മനസ്സിനെ എങ്ങനെ നല്ലമാര്‍ഗത്തില്‍ ഉറപ്പിച്ചു നിര്‍ത്താം
Thursday 30 August 2018 2:49 am IST
ജീവരാശികളെല്ലാം പരിസരബോധത്തോടെ തന്നെയാണു ജീവിച്ചു വരുന്നത്. എന്നാല്‍ മനുഷ്യന്റെ ബുദ്ധിക്കും മൃഗങ്ങളുടെ ബുദ്ധിക്കും തമ്മില്‍ വ്യത്യാസമുണ്ട്. മനുഷ്യന്‍ ഭൗതികസമൃദ്ധികളെക്കൊണ്ട് തൃപ്തനാകുന്നില്ല. അവന്‍ സുഖത്തിന്റെ ക്ഷണഭംഗുരതയെ അപലപിച്ചിട്ടു സ്ഥായിയായ സുഖത്തെ അന്വേഷിക്കുന്നു. അവന്‍ തന്റെ യഥാര്‍ഥ പ്രകൃതിയെത്തേടുന്നു. ഈ അന്തര്‍മുഖാന്വേഷണമാണ് യഥാര്‍ഥമാര്‍ഗം. തന്റെ യഥാര്‍ഥസുഖം നിത്യസൗഖ്യമായതിനാല്‍ എപ്പോഴെങ്കിലും അതിനെ പ്രാപിക്കുന്നതുവരെ അന്വേഷണം തുടരുന്നു. ഈ സഞ്ചാരത്തില്‍ തനിക്ക് ഏതോ ഒരു പരിശക്തിയുടെ പിന്തുണയുണ്ടെന്നു ക്രമേണ ബുദ്ധിക്കൊത്ത് അറിയുകയും ചെയ്യുന്നു. അന്വേഷണം നിലയ്ക്കുമ്പോള്‍ എക്കാലത്തും ഉള്ള ആ പരമപദം അവശേഷിക്കുന്നു. അതാണ് ലക്ഷ്യം.
ഇക്കാലംവരെ ദേഹേന്ദ്രിയാദികള്‍ക്കു ബുദ്ധിപോലും ഏതൊന്നിനെ അവലംബിച്ചു നിന്നു എന്നറിയുകയാണ് സാക്ഷാത്ക്കാരത്തിന്റെ ഉദ്ദേശ്യം. അതിനാല്‍ സാക്ഷാത്ക്കാരത്തിനു മുമ്പ് ബുദ്ധിയും ഒഴിഞ്ഞുമാറേണ്ടിയിരിക്കുന്നു.
പരമാനന്ദം ആത്മാവിനന്യമല്ലെന്നറിയുമ്പോള്‍ മനസ്സു അന്തര്‍മുഖമായിത്തീരുന്നു. ആത്മാവിനെ പ്രാപിക്കുമ്പോള്‍ ആഗ്രഹം നിലയ്ക്കുന്നു, ബൃഹദരണ്യകോപനിഷത്തിലെ ആപ്തകാമവും ഇതാണ്. ഇതാണ് മോക്ഷം. 'ഞാന്‍' എന്ന ബോധം മാറണം. ഈ ബോധം ബുദ്ധിയോടു ചേര്‍ന്നിരിക്കുന്നു അതിനാല്‍ (സദ്ബുദ്ധിയായാലും ശരി ദുര്‍ബുദ്ധിയായാലും ശരി) ബുദ്ധിയെ വിട്ടൊഴിയണം
No comments:
Post a Comment