Friday, August 24, 2018

സര്‍വ സംഗപരിത്യാഗിയാണ് യോഗി

ഹഠയോഗ പ്രദീപിക
Saturday 25 August 2018 2:53 am IST
ഏവമാസനബന്ധേഷു
 യോഗീന്ദ്രോ വിഗതശ്രമഃ
അഭ്യസേന്നാഡികാശുദ്ധി
മുദ്രാദി പവനക്രിയാം  (1-55)
ഇപ്രകാരം ആസനബന്ധങ്ങളില്‍ ശ്രമമകന്ന യോഗിവര്യന്‍ നാഡീശുദ്ധി, മുദ്ര, പ്രാണായാമം മുതലായവ അഭ്യസിക്കണം. ആസനബന്ധങ്ങള്‍ എന്നതിന് ആസനങ്ങളും ബന്ധങ്ങളും എന്നോ ആസനങ്ങളുടെ ബന്ധം (അഭ്യാസം) എന്നോ അര്‍ഥമെടുക്കാം. അവ മുമ്പ് പരാമര്‍ശിക്കപ്പെട്ടു കഴിഞ്ഞു. അഭ്യാസത്തിലൂടെ ആസനം ഉറയ്ക്കണം. ആസനജയം നേടണം അഥവാ ആസനസിദ്ധി വരുത്തണം. അപ്പോള്‍ അത് സ്ഥിരവും സുഖവും ആയിത്തീരും. ഇതാണ് ജിതശ്രമം എന്നു പറഞ്ഞത്. പതഞ്ജലി പ്രയത്‌ന ശൈഥില്യമെന്നാണ് ഇതിനു പറയുന്നത്. അപ്പോള്‍ ദ്വന്ദ്വങ്ങളുടെ (സുഖം-  ദുഃഖം, ചൂട്-  തണുപ്പ് ) ഉപദ്രവം ഉണ്ടാവില്ല. പ്രാണായാമത്തിന് ശരീരം പാകപ്പെടും എന്നര്‍ഥം. 
ആസനം കുംഭകം ചിത്രം
മുദ്രാഖ്യം കരണം തഥാ
അഥ നാദാനുസന്ധാനം
അഭ്യാസാനുക്രമോ ഹഠേ(1-56)
ആസനം, പലതരം പ്രാണായാമം, മുദ്ര, നാദാനുസന്ധാനം  ഇങ്ങിനെയാണ് ഹഠത്തില്‍ അഭ്യാസക്രമം.
സ്വസ്തികം, ഗോമുഖം, വീരം, കൂര്‍മം, കുക്കുടം, ഉത്താന കൂര്‍മം, ധനു, മത്സ്യേന്ദ്രം, പശ്ചിമതാനം, മയൂരം, ശവം, സിദ്ധം, വജ്രം, മുക്തം, ഗുപ്തം, ബദ്ധപത്മം, പത്മം, സിംഹം, ഭദ്രം എന്നീ ആസനങ്ങളാണ് ഇതുവരെ ചര്‍ച്ച ചെയ്തത്. ജാലന്ധരം, ഉഡ്യാണം, മൂലം എന്നിവയാണ് ബന്ധങ്ങള്‍. ഇവ അഭ്യസിക്കുമ്പോള്‍ ഉന്മേഷവും ഊര്‍ജവും വര്‍ദ്ധിക്കും. പിന്നെ നാഡികളുടെ ശുദ്ധിക്കായി പ്രാണായാമം ശീലിക്കണം. 'സൂര്യഭേദനമുജ്ജായി' എന്നിങ്ങനെ പലതരം പ്രാണായാമങ്ങള്‍ രണ്ടാമധ്യായത്തില്‍ വരും. പ്രാണനെ പ്രത്യേക ചാലിലൂടെ ഒഴുക്കാനും അതിന്റെ ചോര്‍ച്ച തടയാനും മനസ്സിനെ താളത്തിലാക്കാനും മുദ്രകള്‍ പ്രയോജനപ്പെടും. കൈകളുടെ മുദ്രയല്ല ഇവിടെ പ്രസ്തുതം. മഹാമുദ്ര, മഹാബന്ധം, മഹാവേധം, ഖേചരി , ജാലന്ധര ഉഡ്യാണ മൂലബന്ധങ്ങള്‍ (ബന്ധത്രയം), വിപരീത കരണി, വജ്രോളി, ശക്തിചാലനം ഇവയാണ് ദശ (പത്ത്) മുദ്രകള്‍. ബന്ധത്രയം പ്രാണശക്തിയെ മേലോട്ടു തളളുന്നു. ആസനം, പ്രാണായാമം, മുദ്ര, ബന്ധം  ഇതാണ് ക്രമം. അവസാനം ധ്യാനാസനത്തില്‍ ശാന്തമായിരുന്ന് ഉള്ളില്‍ നിന്ന് വരുന്ന നാദത്തെ ശ്രദ്ധിക്കണം. ഇതാണ് നാദ അനുസന്ധാനം. 
ബ്രഹ്മചാരീ മിതാഹാരീ
ത്യാഗീ യോഗ പരായണ:
അബ്ദാദൂര്‍ധ്വം ഭവേത് സിദ്ധോ
നാത്ര കാര്യാ വിചാരണാ. (1-57)
ബ്രഹ്മചാരിയായും മിതാഹാരിയായും ത്യാഗിയായും യോഗപരായണനായും ഒരു കൊല്ലത്തിലധികം ഇരുന്നാല്‍ സിദ്ധനാകാം. ഇതില്‍ സംശയം വേണ്ട.
ലൈംഗിക ഇന്ദ്രിയത്തിന്റെ സംയമമാണ് ബ്രഹ്മചര്യം. വിഷയ സുഖത്തിന്റെ പാരമ്യമായാണ് ലൈംഗികസുഖത്തെ എടുത്തിരിക്കുന്നത്. ശാരീരികവും വാചികവും മാനസികവും ആയ എല്ലാ മൈഥുനങ്ങളുടെയും ത്യാഗമാണ് ബ്രഹ്മചര്യം. വിദ്യാഭ്യാസത്തിനും ജ്ഞാനസമ്പാദനത്തിനു
ം ഇത് ആവശ്യമാണ്. ജ്ഞാനാര്‍ജനത്തിലുള്ള ബുദ്ധികൂര്‍മ്മം വീര്യത്തില്‍ നിന്നാണ് ലഭിക്കുന്നത്. ഈ വീര്യമാകട്ടെ ബ്രഹ്മചര്യത്തില്‍ നിന്നാണ് കിട്ടുക.'ബ്രഹ്മചര്യ പ്രതിഷ്ഠായാം വീര്യലാഭഃ' എന്ന് പതഞ്ജലി. 'സഹ വീര്യം കരവാവഹൈ' എന്ന് വേദം. 
മിതാഹാരം എല്ലാ പ്രയത്‌നത്തിലും ഹിതകരമാണ്. 'കാലേ ഹിതമിത ഭോജീ' എന്ന് ആയുര്‍വേദം. ഭക്ഷണം കൂടാനും കുറയാനും പാടില്ല. 'ന്യൂനാനി ച അതിരിക്താനി'  രണ്ടും പാടില്ല. ആഹാരത്തെപ്പറ്റിയുള്ള ചര്‍ച്ച തുടര്‍ന്നു വരുന്നുണ്ട്. ഭോഗ വിഷയങ്ങളോട് നിസ്സംഗത യോഗിക്ക് അത്യാവശ്യമാണ്. ഭോഗം, ത്യാഗം എന്ന് രണ്ടു വഴികളാണ് ലോകത്തിന്. ഭോഗം പ്രവൃത്തിയിലേക്കും ബന്ധനത്തിലേക്കും വഴി തുറക്കുന്നു. ത്യാഗം നിവൃത്തിയിലേക്കും മോക്ഷത്തിലേക്കും. സര്‍വസംഗപരിത്യാഗിയാണ് യോഗി. ത്യാഗി എന്നതിന് ദാനശീലന്‍ എന്നും അര്‍ഥമെടുക്കാം. കൊടുക്കാന്‍ മാത്രം അറിയുന്നവന്‍. 
യോഗാഭ്യാസത്തില്‍ നിഷ്ഠയും ആവശ്യമാണ്. ഇത്തരത്തില്‍ യോഗസാധന ചെയ്യുന്നവന്‍ വളരെ കാത്തു നില്‍ക്കേണ്ടി വരില്ല എന്ന ഒരാശ്വാസം ഇവിടെ സ്വാത്മാരാമന്‍ തരുന്നു. 'തീവ്ര സംവേഗാനാം ആസന്നഃ' എന്ന് പതഞ്ജലി. ശ്രദ്ധക്കനുസരിച്ചാവും ഫലം എന്നു താല്‍പര്യം.
സുസ്‌നിഗ്ധ മധുരാഹാര 
ശ്ചതുര്‍ഥാംശ വിവര്‍ജിത:
ഭുജ്യതേ ശിവസംപ്രീത്യൈ
മിതാഹാരഃ സ ഉച്യതേ. (1-58)
 നല്ല മെഴുക്കുള്ള മധുരമായ ആഹാരം മുക്കാല്‍ വയര്‍ മാത്രമായും ശിവ പ്രീതിക്കുവേണ്ടിയും കഴിക്കുന്നതാണ് മിതാഹാരം.
സ്‌നേഹമുള്ളതാണ് സ്‌നിഗ്ധം. നല്ലവണ്ണം സ്‌നിഗ്ധമായത് സുസ്‌നിഗ്ധം. സ്‌നേഹം എന്ന വാക്കിന് ഇഷ്ടമെന്നും എണ്ണയെന്നും അര്‍ഥമുണ്ട്. ഭക്ഷണത്തില്‍ രണ്ടര്‍ഥത്തിലും നല്ലവണ്ണം സ്‌നേഹം കലരണം. നെയ്യ് ഭക്ഷണത്തിന്റെ ഭാഗമാകണം. അത് സ്‌നേഹത്തോടെ പാകം ചെയ്തതുമാവണം. മധുരവും സാത്വിക ഭക്ഷണത്തിന്റെ ഭാഗമാണ്. ഇഷ്ടപ്പെട്ട ഭക്ഷണമെന്നും അര്‍ഥമെടുക്കാം. 'രസ്യാഃ സ്‌നിഗ്ധാഃ സ്ഥിരാഃ ഹൃദ്യാഃ'എന്ന് ഭഗവദ്ഗീത.
ദ്വൗ ഭാഗൗ പൂരയേദന്നൈഃ (നാലില്‍ രണ്ട് ഭാഗം അന്നം കൊണ്ട് നിറക്കണം) തോയേന ഏകം പ്രപൂരയേത് (ഒരു ഭാഗം വെള്ളം കൊണ്ട് നിറക്കണം) വായോഃ സഞ്ചരണാര്‍ഥായ (വായുവിന്റെ സഞ്ചാരത്തിനായി) ചതുര്‍ഥം അവശേഷയേത് (നാലിലൊന്ന് ഒഴിച്ചിട്ടണം) എന്നാണ് വിധി. അതാണ് ഇവിടെ ചതുര്‍ഥാംശം എന്ന് സൂചിപ്പിച്ചത്.
അത് ശിവപ്രീതിക്കായി കഴിച്ചാല്‍ ഫലം കൂടും. ഉള്ളിലിരിക്കുന്ന ശിവനുള്ള നിവേദ്യമായി ആഹാരത്തെ കാണണം. ഊണു തുടങ്ങുന്നതിനു മുമ്പ് 'പ്രാണായ സ്വാഹാ, അപാനായ സ്വാഹാ, വ്യാനായ സ്വാഹാ, ഉദാനായ സ്വാഹാ, സമാനായ സ്വാഹാ' എന്നിങ്ങനെ പഞ്ചപ്രാണങ്ങള്‍ക്ക് ആഹുതി നല്‍കുന്ന രീതി ബ്രാഹ്മണരുടെ ഇടയിലുണ്ട്. ഭക്ഷണം വയറ്റിലിരുന്ന് ദഹിപ്പിക്കുന്നത് വൈശ്വാനരനെന്ന ഈശ്വര ശക്തിയാണെന്ന് ഭഗവദ്ഗീത പറയുന്നുണ്ട്.
ഭക്ഷണം ഒരു സാധനയാവണമെന്നു താല്പര്യം. യോഗിക്ക് ഭക്ഷണം ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന, അതിന് ഊര്‍ജം നല്കുന്ന മരുന്നാണ്. സാധനയിലെ പുരോഗതിക്കും ജീവന്റെ നിലനില്പിനുമുള്ള ഇന്ധനമാണത്. അമിതാഹാരം മടിയും ഉറക്കവുമുണ്ടാക്കും. മിക്ക രോഗങ്ങള്‍ക്കും കാരണം അഹിതവും അമിതവും അകാലികവുമായ ഭക്ഷണമാണ്. 'അദ്യതേ അത്തി ച ഭൂതാനി' (ജീവികളാല്‍  തിന്നപ്പെടുന്നതും ജീവികളെ തിന്നുന്നതും ആയത് അന്നം) എന്നാണ് അന്നം എന്ന വാക്കിന്റെ വ്യുത്പത്തി. അമിതമായാല്‍ അന്നം നമ്മെ തിന്നും
വ്യാഖ്യാനം: കൈതപ്രം വാസുദേവന്‍ നമ്പൂതിരി

No comments: