Thursday, August 30, 2018

അര്‍ജ്ജുനാ! നിന്റെ പേര് അന്വര്‍ത്ഥമാണ്. നിന്റെ മനസ്സ് സ്വതവേ മാലിന്യമുക്തമാണ്. കേള്‍ക്കൂ! നിയന്ത്രിക്കുക എന്ന കര്‍മം സ്വഭാവമായിട്ടുള്ള നാരായണന്‍ അഥവാ പരമാത്മാവ് സര്‍വപ്രാണികളുടെയും-മനുഷ്യരുടെ മാത്രമല്ല ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നു. ഈ കാര്യം മുന്‍പേ തന്നെ ഞാന്‍ നിന്നോടു പറഞ്ഞിട്ടുണ്ട്. ഈശ്വരന്‍ ഞാനല്ലാതെ വേറെ ഈശ്വരനുണ്ട് എന്നും തെറ്റായി വ്യാഖ്യാനിക്കേണ്ട!
''അഹം ആത്മാഗുഡാശേ
സര്‍വ്വഭൂതാശയസ്ഥിതഃ (10 ല്‍ 20-ാം ശ്ലോകം)
(ഞാന്‍ സര്‍വ്വപ്രാണികളുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു.)
''സര്‍വ്വസ്യചാഹം ഹൃദി സന്നിവിഷ്ടഃ'' 
(15 ല്‍ 15)
(=എല്ലാത്തിന്റെ ഉള്ളില്‍ ഞാന്‍ ഇരിക്കുന്നുണ്ട്.)
മാത്രമല്ല, ശ്വേതാശ്വതരോപനിഷത്തിലും ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
''ഏയോ ദേവ സര്‍വ്വഭൂതേഷുഗുഢഃ
സര്‍വ്വവ്യാപീ സര്‍വ്വഭൂതാന്തരാത്മാ''
= മുഖ്യനായ ദേവന്‍ ഇളകുന്ന വസ്തുക്കളുടെയും ഇളകാത്ത വസ്തുക്കളുടെയും അകര്‍ണ്യം എല്ലായിടത്തും വ്യാപിച്ചും സ്ഥിതിചെയ്യുന്നു.)
ഒരിടത്ത് നില്‍ക്കുന്ന ഒരു വ്യക്തി എങ്ങനെയാണ് സര്‍വവ്യാപിയായിത്തീരുന്നത് എന്നു സംശയിക്കേണ്ട. ആകാശത്തില്‍ ഒരിടത്തു സ്ഥിതിചെയ്യുന്ന സൂര്യനെ എവിടെയും എപ്പോഴും അകത്തും പു
റത്തും കാണുന്നില്ലേ? ഇക്കാര്യവും ഞാന്‍ വേദത്തില്‍ പറഞ്ഞിട്ടുണ്ട്.
''അന്തര്‍ബഹിശ്ചത സര്‍വ്വം''
വ്യാപ്യനാരായണഃ സ്ഥിതഃ (മഹാനാരായണം)
അവിടെ ഇരുന്നുകൊണ്ട് ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയണ്ടേ? പറയാം.
മായയാ സര്‍വ്വഭൂതാനിഭ്രാമയന്‍ (18- ല്‍ 61)
ബ്രഹ്മാവ് മുതല്‍ പുഴുവരെയുള്ള സകലതിനേയും മയകൊണ്ട്, അവരുടെ കര്‍മങ്ങളില്‍ അങ്ങോട്ടും ഇങ്ങോട്ടും കറക്കിക്കൊണ്ടിരിക്കുന്നു. മായ എന്നാല്‍ എന്താണര്‍ത്ഥം? ഇന്ദ്രജാലംപോലെയാണോ? അല്ല-എന്റെ ശക്തികൊണ്ട് കറക്കുന്നു. ആ ശക്തി എന്റെ ബഹിരംഗ ശക്തിയാണ്. അവര്‍ ആ കറക്കത്തില്‍ ഉള്‍പ്പെടുന്നത്, പൂര്‍വ്വജന്മത്തിലെ കര്‍മങ്ങളുടെ വാസനയാകുന്ന കൊടുങ്കാറ്റുകൊണ്ടാണ്.
യന്ത്രാരൂഢാനി- ഒരു ഉദാഹരണം പറയാം. ഒരു മനുഷ്യന്‍ ചരടുവലിച്ച് കറക്കുന്ന യന്ത്രത്തില്‍ സ്ഥിതിചെയ്യുന്ന മരംകൊണ്ടു നിര്‍മിച്ച് പ്രതിമകള്‍ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങുന്നു. ചരടുവലിച്ച് യന്ത്രം കറക്കുന്ന മനുഷ്യന് ഒരു ഉത്തരവാദിത്വമില്ല.
ഇവിടെ മനുഷ്യമൃഗാദികളുടെ ശരീരങ്ങളാണ് യന്ത്രങ്ങളായി കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ജീവാത്മാക്കള്‍ പ്രതിമകളായി കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അന്തര്യാമിയായ ഭഗവാനാണ് ചരട് വലിക്കുന്ന മനുഷ്യന്റെ സ്ഥാനത്ത് നില്‍ക്കുന്നത് ചരട്- ഭഗവാന്റെ ശക്തിവിശേഷമായ മായയും.

No comments: