Friday, August 31, 2018

പ്രശ്നോപനിഷത്തില്‍ പ്രാണന്‍റെ മഹത്വത്തെക്കുറിച്ച് പറയുന്നു. പ്രാണന്‍ ശരീരംവിട്ടുപോകാന്‍ തുടങ്ങിയാല്‍ എല്ലാ ഇന്ദ്രിയങ്ങളുടെയും ചലനം നിലച്ചുതുടങ്ങും. എന്നതിനാല്‍ പ്രാണന്‍റെ ചലനത്തെ ഭക്തിയോടെ ശ്രദ്ധിക്കേണ്ടതുണ്ട്. ചിന്തയിലും വാക്കിലും മനസ്സിലും പ്രാണനാണ്. പ്രാണനാണ് വാക്കായ് പുറത്തു വരുന്നത്. സംസാരിക്കുമ്പോള്‍ നാം ശ്വസിക്കുന്നില്ലല്ലോ! അങ്ങനെ സ്ഥൂലവും സൂക്ഷ്മവുമായ സകലതും പ്രാണന്‍റെ ഗതിയാല്‍ പ്രവര്‍ത്തിക്കുകയാണല്ലോ!
"യാ തേ തനൂര്‍വാചി പ്രതിഷ്ഠിതാ യാ
ശ്രോത്രേ യാ ച ചക്ഷുഷി യാ ച മനസി
സന്തതാ ശിവാം താം കുരു മോത്ക്രമീഃ" (പ്രശ്നോപനിഷത്ത്)
'വാക്ക് ശ്രോത്രം നേത്രം തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങളിലും അന്തരിന്ദ്രിയമായ മനസ്സിലും വ്യാപിച്ചിരിക്കുന്നത് പ്രാണനാണ്.'
അതിനാല്‍ ശരീരത്തിലെ എല്ലാ ചലനത്തിനും കാരണമായ പ്രാണന്‍റെ ഗതി എന്താണെന്ന് മനസ്സിലാക്കാതെ നമുക്ക് എങ്ങനെയാണ് മനുഷ്യന്‍റെ മനസ്സിന്‍റെയും ചിന്തകളുടെയും ജീവിതത്തിന്‍റെയും ജനനമരണങ്ങളുടെയും ചലനത്തെ കുറിച്ച് അറിയുവാന്‍ സാധിക്കുക?
ഒരേ ഒരു കാര്യം ചിന്തിച്ചുനോക്കു. നമ്മുടെ ഉള്ളില്‍ എന്ത് കാരണംകൊണ്ടാണ് പ്രാണന്‍ കടന്നു കൂടി പുറത്തുപോകാതെ നിലനില്‍ക്കുന്നത്? എന്തുകൊണ്ടാണ് അത് ഒരു ഘട്ടത്തില്‍ ശരീരംവിട്ടു പോകുന്നത്? ഹൃദയത്തെയും ശ്വാസകോശത്തെയും ആമാശയത്തെയും നാഡീഞരമ്പുകളെയും മനസ്സിനെയും വാക്കിനെയും ചിന്തകളെയും എല്ലാം ചലിപ്പിക്കുന്നത് ഈ പ്രാണനാണല്ലോ! എന്നാല്‍ ഈ പ്രാണന്‍ എന്തുകൊണ്ട് നിശ്ചിതകാലംവരെ ശരീരത്തില്‍ ബന്ധിച്ചുനില്‍ക്കുന്നു? ഇതിനുള്ള ഉത്തരമാണ് നാം കണ്ടെത്തേണ്ടത്. പ്രാണന്‍റെ ഉല്പത്തിയും സ്ഥിതിയും വ്യാപകത്വവും ഗ്രഹിക്കുന്നയാള്‍ അമൃതത്വം അനുഭവിക്കുന്നു എന്ന് പ്രശ്നോപനിഷത്ത് പറയുന്നു.
മനസ്സിന്‍റെ സങ്കല്പം അനുസരിച്ചാണ് പ്രാണന്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് എന്നാണ് ഈ പ്രശ്നത്തിന് പ്രശ്നോപനിഷത്ത് ഉത്തരം നല്‍കുന്നത്. എന്നു പറയുമ്പോള്‍ നമ്മുടെ മനസ്സിന്‍റെ സംസ്ക്കാരം പൂര്‍വ്വജന്മാര്‍ജ്ജിതമാണെന്ന് വരുന്നു. അങ്ങനെ വരുമ്പോള്‍ മനസ്സിലെ വാസനകള്‍ ക്ഷയിക്കുംവരെ പ്രാണന്‍ നമ്മുടെ സങ്കല്പങ്ങളെ സാധിക്കുവാന്‍ വിവിധ ശരീരങ്ങളില്‍ നമ്മെ വീണ്ടുംവീണ്ടും ബന്ധിക്കുന്നു എന്ന യുക്തിവരുന്നു. 'ശരീരത്തില്‍ ചൂട് അസഹ്യമായി അനുഭവപ്പെടുമ്പോള്‍ നാം തുണി അഴിച്ചു മാറ്റാറുണ്ട്, എന്നുംപറഞ്ഞ് ശരീരം അപ്പോഴും ഉണ്ടല്ലോ.' എന്ന ഉദാഹരണത്തിലൂടെയാണ് ജ്ഞാനേശ്വരി ഗീതാവ്യാഖ്യാനത്തില്‍ പുനര്‍ജ്ജന്മത്തെ കുറിച്ച് പറയുന്നത്. അതുകൊണ്ടാണ് ഗീതയില്‍ പറയുന്നത് മരണസമയത്ത് ഒരാള്‍ എന്താണോ സങ്കല്പിക്കുന്നത് അതിനനുസരിച്ചുള്ള യോനിയില്‍ പോയി അയാള്‍ ജനിക്കുന്നു എന്ന്. അതിനാല്‍ മരണസമയത്ത് ഈശ്വരനാമം പറയുന്നതാണ് നല്ലത്. എന്നതുകൊണ്ടാണല്ലോ ശങ്കരാചാര്യസ്വാമികള്‍ മനുഷ്യരോട് എപ്പോഴും ഈശ്വരനെ ഭജിച്ചുകൊണ്ട് കര്‍മ്മം ചെയ്യുവാന്‍ ഉപദേശിക്കുന്നത്. നമ്മുടെ ജീവിതലക്ഷ്യം ഈശ്വരസാക്ഷാല്‍ക്കാരമായാലല്ലേ നാമത് എപ്പോഴും സങ്കല്പിക്കുകയുള്ളു. ലക്ഷ്യം അര്‍ത്ഥകാമങ്ങളായാലോ? എപ്പോഴും എന്താണോ സങ്കല്പിക്കുന്നത് അതല്ലേ മരണസമയത്തും സങ്കല്പത്തില്‍ വരുകയുമുള്ളു. മരണസമയത്ത് വിഷയസുഖങ്ങളിലുള്ള നിരാശയും സങ്കല്പവുമാണ് ഭൂരിഭാഗം ജനങ്ങള്‍ക്കും ഉണ്ടാകുക. അതിനാല്‍ അവര്‍ വീണ്ടും അടുത്തൊരു ശരീരത്തില്‍ ആയത് പൂര്‍ത്തീകരിക്കുന്നതിനായി ജനിക്കുന്നു. ഓം.
KRISHNAKUMAR KP.

No comments: