Friday, August 24, 2018

സമസ്ത ലോകത്തിനും സുഖം

അദ്ധ്യായം-17 ''നിങ്ങളുടെ സ്‌കൂളില്‍ യോഗ പരിശീലിപ്പിക്കുന്നുണ്ടോ?'' മുത്തച്ഛന്‍ ചോദിച്ചു. ''ഉണ്ട് മുത്തച്ഛാ. 2015 ല്‍ ഐക്യരാഷ്ട്രസഭ ജൂണ്‍ 21 ലോക യോഗദിനമായി പ്രഖ്യാപിച്ചതോടെ കൂടുതല്‍ പ്രാധാന്യം നേടിയിരിക്കയുമാണ്'' ഉണ്ണി പറഞ്ഞു. ''ലോകരാഷ്ട്രങ്ങളുടെയെല്ലാം കൂട്ടായ്മയായ ഐക്യരാഷ്ട്രസഭയ്ക്ക് എപ്പോഴെങ്കിലും അതു തോന്നിയല്ലോ. നന്നായി. അയ്യായിരം വര്‍ഷം മുമ്പേ ഭാരതം ഊന്നിപ്പറയുന്ന ജീവിതരീതിയാണത്. കൃഷ്ണന്‍ അര്‍ജ്ജുനനു നല്‍കുന്ന ഉപദേശങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് ധ്യാനയോഗമാണ്.'' ''എന്നുവെച്ചാല്‍ മെഡിറ്റേഷനല്ലേ?'' ഉമ ചോദിച്ചു. ''നിങ്ങള്‍ പറയുന്ന മെഡിറ്റേഷന്‍ തന്നെ. മെഡിറ്റേഷന്‍ ഉണ്ടെങ്കില്‍ മെഡിക്കേഷന്‍ ഒഴിവാക്കാമെന്നാണ് എനിക്ക് ഗീത നല്‍കിയ എഡ്യുക്കേഷന്‍ എന്നുപറയാം'' മുത്തച്ഛന്‍ ചിരിച്ചു. ''എന്റെ ദൈവമേ! മുത്തച്ഛന്‍ എന്താണീ പറയുന്നത്?'' ''പരമമായ സത്യമാണ് കുട്ടികളേ! ഭഗവദ്ഗീതയുടെ ആറാം അദ്ധ്യായം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും അത് ബോധ്യമാകും. മനസ്സും ശരീരവും ഒരുപോലെ ആരോഗ്യപൂര്‍ണമാക്കി ജീവിക്കുവാനുള്ള അഭ്യാസ പരിശീലനമാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജുനനു നല്‍കുന്നത്. മുന്‍ അദ്ധ്യായങ്ങളില്‍ ജ്ഞാനയോഗവും കര്‍മയോഗവുമൊക്കെ പടിപടിയായി പറഞ്ഞു ധ്യാനയോഗത്തില്‍ എത്തിയിരിക്കയാണിപ്പോള്‍. ഒന്നു മുതല്‍ 32 വരെയുള്ള ശ്ലോകങ്ങളില്‍ ധ്യാനത്തിന് എവിടെ, എങ്ങനെ ഇരിക്കണമെന്നും മറ്റും വിവരിക്കുന്നതു ശ്രദ്ധിക്കൂ: ''വിജനവും പരിശുദ്ധവുമായ, അധികം ഉയരത്തിലും താഴെയുമല്ലാത്ത സ്ഥലത്ത്, ദര്‍ഭപ്പുല്ലു വിരിച്ച്, അതിനുമീതേ മാന്‍തോലും വസ്ത്രവും വിരിച്ച്, ഇളക്കമില്ലാത്ത ആസനത്തില്‍ വേണം ഇരിക്കാന്‍. നട്ടെല്ലു നിവര്‍ത്തി, ഉടലും തലയും കഴുത്തു നിശ്ചലമാക്കി, മൂക്കിന്റെ അറ്റത്തോ പുരികങ്ങളുടെ നടുവിലോ ദൃഷ്ടിയെ കേന്ദ്രീകരിച്ച്, മനസ്സിനെയും ബുദ്ധിയെയും അന്യമായ സകലവിഷയങ്ങളില്‍നിന്നും പിന്തിരിപ്പിച്ച്, എന്നില്‍ ഏകാഗ്രമാക്കി വേണം ധ്യാനിക്കാന്‍!'' ''അതെങ്ങനെ സാധിക്കാനാണ് മുത്തച്ഛാ? യുദ്ധക്കളത്തിലല്ലേ അര്‍ജ്ജുനന്‍ നില്‍ക്കുന്നത്!'' ഉണ്ണി ചോദിച്ചു. ''അങ്ങനെ ചോദിക്കൂ കുട്ടാ! മറ്റുള്ളവരെ കൊല്ലാനുള്ള യുദ്ധരീതികളൊന്നുമല്ല, ഉത്തമമായ ജീവിതരീതിയാണ് ഭഗവാന്‍ പഠിപ്പിക്കുന്നതെന്നു മനസ്സിലാക്കൂ. അധികം ഭക്ഷിക്കുന്നവനും അധികം ഉറങ്ങുന്നവനും യോഗിയല്ല, (രോഗിയാണ്) എന്നും തീരേ ഭക്ഷിക്കാത്തവനും ഉറങ്ങാത്തവനും അതുപോലെയാണെന്നും സൂചിപ്പിച്ചശേഷമുള്ള 17-ാം ശ്ലോകം കേട്ടോളൂ: യുക്താഹാരവിഹാരസ്യ യുക്തചേഷ്ടസ്യ കര്‍മ്മസു യുക്ത സ്വപ്‌നാവബോധസ്യ യോഗോ ഭവതി ദുഃഖഹാ. ആഹാരത്തോടും വിനോദത്തോടും കൂടി, ഉറങ്ങുന്നതിലും ഉണരുന്നതിലും ഉള്‍പ്പെടെ എല്ലാ കര്‍മ്മങ്ങളിലും നിഷ്ഠയോടുകൂടി കഴിയുന്നവന് യോഗം ദുഃഖനിവൃത്തിയെ നല്‍കുന്നതായി ഭവിക്കുന്നു എന്നാണ് സാരം. എന്തിലും മിതത്വവും സമത്വവും പുലര്‍ത്തുകയാണ് പ്രധാനം. ഇതോടൊപ്പം, രോഗനിവൃത്തിക്കുള്ള വഴികള്‍ നിര്‍ദ്ദേശിക്കുന്ന ചിരപുരാതനമായ നമ്മുടെ മറ്റൊരു ശാസ്ത്രത്തിലേക്ക്-ആയുര്‍വേദത്തിലേക്കുകൂടി ഒരു നിമിഷം നമുക്കു ശ്രദ്ധ തിരിക്കാം. ഒരാളുടെ ദിനചര്യ എങ്ങനെയാവണമെന്ന് 'അഷ്ടാംഗഹൃദയം' എന്ന പ്രമാണഗ്രന്ഥത്തില്‍ പറയുന്ന ഒരു ശ്ലോകം ഇതാണ്: നിത്യം ഹിതാഹാര വിഹാര സേവീ സമീക്ഷ്യകാരീ വിഷയേഷ്വസക്ത ദാതാഃ സമഃ സത്യപരഃ ക്ഷമാവാ- നാപ്‌തോപജീവി ച ഭവത്യരോഗഃ ''ആദ്യത്തെ വരി ശരിക്കും ഗീതയിലെപ്പോലുള്ളതാണ്. വേറെയും കുറെ കാര്യങ്ങളുണ്ടല്ലോ മുത്തച്ഛാ! ഒന്നും മനസ്സിലായില്ല'' ഉണ്ണി പറഞ്ഞു. ''മനസ്സിലാക്കിത്തരാം ഉണ്ണീ. പത്തേപത്തു ദിനചര്യകളാണ് വളരെ ചുരുക്കി ആ ശ്ലോകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഞാന്‍ നിങ്ങള്‍ക്കായി അതു മലയാള ശ്ലോകത്തിലാക്കിയിട്ടുണ്ട്. കേട്ടോളൂ.'' ഹിതാഹാരം, വിഹാരം, നല്‍ സേവനം, നല്ല ചിന്തകള്‍, അത്യാര്‍ത്ഥിക്കുറവും, ദാന- ശീലവും, സത്യനിഷ്ഠയും ക്ഷമ, ആശ്രിതവാത്സല്യം, സമഭാവന ഇങ്ങനെ ഗുണം പത്തുതികഞ്ഞോരെ രോഗം പേടിച്ചകന്നു പോം! ''നന്നായി മുത്തച്ഛാ. മലയാളത്തിലുള്ള മുത്തച്ഛന്റെ ശ്ലോകം കൂടി കേട്ടപ്പോള്‍ എല്ലാം വ്യക്തമായി. ഭഗവദ്ഗീതയില്‍ ആയുര്‍വേദം ഉള്‍ച്ചേര്‍ന്നിരിക്കുന്നു. അഥവാ ആയുര്‍വേദത്തില്‍ ഭഗവദ്ഗീതയും ഉണ്ടെന്നര്‍ത്ഥം. ഈ വിധത്തില്‍ ലളിതമായി ഗീത പഠിപ്പിച്ചുതരാന്‍ സ്‌കൂളിലൊന്നും ആരുമില്ലാത്തതു കഷ്ടം തന്നെ.'' ''അതിനെന്താ മക്കളേ? നിങ്ങള്‍ക്കു ഈ മുത്തച്ഛനുണ്ടല്ലോ. ഞാന്‍ ആവുംവിധം പറഞ്ഞുതരാം. നിങ്ങള്‍ അതു മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുത്താല്‍ മതി'' മുത്തച്ഛന്‍ പറഞ്ഞു.
janmabhumi

No comments: