Friday, August 24, 2018

ജ്യോതിഷത്തില്‍ തിരുവോണം നക്ഷത്രത്തിന് 'ശ്രോണം' എന്നു പര്യായമുണ്ട്. ദേവന്മാരുടെയും രാജാക്കന്മാരുടെയും പേരുകളും കര്‍മങ്ങളും ബന്ധപ്പെട്ടുവരുമ്പോള്‍ 'തിരു' എന്ന പദംകൂടി ആദ്യം ചേര്‍ത്തുപറയുന്ന സമ്പ്രദായമുണ്ടല്ലോ. അപ്രകാരം ശ്രോണം ലോപിച്ച് ഓണമായും പിന്നീട് തിരുവോണമായും അറിയപ്പെടുകയായിരുന്നു. 'ആര്‍ദ്ര' നക്ഷത്രം ആതിരയും, പിന്നീട് തിരുവാതിരയും ആയതുപോലെ. തിരുവോണം നക്ഷത്രത്തിന്റെ ചിഹ്നം 'മുഴക്കോല്‍' (അളവുകോല്‍) അത്രെ. നക്ഷത്ര ദേവത വിഷ്ണുവും. ജനനശേഷം വാമനന്റെ ആദ്യകര്‍മം അളക്കല്‍ ആയിരുന്നല്ലോ. തിരുവോണം നക്ഷത്രവും ദ്വാദശിയും ചേര്‍ന്ന ദിവസം ജനിച്ച വാമനന്റെ ജന്മദിനം (പിറന്നാള്‍) തന്നെയാണ് തിരുവോണമായി നമ്മള്‍ ആഘോഷിക്കുന്നത്. ചില പ്രദേശങ്ങളില്‍ ആ ദിനം വാമനജയന്തി എന്ന പേരില്‍തന്നെ ആഘോഷിക്കപ്പെടുന്നു. ഇതില്‍ പരസ്പര വൈരുദ്ധ്യമില്ല. തര്‍ക്കത്തിന്റെ ആവശ്യവുമില്ല. വാമനന്‍ ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ, ശൂദ്രനോ ഒന്നുമല്ല, സര്‍വ പ്രപഞ്ചവും ഉള്‍ക്കൊള്ളുന്ന പരമേശ്വരനായ മഹാവിഷ്ണുവാണ്. വാമനജയന്തി ആഘോഷം ഈശ്വരാരാധന മാത്രമാണ്. പരാക്രമിയും തികഞ്ഞ യോദ്ധാവും സത്യവാനും ധര്‍മിഷ്ഠനും പ്രജാക്ഷേമ തല്‍പരനുമായിരുന്ന മഹാബലി വിഷ്ണു ഭക്തനുമായിരുന്നു. എന്നാല്‍ സാമ്രാജ്യത്വ മോഹത്തില്‍നിന്ന് അദ്ദേഹം മോചിതനായിരുന്നില്ല. രണ്ടു ലോകങ്ങളുടെയും ആധിപത്യംകൊണ്ട് തൃപ്തിവരാതെ അദ്ദേഹം സ്വര്‍ഗരാജ്യംകൂടി ആക്രമിച്ചു കൈവശപ്പെടുത്തി ആധിപത്യം സ്ഥാപിച്ചു. സമാധാനത്തോടെ സുഖമായി വസിച്ചിരുന്ന സ്വര്‍ഗവാസികള്‍ക്ക് നാടും വീടും വിട്ട് ഓടിപ്പോകേണ്ടി വന്നു. അഭയാര്‍ത്ഥികളില്‍ ദേവമാതാവായ അദിതിയും ഉണ്ടായിരുന്നു. അവര്‍ ഭര്‍ത്താവായ കശ്യപമഹര്‍ഷിയെ സന്ദര്‍ശിച്ചു. രാജ്യം നഷ്ടപ്പെട്ട സങ്കടം ഉണര്‍ത്തിക്കുകയും പരിഹാരമാര്‍ഗ്ഗം തേടുകയും ചെയ്തു. തുടര്‍ന്ന് അദിതിയുടെ കഠിന വ്രതത്തിന്റെ ഫലസിദ്ധിയിലാണ് വാമനാവതാരവും മഹാബലിയുടെ സ്ഥാനചലനവും സംഭവിച്ചത്. ഒരു സ്ത്രീയുടെ കണ്ണീരും കദനവും ഒരു ചക്രവര്‍ത്തിയുടെ ചെങ്കോലും കിരീടവും തെറിപ്പിക്കാന്‍ ശക്തമായി തീര്‍ന്നു എന്നത് ചിന്തനീയമാണ്. ഒരു വംശത്തിന്റെ നഷ്ടപ്പെട്ട രാജ്യവും സര്‍വസ്വവും. അതിശക്തനായ ഒരു സാമ്രാട്ടില്‍നിന്ന് വീണ്ടെടുത്ത ആ വംശത്തിന് തിരിച്ചുകൊടുക്കാന്‍ വാമനന്‍ അനുഷ്ഠിച്ച കര്‍മം പ്രശംസനീയവും കീര്‍ത്തനീയവുമാണ്. വാമനന്‍ (വിഷ്ണു) തന്റെ വിശ്വവ്യാപിത്വം മഹാബലിക്കു ബോദ്ധ്യപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മഹാബലി ദാനംചെയ്ത മൂന്നടി സ്ഥലത്തില്‍ രണ്ടടി അളന്ന വാമനന്‍ മഹാബലിയുടെ ആധിപത്യമുള്ള മൂന്നു ലോകങ്ങള്‍ മാത്രമല്ല, അതിലും ഉയര്‍ന്ന തപോലോകംവരെ വളര്‍ന്നു വ്യാപിച്ചു. മൂന്നാമത്തെ അടി അളക്കാനുള്ള സ്ഥലം അവശേഷിക്കാത്തതുകൊണ്ട് അളക്കാനുള്ള സ്ഥലം കാണിച്ചുകൊടുക്കാന്‍ വേണ്ടി മഹാബലിയോട് ആവശ്യപ്പെട്ടു. സത്യനിഷ്ഠനായ മഹാബലി വാഗ്ദത്തം നിറവേറ്റുന്നതിനു തന്റെ സ്വന്തം ശിരസ്സില്‍ അളക്കാന്‍ അപേക്ഷിച്ചു. തന്നേക്കാള്‍ വലിയവന്‍ ഈശ്വരനാണെന്നുള്ള ആത്മബോധം ലഭിച്ച മഹാബലിയുടെ സത്യനിഷ്ഠയിലും സര്‍വസ്വ സമര്‍പ്പണത്തിലും പ്രീതനായ വാമനന്‍ മഹാബലിയെ അനുഗ്രഹിക്കുകയും സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരവും സുഖദായിനിയുമായ സുതലം എന്ന ലോകത്തില്‍ ചെന്നു വസിക്കാന്‍ മഹാബലിയോട് നിര്‍ദ്ദേശിക്കുകയും സാവര്‍ജ്ഞി മന്വന്തരത്തിലെ ഇന്ദ്രപദവി വാഗ്ദാനം ചെയ്യുകയുമായിരുന്നു. സത്യം ഇതായിരുന്നിട്ടും വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ പാദമൂന്നിച്ചവുട്ടിത്താഴ്ത്തി അദ്ദേഹത്തെ പാതാള ലോകത്തേക്ക് അയച്ചു എന്ന ദുരാരോപണം നടത്തുന്നവരുടെ ലക്ഷ്യം ദുരൂഹമാണ്. മഹാബലിയുടെ ശിരസ്സില്‍ പാദം പതിപ്പിക്കാനുള്ള ഉദ്യമം വാമനന്‍ നടത്തിയിട്ടില്ല. രണ്ടുപാദങ്ങളുടെ അളവില്‍ വിശ്വം മുഴുവന്‍ അളന്ന വാമനന്‍ മൂന്നാമത്തെ അടിക്ക് മഹാബലിയുടെ ശിരസ്സില്‍ അളക്കാനുള്ള വൃഥാവ്യായാമത്തിന് മുതിരുമോ? എന്നിട്ടും മഹാബലിയുടെ ശിരസ്സിന് മുകളില്‍ പാദം ഉയര്‍ത്തി നില്‍ക്കുന്ന വാമനന്റെ ചിത്രം പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശം സത്യത്തിന് നിരക്കുന്നതല്ല. മാവേലി നാടുവാണീടും കാലം എന്നാരംഭിക്കുന്ന പാട്ടിലെ 'നാട്' കേരളം (കേരളം മാത്രം) ആണെന്നും മഹാബലി മുന്‍ പ്രജകളെ കാണാന്‍ വരുന്ന ദിവസമാണ് ഓണം എന്നും പ്രചരിപ്പിക്കുന്നവരുണ്ട്. മൂന്നുലോകങ്ങളുടെയും സാമ്രാട്ടായിരുന്ന മഹാബലി തന്റെ മുന്‍പ്രജകളെ കാണാന്‍ വരികയാണെങ്കില്‍ അദ്ദേഹത്തിന് ഭൂമിയിലുള്ള സര്‍വരാജ്യങ്ങളും (സമയം കിട്ടിയാല്‍ പാതാളവും സ്വര്‍ഗവും കൂടി) സന്ദര്‍ശിക്കേണ്ടിവരില്ലേ? മഹാബലിക്കു നല്‍കുന്ന ആതിഥ്യം കേരളത്തിന്റെ കുത്തകയാവുന്നതെങ്ങനെ? ശിരസ്സില്‍ ചവുട്ടി താഴ്ത്തി എന്നുപറയുന്നവര്‍ മഹാബലി തനിക്ക് അപമാനം സംഭവിച്ച പ്രദേശത്തേക്ക് വീണ്ടും വീണ്ടും വരാന്‍ ആഗ്രഹിക്കുമോ എന്നുകൂടി ചിന്തിക്കേണ്ടതാണ്. മഹാബലി ഭൂമി സന്ദര്‍ശിക്കാന്‍ വരികയാണെങ്കില്‍ അത് വാമനനില്‍നിന്ന് ലഭിച്ച വരദാനത്തിന്റെ പുണ്യസ്മരണയില്‍, വാമനജയന്തി (ഓണം) ആഘോഷങ്ങൡ പങ്കെടുക്കാനുള്ള തീര്‍ത്ഥയാത്രയായിരിക്കുമെന്നു ചിന്തിക്കുന്നതല്ലേ ഉചിതം? ഓണാഘോഷം വാമനജയന്തി ആഘോഷം തന്നെയാണ്. രണ്ടും രണ്ടല്ല ഒന്നുതന്നെയാണ്.

No comments: