Wednesday, August 29, 2018

ചലനകാരണം അറിയാതെ നമുക്ക് എങ്ങനെയാണ് ചലനത്തെ നിയന്ത്രിക്കുവാന്‍ സാധിക്കുക. ശരീരത്തിലും പുറത്തും എപ്പോഴും ചലിക്കുകയും ചലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് പ്രാണനാണ്. ആ പ്രാണനെ നിയന്ത്രണവിധേയമാക്കിയാലല്ലാതെ എങ്ങനെയാണ് നമുക്ക് മനസ്സിനെയും ചിന്തകളെയും നിയന്ത്രിക്കാനാകുക! വൈകിട്ട് ഒരിടത്തിരുന്ന് വെറുതേ ഒന്നു കണ്ണുകള്‍ അടച്ച് സ്വന്തം പ്രാണന്‍റെ ഗതിയെ ശ്രദ്ധിച്ചു നോക്കു. നമ്മുടെ ശരീരവും മനസ്സും എത്രമാത്രം ആയാസപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് നമുക്ക് അപ്പോള്‍ അനുഭവപ്പെടും. പെട്ടെന്ന് ശരീരവും മനസ്സും അടങ്ങി ശാന്തമാകുന്നതായി അനുഭവം വരുന്നു. മനസ്സ് കാമക്രോധാദിവികാരവിചാരങ്ങളാല്‍ അസ്വസ്ഥമാകുമ്പോള്‍ സ്വന്തം പ്രാണന്‍റെ ഗതിയെ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഏകാഗ്രമായ പ്രാര്‍ത്ഥന നിത്യവും എത്രനേരം ചെയ്യുമോ അത്രയും നല്ലതുതന്നെയാണ്.
''വാച്യേകേ ജുഹ്വതി പ്രാണം
പ്രാണേ വാചം ച സര്‍വദാ
വാചി പ്രാണേ ച പശ്യന്തോ
യജ്ഞനിര്‍വൃത്തിമക്ഷയാം.'' (മനുസ്മൃതി-4:23)
''വാക്കിലും പ്രാണനിലും ചെയ്യുന്ന യജ്ഞംകൊണ്ട് അക്ഷയമായ ഫലം സിദ്ധിക്കുന്നു.''
വാക്ക് പ്രാണന്‍ തന്നെയാണ്. സംസാരിക്കുമ്പോള്‍ നമുക്ക് ശ്വസിക്കുവാന്‍ കഴിയില്ലല്ലോ! അതിനാല്‍ സംസാരിക്കുമ്പോള്‍ പ്രാണന്‍ വാക്കില്‍ അടങ്ങുകയാണ്. പ്രാണന്‍ വാക്കായിവരുന്നു. സംസാരിക്കാതിരിക്കുമ്പോഴും ചിന്തിക്കാതിരിക്കുമ്പോഴും വാക്ക് പ്രാണനിലും അടങ്ങുന്നു. കര്‍മ്മങ്ങളെല്ലാം ഈശ്വരാര്‍പ്പിതമായി ചെയ്യുകയും മനസ്സും ബുദ്ധിയും സദാ ഭഗവാനില്‍ത്തന്നെ കേന്ദ്രീകരിക്കുകയും ചെയ്താല്‍ ഭഗവല്‍സാക്ഷാല്‍ക്കാരം ലഭിക്കും എന്ന് ഗീതയില്‍ പറയുന്നുണ്ട്.
''തസ്മാത് സര്‍വ്വേഷു കാലേഷു
മാമനുസ്മര യുദ്ധ്യ ച
മയ്യര്‍പ്പിതമനോബുദ്ധിര്‍
മാമേവൈഷ്യസ്യസംശയഃ'' (8:7)
എന്തു ചിന്തിക്കുന്നുവോ എന്തു പറയുന്നുവോ അതിലൂടെ നമ്മുടെ പ്രാണശക്തി പുറത്തേയ്ക്കു വരുന്നു. അത് അതാതിന്‍റെ ഫലത്തെയും സൃഷ്ടിക്കുന്നു. ഇങ്ങനെ ബാഹ്യവിഷയങ്ങള്‍ നേടാന്‍ ഉപയോഗിക്കുന്ന അതേ പ്രാണ ശക്തിയെത്തന്നെ ആന്തരികലോകത്തേയ്ക്ക് തിരിച്ചു വിട്ടാലോ? നമുക്ക് നമ്മെ കണ്ടെത്താന്‍ സാധിക്കും. ജനിമൃതികള്‍ക്ക് അപ്പുറം കാണാന്‍ സാധിക്കും.
അനാവശ്യമായ ചിന്തകള്‍കൊണ്ടും സംഭാഷണം കൊണ്ടും നാം പലപ്പോഴും പ്രാണശക്തിയെ ദുര്‍വ്യയം ചെയ്യുകയാണ്. അങ്ങനെ നാം ദുഃഖംകൊണ്ടും നിരാശകൊണ്ടും ക്രോധംകൊണ്ടും സ്വയം ക്ഷീണിച്ച് മാനസികമായും ശാരീരികമായും രോഗിയും അവശരുമാകുന്നുണ്ട്. അതൊഴുവാക്കി മുഴുവന്‍ ശക്തിയും എടുത്ത് ഒരു ഈശ്വര നാമത്തിലോ മന്ത്രത്തിലോ നമ്മുടെ പ്രാണനെ അടക്കിയാല്‍ മനസ്സ് അതില്‍ അടങ്ങിക്കൊള്ളും. അങ്ങനെ നമുക്ക് ഈശ്വരനെ പോലും സാക്ഷാല്‍ക്കരിക്കാം എന്നിരിക്കെ നാം എത്ര നിസാരമായ കാര്യങ്ങള്‍ സാധിക്കാനാണ് സ്വന്തം ശക്തിയെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്! ഓം...KISHNAKUMAR

No comments: