ഗുല്‍ഗുലു
വീട്ടുമുറ്റത്തെ ഔഷധസസ്യങ്ങള്‍/ വി.കെ.ഫ്രാന്‍സിസ്
Friday 31 August 2018 1:03 am IST
ശാസ്ത്രീയനാമം: Commiphora wightii
സംസ്‌കൃതം: ഗുഗ്ഗുലു, കൗശിക, പുര
തമിഴ്: ഗുക്കുലു, ഗുഗ്ഗുലു
എവിടെ കാണാം: ഉഷ്ണമേഖലാ പ്രദേശങ്ങളില്‍, ഇന്ത്യയില്‍ ആന്ധ്രാപ്രദേശിലും ഉത്തര തമിഴ്‌നാട്ടിലും
പ്രത്യുത്പാദനം: വിത്തില്‍ നിന്ന്
ഗുല്‍ഗുലു കേരളത്തില്‍ വളരുന്ന ഔഷധമല്ല . ഗുല്‍ഗുലു മരത്തിന്റെ പശയാണ് ഔഷധമായി ഉപയോഗിക്കുന്നത്. എന്നാല്‍ ഒട്ടേറെ ആയൂര്‍വേദ ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന ചേരുവയായതിനാലാണ് ഇതേക്കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നത്.
ഔഷധ പ്രയോഗം: ഗുല്‍ഗുലു അരച്ച് തേച്ചാല്‍ കുരുക്കള്‍ പെട്ടെന്ന് വറ്റിപ്പോകും. ഇത് കത്തിച്ച് പുകയേല്‍പ്പിച്ചാല്‍ വ്രണങ്ങള്‍ വേഗത്തില്‍ കരിയും. ഗുല്‍ഗുലു ഉള്ളില്‍ സേവിക്കാനായി ശുദ്ധിചെയ്‌തെടുക്കണം. ഗുല്‍ഗുലു ചെറിയ കിഴികളാക്കി പച്ചമഞ്ഞള്‍, ആര്യവേപ്പില ഇവയിട്ട വെള്ളത്തില്‍ തിളപ്പിച്ച് ശുദ്ധി ചെയ്യാം. പച്ചമഞ്ഞളും ആര്യവേപ്പിലയും ചതച്ചിട്ട വെള്ളമെടുത്ത് ഇഡ്ഡിലി പാത്രത്തിലൊഴിച്ച് അതിന്റെ തട്ടില്‍ ഗുല്‍ഗുലു വെച്ച് ആവി കയറ്റിയെടുത്തും ശുദ്ധീകരിക്കാം. ഗുല്‍ഗുലുവില്‍ പറ്റിപ്പിടിച്ച കല്ല്, മണ്ണ്, ഇലയുടെ അംശങ്ങള്‍ എന്നിവ നീക്കണം.
ഗജചര്‍മമെന്ന ( ശരീരത്തിലെ തൊലി കട്ടിപിടിച്ച് ആനയുടെ തൊലിക്ക് സമാനമായി വിണ്ടുകീറിയുണ്ടാകുന്ന വ്രണം) രോഗത്തിന് ഗുല്‍ഗുലാദി തൈലത്തില്‍ പുത്തും തുരിശും പൊന്‍കാരവും ചൂടന്‍ കര്‍പ്പൂരവും പൊടിച്ച് പഴക്കമുള്ള വെളിച്ചെണ്ണ ഇരുമ്പു ചട്ടിയിലെടുത്തതില്‍ ചേര്‍ത്ത് വെയിലില്‍ ചൂടാക്കി പുരട്ടുക.
ഭഗന്ദരത്തിന് ( ഫിസ്റ്റുല) , ശുദ്ധിചെയ്ത ഗുല്‍ഗുലു 300 ഗ്രാം, തിപ്പലി 100 ഗ്രാം, ഉണക്കനെല്ലിക്ക 50 ഗ്രാം, താന്നിക്കാ തൊണ്ട് 50 ഗ്രാം, ശുദ്ധിചെയ്ത കൊടുവേലിക്കിഴങ്ങ് 100 ഗ്രാം, ഇവ ഉണക്കിപ്പൊടിച്ച് അഞ്ചുഗ്രാം പൊടിയെടുത്ത് ദിവസം രണ്ടു നേരം തേനില്‍ ചേര്‍ത്ത് ഒരുമാസം തുടര്‍ച്ചയായി സേവിക്കുക. അതോടൊപ്പം കാഞ്ഞിരത്തിന്റെ ഇലയും തൊലിയും കാട്ടപ്പയും ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ 20 മിനിട്ട് ഇരിക്കുകയും ചെയ്താല്‍ ഭഗന്ദരം പൂര്‍ണമായും ശമിക്കും.
ശുദ്ധി ചെയ്ത ഗുല്‍ഗുലുവും ഞെരിഞ്ഞിലും സമം ചേര്‍ത്തു പൊടിച്ച് അഞ്ചുഗ്രാം ( ഒരു ടേബിള്‍ സ്പൂണ്‍) പൊടി, പാലില്‍ ദിവസവും രണ്ടു നേരം മുപ്പതു ദിവസം തുടര്‍ച്ചയായി കഴിച്ചാല്‍ പ്രമേഹം നിയന്ത്രിക്കാം. നെല്ലിക്കാത്തൊണ്ട്, താന്നിക്കാത്തൊണ്ട്, കടുക്കാത്തൊണ്ട്, ചിറ്റമൃത്, കൊടകപ്പാല അരി, വിഴാലരി, കാര്‍കോലരി, കുരുമുളക്, കൊടുവേലിക്കിഴങ്ങ് ശുദ്ധി ചെയ്തത് എന്നിവ തുല്യ അളവിലെടുത്ത്് എട്ടിരട്ടി ശുദ്ധി ചെയ്ത ഗുല്‍ഗുലു ചേര്‍ത്ത് പൊടിച്ച് അഞ്ചുഗ്രാം
പൊടി ദിവസവും രണ്ടു നേരം തേനില്‍ സേവിച്ചാല്‍ തൊണ്ണൂറു ദിവസം കൊണ്ട് പൊണ്ണത്തടി മാറും. നാനാവിധത്തിലുള്ള സ്ത്രീരോഗങ്ങളും ശമിക്കും. ഇത് അര്‍ശസിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും നല്ല ഔഷധമാണ്.
No comments:
Post a Comment