പെരുന്തച്ചന്‍ ശ്രീകോവിലിന്റെ കൂടം കേറ്റിയ ശബ്ദം കേട്ട് ഭക്ഷണം കഴിക്കാന്‍ പോയ ആശാരിമാരെല്ലാം ഓടിയെത്തി. ഇതെല്ലാം പെരുന്തച്ചന്റെ വിദ്യകളാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. പെരുന്തച്ചനെയും അരികെ നിന്ന മകനെയും അവര്‍ തൊഴുതു വണങ്ങി. പ്രധാന പണിക്കാരായി ഇരുവരെയും ആശാരിമാര്‍ കൂടെക്കൂട്ടുകയും ചെയ്തു. മാത്രവുമല്ല, പണിസ്ഥലത്തു വരുന്ന മറ്റ് ആശാരിമാര്‍ക്ക് ചോറു കൊടുക്കുന്നതും പതിവാക്കി.
അവിടെ പണിതു കൊണ്ടിരുന്ന കാലത്താണ് പെരുന്തച്ചന്‍ അമ്പലത്തിന്റെ മുകളിരുന്ന്, താഴെ പണിതു കൊണ്ടിരുന്ന മകന്റെ കഴുത്തിലേക്ക് ഉളിയെറിഞ്ഞ് അവനെ കൊന്നത്. ഉളി അബദ്ധത്തില്‍ വീണതാണെന്ന പ്രതീതി ഉണ്ടാക്കിയായിരുന്നു കൃത്യം നിര്‍വഹിച്ചത്. ഈ സംഭവങ്ങളെല്ലാം നടന്നത് തിരുവല്ലയിലാണെന്നാണ് കേള്‍വി.
സ്വദേശത്തെ നമ്പൂതിരിമാരുടെ ആവശ്യപ്രകാരം അവിടെയും പ്രത്യേകതകളുള്ള ഒരമ്പലം അദ്ദേഹം പണിതിരുന്നു. സോപാനത്തില്‍ നിന്ന് കയറുമ്പോള്‍ തലമുട്ടുമെന്ന തോന്നലുളവാക്കുന്ന തരത്തിലായിരുന്നു ക്ഷേത്രത്തിന്റെ നിര്‍മിതി. എന്നാല്‍ സാധാരണ പോലെ കയറിയാല്‍ അവിടെ തലമുട്ടുകയില്ല. തലമുട്ടിയേക്കുമെന്ന സംശയത്തോടെ തലകുനിച്ചു കയറിയാല്‍ തലമുട്ടുകയും ചെയ്യും. ക്ഷേത്രത്തിലേക്ക് ഒരു മൂര്‍ത്തിയെ ഉണ്ടാക്കണമെന്ന് പറഞ്ഞെങ്കിലും പണിയേണ്ട മൂര്‍ത്തിയേതെന്ന് നമ്പൂതിരിമാര്‍ പറഞ്ഞിരുന്നില്ല. അക്കാര്യം പെരുന്തച്ചനും ചോദിച്ചില്ല. മൂര്‍ത്തിയേതെന്ന് അറിയാനും പെരുന്തച്ചന്‍ ഒരു മാര്‍ഗം കണ്ടു പിടിച്ചു. ഉറങ്ങാന്‍ കിടക്കുന്നേരം നമ്പൂതിരിമാര്‍ ഇഷ്ടദേവതയെ പ്രാര്‍ഥിച്ചാവും ഉറങ്ങുകയെന്ന വിശ്വാസത്താല്‍ നമ്പൂതിരിമാര്‍ ഉറങ്ങുന്നിടത്ത് മൂര്‍ത്തിയുടെ പേരു കേള്‍ക്കാന്‍ പെരുന്തച്ചന്‍ ഒളിച്ചിരുന്നു. പല തവണ പോ
യെങ്കിലും നമ്പൂതിരിമാര്‍ കിടക്കാന്‍ നേരത്ത് 'അവിടെക്കിട' എന്നു പറയുന്നത് മാത്രമാണ് കേള്‍ക്കാനായത്. ഒടുവില്‍, 'എന്നാലവിടെക്കിട' എന്നു പറഞ്ഞ് ഒരു ബിംബം പെരുന്തച്ചന്‍ പണിതു നല്‍കി. മൂര്‍ത്തിയെന്തെന്നറിയാത്ത ആ ബിംബം ഇപ്പോഴും അവിടെയുണ്ടെന്നാണ് വിശ്വാസം.
അഗ്നിഹോത്രിയെ കാണാനായി ഒരു ദിവസം രാവിലെ പെരുന്തച്ചന്‍ അദ്ദേഹത്തിന്റെ ഇല്ലത്തു ചെന്നു. ശ്രാദ്ധമൂട്ടാനായി ചെല്ലുമ്പോഴല്ലാതെ ഇല്ലത്തെത്തിയാല്‍ അകത്തു കയറുന്ന പതിവ് പെരുന്തച്ചന് ഇല്ലായിരുന്നു. അതിനാല്‍ അദ്ദേഹം പു
റത്തു നിന്നു കൊണ്ട് അഗ്നിഹോത്രിയെക്കുറിച്ച് അന്വേഷിച്ചു. അഗ്നിഹോത്രി സഹസ്രാവൃത്തി കഴിക്കുകയാണെന്ന് ഭൃത്യന്മാര്‍ അറിയിച്ചു. ഉടനെ പെരുന്തച്ചന്‍ അവിടെ നിലത്തൊരു കുഴി കുഴിച്ചു. വീണ്ടും അന്വേഷിച്ചപ്പോള്‍ ഗണപതിഹോമം കഴിക്കുകയാണെന്നായിരുന്നു മറുപടി. അപ്പോഴും പെരുന്തച്ചന്‍ ഒരു കുഴി കുഴിച്ചു. ഓരോ തവണ അനേ്വഷിക്കുമ്പോഴും അഗ്നിഹോത്രി ഓരോരോ പൂജാദി കര്‍മങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴികള്‍ കുഴിച്ചു കൊണ്ടിരുന്നു. നേരം ഉച്ചയായി. അഗ്നിഹോത്രി പുറത്തുവന്നു. 'തേവാരമൊക്കെ കഴിഞ്ഞല്ലേ?' എന്ന് പെരുന്തച്ചന്‍ അദ്ദേഹത്തോട് ചോദിച്ചു. 'വന്നിട്ട് കുറേനേരമായല്ലേ? ഇരുന്നു മുഷിഞ്ഞിരിക്കും' എന്ന് പെരുന്തച്ചനോടായി അഗ്നിഹോത്രിയും ചോദിച്ചു.
എനിക്ക് മുഷിച്ചിലൊന്നുമുണ്ടായില്ല, ഞാനിവിടെയിരുന്ന് ഒരുപാട് കുഴികള്‍ കുഴിച്ചു. പക്ഷേ പ്രയോജനമുണ്ടായില്ല, ഒന്നിലും വെള്ളം കണ്ടില്ല. ഇത്രയും കുഴികള്‍ കുഴിക്കുന്നതിനു പകരം ഒരു കുഴി കുഴിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ വെള്ളം കണ്ടേനെ എന്നായിരുന്നു പെരുന്തച്ചന്റെ മറുപടി. അത് പെരുന്തച്ചന്‍ തന്നെ ആക്ഷേപിച്ചതാണെന്ന് അഗ്നിഹോത്രിക്ക് മനസ്സിലായി. അനേകം ഇശ്വരന്മാരെ സേവിക്കാതെ ഒരു ഈശ്വരനെ സേവിച്ചാല്‍ ഫലസിദ്ധിയുണ്ടാകുമെന്നാണ് ആ പറഞ്ഞതിന് അര്‍ഥമെന്നും അഗ്നിഹോത്രിക്ക് ബോധ്യപ്പെട്ടു. കുഴിക്കുന്നത് പലകുഴികളാണെങ്കിലും അതിലെല്ലാം വെള്ളം കാണുമെന്ന തോന്നലാണുണ്ടായത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്ന സത്യം മനസ്സിലാക്കിയില്ലെന്ന് അഗ്നിഹോത്രി പെരുന്തച്ചനോടായി പറഞ്ഞു. ചുവടെല്ലാം ഒന്നാണെന്ന ഓര്‍മ വേണം, അങ്ങനെയെങ്കില്‍ എത്ര കുഴികള്‍ വേണമെങ്കിലും കുഴിക്കാം. വെള്ളമുണ്ടാവുകയും ചെയ്യുമെന്ന് പെരുന്തച്ചനും പറഞ്ഞു.
jnmabhumi
No comments:
Post a Comment