രാവിലെ ഉണരുമ്പോള്‍ ശരീരത്തിനും മനസിനും നല്ല സുഖം. സൂര്യനുദിച്ചുകഴിഞ്ഞ് ശരീരത്തിലെ പേശികളും നാഡീഞരമ്പുകളും വലിഞ്ഞുമുറുകി ഊര്‍ജ്ജസ്വലമായ് നാം കര്‍മ്മനിരതരാകുന്നു. വൈകി ഇരുട്ടിത്തുടങ്ങിയാല്‍ എല്ലാം മയങ്ങുന്ന അവസ്ഥ. ഇങ്ങനെ പ്രകൃതി നിത്യവും നമ്മില്‍ സ്വാധീനിക്കുന്നു. സത്വം രജസ്സ് തമസ്സ്. ഇങ്ങനെ ത്രിഗുണാത്മികയായ പ്രകൃതിയാല്‍ പ്രേരിതരായി നാം ഓരോരുത്തരും ഓരോ അവസ്ഥയെ പ്രാപിക്കുകയാണ്. അതായത് നാം പ്രകൃതിയെ അല്ല പ്രകൃതി നമ്മെയാണ് ബലാല്‍ പ്രേരിപ്പിച്ച് ഒരോന്നു ചെയ്യിക്കുന്നത്. അങ്ങനെയുള്ള ഈ ത്രിഗുണാത്മികമായ പ്രകൃതിയുടെ നിയന്ത്രണത്തില്‍ കഴിയുന്ന നമുക്ക് എങ്ങനെയാണ് സ്വാതന്ത്ര്യം ഉണ്ടെന്നു പറയുവാന്‍ ആകുക? ഒരിക്കലും മന്ത്രംകൊണ്ടൊ തന്ത്രംകൊണ്ടോ ആധുനികശാസ്ത്രങ്ങള്‍കൊണ്ടോ ഒരാള്‍ക്കും സത്യംകണ്ടെത്തി പ്രകൃതിയെ വെല്ലുവിളിക്കാന്‍ കഴിയില്ലല്ലോ!
ഏതൊരു വിദ്യകൊണ്ടും നാം പ്രകൃതിയുടെ സ്വരൂപത്തെയും നമ്മുടെ ബന്ധനത്തെയുമാണ് കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അങ്ങനെ അറിയുന്തോറും നമ്മുടെ അഹങ്കാരം നശിക്കുകയും സത്യം വെളിപ്പെടുകയും ചെയ്യും എന്ന് ആചാര്യന്മാര്‍ പറയുന്നു. അപ്പോള്‍ നാം പ്രപഞ്ചസ്വരൂപിണിയെ അഹംവച്ച് നമസ്ക്കരിക്കുകയും ചെയ്യും. ഗീതയില്‍ പറയുന്നു പ്രകൃതിയുടെ ഗുണങ്ങളാല്‍ പ്രേരിതരായി എല്ലാം എല്ലായിപ്പോഴും കര്‍മ്മംചെയ്തുകൊണ്ടിരിക്കുന്നു. നോക്കു, സാത്വികത്തിന്‍റെ ഫലമായ ഉണര്‍ച്ചയും സുഖവും നാം രാവിലെ അനുഭവിക്കുന്നു, രാജസത്തിന്‍റെ ചലനാത്മകതയും നാം പകല്‍ അറിയുന്നു, രാത്രി തമസ്സില്‍ എല്ലാം അടങ്ങുന്നതും നാം അറിയുന്നു. നമ്മുടെ ബാഹ്യവും ആന്തരികവുമായ അവസ്ഥയെ നിയന്ത്രിച്ചത് ആരാണ് ? പ്രകൃതിയിലെ ഗുണങ്ങള്‍ ആണ്. അപ്പോള്‍ നമ്മുടെ അവസ്ഥയും അനുഭവങ്ങളും ചഞ്ചലമാണല്ലോ! ചഞ്ചലമായ ജീവിതാവസ്ഥ നമ്മുടെ നിയന്ത്രണത്തിലല്ലല്ലോ! അതിനാല്‍ നമുക്ക് അചഞ്ചലമായ ആധാരം ഉണ്ടാകണം. അങ്ങനെവരുമ്പോള്‍ വിദ്യയെയും അവിദ്യയെയും വേര്‍തിരിച്ചറിയേണ്ടിയിരിക്കുന്നു. മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന പ്രകൃതിയെകുറിച്ചുള്ള അറിവും അതിന്‍റെ പ്രയോഗങ്ങളും അവിദ്യയാകുന്നു. മാറ്റം ഉള്ളതിനാല്‍ സ്ഥിരതയില്ലാത്തതിനാല്‍ ഉണ്ടായിനിലനിന്ന് മാറുന്നതിനാല്‍ അത് മായയാണ്, അവിദ്യയാണെന്നു മാത്രം. മാറ്റമില്ലാത്തതും എല്ലാ മാറ്റങ്ങള്‍ക്കും ആധാരമായി നിലകൊള്ളുന്നതും എന്താണോ അതൊന്നുമാത്രമാണ് വിദ്യ. മറ്റെല്ലാം അവിദ്യയാണ്.
ഈ മായാബന്ധനത്തില്‍നിന്നും നമ്മെ രക്ഷിക്കാന്‍ ഒരാള്‍ക്കേ സാധിക്കൂ. പ്രകൃതിസ്വരൂപിണിയായി ത്രിഗുണാത്മികയായി മുന്നില്‍ നില്‍ക്കുന്ന ദേവിക്ക്. മനുഷ്യന്‍ അവന്‍റെ എല്ലാ അഹങ്കാരവും അവിടെ സമര്‍പ്പിക്കണം. ഗുരു പറയുന്നു -
''നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.''
''നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി -
സ്സായുജ്യം നൽകുമാര്യനും.''
വിവേകാനന്ദസ്വാമികള്‍ പറയും ''ഈ ബന്ധനത്തിനുള്ളില്‍ തന്നെ പുറത്തേയ്ക്കുള്ള വഴിയും ഉണ്ട്.''
ആത്മസമര്‍പ്പണം ആണ് വേണ്ടത്. കൈയിലുള്ള അറിവുകളുടെ അഹങ്കാരം അവിദ്യയും മായാലീലയുമാണ്. മുന്നില്‍ കാണുന്നത് ദേവീസ്വരൂപമാണ്. പ്രകൃതിയെ നമസ്ക്കരിച്ചുകൊള്ളുക. ഓം
ആത്മസമര്‍പ്പണം ആണ് വേണ്ടത്. കൈയിലുള്ള അറിവുകളുടെ അഹങ്കാരം അവിദ്യയും മായാലീലയുമാണ്. മുന്നില്‍ കാണുന്നത് ദേവീസ്വരൂപമാണ്. പ്രകൃതിയെ നമസ്ക്കരിച്ചുകൊള്ളുക. ഓം
No comments:
Post a Comment