Friday, August 24, 2018

അജ്ഞാനിക്ക് ഭക്തിയോഗം തന്നെയാണ് ഭഗവത്പദ പ്രാപ്തിക്കുള്ള സുഗമമായ മാര്‍ഗം (18-ാം അധ്യായം 56-ാം ശ്ലോകം)

ഗീതാദര്‍ശനം
Saturday 25 August 2018 2:50 am IST
സര്‍വാണി കര്‍മാണി സദാ കുര്‍വാണ
വര്‍ണങ്ങള്‍ക്കും ആശ്രമങ്ങള്‍ക്കും ഉചിതമായ കര്‍മങ്ങളും യാഗം മുതലായ കര്‍മങ്ങളും, ഞാന്‍ ചെയ്യുന്നു- എന്ന കര്‍ത്തൃത്വഭാവവും, ഈ കര്‍മത്തിന്റെ സ്വര്‍ഗം മുതലായ ഫലങ്ങളും എനിക്ക് ലഭിക്കണം എന്ന ആഗ്രഹവും ഇല്ലാതെ, അനുഷ്ഠിച്ച്, നൈഷ്‌കര്‍മ്യ സിദ്ധി- ഒരു കര്‍മവും ചെയ്യേണ്ടതില്ല എന്ന അവസ്ഥ ലഭിച്ച്, അതുവഴി ഭഗവത്പദം പ്രാ
പിക്കാം എന്നാണ് ഇതുവരെ വിവരിച്ചത്. ഒരു യോഗിക്ക് ആ നൈഷ്‌കര്‍മ്യസിദ്ധിയില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തു ചെയ്യണം? അയാള്‍ക്ക് പരമപദത്തില്‍ എത്തിച്ചേരാന്‍ ഒരുവഴിയും ഇല്ലേ? ഉണ്ടല്ലോ. പറയാം- അയാള്‍ ആദ്യം,
''മദ് വ്യപാശ്രയഃ''- ഞാന്‍ തന്നെയാണ്, ഈ കൃഷ്ണന്‍ തന്നെയാണ്, എല്ലാത്തിന്റെയും ഉള്ളില്‍ നില്‍ക്കുന്നത്; എല്ലാത്തിനെയും നിയന്ത്രിക്കുന്നതും എന്ന ബോധം ഉണ്ടാകണം; എന്നെയാണ് എപ്പോഴും ആശ്രയിക്കേണ്ടത് എന്ന തീരുമാനം എടുക്കുകയും വേണം. അഗ്നി, ഇന്ദ്രന്‍ മുതലായ ദേവന്മാരിലും എല്ലായിടത്തും, യോഗത്തിലും യാഗത്തിലും, യാഗത്തിന്റെ ഉപകരണങ്ങളിലും ഞാന്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത് എന്ന് 'മദ്ഭാവന'- ഉണ്ടായിരിക്കണം. പോരാ, എന്റെ ഈ കൃഷ്ണന്റെ- സംരക്ഷണത്തില്‍ ആശ്രയത്തില്‍ തന്നെയാണ് എന്ന ബോധവും എപ്പോഴും ഉണ്ടാകണം. ഭൗതികതയുടെ മാലിന്യത്തില്‍ നിന്ന് മോചനം കിട്ടാന്‍ എന്നെ ആശ്രയിക്കണം.
ഭഗവാന്റെ തിരുവായ്‌മൊഴിയായ ഗീതാ- ഭാഗവതാദികളില്‍നിന്ന് ഭഗവാന്റെ പ്രതിനിധിയായ ആധ്യാത്മികാചാര്യന്മാരുടെ ഉപദേശങ്ങള്‍ അനുസരിച്ച് ജീവിതരീതി ചിട്ടപ്പെടുത്തണം. എല്ലാ കര്‍മങ്ങളും എപ്പോഴും 24 മണിക്കൂറും- ഭഗവാന് ആരാധനയായി അര്‍ച്ചനയായി തന്നെ ചെയ്യണം.
''മയി സര്‍വ്യാണി കര്‍മാണി സംന്യസ്യ''എന്ന (3-30) ശ്ലോകത്തിലും.''ബ്രഹ്മണ്യാധ്യായ കര്‍മാണി'' എന്ന (5-10) ശ്ലോകത്തിലും ഈ ജീവിതരീതി വിവരിച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിച്ചതും നോക്കുക.
മയി-വാസുദേവേ, പരമേശ്വരോ സര്‍വജ്ഞേ, സര്‍വാത്മനി (=പരമേശ്വരനും സര്‍വജ്ഞനും, സര്‍വാന്തര്യാമിയും ആയ വാസുദേവനില്‍- വസുദേവ പുത്രനില്‍)
സര്‍വാണി കര്‍മാണി സംന്യസ്യ നിക്ഷിപ്യ (=എല്ലാത്തരം കര്‍മങ്ങളും സമര്‍പ്പിച്ചിട്ട്)
അധ്യാത്മ ചേതസാ= (വിവേകബുദ്ധ്യാ=അഹം കര്‍ത്താ, ഈശ്വരായ ഭൃത്യവത് കരോമി, ഇതി അനയാ ബുദ്ധ്യാ- (=കര്‍ത്താവായ ഞാന്‍ ഈശ്വരനുവേണ്ടി ഭൃത്യനെപ്പോലെ ചെയ്യുന്നു എന്ന വിവേകപൂര്‍വമായ ബുദ്ധിയോടെ-യുധ്യസ്വ-യുദ്ധം എന്ന കര്‍മം ചെയ്‌തോളൂ!) (3-30)
അഞ്ചാം അധ്യായം 10-ാം ശ്ലോകം- ശ്രീശങ്കരാചാര്യര്‍ വിശദീകരിക്കുന്നു.
ബ്രഹ്മണി=ഈശ്വരേ (ബ്രഹ്മം എന്ന് പറഞ്ഞാല്‍ ഈശ്വരന്‍ തന്നെ, വേറെ ഒരു തത്ത്വമല്ല എന്ന് വ്യക്തമായി)
ആധായ-നിക്ഷിപ്യ- (സമര്‍പ്പിച്ചുകൊണ്ട്) സമര്‍പ്പിക്കേണ്ട തദര്‍ത്ഥം കര്‍മ കരോതി= ഈശ്വരനും വേണ്ടി കര്‍മം ചെയ്യുന്നു എന്ന ഭാവനയോടെ(ഭൃത്യ ഇവ സാമ്യര്‍ഥം) തന്റെ യജമാനന് വേണ്ടി ഭൃത്യന്‍ ചെയ്തതുപോലെ സര്‍വകര്‍മങ്ങളും ചെയ്യണം.
കാനപ്രം കേശവന്‍ നമ്പൂതിരി

No comments: