മഹാബലി ചവിട്ടിത്താഴ്ത്തപ്പെട്ടു എന്നു പ്രചരിപ്പിക്കുന്നതിന് ഒരു പ്രമാണവുമില്ല. ആര്‍ക്കാണു മഹാബലിയെ ചവിട്ടിത്താഴ്‌ത്തേണ്ടത്? ഭാഗവതപ്രകാരം വാമനന്‍ ബലിയോട് മൂന്നടി സ്ഥാനത്തെ പ്രാര്‍ത്ഥിക്കുന്നു. ബലി അപ്രകാരം സമ്മതിക്കുന്നു. രണ്ടടികൊണ്ട് തന്നെ ലോകങ്ങള്‍ അളന്നുകഴിഞ്ഞതിനാല്‍ തന്റെ വാക്കിനെ പൂര്‍ത്തീകരിക്കുവാന്‍ വാമനനോട് തന്റെ ശിരസ്സില്‍ പാദംവച്ച് അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്ന മഹാബലിയെയാണ് പിന്നെ നാം കാണുന്നത്. ഭഗവത് പാദസ്പര്‍ശം ഉണ്ടായി എന്നത് വാസ്തവമെങ്കിലും ചവിട്ടിത്താഴ്ത്തിയ ക്രൂരത കാണിച്ചത് ആധുനിക കാലത്തെ കുത്സിതബുദ്ധികളാണ്. അവര്‍ക്ക് ഭഗവദ് പാദത്തിന് ഭക്തന്മാര്‍ കൊടുക്കുന്ന പ്രാധാന്യം പരമ പുച്ഛത്തോടെയേ കാണനാവൂ. താരതമ്യേന അര്‍വ്വാചീനനായ മേല്‍പ്പുത്തൂര്‍ ഭഗവദ്പാദത്തെക്കുറിച്ച് നാരായണീയത്തിന്റെ അന്തിമഭാഗത്ത് ഇപ്രകാരം പറയുന്നുണ്ട്: ''യോഗീന്ദ്രാണാം ത്വദംഗ്വേഷ്വധികസുമധുരം മുക്തിഭാജാം നിവാസോ ഭക്താനാം കാമവര്‍ഷദ്വിതരു കിസലയം നാഥ തേ പാദമൂലം'' (യോഗീന്ദ്രന്മാര്‍ക്ക് നിന്റ അംഗങ്ങളില്‍ അങ്ങേയറ്റം പ്രിയപ്പെട്ടതും, മോക്ഷകാമികളുടെ നിവാസസ്ഥാനവും ഭക്തന്മാരുടെ ആഗ്രഹങ്ങളെ സാധിപ്പിക്കുന്ന കല്പവൃക്ഷത്തളിരും നിന്റെ കാലടികളാണല്ലോ എന്നതാണ് ഇതിന്റെ ആശയം). ആ പാദം ശിരസിലേറ്റി മോക്ഷമാര്‍ഗ്ഗം തേടുകയാണ് മഹാബലി ചെയ്തത്. ഇപ്രകാരം തനിക്ക് അര്‍ഹതയില്ലാത്ത, ലോകങ്ങളുടെ കൂടി ഭരണസാരഥ്യം വഹിച്ച് വീണ്ടും അതിലുപരി കാംക്ഷ വയ്ക്കുന്ന ആ ഭക്തോത്തംസത്തെ നേര്‍വഴിക്കു നയിക്കാനായിരുന്നു വാമനാവതാരം. ബലിയെ ഭഗവാന്‍ പറഞ്ഞയയ്ക്കുന്നത് തിരിച്ച് സുതലം എന്ന ലോകത്തേക്കാണ്.
No comments:
Post a Comment