പ്രസാരയേമ സംസ്‌കൃതം; പ്രകര്‍ഷയേമ ഭാരതം
Saturday 25 August 2018 2:54 am IST
ആഗസ്റ്റ് 26 ശ്രാവണപൂര്‍ണിമ. ഏതാനും ദശകങ്ങളായി ഈ ദിവസം സംസ്‌കൃതദിനമായി ആചരിക്കുന്നു. മിക്കസ്ഥലങ്ങളിലും സംസ്‌കൃതാധ്യാപകരും സംസ്‌കൃതവിദ്യാര്‍ത്ഥികളും മാത്രമേ പങ്കാളികളാവൂ. പൊതുജന പങ്കാളിത്തമുള്ള വിപുലമായ പരിപാടികള്‍ ഉണ്ടാകാറില്ല. സാമാന്യജനങ്ങള്‍ക്ക് സംസ്‌കൃതഭാഷയെ പരിചയപ്പെടാനുള്ള ഒരു അപൂര്‍വ അവസരമാണ് ഇതുകൊണ്ട് നഷ്ടമാകുന്നത്.
സംസ്‌കൃതം ഇന്ന് പണ്ഡിതഭാഷയല്ല. ലോകത്താകമാനം വിവിധരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ സംസ്‌കൃതം പഠിക്കുന്നു. പല വിദേശരാജ്യങ്ങളിലേയും പ്രമുഖ സര്‍വകലാശാലകളില്‍ സംസ്‌കൃതഭാഷയില്‍ ഉന്നതവിദ്യാഭ്യാസവും ഗവേഷണവും നടക്കുന്നു. ഭാരതത്തില്‍ പതിനാറ് സംസ്‌കൃതസര്‍വകലാശാലകളുണ്ട്. മിക്ക സര്‍വകലാശാലകളിലും സംസ്‌കൃതപഠനവും ഗവേഷണവും നടക്കുന്നു. അറുപതിലധികം ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ ഈ ഭാഷയിലുണ്ട്. ഇലക്‌ട്രോണിക് മാധ്യമരംഗത്തും സജീവസാന്നിധ്യമുണ്ട്. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ രണ്ടാം ഔദ്യോഗികഭാഷ സംസ്‌കൃതമാണ്. സംസ്‌കൃതപ്രചാരണത്തിനായി നിരവധി സംഘടനകളും അതിനായി ജീവിതം ഉഴിഞ്ഞുവെച്ച ആയിരങ്ങളുമുണ്ട്. സംസ്‌കൃതം വളരുകയാണ് വിശ്വം മുഴുവന്‍, അതെ ഒരു നിശ്ശബ്ദവിപ്ലവം നടക്കുകയാണ്. കേവലം ഒരു ഭാഷയുടെ പ്രചാരണമല്ല നടക്കുന്നത്, ഒരു സംസ്‌കാരവും കൂടി അതോടൊപ്പം പ്രസരിക്കുകയാണ്. ലോകംമുഴുവന്‍ ഒരു കുടുംബമായി കണ്ട- സമസ്തലോകത്തിനും സുഖം ആശംസിച്ച മഹത്തായ സംസ്‌കാരം.
പക്ഷേ, നമ്മുടെ നാട്ടിലെ ചിലര്‍ക്ക് സംസ്‌കൃതം കേവലം മൃതഭാഷ! സംസ്‌കൃതഭാഷയെ താഴ്ത്തിക്കെട്ടുന്ന പലര്‍ക്കും വ്യക്തമായ ഉദ്ദേശ്യമുണ്ട്. ഭാരതീയസംസ്‌കൃതിയെ മുച്ചൂടും നശിപ്പിക്കുക. ഭാരതീയസംസ്‌കൃതിയുടെ ആധാരശില സംസ്‌കൃതഭാഷയാണെന്ന സത്യം അവര്‍ പണ്ടേ മനസ്സിലാക്കിയിരിക്കുന്നു. സംസ്‌കൃതത്തിന് ഉണ്ടാവുന്ന പ്രചാരം അവരെ അലോസരപ്പെടുത്തുന്നുണ്ടാകാം. സമസ്തമേഖലകളില്‍നിന്നും കുടിയിറക്കാനും സംസ്‌കൃതപഠനം വികലമാക്കാനും നിരുത്സാഹപ്പെടുത്താനുമെല്ലാമുള്ള ശ്രമങ്ങള്‍ നടക്കുന്നു.
സംസ്‌കൃതപരിജ്ഞാനമില്ലാതെ ആയുര്‍വ്വേദപഠനം സുസാധ്യമല്ല. ആയുര്‍വ്വേദത്തിലെ അടിസ്ഥാനഗ്രന്ഥങ്ങളെല്ലാം സംസ്‌കൃതത്തിലാണ്. എന്നാല്‍ ആയുര്‍വ്വേദപഠനത്തില്‍ സംസ്‌കൃതം അനിവാര്യമല്ലെന്നാണ് ചില കുബുദ്ധികളുടെ വാദം. മിക്ക ഗ്രന്ഥങ്ങള്‍ക്കും ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ ഉണ്ട്. പല സംസ്‌കൃതപദങ്ങള്‍ക്കും തത്തുല്യമായ പദങ്ങള്‍ മറ്റു ഭാഷകളില്‍ ഇല്ല. പിന്നെങ്ങനെ വിവര്‍ത്തനം കൊണ്ട് പഠിക്കും?. ആയുര്‍വ്വേദപഠനരംഗത്ത് സംസ്‌കൃതത്തിനുണ്ടായിരുന്ന പഴയ പ്രതാപം വീണ്ടെടുക്കാന്‍ എല്ലാ സംസ്‌കൃതപ്രേമികളുടേയും കൂട്ടായ യത്‌നം അനിവാര്യമായിരിക്കുന്നു.
മറ്റുഭാഷകളില്‍ പഠിക്കാനും പരീക്ഷയെഴുതാനുമുള്ള സൗകര്യം ഒരു പക്ഷേ സംസ്‌കൃതഭാഷക്ക് മാത്രമേ കാണൂ! അതായത് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയാത്തവര്‍ക്കും സംസ്‌കൃതത്തില്‍ ഉന്നതബിരുദങ്ങള്‍ നേടാം. യുജിസി ധനസഹായത്തോടെ സര്‍വകലാശാലകളും കോളേജുകളും പ്രബന്ധ സമ്മേളനങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളില്‍ മിക്കതും ഇംഗ്ലീഷിലോ മറ്റു ഭാഷകളിലോ ആയിരിക്കും. ഗവേഷണപ്രബന്ധങ്ങളാവട്ടെ ഇംഗ്ലീഷിലും! ഈ സര്‍വകലാശാലകള്‍ സംസ്‌കൃതത്തെ എങ്ങനെ പുഷ്ടിപ്പെടുത്തും?
അറുപത് ശതമാനത്തിലധികം മലയാളപദങ്ങള്‍ സംസ്‌കൃതപദങ്ങളോ സംസ്‌കൃതജന്യങ്ങളോ ആണ്. മിക്ക ഭാരതീയ ഭാഷകളും പദസമ്പത്തിന് ഇന്നും ആശ്രയിക്കുന്നത് സംസ്‌കൃതത്തെയാണ്. എന്നാല്‍ മലയാളഭാഷയുടെ സമഗ്രവികസനത്തിന് സ്ഥാപിതമായ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സംസ്‌കൃതഭാഷാപഠനം ഇതുവരെ ആരംഭിച്ചിട്ടില്ല. സംസ്‌കൃതഭാഷയോട് അധികാരിവര്‍ഗത്തിനുള്ള മനോഭാവം ഇതിലും പ്രതിഫലിക്കുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒന്നാംക്ലാസ്സു മുതല്‍ സംസ്‌കൃതപഠനത്തിന് അവസരം ലഭിച്ചു. എന്നാല്‍ യു.പി തലത്തില്‍ സംസ്‌കൃതപഠനമുള്ളിടത്തു മാത്രമേ പ്രൈമറിക്ലാസ്സുകളിലെ സംസ്‌കൃതപഠനം സാധ്യമായിരുന്നുള്ളൂ. അതുതന്നെ പ്രത്യേകാനുകൂല്യങ്ങള്‍ ഒന്നുമില്ലാതെ യു.പി തലത്തിലെ സംസ്‌കൃതാധ്യാപകര്‍ നിര്‍വഹിക്കേണ്ടിയിരിക്കുന്നു. യു.പി തലത്തില്‍ സംസ്‌കൃതപഠനമില്ലാത്ത സ്‌കൂളുകളിലും പ്രൈമറിതലത്തില്‍ സംസ്‌കൃതപഠനം ആരംഭിക്കണമെന്ന് സംസ്ഥാനബാലാവകാശ കമ്മീഷന്‍ ഈയിടെ ഉത്തരവിട്ടിട്ടുണ്ട്. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കണ്ടറി തലത്തില്‍ സംസ്‌കൃതം പഠിക്കാനുള്ള അവസരം ഇന്ന് വളരെ കുറവാണ്. ഇത് പ്രൈമറി തലത്തില്‍ പോലും രണ്ടാംഭാഷയായി സംസ്‌കൃതം തിരഞ്ഞെടുക്കുന്നതില്‍ നിന്ന് വിദ്യാര്‍ഥികള്‍ പിന്നാക്കം പോകുവാന്‍ കാരണമാകുന്നു. ഇതുതന്നെയാണ് കോളേജുകളിലേയും അവസ്ഥ. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലൊന്നിലും സംസ്‌കൃതം രണ്ടാംഭാഷയായും പഠിക്കാന്‍ അവസരമില്ല.
സംസ്‌കൃതത്തിനെതിരായ ഏത് നീക്കങ്ങളെയും ഒറ്റക്കെട്ടായി നേരിടാന്‍ സംസ്‌കൃതപ്രേമികള്‍ തയാറാകണം. അതുപോലെ അധ്യാപനരംഗത്ത് മാത്രം ഒതുങ്ങാതെ എല്ലാ മണ്ഡലങ്ങളിലും ശോഭിക്കാന്‍ സംസ്‌കൃതബിരുദധാരികള്‍ മിടുക്ക് നേടേണ്ടതുണ്ട്. ഒരു ഭാഷ സജീവമായി നിലനില്‍ക്കുന്നുവെന്നതിന് തെളിവാണ് ആ ഭാഷയിലെ ആനുകാലികപ്രസിദ്ധീകരണങ്ങള്‍; ദിനപ്പത്രങ്ങളുള്‍പ്പെടെ, അറുപതിലധികം ആനുകാലികപ്രസിദ്ധീകരണങ്ങള്‍ സംസ്‌കൃതഭാഷയിലുണ്ടെങ്കിലും മിക്ക പത്രങ്ങളും വളരെയധികം ക്ലേശങ്ങള്‍ സഹിച്ചാണ് നിലനില്‍ക്കുന്നത്.
സംസ്‌കൃതമാധ്യമരംഗത്തെ ശക്തിപ്പെടുത്തേണ്ട ബാധ്യത നമുക്കില്ലേ? സാംസ്‌കാരികവകുപ്പ്, ദേവസ്വംബോര്‍ഡ് തുടങ്ങിയവയില്‍ സംസ്‌കൃതബിരുദധാരികള്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ ശബ്ദമുയരേണ്ടതുണ്ട്. വിദേശികളുള്‍പ്പെടെ അനേകലക്ഷങ്ങളെ ആകര്‍ഷിക്കുന്ന പൈതൃക സ്മാരകങ്ങളില്‍ സംസ്‌കൃതഭാഷയില്‍ വിവരണങ്ങള്‍ നല്‍കാനുള്ള സംവിധാനവും ഉണ്ടാകേണ്ടതാണ്. എല്ലാ മണ്ഡലങ്ങളിലും മുദ്ര പതിപ്പിക്കാന്‍ സംസ്‌കൃതഭാഷയെ പ്രാപ്തമാക്കാന്‍ യത്‌നിക്കാം. ''പ്രസാരയേമ സംസ്‌കൃതം; പ്രകര്‍ഷയേമ ഭാരതം.''
janmabhumi
No comments:
Post a Comment