Friday, August 31, 2018

RAJEEV KUNNEKATT.
ദീക്ഷാന്ത പ്രവചനം
~~~~~~~~~~~~~~~~~
ബ്രഹ്മചര്യം കഴിഞ്ഞ്‌ (വിദ്യാഭ്യാസം കഴിഞ്ഞ്‍) തിരിച്ച്‍ വീട്ടിലേയ്ക്ക്‍ പോകാനുള്ള ദിവസം ഗുരുകുലങ്ങളില്‍ / ആശ്രമങ്ങളില്‍ കണ്‍വൊക്കേഷന്‍ നടത്താറുണ്ട്‍. ആ സമയത്ത്‍ ഗുരുവിന്റെ ഒരു പ്രവചനമുണ്ട്‍. സത്യം വദ : ധര്‍മ്മം ചര, തുടങ്ങിയ തലങ്ങളെയെല്ലാം സ്പര്‍ശിച്ച്‍ ഗുരു പറയും... ഗുരുനാഥന്‍ ആ സന്ദര്‍ഭത്തില്‍ ശിക്ഷകഴിഞ്ഞ്‍ പോകുന്ന അന്തേവാസികള്‍ക്ക്‍ കൊടുക്കുന്ന ഉപദേശത്തെയാണ്‌ ദീക്ഷാന്ത പ്രവചനം എന്ന്‍ പറയുന്നത്‍. ഗുരുകുലങ്ങളിലെ ദീക്ഷാന്ത പ്രവചനവും ഇന്നത്തെ സ്കൂള്‍/കോളേജുകളിലെ തത്തുല്യ പ്രസംഗവും തമ്മിലുള്ള അന്തരം അറിയുക.
ഗുരുനാഥന്‍ പറയുന്നു -
വത്സാ!! നിന്റെ ബ്രഹ്മചര്യം, വിദ്യാഭ്യാസകാലം തീരുകയാണ്‌. നീ സംസാരിയാവാന്‍ പോവുകയാണ്‌, ഗൃഹസ്ഥാശ്രമിയാവാന്‍ പോവുകയാണ്. ജീവിതം എന്നത്‍ ഗംഗയുടെ പ്രവാഹംപോലെയാണ്‌. നല്ലതും നല്ലതല്ലാത്തതും സുഖവും ദു:ഖവും എല്ലാം മാറിമാറി വരും. എത്രതന്നെ മലിനമാലിന്യങ്ങളിലൂടെ ഒഴുകിയാലും എത്രതന്നെ വളഞ്ഞും പുളഞ്ഞും ഒഴുകിയാലും ഗംഗ അവളുടെ പവിത്രതയ്ക്ക്‍ കോട്ടം വരുത്തുന്നില്ല. തന്നിലേയ്ക്ക്‍ ദാഹിച്ചുകൊണ്ടുവരുന്ന ദാഹകനെയും, തന്നെ നശിപ്പിയ്ക്കാന്‍ ഓടിയെത്തുന്ന നാശകനെയും, ഈശ്വരഭക്തനെയും നിരീശ്വരവാദിയെയും, ഈശ്വരന്‍ ഉണ്ടെന്ന്‍ പറയുന്നവനെയും ഈശ്വരന്‍ ഇല്ലെന്ന്‍ പറയുന്നവനെയും,
പണ്ഡിതനെയും പാമരനെയും, യാചകനെയും ഭിക്ഷുവിനെയും, മാനിയെയും അമാനിയെയും, രോഗിയെയും നിരോഗിയെയും, സുഖിയെയും ദു:ഖിയെയും, ധനികനെയും ദരിദ്രനെയും ബലവാനെയും ബലഹീനനെയും, ജീവനുള്ളതിനെയും ജീവനില്ലാത്തതിനെയും, അഭിമാനിയെയും സ്വദേശിയെയും വിദേശിയേയും മനുഷ്യനെയും മ്ര്‌ഗത്തെയും പക്ഷിയെയും
എല്ലാത്തിനെയും ഗംഗ ഒരേമനസ്സാലെ സ്വീകരിയ്ക്കുന്നു, അവയുടെയൊക്കെ ദാഹം തീര്‍ത്തുകൊടുക്കുന്നു, തന്നില്‍ അഭയം നല്‍കുന്നു. ഹിമാലയത്തിലെ സസ്യലതാദികളിലെ ഔഷധസമ്പത്തിനെ തന്നിലൂടെ ഒഴുക്കിക്കൊണ്ടുവന്ന്‍ അവള്‍ സഞ്ചരിയ്ക്കുന്നിടത്തൊക്കെ എല്ലാ ജീവികള്‍ക്കും ഔഷധഗുണമുള്ള ജലം വാരിവിതരിക്കൊണ്ട്‍ മുന്നോട്ടുപോകുന്നു. തനിയ്ക്കുവേണ്ടിയോ തന്റെ തലമുറകള്‍ക്കുവേണ്ടിയോ ഗംഗ ഒന്നും സംഭരിച്ചു വെയ്ക്കുന്നില്ല. പരോപകാരത്തിന്റെ ഉത്തുംഗശൃങഗത്തില്‍ നിന്നുകൊണ്ടുതന്നെ ലോകോപകാരാര്‍ത്ഥം, ലോകഹിതത്തെ മാത്രം ലക്ഷ്യമാക്കി, തന്റെ കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടു പോകുന്നു. തന്റെ കര്‍മ്മത്തില്‍ യാതൊരുവിധ ബാധയും ഉണ്ടാകുന്നില്ല, അവളുടെ പ്രവാഹം നിത്യനൈരന്തര്യമുള്ളതാണ്‌. ഹിമാലയത്തിലെ ഗോമുഖത്തുനിന്നുത്ഭവിച്ച്‍ ബംഗാള്‍ഉള്‍ക്കടലില്‍ പതിയ്ക്കുന്നതുവരെ, എത്രതന്നെ ത്യാഗങ്ങള്‍ സഹിച്ചാലും, എത്രതന്നെ മലിനപ്പെടുത്തിയാലും, അവളുടെ ചാരിത്ര്യത്തിനോ പരിശുദ്ധതയ്ക്കോ നൈരന്തര്യത്തിനോ യാതൊരു കുറവും, യാതൊരു വ്യതിയാനവും വരുന്നില്ല. തന്റെ കര്‍മ്മത്തില്‍ അത്യധികം നിഷ്ഠ പുലര്‍ത്തുന്നവളാണ്‌ ഗംഗ. ഒരു ഗ്രഹസ്ഥനാവാന്‍ പോകുന്ന നീ, ഒരു ഭരണാധികാരിയോ ഒരു രാജാവോ ചക്രവര്‍ത്തിയോ മറ്റെന്തെങ്കിലുമോ ആയിത്തീരും. ഗംഗയുടെ ജീവിതംപോലെ ജീവിതത്തില്‍ എന്ത്‍തന്നെ ദു:ഖം വന്നാലും, എത്രതന്നെ ദു:ഖം വന്നാലും, എത്രതന്നെ സന്തോഷം വന്നാലും നീ നിന്റെ അസ്തിത്ത്വത്തെ മറന്ന്‍ ഒന്നും സങ്കല്‍പ്പിയ്ക്കരുത്‍, ഒന്നും ചെയ്യരുത്. സുഖവും ദു:ഖവും അവസ്ഥകള്‍ മാത്രമാണ്‌, അല്പായുസ്സുക്കളാണ്‌, അനിത്യമാണ്. സുഖവും ദു:ഖവും വരുന്നതും പോകുന്നതുമായതുകൊണ്ട്‍ അതില്‍ പരിഭവിക്കാനൊന്നുമില്ല. ആരോടും ഒന്നിനോടും വിദ്വേഷം വെയ്ക്കരുത്‍. ആരെയും ദ്രോഹിയ്ക്കരുത്‍, ആരെയും വെറുക്കരുത്‍, മാതൃദേവോ ഭവ: പിതൃദേവോ ഭവ: അതിഥിദേവോ ഭവ: ആചാര്യദേവോ ഭവ: ഇത്യാദികള്‍ സദാ സ്മരിയ്ക്കണം, അതില്‍ രമിയ്ക്കണം. സത്യസന്ധമായ ജീവിത പന്ഥാവിലൂടെയാണ്‌ ജീവിതനൗകയെ കൊണ്ടുപോകേണ്ടത്‍. ലോകോപകാരാര്‍ത്ഥങ്ങളായ കര്‍മ്മങ്ങളില്‍ വിളംബം വരുത്തരുത്. ആരുടെയും ആജ്ഞയ്ക്കായി കാത്തിനുല്‍ക്കണ്ടയാവശ്യമില്ല. ഞാന്‍ (ഗുരു ) വൃദ്ധനായിരിയ്ക്കുന്നു, നാളെ ഉണ്ടാകുമോ ഇല്ലയോ എന്നൊന്നും അറിയാന്‍ പറ്റില്ല. നിന്റെ ജീവിതമാകുന്ന സാഗരത്തിലൂടെ സഞ്ചരിയ്ക്കുമ്പോള്‍ ദു:ഖത്തിന്റെ കൂറ്റന്‍ തിരമാലകള്‍, കഷ്ടതകളാകുന്ന തിമിംങ്കലംപോലെ
എപ്പോഴെങ്കിലും ഉണ്ടാവുകയാണെങ്കില്‍, ദു:ഖത്തിന്റെ ചീങ്കണ്ണികള്‍ കയറിപ്പിടിയ്ക്കുകയാണെങ്കില്‍, ഹേ പ്രിയ വത്സാ, എന്റെ കുഞ്ഞേ, ആ സമയത്ത്‍ എന്റെ ഈ ശരീരത്തില്‍ ഞാന്‍ ഇല്ലെങ്കില്‍, എന്റെ അഭാവമാണ്‌ നിനക്ക്‍ അനുഭവപ്പെടുന്നതെങ്കില്‍, എന്നേക്കാള്‍ തേജസ്സും അറിവും കഴിവുമുള്ള ഒരു മഹാത്മാവിനെ സമീപിച്ച്‍, അദ്ദേഹത്തിന്റെ പാദാരവിന്ദങ്ങളില്‍ തൊട്ട്‍ വന്ദിച്ച്‍, അദ്ദേഹത്തോട്‌ നിന്റെ സംശയങ്ങള്‍ അവതരിപ്പിയ്ക്കുക. അദ്ദേഹം അതിനുള്ള സമാധാനം തരും. എന്റെ അനുഗ്രഹങ്ങള്‍ നിന്റെകൂടെ സദാ ഉണ്ടായിരിയ്ക്കും. ജഗദീശ്വരന്‍ നിന്നെ അനുഗ്രഹിയ്ക്കട്ടെ.
ഇതിനെ ദീക്ഷാന്ത പ്രവചനം എന്ന്‍ പറയും.
ഇന്നും കണ്‍വൊക്കേഷനുകള്‍ കോളേജുകളിലും യൂണിവേഴ്‍സിറ്റികളിലും ഒക്കെ ഉണ്ട്‍. എന്നാല്‍ ഇത്രയും നല്ലൊരു കോളേജ്‍ ലോകത്തില്ല, ഇത്രയും നല്ലൊരു വിശ്വവിദ്യാലയം ലോകത്തില്ല, നിങ്ങളുടെ മക്കളെയും അയല്‍വക്കക്കാരെയും കൂട്ടുകാരുടെ മക്കളെയും എല്ലാം നിങ്ങള്‍ ഈ കോളേജില്‍ത്തന്നെ പഠിപ്പിയ്ക്കാന്‍ നിര്‍ബ്ബന്ധിയ്ക്കണം. ഞങ്ങളുടെ ലൈബ്രറിയ്ക്ക്‍ സമാനമായി മറ്റൊന്ന്‍ ലോകത്തില്ല... ഞങ്ങളുടെ കോളേജില്‍നിന്ന്‍ പഠിച്ചിറങ്ങിയവരൊക്കെ ഉന്നതമായ പദവികളില്‍ ഇരിയ്ക്കുന്നു, നല്ല നിലയില്‍ ജീവിയ്ക്കുന്നു. (ലോകത്തിനെ മുഴുവനും നശിപ്പിയ്ക്കാനുള്ള എല്ലാ തന്ത്രങ്ങളും പണിയുന്നൂ എന്ന്‍ സാരം).
ഞങ്ങള്‍ പറഞ്ഞതേ കേള്‍ക്കാന്‍ പാടു, ഞങ്ങളുടെ സ്കൂളില്‍ പഠിച്ചാലേ എല്ലാം പഠിയൂ, ലോകരുടെ സംശയങ്ങളൊക്കെ എനിയ്ക്കുമാത്രമേ നിവര്‍ത്തിയ്ക്കാന്‍ പറ്റൂ, ഞാന്‍ തരുന്നത്‌ മാത്രമാണ്‌ അറിവ്‍, എന്റെ ഗ്രന്ഥത്തില്‍ കുറിച്ചുവെച്ചിട്ടുള്ളതുമാത്രമേ അനുകരിയ്ക്കാവൂ, ഇതിലൂടെ പോയാല്‍ മാത്രമേ നല്ലതു വരൂ, നിന്നെ സ്വര്‍ഗ്ഗത്തിലെത്തിയ്ക്കാന്‍ എനിയ്ക്കുമാത്രമേ കഴിയൂ, നിന്റെ പാപങ്ങള്‍ എന്നെക്കൊണ്ടുമാത്രമേ കഴുകിക്കളയാന്‍ പറ്റൂ, എന്നില്‍നിന്നുമാത്രമേ സംശയനിവൃത്തി വരുകയുള്ളു, എന്നെ മാത്രമേ ആശ്രയിയ്ക്കാവൂ, ഞങ്ങള്‍ പഠിപ്പിയ്ക്കുന്നതുപോലെ ലോകത്ത്‍ മറ്റൊരാളെക്കൊണ്ടും പഠിപ്പിയ്ക്കാന്‍ പറ്റില്ല. ഇവിടെനിന്ന്‍ പോയാലും ഞങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടിരിയ്ക്കണം. സഹായങ്ങള്‍ നല്കണം. അതുകൊണ്ട്‍ എപ്പോഴും നീ എന്നോട്‍ മാത്രം ചോദിയ്ക്കുക.. എല്ലാ അറിവുകള്‍ക്കും പേറ്റന്റ്‍ എടുത്തിട്ടുള്ളത്‍ ഞങ്ങള്‍ മാത്രമാണ്‌, ഇത്യാദി ഇന്ന്‍ കാണുന്ന ഒന്നും അറിവുമല്ല, സംസ്കാരവുമല്ല, മാനുഷികവുമല്ല, ഭാരതീയവുമല്ല, എന്ന്‍ മുകളില്‍ സൂചിപ്പിച്ചതില്‍നിന്ന്‍ അറിയുക.
എത്ര ബൃഹത്തും മഹത്തുമാണ്‌ ഭാരതീയ ഋഷീശ്വരന്മാരുടെ ചിന്തകള്‍, ഒന്ന്‍ ആലോചിച്ചുനോക്കൂ. അറിവിന്റെ എത്ര വലിയ ഭണ്ഡാരമാണ്‌ അവര്‍ നമുക്കുവേണ്ടി ഇവിടെ just വെറുതെ ഇട്ടിട്ടു പോയിട്ടുള്ളത്‍.. യാതൊരു വിധ ബൗദ്ധിക സ്വത്തവകാശവും, patentഉം അവര്‍ എടുത്തിട്ടില്ല. എന്തുകൊണ്ട്‍ അവരൊന്നും അതിന്‌ patent എടുത്തില്ല. കാരണം അവര്‍ അറിവുള്ളവരായിരുന്നു. അവരുടെ അറിവൊന്നും അവരുടേതല്ലെന്നും അതെല്ലാം അപൗരുഷേയമായ - ഈശ്വരീയമായ - അറിവിന്റെ വാല്‍ക്കഷ്ണം മാത്രമാണെന്നും തന്റെ ധീയില്‍ തപോബലത്താല്‍
തെളിഞ്ഞതായതുകൊണ്ട്‍ അതൊന്നും തന്റേതല്ലെന്ന്‍ പൂര്‍ണ്ണബോധ്യമായതുകൊണ്ട്‍ patent എടുത്തില്ല. അല്ലെങ്കിലും എന്റെ കയ്യിലുള്ള അറിവ്‍ എന്റെ അല്ലാ എന്നും അത്‍ ഞാന്‍ കട്ടിട്ടും കവര്‍ന്നിട്ടും ഉണ്ടാക്കിയതാണെന്നും പരിപൂര്‍ണ്ണബോധ്യമുള്ളതുകൊണ്ടാണല്ലൊ patent എടുക്കാന്‍ ഓടുന്നത്‍. എന്റേതാണെങ്കില്‍ അത്‍ മറ്റൊരുത്തന്റെ കൈവശം ഉണ്ടാകില്ലല്ലൊ, പിന്നെ എന്തിനാ പേറ്റന്റ്.
ആദ്യം സൂചിപ്പിച്ച ഭാരതീയ ഋഷീശ്വരന്മാരുടെ ദീക്ഷാന്ത പ്രവചനം പോലത്തെ ഒരു പ്രവചനം ഇന്ന്‍ വിദ്യാഭ്യാസം കഴിഞ്ഞ്‍ വീട്ടിലേയ്ക്ക്‍ തിരിയ്ക്കുന്ന യുവാക്കള്‍ക്ക്‍ കൊടുക്കാന്‍ പറ്റുമോ.. പോട്ടെ, വിദ്യാഭ്യാസ ദുരന്ധരന്മാര്‍ക്കും മേലാളന്മാര്‍ക്കും ചിന്തിയ്ക്കാന്‍ പറ്റുമോ..

No comments: