Friday, August 24, 2018

വേദങ്ങളില്‍ സൂക്ഷ്മമായി പറഞ്ഞിട്ടുള്ള തത്വങ്ങളുടെ ആഖ്യാനമാണ് വാമനനും ബലിയും തമ്മിലുള്ള ദാനത്തിന്റെ കഥ. ആദിദൈവികാര്‍ത്ഥത്തില്‍ വിഷ്ണു സൂര്യനാണ്. ബലിശാന എന്ന പദം ഇരുട്ടിനെക്കുറിക്കുന്നു. ബലിയുടെ ഭരണം ലോകത്ത് ശാന്തിയും സമൃദ്ധിയും നല്‍കുന്നു. അവിടെ കള്ളമില്ല, ചതിയില്ല. ഇരുട്ടില്‍ എല്ലാവരും ഉറക്കമാണ്. ഉറക്കത്തില്‍ രാജാവും പ്രജയും വലിയവനും ചെറിയവനുമില്ല. എന്നാല്‍ എപ്പോഴും ഇരുട്ട് മതിയാവില്ല. ഇരുട്ടിന്റെ സമൃദ്ധിയില്‍ നിന്ന് വെളിച്ചത്തിന്റെ സമൃദ്ധിയിലേക്ക് വരണം. വിഷ്ണുവായ സൂര്യന്‍ വാമനനുമാണ്. വമനം ചെയ്യുന്നവനാണ് വാമനന്‍. സൂര്യന്‍ വമനം ചെയ്യുന്നത് പ്രകാശത്തെയാണല്ലോ. 'ഇദം വിഷ്ണുര് വിചക്രമേ ത്രേധാ നി ദധേ പദമ്, സമൂള്ഹമസ്യ പാംസുരേ' എന്ന ഋഗ്വേദ മന്ത്രത്തില്‍ നിന്നാണ് മൂന്നു പാദങ്ങള്‍ വെയ്ക്കുന്ന വിഷ്ണുവിന്റെ കഥ രൂപപ്പെട്ടത്. 'സര്‍വവ്യാപിയായ വിഷ്ണു മൂന്നു ലോകങ്ങളിലും വ്യാപിച്ചിരിക്കുന്നു. ഭൂലോകത്തും അന്തരീക്ഷ ലോകത്തും പൃഥ്വിവിയിലും മൂന്നു പദങ്ങളെ കൊണ്ടാണ് അവന്‍ ലോകത്തെ അളക്കുന്നത്. അവന്റെ പാദങ്ങളെ സാധാരണ മനുഷ്യന്‍ എങ്ങനെ കാണും. അവരുടെ കണ്ണുകള്‍ ഭൗതികതയുടെ പൊടിപടലങ്ങളെ കൊണ്ട് മൂടിയിരിക്കുകയാണ്. വാമനന്‍ ആദ്യം പാദം വെച്ച് ആകാശ ലോകത്തെ (ദ്യുലോകത്തെ) അളന്നു, രണ്ടാം പാദം കൊണ്ട് ഭൂമിയേയും പിന്നെ മൂന്നാമത് പാദം കൊണ്ട് ഇരുട്ടിനെ പൂര്‍ണമായും പാതാളത്തേക്ക് അതായത് ഭൂമിയുടെ നേരെ മറുഭാഗത്തേയ്ക്ക്. ഇത് വര്‍ഷത്തില്‍ ഒരിയ്ക്കലല്ല, എന്നും നടക്കുന്നു.... ശരീരവും ഹൃദയവും മസ്തിഷ്‌കവും മൂന്ന് തലങ്ങളാണ്, മൂന്ന് ലോകങ്ങളാണ്. ഈ ലോകത്ത് വാമനന്റെ പ്രകാശം സദാ ഉണ്ടാവണം. ആ പ്രകാശത്തിന്റെ സമൃദ്ധിയില്‍ നാം ആറാട്ടു നടത്തണം. കോടി സൂര്യപ്രഭയുള്ള മസ്തിഷ്‌ക്കമാണ് നമുക്കുവേണ്ടത്. 'ദിവി സൂര്യ സഹസ്രസ്യ' എന്നൊക്കെ ആചാര്യന്മാര്‍ പറയാറുണ്ടല്ലോ. ആദ്ധ്യാത്മികതയുടെ പ്രസരിപ്പ് നമുക്ക് മൂന്നു ലോകങ്ങളിലും വേണം. ഓണവും വാമനനും മാവേലിയും ഇതു നമ്മെ വര്‍ഷാവര്‍ഷം ഓര്‍മ്മപ്പെടുത്തുന്നു. ഇത്തരം ധന്യമായ ഓര്‍മകളുമായി ഓണമാഘോഷിക്കുമ്പോഴാണ് ഓണം മാനവികതയുടെ മഹത്തായ സന്ദേശമാവുന്നത്.
JANMABHUMI

No comments: