചന്‍ എന്നത് കായംകുളം രാജാവിന്റെ അപരനാമമായും അറിയപ്പെടുന്നു. രാജ്യം വിടാന്‍ നിര്‍ബന്ധിതനായ കായംകുളം രാജാവ് പോകുന്നതിന് മുമ്പ് വിലപിടുപ്പുള്ളതെല്ലാം അഷ്ടമുടിക്കായലില്‍ താഴ്ത്തിയശേഷം തൃശൂരിലേക്ക് പലായനം ചെയ്തതായും ചരിത്രരേഖകള്‍ പറയുന്നു. ഐശ്വര്യസമൃദ്ധമായ ആ നല്ല ദിനങ്ങളെക്കുറിച്ചാണ് അജ്ഞാത കവി മാവേലിനാട് വാണീടും കാലം എന്ന വരികള്‍ കുറിച്ചിട്ടിരിക്കുന്നതെന്നാണ് ഒരു വാദം. മാവേലി എന്നതിന് അര്‍ത്ഥം പലതുണ്ടെന്നാണ് പണ്ഡിതമതം. മാ എന്നാല്‍ മഹാലക്ഷ്മിയെന്നാണ് അര്‍ത്ഥം. വേലി എന്നാല്‍ കാവല്‍ എന്നും അര്‍ത്ഥം. ഐശ്വര്യലക്ഷ്മിയായ ലക്ഷ്മിjദേവി കാവല്‍ നില്‍ക്കുന്ന നാട് എന്നര്‍ത്ഥത്തിലാണ് മാവേലി നാട് വാണീടും കാലം എന്ന് ആ നല്ല ദിനങ്ങളെക്കുറിച്ച് പറയുന്നത്. മായും വേലിയും സംഘകാലത്തെ അളവുകോല്‍ ആയിരുന്നെന്നും പറയപ്പെടുന്നു. ആ നല്ല നാളുകളില്‍ ആധികളും വ്യാധികളും ബാലമരണങ്ങളും കേള്‍പ്പാനുണ്ടായിരുന്നില്ല താനും. ഒരു രാജ്യത്തിന്റെ പുരോഗതിയെ നിര്‍ണയിക്കുന്ന അളവുകോലുകളിലൊന്നാണ് ആ രാജ്യത്തെ ശിശുമരണ നിരക്ക്. അങ്ങനെനോക്കുമ്പോള്‍ ബാലമരണങ്ങള്‍ ഇല്ലാത്ത നാട് അക്ഷരാര്‍ത്ഥത്തില്‍ പുരോഗതിയെ പ്രാപിച്ചിരുന്നു. കള്ളമില്ലാത്ത, ചതിയില്ലാത്ത എള്ളിന്റെ അത്രപോലും പൊളിവചനങ്ങള്‍ പറയാത്ത, ഇന്ന് സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത സ്വര്‍ഗതുല്യമായ ഒരു നാട്. പൂജാദ്രവ്യങ്ങളിലൊന്നായ എള്ള് സമൃദ്ധമായി കൃഷിചെയ്തിരുന്നത് ഓണാട്ടുകരയിലായിരുന്നു.  ആ സ്വാധീനം തന്നെയാണ് ഈ പാട്ടിലും കാണുന്നത്.  എന്നാല്‍ ഈ പാട്ടിന് അനേകം വര്‍ഷങ്ങളുടെ പഴക്കമൊന്നും അവകാശപ്പെടാനാവില്ലെന്ന് ആ ഭാഷ പരിശോധിച്ചാല്‍ വ്യക്തമാവുകയും ചെയ്യും. ഈ പാട്ടില്‍ പറയുന്ന, ആ പൈതൃക സ്മരണകള്‍ നിലനിര്‍ത്തിപ്പോരുന്നതിനാണ് ആ നാട്ടുകാര്‍ ഓണം ആഘോഷിച്ചതെന്നും പൂക്കളം തീര്‍ത്തതെന്നും പറയപ്പെടുന്നു. പൂക്കളം കൊണ്ട് ഐശ്വര്യത്തിന്റെ പ്രതീകമായ ശ്രീചക്രമായിരുന്നു വരച്ചിരുന്നത്. തെക്കോട്ട് ഓണത്തിന് വാമനനെ ആദരിക്കുന്ന ചടങ്ങുപോലുമില്ലായിരുന്നു. ഓണം കേരളത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും എത്തുന്നത് തെക്കന്‍കാരുടെ വടക്കോട്ടുള്ള കുടിയേറ്റത്തിലൂടെയാണെന്നും പറയപ്പെടുന്നു. എള്ളിന്റെ മണമുള്ള ഓണാട്ടുകരയിലെ ലക്ഷ്മി നിറയുന്ന, ഗൃഹാതുരത്വമണമുള്ള ഓര്‍മയാണ് ഓണം.  ചിങ്ങമാസത്തില്‍ പൂര്‍ണചന്ദ്രന്‍ ശ്രാവണനക്ഷത്രത്തില്‍ സഞ്ചരിക്കുന്ന സുദിനമത്രെ  ഓണം. പക്ഷേ നമ്മുടെ പഞ്ചാംഗക്കണക്കിലും പിശകുണ്ടോ എന്നു സംശയിപ്പിക്കും വിധം ഇക്കുറി തിരുവോണം വന്നിരിക്കുന്നത് ത്രയോദശിയിലാണ്. പൗര്‍ണമി വരുന്നത് പൂരുരുട്ടാതി നക്ഷത്രത്തിലാണ്. എഡി ഒമ്പതാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന പെരിയാഴ്‌വരുടെ 'പല്ലാണ്ട് 'എന്ന കൃതിയിലും ഓണത്തെപ്പറ്റിയുള്ള ചില പരാമര്‍ശങ്ങളുണ്ട്. നമ്മുടെ ഓണ സങ്കല്‍പ്പത്തിലേക്ക് എങ്ങനെയാണ് മഹാബലിയും വാമനനും കടന്നുവന്നതെന്ന് ചോദിച്ചാല്‍ ഒരു വിശ്വാസകഥയാവാനേ വഴിയുള്ളുവെന്നേ ഉത്തരം പറയാനാവുന്നുള്ളു പലര്‍ക്കും. എന്നാല്‍ ഓണം എന്ന ഉദാത്തമായ സങ്കല്‍പ്പം കാലാനുവര്‍ത്തിയായി നിലനില്‍ക്കുമെന്നതിലും തര്‍ക്കമില്ല. പക്ഷേ അത് ഐതിഹ്യങ്ങളേയും ഓണത്തിന്റെ യഥാര്‍ത്ഥ പൊരുളിനേയും വളച്ചൊടിച്ചുകൊണ്ടാവരുത്. ഭൗതികതലത്തില്‍ നിന്നും ആത്മീയ തലത്തിലേക്കുള്ള ഉണര്‍വിനെയാണ് ഓണം എന്നതുകൊണ്ട് വിവക്ഷിക്കാനാവുക. ബുദ്ധമതത്തിന്റെയും ശൈവവിശ്വാസത്തിന്റേയും സ്വാധീനം ഓണം എന്നവാക്കിലും കാണാം. ണ എന്നത് ബുദ്ധമതവുമായി ബന്ധപ്പെട്ട മന്ത്രാക്ഷരമത്രെ. ഓ എന്നതിന് ഓം എന്നും ബ്രഹ്മം എന്നും അര്‍ത്ഥം കല്‍പിക്കാം. ണം എന്നതിന് ജ്ഞാനം എന്നും അര്‍ത്ഥം ഉണ്ട്. അങ്ങനെയെങ്കില്‍ ബ്രഹ്മത്തെക്കുറിച്ചുള്ള ജ്ഞാനം എന്നും പ്രണവമന്ത്രത്തിന്റെ പൊരുള്‍ തേടലെന്നും ഓണത്തിന് അര്‍ത്ഥം കണ്ടെത്താന്‍ സാധിക്കുമെന്ന് പണ്ഡിതന്മാര്‍ പറയുന്നു. 'കാണം വിറ്റും ഓണം ഉണ്ണണം' എന്ന് പറയുമ്പോള്‍ത്തന്നെ ഭൗതികചിന്തയെ ത്യജിച്ച്  ആത്മീയ ചിന്തയിലേക്ക് ഉയരുകയെന്നതാണ് മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യം എന്ന ബോധമാണ് ഓണത്തിലൂടെ പകര്‍ന്നുകിട്ടുന്നത്. പക്ഷേ, കടം വാങ്ങിയും ഓണക്കാലം ധൂര്‍ത്തടിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്ന ഈ ഉപഭോക്തൃ സംസ്‌കാര കാലത്ത് ഓണത്തിന്റെ വേരുകള്‍ കണ്ടെത്താന്‍ ആര്‍ക്കുണ്ട് നേരം. എങ്കിലും, എന്തെല്ലാം പറഞ്ഞാലും ഓണം നമ്മുടെ ഒരു മധുരമൂറുന്ന വിശ്വാസമാണ്, ആശ്വാസമാണ്...

No comments: