Tuesday, August 28, 2018

അശ്വിനി ദേവന്മാരെ ദധ്യക് ഉപദേശിക്കുന്നു

ഉപനിഷത്തിലൂടെ -246/ ബൃഹദാരണ്യകോപനിഷത്ത്- 45/സ്വാമി അഭയാനന്ദ
Wednesday 29 August 2018 1:11 am IST
ഇദം വൈ തന്മധു
ആഥര്‍വണായാശ്വിനാ ദധീചേളശ്വ്യം ശിരഃ 
പ്രതൈ്യരയതം
അങ്ങനെയുള്ള ഈ മധുവിദ്യയെ ആഥര്‍വണനായ ദധീചി എന്ന ദധ്യക് അശ്വിനി ദേവന്മാര്‍ക്ക് ഉപദേശിച്ച് കൊടുത്തു. ഇത് കണ്ട് ഋഷി പറഞ്ഞു അശ്വിനികളെ നിങ്ങള്‍ ദധ്യക്കിന് അശ്വത്തിന്റെ ശിരസ്സ് പകരം വച്ചു. അദ്ദേഹം തന്റെ പ്രതിജ്ഞ പാലിക്കാനാഗ്രഹിച്ച് നിങ്ങള്‍ക്ക് ആദിത്യനെ സംബന്ധിച്ച മധുവിദ്യ ഉപദേശിച്ചു തന്നു. ശത്രുക്കളെ നശിപ്പിക്കുന്നവരെ, ആത്മജ്ഞാനരൂപമായ മധുവിദ്യയും ഉപദേശിച്ചു.
നേരത്തെ പറഞ്ഞ ചരിതത്തോടനുബന്ധിച്ച് മറ്റൊന്നു കൂടി പറയുന്നു. ബ്രഹ്മവിദ്യയെ നേടാന്‍ അശ്വിനി ദേവകള്‍ ബ്രാഹ്മണ ശിരസ്സ് അറുത്തതും പിന്നെ അത് നേരെയാക്കിയതുമായ ഭീകരകര്‍മത്തെ പറഞ്ഞാണ് ബ്രഹ്മവിദ്യയെ സ്തുതിച്ചത്.
 ത്വാഷ്ടമായ മധു എന്ന് പറയുന്നത് പ്രവര്‍ഗ്യ കര്‍മവുമായി ബന്ധപ്പെട്ട വിജ്ഞാനമാണ്. ശതപഥ ബ്രാഹ്മണത്തിലെ മറ്റൊരു കഥയെ ഇവിടെ പറയുന്നു, ഒരിക്കല്‍ വിഷ്ണു, ദേവന്മാരേക്കാള്‍ കേമനാണെന്ന അഭിമാനത്താല്‍ വില്ലിന്റെ അറ്റത്ത് താടിയും വെച്ച് നില്‍ക്കുകയായിരുന്നു. അസൂയാലുക്കളായ ദേവന്മാര്‍ വില്ലിന്റെ ഞാണിന്മേല്‍ ചിതലിനെ കയറ്റി വിട്ടു.
ചിതല്‍ തിന്ന് ഞാണ്‍ മുറിഞ്ഞ് വില്ലു നിവര്‍ന്നു. അപ്പോള്‍ വിഷ്ണുവിന്റെ ശിരസ്സ് തെറിച്ച് പോയി. ആ തലയാണ് ആദിത്യനായത്. യജ്ഞരൂപനായ വിഷ്ണുവിന്റെ തലയറ്റു പോയതില്‍ ദേവന്മാര്‍ ദുഃഖിതരായി. ആ തലയെ വീണ്ടും തത്സ്ഥാനത്ത് ഉറപ്പിക്കാന്‍ ദേവന്മാര്‍ അശ്വിനി ദേവന്മാരോട് ആവശ്യപ്പെട്ടു. അതിനുള്ള കര്‍മമാണ് പ്രവര്‍ഗ്യം. യജ്ഞത്തിന്റെ ശിരസ്സ് ഛേദിക്കുന്നതും വീണ്ടും അതിനെ സന്ധാനം ചെയ്യുന്നതും മറ്റുമാണ് പ്രവര്‍ഗ്യത്തിലെ വിഷയം. ആദിത്യനെ സംബന്ധിച്ച കാര്യമായതിനാല്‍ ത്വാഷ്ടമായ മധു എന്ന് പറയുന്നു.
ഇദം വൈ തന്മധു
പുരശ്ചക്രേ ദ്വിപദഃ പുരശ്ചക്രേ ചതുഷ്പദഃ
അങ്ങനെയുള്ള ഈ മധുവിദ്യയെ ആഥര്‍വണനാ
യ ദധ്യക്ക് അശ്വിനീ ദേവന്മാര്‍ക്ക് ഉപദേശിച്ചു. അത് കണ്ട് കൊണ്ട് ഋഷി പറഞ്ഞു പരമേശ്വരന്‍ രണ്ട് കാലുള്ള ശരീരങ്ങളേയും നാല് കാലുള്ള ശരീരങ്ങളേയും സൃഷ്ടിച്ചു.
ആ പുരുഷന്‍ ലിംഗാത്മാവായിത്തീര്‍ന്ന് ഈ ശരീരങ്ങളില്‍ പ്രവേശിച്ചു. പുരങ്ങള്‍ എന്നയറിയപ്പെടുന്ന എല്ലാ ശരീരങ്ങളിലും ശയിക്കുന്നതിനാല്‍ പുരുഷന്‍ എന്ന് പറയുന്നു. ഈ പുരുഷനാല്‍ ആവരണം ചെയ്യാത്തതായി ഒന്നുമില്ല. ഇവനാല്‍ സംവരണം ചെയ്യാത്തതായി ഒന്നുമില്ല.
 ആത്മജ്ഞാന രൂപമായ മധു എന്താണെന്ന് ഇവിടെ പറയുന്നു. പരമേശ്വരന്‍ ലോകങ്ങളെ സൃഷ്ടിച്ച് അതില്‍ ഇരുകാലികളായ മനുഷ്യര്‍, പക്ഷി മുതലായവയേയും നാല്‍ക്കാലികളായ മൃഗങ്ങളേയും സൃഷ്ടിച്ചു. താന്‍ തന്നെ ലിംഗ ശരീരമായി അവയില്‍ പ്രവേശിച്ചു. ശരീരമാകുന്ന പുരത്തില്‍ ശയിക്കുന്ന പുരുഷനാല്‍ മൂടപ്പെടാത്തതായി ഒന്നുമില്ല.അകത്തും പുറത്തും എല്ലാം ഏകനായ ആത്മാവ് മാത്രം.
ഇദം വൈ തന്‍മധു
രൂപം രൂപം പ്രതിരൂപോ ബഭൂവ
അയമാത്മാ ബ്രഹ്മ സര്‍വ്വാനുഭൂഃ ഇത്യനുശാസനം
ഈ മധുവിദ്യയെ ആഥര്‍വണനായ ദധ്യക്ക് അശ്വി
നീ ദേവന്മാര്‍ക്ക് ഉപദേശിച്ചു. ഇത് കണ്ടു കൊണ്ട് ഋഷി പറഞ്ഞു 
ആ പരമാത്മാവ് തന്റെ വിജ്ഞാന ഘനമായ രൂപത്തെ വെളിപ്പെടുത്തുന്നതിനായി ഓരോ രൂപങ്ങള്‍ തോറും അതുപോലെയുള്ള രൂപത്തോടു കൂടിയവനായിത്തീര്‍ന്നു. ആ പരമേശ്വരന്‍ മായകളെ കൊണ്ട് ബഹുരൂപനായി മാറുന്നു. പത്തും നൂറും ഇന്ദ്രിയങ്ങള്‍ അവനോട് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഇവന്‍ തന്നെയാകുന്നു ഇന്ദ്രിയങ്ങള്‍. ഇവന്‍ തന്നെയാണ് പത്തും ആയിരവും അസംഖ്യങ്ങളും അനന്തങ്ങളുമാകുന്നത്. ഈ ബ്രഹ്മം കാരണത്തോടും കാര്യത്തോടും കൂടാത്തതാണ്. ഇടയ്ക്ക് വേറെ ഒന്നില്ലാത്തതാണ്, പുറമില്ലാത്തതുമാണ്. ബ്രഹ്മം സര്‍വാത്മാവായി സര്‍വത്തേയും അനുഭവിക്കുന്ന ആത്മാവാണ്. ഇതാണ് എല്ലാ വേദാന്തങ്ങളുടേയും ഉപദേശം.

No comments: