Monday, December 24, 2018

*അദ്ധ്യായം 13*
       *ശ്ലോകങ്ങള്‍ 6-7*

          *ശ്ലോകം 6*

*മഹാഭൂതാന്യഹങ്കാരോ ബുദ്ധിരവ്യക്തമേവ ച* 

*ഇന്ദ്രിയാണി ദശൈകം ച പഞ്ചചേന്ദ്രിയഗോചരഃ*

         *ശ്ലോകം 7*

*ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സങ്ഘാതശ്ചേതനാ ധൃതിഃ*

*ഏതത് ക്ഷേത്രം സമാസേന സ വികാരമുദാഹൃതം*     

             *അർത്ഥം*

   *അഞ്ച് മഹാഭൂതങ്ങൾ, മിഥ്യാഹങ്കാരം, ബുദ്ധി, അവ്യക്തത, പത്ത് ഇന്ദ്രിയങ്ങൾ, മനസ്സ്, അഞ്ച് ഇന്ദ്രിയവിഷയങ്ങൾ, രാഗദ്വേഷങ്ങൾ, സുഖദുഃഖങ്ങൾ, സമദൃഷ്ടി, ജീവലക്ഷണങ്ങൾ, ദൃഢവിശ്വാസം എന്നിവയും ചുരുക്കത്തിൽ ക്ഷേത്രമായും, അതിന്റെ പ്രതിപ്രവർത്തനങ്ങളായും വിവരിക്കപ്പെട്ടിട്ടുണ്ട്.*

           *ഭാവാർത്ഥം*

  *ഋഷിവര്യന്മാരുടെ ആധികാരിക പ്രസ്താവനകളിൽ നിന്നും വൈദികസൂക്തങ്ങളിൽ നിന്നും വേദാന്തസൂത്രങ്ങളിൽ നിന്നും പ്രപഞ്ച  ഘടകങ്ങളെപ്പറ്റി നമ്മൾ ഗ്രഹിക്കുന്നതിങ്ങനെയാണ്: ഒന്നാമതായി ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ പഞ്ചമഹാഭൂതങ്ങളുണ്ട്. പിന്നെ മിഥ്യാഹങ്കാരവും ബുദ്ധിയും പ്രകൃതിയുടെ അവ്യക്ത നിലയിലുള്ള മൂന്ന് ഗുണങ്ങളും ഉളവാകുന്നു. പിന്നെ കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി എന്നീ ജ്ഞാനേന്ദ്രിയങ്ങളും അടുത്തതായി ശബ്ദം, കാലുകൾ, കൈകൾ, ഗുദം, ഉത്പാദനേന്ദ്രിയം എന്നീ കർമ്മേന്ദ്രിയങ്ങളും രൂപംകൊള്ളുന്നു. ഇന്ദ്രിയങ്ങളേക്കാൾ ഉത്കൃഷ്ടമായ മനസ്സാണ് അടുത്തത്. ആന്തരികമാകയാൽ ഇതിനെ ആന്തരേന്ദ്രിയമെന്ന് പറയാം. ഇങ്ങനെ മനസ്സുൾപ്പെടെ പതിനൊന്നാണ് ഇന്ദ്രിയങ്ങൾ. പിന്നെ ഇന്ദ്രിയവിഷയങ്ങൾ അഞ്ച്; ഗന്ധം, രസം,രൂപം, സ്പർശം, ശബ്ദം. ഈ ഇരുപത്തിനാല് ഘടകങ്ങളുടെ സമൂഹത്തെയാണ് 'കർമ്മക്ഷേത്ര’ മെന്ന് പറയുന്നത്. ഈ ഇരുപത്തിനാല് വിഷയങ്ങളേയും വെവ്വേറെ എടുത്ത് നിഷ്കൃഷ്ടപഠനം നടത്തുന്നവർക്ക് കർമ്മക്ഷേത്രത്തെക്കുറിച്ച് നന്നായി അറിവു നേടാം. ഇനി രാഗദേഷങ്ങളും സുഖദുഃഖങ്ങളുമുണ്ട്, സ്ഥൂലശരീരത്തിലെ അഞ്ച്, മഹാഭൂതങ്ങളുടെ അന്യോന്യ പ്രതികരണങ്ങളെയാണിവ വെളിപ്പെടുത്തുന്നത്. പ്രജ്ഞ, വിശ്വാസം എന്നീ ജീവലക്ഷണങ്ങൾ മനസ്സും ബുദ്ധിയും അഹങ്കാരവുമുൾപ്പെടുന്ന സൂക്ഷ്മശരീരത്തിന്റെ ആവിഷ്കാരങ്ങളത്രേ. ഈ സൂക്ഷ്മ തത്ത്വങ്ങളും കർമ്മക്ഷേത്രത്തിൽപ്പെട്ടവ തന്നെ.*

   *മിഥ്യാഹങ്കാരത്തിന്റെ സ്ഥൂലമായ പ്രതിനിധാനങ്ങളാണ് പഞ്ചമഹാഭൂതങ്ങൾ. ഭൗതികസങ്കല്പത്തിന്റെ, അഥവാ അജ്ഞാന വിധേയമായ തമോമയമായ ബുദ്ധിയുടെ (മിഥ്യാഹങ്കാരത്തിന്റെ) ആദ്യരൂപങ്ങളായ ഇവ, പ്രകൃതിയിലെ ത്രിഗുണങ്ങളുടെ അവ്യക്തദശയെ പ്രതിനിധാനംചെയ്യുന്നു. ഇങ്ങനെ അവ്യക്തദശയിലുള്ള ത്രിഗുണങ്ങളെയാണ് പ്രധാനം എന്നു പറഞ്ഞുവരുന്നത്.* *ഈ ഇരുപത്തിനാലു മൂലകങ്ങളേയും അവയുടെ അന്യോന്യ പ്രതികരണങ്ങളേയുംകുറിച്ച് വിശദമായറിയേണ്ടവർ കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. ഭഗവദ്ഗീത ഇവയെ സംക്ഷിപ്തമായി വിവരിച്ചിട്ടേയുള്ളൂ.*

   *ഈ ഘടകങ്ങളെല്ലാമുൾപ്പെട്ടതാണ് ശരീരം.ആ ശരീരത്തിന് മാറ്റങ്ങൾ ആറു വിധത്തിലുണ്ട്; ജനനം, വളർച്ച, സ്ഥിതി, പ്രത്യുത്പാദനം, ക്ഷയം, മരണം എന്നിങ്ങനെ. അസ്ഥിരമായ ഒന്നാണ് ഈ കർമ്മക്ഷേത്രം; എന്നാൽ അതിനുടമയായ ക്ഷേത്രജ്ഞൻ അങ്ങനെയല്ല.*

 *ഹരേ  കൃഷ്ണ ഹരേ  കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ*     
*ഹരേ രാമ  ഹരേ  രാമ  രാമ രാമ ഹരേ ഹരേ*
Hare Krishna 

No comments: