ഉപനിഷത്തിലൂടെ -243
Saturday 25 August 2018 2:54 am IST
ബൃഹദാരണ്യകോപനിഷത്ത്-42
അയം വായുഃ സര്‍വേഷാം ഭൂതാനാം മധു, അസ്യ വായോഃ
സര്‍വാണി ഭൂതാനി മധു
ഈ വായു എല്ലാ ഭൂതങ്ങളുടേയും മധുവാകുന്നു. എല്ലാ ഭൂതങ്ങളും വായുവിന്റെ മധുവാണ്. വായുവിലെ തേജോമയനും അമൃതമയനുമായ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്. എല്ലാ ഭൂതങ്ങളും ആ പുരുഷന് മധുവാണ്. അദ്ധ്യാത്മമായി പ്രാണനായിരിക്കുന്ന തേജോ അമൃതമയ പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്. എല്ലാ ഭൂതങ്ങളും ഈ പുരുഷന് മധുവാണ്. ആത്മാവെന്നത് ഇത് തന്നെയാണ്. ഇത് തന്നെയാണ് അമൃതത്വ സാധനമായ ആത്മവിജ്ഞാനം; ഇത് തന്നെ ബ്രഹ്മം. ഇത് തന്നെയാണ് സര്‍വവുമായിത്തീര്‍ന്നത്.
അയമാദിത്യഃ സര്‍വേഷാം ഭൂതാനാം മധു, അസ്യാദിത്യസ്യ
സര്‍വാണി ഭൂതാനി മധു
ആദിത്യന്‍, എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ ആദിത്യന്റെയും. ആദിത്യനിലെ പുരുഷന്‍ ഭൂതങ്ങളുടെ മധുവാണ്, ഭൂതങ്ങള്‍ ആ പുരുഷന്റെയും, അദ്ധ്യാത്മമായി കണ്ണിലിരിക്കുന്ന പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ കണ്ണിലെ പുരുഷന്റെയും. ഇത് തന്നെ ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വവുമായതും.
ഇമാ ദിശഃ സര്‍വേഷാം ഭൂതാനാം മധു, ആസാം ദിശാം
സര്‍വാണി ഭൂതാനി മധു
ദിക്കുകള്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ ദിക്കുകള്‍ക്കും. ദിക്കുകളിലെ പുരുഷനും ഭൂതങ്ങളുടെ മധുവാണ്, ഭൂതങ്ങള്‍ ഇദ്ദേഹത്തിന്റേയും. അദ്ധ്യാത്മമായി കാതില്‍ ഇരിക്കുന്നവനും കേള്‍ക്കുന്ന സമയത്ത് പ്രത്യേക സാന്നിധ്യവുമായ പുരുഷന്‍ എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ കാതിലെ പുരുഷന്റെയും. ഇത് തന്നെ ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വ്വവുമായതും.
അയം ചന്ദ്രഃ സര്‍വേഷാം ഭൂതാനാം മധു, അസ്യ
ചന്ദ്രസ്യ സര്‍വാണി ഭൂതാനി മധു
ചന്ദ്രന്‍ എല്ലാ ഭൂതങ്ങളുടേയും മധുവാണ്, എല്ലാ ഭൂതങ്ങളും ചന്ദ്രനും. ചന്ദ്രനിലെ പുരുഷനും എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ ആ പുരുഷനും. അദ്ധ്യാത്മമായി മനസ്സിലിരിക്കുന്ന പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ ആ പുരുഷന്റെയും. ഇത് തന്നെയാണ് ആത്മാവും ആത്മ വിജ്ഞാനവും ബ്രഹ്മവും സര്‍വവുമായതും.
ഇയം വിദ്യുത് സര്‍വേ ഷാം ഭൂതാനാം മധു, അസ്യൈ
വിദ്യുതഃ സര്‍വാണി ഭൂതാനി മധു
വിദ്യുത്ത് എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ വിദ്യുത്തിനും. വിദ്യുത്തിലെ പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്, ഭൂതങ്ങള്‍ ആ പുരുഷന്റെയും. അദ്ധ്യാത്മമായി ത്വക്കിലെ തേജസ്സിലിരിക്കുന്ന പുരുഷനും എല്ലാ ഭൂതങ്ങളുടേയും മധുവാണ്, എല്ലാ ഭൂതങ്ങളും പുരുഷനും. ഇത് തന്നെയാണ് ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും സര്‍വവുമായിത്തീര്‍ന്നതും.
അയം സ്തനയിത് നുഃ സര്‍വേഷാം ഭൂതാനാം മധു,
അസ്യ സ്തനയിത് നോഃ സര്‍വാണി ഭൂതാനി മധു
മേഘം എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ മേഘത്തിനും. മേഘത്തിലെ പുരുഷന്‍ എല്ലാ ഭൂതങ്ങള്‍ക്കും മധുവാണ്, ഭൂതങ്ങള്‍ പുരുഷനും. അദ്ധ്യാത്മമായി ശബ്ദത്തില്‍ കുടികൊള്ളുന്നവനും സ്വരത്തില്‍ വിശേഷമായിരിക്കുന്നവനുമായ പുരുഷന്‍ എല്ലാ ഭൂതങ്ങളുടേയും മധുവാണ്, എല്ലാ ഭൂതങ്ങളും ആ പുരുഷനും . ഇത് തന്നെയാണ് ആത്മാവും ആത്മവിജ്ഞാനവും ബ്രഹ്മവും. ഇത് തന്നെയാണ് സര്‍വവുമായിത്തീര്‍ന്നത്.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം
No comments:
Post a Comment