Wednesday, December 12, 2018

*നാരായണീയദിനം*

*14/12/2018 വെള്ളി* (1194 വൃശ്ചികം 28)

മേൽപ്പത്തൂർ നാരായണ
ഭട്ടതിരി തന്റെ രോഗപീഡകൾ വകവയ്ക്കാതെ നാരായണീയം എന്ന സംസ്കൃത ഭക്തകാവ്യം പൂർത്തിയാക്കിയ ദിനമാണ് നാരായണീയ ദിനം. ഭഗവാന്റെ മത്സ്യാവതാരം മുതൽ കേശാദിപാദ വർണ്ണനയോടെ അവസാനിക്കുന്ന നാരായണീയം ഭാഗവത മഹാഗ്രന്ഥത്തിന്റെ സംഗ്രഹിത രൂപമാണ്. നാരായണനെ സംബന്ധിക്കുന്നത് എന്നർത്ഥം...

നാരായണീയ സ്തോത്രം ഒരു ദിവ്യൗഷധത്തിന്റെ ഫലമാണ് ഭട്ടതിരിപ്പാടിനു നൽകിയത്. അദ്ദേഹത്തിന്റെ ഭക്തിമാർഗ്ഗം നാരായണീയത്തിലുടനീളം തെളിഞ്ഞു നിൽക്കുന്നു. നാരായണീയ പാരായണം ഭക്തവത്സലനും മുക്തിദായകനുമായ ശ്രീഗുരുവായൂരപ്പന്റെ പ്രീതിക്ക് കാരണ‌മാകുന്നു. നിത്യപാരായണത്തിലൂടെ രോഗങ്ങളും കടബാധ്യതകളും നീങ്ങുവാൻ സഹായിക്കുന്നു. ചുരുക്കത്തിൽ ഗുരുവായൂരപ്പന് മേൽപ്പത്തൂർ നൽകിയ കാണിക്കയാണ് നാരായണീയം. നാരായണീയ ദിനത്തിൽ സമ്പൂർണ്ണ നാരാ‌യണീയപാരാ‌യണം ഉത്തമമാണ്.

ഒരിക്കൽ മേൽപ്പത്തൂർ നാരായണഭട്ടതിരിപ്പാട് പക്ഷവാതം പിടിപെട്ട തന്റെ ഗുരുവായ അച്യുത പിഷാരടി (അച്യുതാചാര്യന്‍)യെ ശുശ്രൂഷിക്കാൻ ഇടയായി. രോഗദുരിതം കണ്ട അദ്ദേഹം തന്റെ ഗുരുനാഥന്റെ വാതരോഗം സ്വയം ഏറ്റെടുത്തു. പിന്നീട് ഭട്ടതിരി രോഗശാന്തിക്ക് ഉപായമന്വേഷിച്ച് ഒരാളിനെ സംസ്കൃത പണ്ഠിതനും മലയാളഭാഷാപിതാവുമായിരുന്ന തുഞ്ചത്തു രാമാനുജൻ എഴുത്തച്ചന്റെ പക്കലേക്ക് അയക്കുകയും അദ്ദേഹം ‘‘മീൻ തൊട്ടുകൂട്ടു’’വാൻ ഉപദേശിക്കുകയും ചെയ്തു. ബുദ്ധിമാനായ മേൽപ്പത്തൂർ അതിന്റെ സാരം മനസ്സിലാക്കുകയും ശ്രീഗുരുവായൂരപ്പ സന്നിധിയിൽ എത്തി മത്സ്യാവതാരം മുതലുളള ഭാഗവത കഥകളും കണ്ണന്റെ ലീലാവിലാസങ്ങളും ഉൾപ്പെടുത്തിയുളള നാരായണീയം എന്ന സംസ്കൃത സ്തോത്ര കാവ്യത്തിന്റെ രചന ആരംഭിച്ചു.

18000 ഗ്രന്ഥങ്ങളുളള ഭാഗവത പുരാണത്തെ അതിന്റെ സാരം ഒട്ടും നഷ്ടപ്പെടുത്താതെ തന്നെ 1034 ശ്ലോകങ്ങൾ ആക്കി ശ്രീഗുരുവായൂരപ്പനു സമർപ്പിച്ചു. ഭട്ടതിരിപ്പാടിന്റെ 27–ാം വയസ്സിലാണ് ഇത് രചിച്ചത്. നൂറു ദശകങ്ങളായി നൂറു ദിവസം കൊണ്ടാണ് ഇത് എഴുതി തീർക്കപ്പെട്ടത്.

ഓരോ ദിവസവും ഓരോ ദശകം വീതം അദ്ദേഹം ഗുരുവായൂരപ്പനു സമർപ്പിച്ചു. നൂറാം ദിവസം രോഗവിമുക്തനാകുകയും ആയുരാരോഗ്യ സൗഖ്യത്തോടെ സ്വഗൃഹത്തിലേക്കു മടങ്ങുകയും  ചെയ്തു. 

ആദ്യശ്ലോകം ‘സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം’ എന്നു തുടങ്ങി  ‘തത്താവദ്ഭാതി സാക്ഷാദ്‌ ഗുരുപവനപുരേ, ഹന്ത! ഭാഗ്യം ജനാനാം’എന്ന വരിയോടെ അവസാനിക്കുന്നു.

No comments: