Wednesday, August 29, 2018

1919 ലും 1924 ലും ഉണ്ടായ വെള്ളപ്പൊക്കങ്ങളാണ് തൊണ്ണൂറ്റിനാലിലെയും തൊണ്ണൂറ്റി ഒന്‍പതിലെയും എന്നു വിവക്ഷിക്കപ്പെടുന്നത്. തൊണ്ണൂറ്റി ഒന്‍പതിലെ പ്രളയത്തിനു മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. അതിന്റെ മൂര്‍ധന്യത്തിലാണ് തിരുവിതാംകൂറിലെ രാജാവ് ശ്രീമൂലം തിരുനാള്‍ രാമവര്‍മ നാടുനീങ്ങിയത്.
അയ്യയ്യോ തൊണ്ണൂറ്റി ഒന്‍പതില്‍ കര്‍ക്കട
ദുര്‍ഘടമാസത്തിലദ്ദിവ്യനെ
വാനവന്മാര്‍ക്കൊരു കൂട്ടിനായ്‌ക്കൊണ്ടുപോയ്
ഞാനിനിശ്ശേഷം കഥിക്കേണമോ?
എന്ന മട്ടിലുള്ള കവിതകള്‍ അക്കാലത്തുണ്ടായി.
ഇതും ഒരു തൊണ്ണൂറ്റിനാലാം വര്‍ഷവും കര്‍ക്കടക മാസവുമാണല്ലോ. 1094 ലും വന്‍മഴയും വെള്ളപ്പൊക്കവുമുണ്ടായിരുന്നു. അതിന്റെ നൂറാം വാര്‍ഷികമാണിപ്പോള്‍ എന്നുപറയാം.  ഇന്നത്തെ ഇടുക്കി ജില്ല ഉള്‍പ്പെടുന്ന ഹൈറേഞ്ചുമേഖലയുടെ ഭൂപ്രകൃതിയാകെ മാറ്റിമറിച്ച പ്രളയങ്ങളായിരുന്നു അവ രണ്ടും. അന്ന് മുല്ലപ്പെരിയാര്‍ ഒഴികെ ഒരു അണക്കെട്ടും. ഹൈറേഞ്ചിലെ പുഴകളില്‍ നിര്‍മിച്ചിട്ടില്ല.
ചരിത്ര പ്രസിദ്ധമായ മറ്റൊരു വെള്ളപ്പൊക്കം പെരിയാറ്റില്‍ ഉണ്ടായത് കൊല്ലവര്‍ഷം 969 ല്‍ ആയിരുന്നു. അക്കൊല്ലമാണ് മൈസൂര്‍ സുല്‍ത്താന്‍ ടിപ്പു  തിരുവിതാംകൂര്‍ കീഴടക്കാന്‍ വന്ന് പെരിയാറിന്റെ തീരത്ത് തമ്പടിച്ചത്. ഒരുപക്ഷേ ദക്ഷിണ ഭാരതം കണ്ട ഏറ്റവും വലിയ സൈന്യസന്നാഹങ്ങളുമായിട്ടാണ് ടിപ്പു എത്തിയത്. ആ സന്നാഹങ്ങളുടെ രസകരമായ വിവരണവും വെള്ളപ്പൊക്കവും സി.വി. രാമന്‍പിള്ളയുടെ രാമരാജാ ബഹദൂര്‍ എന്ന ആഖ്യായികയില്‍ വായിക്കാം.
''ഗിരിതടോല്‍ഭൂതമായ നവജലധിയോ പൗരാണിക കാലങ്ങളിലെ വൃക്ഷശിലാദ്യായുധക്കാരായ രാക്ഷസഗണമെന്നപോലെ വ്യാപരിച്ചു. 'ദിന്‍'കര്‍മോദ്യുക്തനായ ടിപ്പുവിന്റെ മതാസക്തി അനുസരിച്ച് ആ പ്രദേശങ്ങളെ സമുദ്രഖണ്ഡങ്ങളാക്കാന്‍ തന്നെ സാഹസങ്ങള്‍ ചെയ്തു. സമൂല തരുക്കള്‍ ഗജപരിവൃഢന്മാര്‍, ജല പ്രവാഹത്തോട് പ്രാണസമരം ചെയ്യുന്ന വനമഹിഷങ്ങള്‍ എന്നിതുകള്‍ പരസ്പരം സംഘര്‍ഷണം ചെയ്തു. ഭിന്ന ആളായും സ്വഗതികള്‍ക്കിടയില്‍ ആണ്ടും ജലാവര്‍ത്ത ഗര്‍ത്തങ്ങളെ നിര്‍മിച്ചും ജലയാന സഞ്ചാര യാനങ്ങളെ ആപല്‍കരങ്ങളാക്കുന്നു....ഭയാനകമായ ഒരു ഭൂവര മുരളനം അതിദൂരത്തുനിന്നും ശ്രവണഗോചരമാകുന്നു. ചക്രവാതധ്വനിയോ എന്നു ശ്രദ്ധിച്ചതില്‍ പവനന്റെ നിശ്ചലത ആ അപരാധാരോപത്തെ പ്രതിഷേധിച്ച് പലരും കൂടാരത്തിന്റെ ബഹിര്‍ഭാഗത്തോട് ചാടുന്നു. ആരവം ആകാശത്തെ കവചം പെയ്യുന്ന മേഘങ്ങള്‍ മുഴുവന്‍ തകരുന്ന കോലാഹലത്തില്‍ കേള്‍ക്കുമാറാകണം. മനുഷ്യരുടെ ഭയാട്ടഹാസങ്ങളും രോദനങ്ങളും ആപത്സാമീപ്യത്തെ ധരിപ്പിക്കുന്നു. നദീതീരം തകര്‍ന്നുവരുന്നു, വന്മരങ്ങള്‍ പ്രവാഹ ഫണങ്ങളില്‍ കൃഷ്ണ നടനം ചെയ്യുന്നു, അല്ല പര്‍വതനിരകള്‍ സവനം ദിക്ദര്‍ശനാര്‍ഥം പ്രയാണം ചെയ്യുന്നുവെന്ന് ഓരോരുത്തര്‍ വിളികൂട്ടുന്നു. ഗിരിസമോന്നതമായുള്ള സമുദ്ര തരംഗം പ്രയാണം ചെയ്യുംവണ്ണം ആ ജലപ്രാകാരം സര്‍വം തകര്‍ത്തുകൊണ്ട് പാഞ്ഞു പരന്നു. സുല്‍ത്താന്റെ കൂടാരത്തെയും ആവരണം ചെയ്ത് ബോധക്ഷതകമായുള്ള ഭയങ്കര രടിതത്തോടെ സമുദ്രോന്മുഖമായി പ്രവഹിച്ചു''- ഇങ്ങനെ ഒരു ചാനലിന്റെ ദൃക്‌സാക്ഷി വിവരണത്തിന്റെ തത്സമയ സംപ്രേഷണം പോലെ സിവിയുടെ വര്‍ണന തുടരുന്നു.
കഴിഞ്ഞ ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളുടെ കിഴക്കന്‍ മേഖലകളിലെ പെരുമഴയുടെയും ഉരുള്‍പൊട്ടലുകളുടെയും ദൃശ്യവിവരണങ്ങള്‍ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തു കണ്ടപ്പോള്‍ ഓര്‍മയില്‍ വന്നതാണിതെല്ലാം.
തീര്‍ച്ചയായും അതിഭീഷണമായ സ്ഥിതിയാണിത്. അതിനെ നേരിടാനും ദുരിതാനുഭവങ്ങള്‍ പരമാവധി കുറയ്ക്കാനും സകലജനങ്ങളുടെയും കഠിനമായ പ്രയത്‌നം കൂടിയേ കഴിയൂ. സര്‍ക്കാര്‍ കേന്ദ്രത്തിലേയും സംസ്ഥാനത്തേയും മാത്രമല്ല അയല്‍നാടുകളിലേയും സഹകരണം തേടേണ്ടതുണ്ട്. തീര്‍ച്ചയായും അവ ലഭിക്കുമെന്നതിനും സംശയമില്ല.
1950 ല്‍ ഞങ്ങളുടെ തൊടുപുഴ താലൂക്കിലെ ജനങ്ങള്‍ നേരിട്ട വന്‍ ഉരുള്‍പൊട്ടലും ജലപ്രളയവും ഇത്തവണയിലേക്കാള്‍ വലിയതായിരുന്നു എന്ന് ഓര്‍മിക്കുന്നു. കിഴക്കന്‍ ഭാഗത്തുള്ള ചെലവു മല എന്നറിയപ്പെടുന്ന മലയുടെ സമുച്ചയത്തിനു ചുറ്റുമായി 200 ലേറെ ഭാഗങ്ങളിലാണ് അന്ന് ഉരുള്‍പൊട്ടിയത്. ഇന്നത്തെപ്പോലുള്ള ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങളില്ലാതിരുന്ന അക്കാലത്ത് പിറ്റേന്നു മാത്രമേ വിവരം പുറംലോകമറിഞ്ഞുള്ളൂ. തൊടുപുഴയാറും കാളിയാറും മുമ്പൊരിക്കലുമില്ലാത്ത വിധം വെള്ളപ്പൊക്കത്തിലായി.  അന്ന് മുല്ലപ്പെരിയാറണയും മൂന്നാര്‍ ഹെഡ്‌വര്‍ക്ക്‌സുമല്ലാതെ ഹൈറേഞ്ചില്‍ അണക്കെട്ടുകളില്ല. ഹൈറേഞ്ചിലെ വര്‍ഷപാതം മുഴുവന്‍ പെരിയാറ്റിലേക്കാണ് പ്രവഹിക്കുക. ഇന്നും തോട്ടപ്പുഴ മൂവാറ്റുപുഴ നദീതടത്തിലെ ഏറ്റവും വലിയ ജലപ്രളയം അതുതന്നെയാണെന്ന് എനിക്ക് പറയാന്‍ കഴിയും. എന്നാല്‍ ഇടുക്കി നിര്‍മാണത്തിനു മുന്‍പ് 1959 ല്‍ മഴക്കാലത്ത് പെരിയാര്‍ കവിഞ്ഞൊഴുകി ആലുവാ മേഖല ദിവസങ്ങളോളം മുങ്ങിക്കിടന്നു. അന്നു തോട്ടയ്ക്കാട്ടുകരയിലെ ഒരു വീട്ടില്‍ ദക്ഷിണ ക്ഷേത്രീയ പ്രചാരക് ശ്രീ യാദവറാവു ജോഷി പങ്കെടുത്ത ബൈഠക് ആരംഭിച്ച് അല്‍പ്പം കഴിഞ്ഞപ്പോഴേക്ക് പെരിയാറ്റില്‍ വെള്ളം ഉയര്‍ന്നു, വീടിനകത്തുവരെയെത്തിയിരുന്നു.
ഭാരതത്തില്‍ ആറു ഋതുക്കളാണല്ലൊ വസന്തം,  ഗ്രീഷ്മം തുടങ്ങി ആചരിക്കപ്പെടുന്നത്. എന്നാല്‍ യാദവറാവുജിയുടെ അഭിപ്രായത്തില്‍ അതു രണ്ടേയുള്ളൂ. 'റെയിനി സീസണ്‍ ആന്‍ഡ് നോ റെയിനി സീസണ്‍', മഴക്കാലവും മഴയില്ലാത്ത കാലവും.
ഇക്കുറിയത്തെ മഹാപ്രളയത്തിലും ദുരിതനിവാരണത്തിന് താല്‍ക്കാലികവും ദീര്‍ഘകാലീനവുമായ ആശ്വാസപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ തുടക്കം മുതല്‍ തന്നെ ഇറങ്ങിക്കഴിഞ്ഞു. പൂജനീയ സംഘസ്ഥാപകന്‍ ഡോ. ഹെഡ്‌ഗേവാര്‍ കല്‍ക്കത്തയിലെ നാഷണല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ ബംഗാളിലെ ദാമോദര്‍ നദിയിലെ വെള്ളപ്പൊക്കകാലത്തു സഹപാഠികളും ശ്രീരാമകൃഷ്ണ മിഷന്‍ പ്രവര്‍ത്തകരും സേവാപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു. സ്വയംസേവകരും, പൂര്‍ണ ശ്രദ്ധയും പ്രയത്‌നവും ദുരിതാശ്വാസത്തിനു വിനിയോഗിക്കുന്നതിനായി, അതിന്റെ പരിപാടികളൊക്കെ വേണ്ടെന്നു വച്ചിരിക്കുകയാണ്.
ഒരു കാര്യംകൂടി ഈയവസരത്തില്‍ കേരളം ശ്രദ്ധിക്കേണ്ടതുണ്ട്- വിശേഷിച്ചും പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍. പശ്ചിമഘട്ട പര്‍വതനിരകളാണ് രാജ്യത്തെ ഏറ്റവും കയ്യേറിത്തകര്‍ക്കപ്പെട്ട മേഖലയെന്നും അത് അവിടത്തെ മാത്രമല്ല, ദക്ഷിണ ഭാരതത്തിന്റെയാകെ സസ്യജാലങ്ങളുടെയും, ജീവജാലങ്ങളുടെയും പര്യാവരണത്തിന്റെയും പ്രകൃതിയുടെ തന്നെയും അപരിഹാര്യമായ ദൂഷീകരണത്തിനും വിനാശത്തിനും കാരണമാകുമെന്നു കണ്ട് ഡോ. മാധവ ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ ഒരു പഠന, അന്വേഷണ, പരിഹാര നിര്‍ദ്ദേശ കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. ആ കമ്മിഷന്‍ പശ്ചിമഘട്ടമുള്‍ക്കൊള്ളുന്ന മേഖലയില്‍ അതിവിപുലമായ പര്യടനവും വിവിധ താല്‍പര്യക്കാരുമായുള്ള സംവാദവും ആശയവിനിമയവും നടത്തി സമഗ്രമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണത്തിനെടുക്കേണ്ട നടപടികളും ശുപാര്‍ശ ചെയ്തിരുന്നു. ആ റിപ്പോര്‍ട്ടിനെതിരെ കേരളത്തിലെ ഇരുമുന്നണികളിലെ കക്ഷികളും, കൈയേറ്റ- കുരിശുനാട്ട്- തോട്ടം മാഫിയകളും അവരുടെ ചെലവില്‍ രാഷ്ട്രീയം നടത്തുന്ന നേതാക്കളും നടത്തിയ പ്രചരണവും പ്രതിഷേധവും വര്‍ഷങ്ങളായി നാം കാണുന്നതാണ്. പ്രസ്തുത തത്പരകക്ഷികളുടെ അനേകവര്‍ഷങ്ങളായി നടന്നുവരുന്ന അനിയന്ത്രിതമായ പ്രവൃത്തികള്‍ ഇത്തവണത്തെ ജലപ്രളയദുരന്തങ്ങള്‍ക്ക് കാരണമായി എന്നത് സംശയാതീതമാണ്. മഴയെ തടയുന്നതല്ലായിരുന്നു റിപ്പോര്‍ട്ട്, മഴയെയും മഴവെള്ളത്തെയും പര്യാവരണ സംരക്ഷണത്തിനാക്കിത്തീര്‍ക്കാന്‍ മനുഷ്യന് എന്തു ചെയ്യാന്‍ കഴിയുമോ അതു ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനായിരുന്നു. ഇന്ന് നെഞ്ചത്ത് കൈവച്ചു മുറവിളികൂട്ടുന്നവര്‍ ഗാഡ്ഗിലിനെ വിളിച്ച പുലഭ്യത്തിനും അദ്ദേഹത്തെ മാറ്റി മറ്റൊരു കമ്മീഷനെ (കസ്തൂരിരംഗന്‍)വെപ്പിച്ച് അവരുടെ റിപ്പോര്‍ട്ടിനെയും എതിര്‍ത്തതിനുമൊക്കെ കേരളം സാക്ഷിയാകുന്നു. മഴയുടെ ജ്വാല കുതിച്ചുകയറി ആഞ്ഞടിക്കുമ്പോള്‍ മുറവിളിക്കുന്നവര്‍ മാധവഗാഡ്ഗിലിനെക്കൂടി ഓര്‍ക്കുന്നതു നന്നായിരിക്കും.
ഇതൊന്നും ദുരിതമകറ്റാന്‍ പര്യാപ്തമാവില്ലെന്നറിയാം. അതിന് ദുരിതവിമുക്തരായി കഴിയാന്‍ ഭാഗ്യം ഉണ്ടായവരുടെ പ്രയത്‌നമാണ് വേണ്ടത്. സേവാഭാരതി അവരുടെ ഒപ്പം മുന്നില്‍ത്തന്നെ ഉണ്ടുതാനും...janmabhumi

No comments: