Tuesday, August 28, 2018

സപ്തമാതാക്കള്‍

Wednesday 29 August 2018 1:07 am IST
ആദി പരാശക്തിയുടെ വിഭിന്നരൂപങ്ങളാണ് സപ്തമാതാക്കള്‍. ദേവീമാഹാത്മ്യത്തില്‍ സപ്തമാതാക്കളുടെ ഉത്ഭവത്തെപ്പറ്റി പറയുന്നുണ്ട്. 
ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരെയാണ്  സപ്തമാതാക്കള്‍ എന്നു വിളിക്കുന്നത്.  അന്ധകാസുരന്റെ ദേഹത്തുണ്ടാകുന്ന മുറിവില്‍ നിന്നും ഭൂമിയില്‍ പതിക്കുന്ന ഓരോ രക്തത്തുള്ളിയില്‍ നിന്നും ഓരോ അന്ധകാസുരന്മാര്‍ ജനിക്കും. അവരെല്ലാം ചേര്‍ന്ന് ശിവ ഭഗവാനോട് യുദ്ധം ചെയ്യും. അന്ധകാസുരന്റെ രക്തം ഭൂമിയില്‍ പതിക്കാതിരിക്കാന്‍ വേണ്ടി ശിവന്‍ യോഗേശ്വരിയെ സൃഷ്ടിച്ചു. ശിവന്റെ വായില്‍ നിന്നും പുറത്തേക്ക് വന്ന അഗ്നിജ്വാലയില്‍ നിന്നാണ് ദേവിയുടെ ജനനം.  ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍, സുബ്രഹ്മണ്യന്‍, വരാഹം, ഇന്ദ്രന്‍, യമന്‍ എന്നീ ദേവന്മാരുടെ ശക്തിയും യോഗേശ്വരിയില്‍ സന്നിവേശിപ്പിച്ചു. 
അന്ധകാസുരന്റെ ഓരോ തുള്ളി ചോര നിലത്തുവീഴുമ്പോഴും അതില്‍ നിന്ന് ഓരോ അസുരന്‍ ഉണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച് നിലത്തു വീഴാതെ സൂക്ഷിച്ചു. ശിവന്‍ അസുരനെ വധിക്കുകയും ചെയ്തു.
വരാഹപുരാണത്തിലാകട്ടെ ഇപ്രകാരം എട്ട് മാതാക്കള്‍ ഉണ്ടെന്നാണ് പറയുന്നത്. എട്ട് മനോഗുണങ്ങളെ ഇത് പ്രതിനിധാനം ചെയ്യുന്നു എന്നാണ് വിശ്വാസം. യോഗേശ്വരി കാമം(ആഗ്രഹം), മഹേശ്വരി (ക്രോധം), വൈഷ്ണവി (ലോഭം, അത്യാഗ്രഹം), ബ്രഹ്മാണി (മദം, അഹങ്കാരം), കൗമാരി (മോഹം), ഇന്ദ്രാണി (മാത്സര്യം), യമി (ഏഷണി), വാരാഹി (അസൂയ) എന്നിങ്ങനെയുള്ള ദുഷ്ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു. 
ബ്രഹ്മാണി
പീതവര്‍ണമാണ് ദേവിക്ക്. നാല് മുഖങ്ങള്‍. ഒരു മുഖം പുറകില്‍ ആയതിനാല്‍ ബ്രഹ്മാണിയുടെ ശില്‍പരൂപങ്ങളില്‍ അത് കാണാനാവില്ല. നാല് ബാഹുക്കള്‍. രണ്ട് കരങ്ങള്‍ വരദമുദ്രയിലും അഭയമുദ്രയിലുമാണ്. മറ്റ് രണ്ട് കൈകളില്‍ ഒന്നില്‍ കമണ്ഡലുവും അക്ഷമാലയുമുണ്ട്. ദേവി തന്റെ വാഹനമായ അരയന്നത്തിന്റെ മുകളിലാണ് ഇരിക്കുന്നത്. പീത വസ്ത്രധാരിണിയാണ് ദേവി. പ്ലാശ് മരത്തിന്റെ ചുവട്ടിലാണ് ദേവി വസിക്കുന്നത്. 
വൈഷ്ണവി
ഇരുണ്ട നിറമാണ് വൈഷ്ണവിക്ക്. ശംഖ്, ചക്രം എന്നിവ ഇരുകൈകളിലും ധരിച്ചിരിക്കുന്നു. മറ്റ് രണ്ട് കരങ്ങള്‍ അഭയമുദ്രയിലും വരദമുദ്രയിലുമാണ്. പീതവസ്ത്രമാണ് ദേവി അണിഞ്ഞിരിക്കുന്നത്. സുന്ദരരൂപി
ണിയാണ് വൈഷ്ണവി. ഗരുഡനാണ് വാഹനം. രാജവൃക്ഷച്ചുവട്ടിലാണ് ദേവി വസിക്കുന്നത്. ദേവീപുരാണത്തില്‍ ശംഖചക്രഗദാപത്മ ധാരിണിയാണ് ദേവി. 
ഇന്ദ്രാണി
അരുണ വര്‍ണമാണ് ഇന്ദ്രാണിക്ക്. മൂന്ന് നേത്രങ്ങള്‍ ഉണ്ട്. നാല് കരങ്ങളില്‍ രണ്ടെണ്ണത്തില്‍ വജ്രവും ശക്തിയുമാണ്. മറ്റ് രണ്ട് കൈകള്‍ അഭയമുദ്രയിലും വരദമുദ്രയിലും. ആനയാണ് വാഹനം. കൊടിക്കൂറയിലും ആനയാണ് മുദ്ര. കല്‍പക വൃക്ഷച്ചുവട്ടിലാണ് ദേവിയുടെ വാസസ്ഥാനം. 
മഹേശ്വരി
ശ്വേതവര്‍ണമാണ് ദേവിക്ക്. ത്രിലോചനയാണ്. നാല് ബാഹുക്കള്‍. രണ്ട് കൈകള്‍ വരദമുദ്രയിലും അഭയമുദ്രയിലും ആണ്. കൈകളില്‍ ഒന്നില്‍ തൃശൂലവും മറ്റൊന്നില്‍ അക്ഷമാലയുമാണ്. നന്ദിയാണ് വാഹനം. 
കൗമാരി
പീതവര്‍ണമാണ് കൗമാരിക്ക്. നാല് കരങ്ങള്‍. മയിലാണ് വാഹനം. അത്തിമരത്തിന്റെ ചുവട്ടിലാണ് വാസം. വേലാണ് ദേവിയുടെ ആയുധം. 
വാരാഹി
ഇരുണ്ട നിറമാണ് വാരാഹിക്ക്. മനുഷ്യന്റെ ഉടലും വരാഹത്തിന്റെ മുഖവുമാണ്. കല്‍പക വൃക്ഷച്ചുവട്ടിലാണ് ദേവിയുടെ വാസസ്ഥലം.
ചാമുണ്ഡി
നാലുകരങ്ങളാണ് ചാമുണ്ഡിക്ക്. ഇരു കൈകളില്‍ കപാലം തൃശൂലം എന്നിവ. മറ്റ് രണ്ട് കരങ്ങള്‍ അഭയമുദ്രയിലും വരദമുദ്രയിലുമാണ്. രാക്ഷസനുമേല്‍ കാല്‍ചവിട്ടി നില്‍ക്കുന്ന ഉഗ്രരൂപിയാണ്. പുലിത്തോല്‍ ഉടുത്ത് അത്തിമരച്ചുവട്ടിലാണ് വസിക്കുന്നത്. മനുഷ്യനുള്ളിലെ പൈശാചിക സ്വഭാവങ്ങളെ ഇല്ലായ്മചെയ്യുന്ന ചാമുണ്ഡി പാപനാശിനികൂടിയാണ്.

No comments: