Monday, August 27, 2018

ചിത്തം ആമഗ്നമാക്കി നിര്‍ത്തണം. ധനത്തിലേക്കോ ഗൃഹത്തിലേക്കോ സ്ത്രീകളിലേക്കോ ഓടാന്‍ സമയവും സൗകര്യവും കൊടുക്കരുത്. ഭഗവാന്‍ മാത്രമാണ് ശരണം എന്ന ഭാവത്തോടെ എപ്പോഴും ഹരേ കൃഷ്ണ എന്ന നാമം ജപിക്കുക. സനകാദി യോഗീന്ദ്രന്മാര്‍ പോലും ചെയ്തിരുന്നത് അങ്ങനെയാണ്.
''ഹരിഃ ശരണമിത്യേവ
നിത്യം തേഷാം മുഖേവചഃ
(ഭാഗവത മാഹാത്മ്യം-പദ്മ പുരാണം)
ഉറങ്ങുമ്പോഴും ഉണരുമ്പോഴും കുളിക്കുമ്പോഴും ഭക്ഷണം കഴ ിക്കുന്നതിന് മുന്‍പും യാത്ര ചെയ്യുമ്പോഴും കഴിയുന്നതും സമയമുണ്ടാക്കി, 'ഹരേ കൃഷ്ണ' നാമം ജപിക്കുക എന്നതുതന്നെയാണ് 'സതതം ഭാവ'' എന്നതിന്റെ താല്‍പര്യം.
മേല്‍വിവരിച്ച രീതിയില്‍ മച്ചിത്തനായ 
ഭക്തനോട് ഞാന്‍ സന്തോഷിക്കും, തീര്‍ച്ച
(അധ്യായം: 18, ശ്ലോകം: 58)
ദിവസത്തില്‍ 24 മണിക്കൂര്‍ സമയവും ഇടവിടാതെ, വിവിധ രീതിയില്‍ എന്നെത്തന്നെ ധ്യാനിക്കുകയും എന്റെ നാമങ്ങള്‍ ജപിക്കുകയും എനിക്കുവേണ്ടി എല്ലാത്തരം കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്ന ഭക്തനാണ് മച്ചിത്തന്‍ എന്ന് പറയപ്പെടുന്നത്. മച്ചിത്തനായ ആ ഭക്തന്‍ എനിക്കും ഏറ്റവും പ്രിയപ്പെട്ടവനാണ്. ഈ വസ്തുത 12-ാം അധ്യായത്തില്‍ തുടരെത്തുടരെ വിളിച്ചുപറഞ്ഞത് ഓര്‍മിച്ചില്ലേ അര്‍ജ്ജുന!
മയ്യര്‍പ്പിതമതോബുദ്ധിഃ
യോ മദ്ഭക്തഃ സമേ പ്രിയഃ (അധ്യായം: 12, ശ്ലോകം: 14)
(=എന്നില്‍ മനസ്സും ബുദ്ധിയും അര്‍പ്പിച്ച ഭക്തന്‍ എനിക്കും പ്രിയപ്പെട്ടവനാണ് സര്‍വാരംഭ പരിത്യാഗീ പ്രിയഃ (അധ്യായം: 12, ശ്ലോകം:16) യോമദ്ഭക്തഃ സമേപ്രിയഃ മറ്റ് ആത്മീയ കര്‍മങ്ങള്‍ ത്യജിച്ച് എന്നില്‍ ഭക്തി വളര്‍ത്തുന്നവന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്)
ശുഭാശുഭ പരിത്യാഗീ (അധ്യായം: 12, ശ്ലോകം: 17) ഭക്തിമാന്‍യഃ സമേപ്രിയഃ 
(പുണ്യപാപകര്‍മങ്ങളെ ഉപേക്ഷിച്ച് ഭക്തിയുള്ളവരായിത്തീര്‍ന്നവന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്) 
സ്ഥിരമതിര്‍ഭക്തിമാന്‍മേ പ്രിയോസര്‍വ: (12ല്‍ 19) (എന്നില്‍ ഉറച്ച ഭക്തിയുള്ള മനുഷ്യന്‍ എനിക്ക് പ്രിയപ്പെട്ടവനാണ്.)
മത്പരമാഃ ഭക്താഃ തോളതീവമേ പ്രിയ 
(അധ്യായം:12, ശ്ലോകം: 20)
(=ഞാന്‍ തന്നെയാണ്- ഈ കൃഷ്ണന്‍ തന്നെയാണ്- സമാനതയില്ലാത്ത പരമതത്ത്വം എന്നറിയുന്ന ഭക്തന്മാര്‍ എനിക്ക് വളരെയധികം പ്രിയപ്പെട്ടവരാണ്.)
മത് പ്രസാദാത്- അതുകൊണ്ട് ഞാന്‍ എന്റെ ഭക്തന്മാരോട് അത്യധികം സന്തോഷിക്കുന്നു. അവര്‍ക്ക് അനുഗ്രഹങ്ങള്‍ വാരിക്കോരി കൊടുക്കുന്നു. അതിന്റെ ഫലമായി ആ ഭക്തന്മാരെ ഞാന്‍ ഈ സംസാര സമുദ്രത്തിന് അക്കരെ എത്തിക്കുന്നു. മറ്റൊരുവര്‍ക്കും- ബ്രഹ്മജ്ഞാനിക്കോ യോഗിക്കോ യാഗാദി ചെയ്തവര്‍ക്കോ  ജനനമരണരൂപമായ ഈ വലിയ മതില്‍ അതിക്രമിക്കാന്‍ കഴിയില്ല- അതാണ് ഞാന്‍- 'ദുര്‍ഗ്ഗാണി'-എന്ന് പറഞ്ഞത്. അജ്ഞാനം ആഗ്രഹം, സത്വഗുണം മുതലായ ത്രിഗുണങ്ങള്‍, ജന്മം,ജര (വാര്‍ദ്ധക്യം), ദുഃഖം, മരണം ഇവയാണ് ആ ദുര്‍ഗങ്ങള്‍ എന്ന് അറിയണം. അതുകൊണ്ട് എനിക്ക്- ഈശ്വരന് ആരാധനയായി സ്‌നേഹത്തോടെ എല്ലാത്തരം കര്‍മങ്ങളും ചെയ്യുകയാണ് വേണ്ടത്.
ഹിംസാപ്രധാനമായ കര്‍മം എങ്ങനെ ചെയ്യും? പ്രത്യേകിച്ചും ഗുരുജനങ്ങളെയും സ്വജനങ്ങളെയും വധിക്കുന്നത് പാപമല്ലേ? ക്രൂരമല്ലേ? എന്ന് ശങ്കിച്ച് സ്വധര്‍മമായ ക്ഷത്രിയധര്‍മമായ, യുദ്ധത്തില്‍നിന്ന് പിന്മാറാനാണല്ലോ അര്‍ജ്ജുനന്‍ ഒരുങ്ങിയത്.
''നയോത്സ്യ ഇതി ഗോവിന്ദം
ഉക്ത്വാ തൂഷ്ണീംബഭൂുവഹ (അധ്യായം:2 ശ്ലോകം: 9) ആ അര്‍ജ്ജുനനെ, തന്റെ ധര്‍മത്തില്‍ത്തന്നെ-ക്ഷത്രിയ ധര്‍മത്തില്‍ തന്നെ, ഉറച്ചുനിന്നുകൊണ്ട് ഭഗവാന്ന് സന്തോഷപ്രദമായ യുദ്ധം ചെയ്യാന്‍ ഭഗവാന്‍ നിര്‍ബന്ധിക്കുന്നു.

No comments: