1.
ജാഗ്രത്-സ്വപ്നം-സുഷുപ്തി
ഈ ജാഗ്രത്തില്‍ എത്രയോ ജന്മങ്ങളായി, എത്രയോ വര്‍ഷങ്ങളായി ചേറില്‍ കളിച്ചു രസിക്കുന്ന ക്ഷുദ്രജീവികളെപ്പോലെ ഇന്ദ്രിയവ്യാപാരം നടത്തി ജീവിച്ചു. എവിടെയും ചതിക്കുഴികള്‍ ഒളിഞ്ഞുകിടക്കുന്ന ഈ ലോകത്തില്‍നിന്നും ഒന്നു രക്ഷപ്പെടാനായി ഒരു പരിശ്രമം നടത്തിനോക്കണ്ടേ? എല്ലാറ്റിനെയും വിട്ട് ഒരു തിരിച്ചുപോക്ക് വേണ്ടേ?
ആദ്യമായി, ഈ ജാഗ്രത് ലോകത്തില്‍നിന്നും ഭഗവാന്റേതായ ഒരു സ്വപ്നലോകമുണ്ടാക്കി, ആ സ്വപ്നലോകത്ത് ഭഗവാനോടൊത്ത് ആടിപ്പാടി നടക്കാം.
പതിയെ ആ സ്വപ്നലോകവും വിട്ട് നിര്‍ഗുണ-നിരാകാര-സച്ചിദാനന്ദമയമായ ആ ബോധമണ്ഡലത്തില്‍ സുഖകരമായ ഒരു സുഷുപ്തി; സ്വാനുഭവസ്ഥിതരായ മഹാഋഷീശ്വരന്മാര്‍, മാലോകര്‍ക്കായി, അവരുടെ ആ തലത്തില്‍നിന്നും അല്പം താഴേക്കിറങ്ങിവന്ന് കൃപകൊണ്ട് വര്‍ഷിച്ചുനല്‍കിയിട്ടുള്ള ആ മഹാവൈഭവത്തെ അറിയാനുള്ള മഹാഭാഗ്യം സിദ്ധിക്കുമ്പോള്‍, അവര്‍ണ്ണനീയം ആ 'സ്ഥിതി'!.
2."പ്രപഞ്ചത്തിലെ സകലതും ഈശ്വരൻ...ഈശ്വരൻ...." എന്നുപറഞ്ഞുനടന്ന എന്നിലും അങ്ങുതന്നെ വന്നിരുന്ന്, അവസാനം എന്നിൽ ഒരു ഞാൻ ഇല്ലാതായിത്തീർന്നു.
3. വ്യാധി
ഏതൊന്നു സ്വസ്വരൂപമായ ആത്മാവിൽ നിന്നും ശ്രദ്ധതിരിപ്പിക്കുന്നുവോ അത് "വ്യാധി". ജാഗ്രത്തിലിരിക്കുമ്പോഴും സ്വപ്നത്തിലായാലും ശരീരംതന്നെയാണ് പ്രധാനമായും ഈ "ശ്രദ്ധ"യെ വിഘടിപ്പിച്ചുനിർത്തുന്നത്; അതിനാൽ ശരീരംതന്നെ മഹാവ്യാധി.
ശരീരമെന്ന മഹാവ്യാധിയെ ആത്മവിചാരം ഒന്നുകൊണ്ടുമാത്രം മറികടക്കാൻ സാധിക്കുന്നു. ആത്മസ്വരൂപമായി കുടികൊള്ളുന്ന ഹൃദയേശ്വരനെ സദാ ശ്രദ്ധിക്കുക; ഏതൊരു വ്യാധിയും അതിൽ അലിഞ്ഞില്ലാതായിത്തീരും.
4.
ബ്രഹ്മബീജം
അനന്താവബോധമാകുന്ന വന്‍ വടവൃക്ഷത്തിന്റെ വിത്തുമായാണ് (ബ്രഹ്മബീജം) ഓരോ ജീവനും ഇവിടേക്കു കടന്നുവരുന്നത്. അനുകൂലമായ സാഹചര്യം ഒത്തുവരികയും, വേണ്ടത്ര വെള്ളവും വളവും സൂര്യപ്രകാശവും പരിചരണവും, സര്‍വോപരി ജഗദീശ്വരന്റെ മഹാകൃപയും ലഭിക്കുകയും ചെയ്താല്‍, അത് വിശ്വാകാരമായി പടര്‍ന്നുപന്തലിക്കും. ഇതിലേക്കുള്ള പടിപടിയായുള്ള പരിണാമമാകുന്നു ഓരോ ജന്മവും. എത്രവേഗം ആ ലക്ഷ്യം കൈവരിക്കുന്നുവോ ജനനമരണങ്ങള്‍ക്കതീതമായ പരമാത്മതത്വത്തിലേക്ക് (ആ ജീവന്‍) പ്രവേശിക്കുന്നു. എല്ലാ യാത്രയും അവിടെ അവസാനിച്ചുകഴിഞ്ഞിരിക്കുന്നു. (യഥാര്‍ത്ഥത്തിലുള്ള) ഓരോ ആചാര്യന്മാരും ഇവിടെ അവതരിച്ചിട്ടുള്ളത് ഇതു ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു.
'സത്യം എനിക്കുമാത്രം സാദ്ധ്യം, നിങ്ങള്‍ വേണമെങ്കില്‍ എന്റെ ശിഷ്യന്മാരായിരുന്നു എന്നെ പരിചരിച്ചുകൊള്ളൂ, നിങ്ങള്‍ക്ക് മരണശേഷം സകല സുഖസൗകര്യങ്ങളോടും കൂടിയ സ്വര്‍ഗ്ഗം തരാം' എന്നു പറഞ്ഞു പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കുക, സ്വാര്‍ത്ഥമായ എന്തോ ലക്ഷ്യം അതിനു പുറകിലുണ്ട്.
5. കൃപാസാക്ഷാത്കാരം
ഈശ്വരകൃപയല്ലാതെ ഇവിടെ മറ്റെന്താണുള്ളത്! അവന്‍ അനുവദിച്ചുതരുന്ന എല്ലാം കൃപ; സുഖം കൃപ, ദുഃഖം കൃപ, ഭക്തി കൃപ, ഇന്ദ്രിയാനുഭവങ്ങള്‍ കൃപ, അറിവ് കൃപ....
ജീവിതം മുഴുവനും, അതിലെ സകല അനുഭവങ്ങളും, കൃപയാണെന്നറിയുന്ന കൃപാസാക്ഷാത്കാരം മഹാകൃപ. കൃപ അറിയപ്പെടാത്ത ജീവിതം നരകതുല്യം; അതു പാഴ്ജന്മം.
6.
അതീവരഹസ്യമാണ് കര്‍മ്മം
കര്‍മ്മമെന്നത് അതീവരഹസ്യമാണ്, അതില്‍ ശാസ്ത്രീയതയുണ്ട്. കര്‍മ്മം, തത്വമറിഞ്ഞ് ചെയ്യുമ്പോള്‍ ആനന്ദമുണ്ടാകുന്നു.
കര്‍മ്മപ്രാരാബ്ധത്തില്‍ (കര്‍മ്മവാസന) നിന്നൊഴിയാനാണ് കര്‍മ്മം. നിയതമായ കര്‍മ്മം (അറിവുള്ളവര്‍ ഇതിനെ ധര്‍മ്മം എന്നു വിളിച്ചു) ചെയ്ത് കര്‍മ്മവാസനകള്‍ ഓരോന്നായി നീക്കിക്കൊണ്ടുവരുക; പുതുതായി സ്വമേധയാ ഒന്നും ഏറ്റെടുക്കാതിരിക്കുക, എന്നാല്‍ വന്നുചേരുന്നത് നിയതിയെന്ന കണക്കില്‍ ഒരുവിധ പരിഭവങ്ങളുമില്ലാതെ, കര്‍തൃത്വഭാവം പൂര്‍ണമായും വിട്ടുകളഞ്ഞ് ചെയ്തുതീര്‍ക്കുക. എല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോഴും ഉള്ളില്‍ പരമപ്രശാന്തിയോടെയിരിക്കുക. ഈ കര്‍മ്മരഹസ്യമറിഞ്ഞ അയാള്‍ സദാ ഈശ്വരസാന്നിധ്യമറിഞ്ഞ കര്‍മ്മയോഗിയാണ്
7.
കര്‍മ്മത്തിലെ വ്യത്യാസം
ജ്ഞാനി കര്‍മ്മം ചെയ്യുമ്പോഴും അകര്‍മ്മത്തിലാണിരിക്കുന്നത്. ജ്ഞാനിയായിക്കഴിഞ്ഞാല്‍പിന്നെ ഒരു കര്‍മ്മത്തിലും താല്പര്യം കാണില്ലെന്നോ കര്‍മ്മമൊന്നും ചെയ്യാതെ വെറുതെ ഒരു ഗുഹയിലോ മറ്റോ ഇരിക്കുമെന്നോ ഉള്ള തെറ്റിദ്ധാരണ വരാന്‍ പാടില്ല. നിയതമായ എല്ലാ കര്‍മ്മവും അയാളിലൂടെ നടക്കും;പക്ഷേ, കര്‍തൃത്വഭാവം അയാളെ പൂര്‍ണമായും വിട്ടകന്നിരിക്കുന്നു.
ജ്ഞാനിയും കര്‍മ്മം ചെയ്യും, ലൗകികനും കര്‍മ്മം ചെയ്യും. എന്നാല്‍, കര്‍തൃത്വഭാവമില്ലാത്തതിനാല്‍, കര്‍മ്മമോ കര്‍മ്മഫലമോ അറിവുള്ളവരെ ഒരുതരത്തിലും ബാധിക്കുന്നില്ല. എന്നാല്‍, ലൗകീകന്‍ അതില്‍നിന്നും സുഖദുഃഖാദി ദ്വന്ദങ്ങള്‍ അനുഭവിക്കുന്നു. ഇതാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം.
8.
കാലാതീതമായ സത്യം
മനസ്സിന്റെ ഭാവനയാണ് കാലം; മനസ്സിലാണ് കാലം, മനസ്സുതന്നെയാണ് കാലം. അതുകൊണ്ടാണ് സുഷുപ്തിയിൽ കാലഭാവനയില്ലാത്തത്. എന്നാൽ എല്ലാം വിട്ട് ഉറങ്ങുമ്പോഴും അവിടെ "എന്തോ" ഒന്ന് ഉണ്ട്; അതു എപ്പോഴും "ഉള്ളത്" ആണ്. അതാവട്ടെ ദേശകാലങ്ങൾക്കും അതീതമായ "പുരുഷൻ" ആണ്.
നമ്മുടെ പുരാണേതിഹാസങ്ങളെല്ലാം തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നത് കാലത്തെ ആശ്രയിച്ചുകൊണ്ടാണ്. വേദാന്തം അവയെയും കടന്നുനിൽക്കുന്നു.
9.
ഗൃഹസ്ഥനും കർമ്മവും
ഒരു ഗൃഹസ്ഥന് സ്വന്തം വീട്ടിലെ പല കാര്യങ്ങൾക്കായും പുറത്തുപോകേണ്ടതായി വരാം; അയാൾ കുടുംബം പോറ്റിവളർത്തുന്നതിനായി ജോലിക്കുപോകുന്നു, വീട്ടിലേക്കാവശ്യമുള്ള ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുന്നു, സാമൂഹികമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സമൂഹത്തിലിറങ്ങി പ്രവർത്തിക്കുന്നു, കുട്ടികളുടെ പഠനത്തിനും മറ്റുമായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നു. നിത്യേന രാവിലെ വീട്ടിൽ നിന്നും ജോലിക്കായിറങ്ങുന്ന അയാൾ വൈകീട്ട് തിരികെവന്നു സ്വന്തം വീട്ടിൽ വിശ്രമിക്കുന്നു, ദീർഘസുഷുപ്തിയിലാഴുന്നു.
പരമാർത്ഥതത്വം ബോധിച്ച ആൾക്ക് അന്തരാത്മാവായിരിക്കുന്ന ഭഗവാൻ കുടികൊള്ളുന്ന സ്വന്തം ഹൃദയംതന്നെയാകുന്നു വീടും വിശ്വമസ്ഥാനവും. അയാൾക്ക് ലോകത്തിൽ പലപല വ്യവഹാരങ്ങളിലും ഏർപ്പെടേണ്ടിവന്നേക്കാം; എന്നിരുന്നാലും അയാൾ സ്വന്തം ഹൃദയത്തിൽ ഒരു വിശ്രമസ്ഥാനം കണ്ടെത്തിയിരിക്കുന്നു, ഇങ്ങനെ കൃത്യമായി വിശ്രമസ്ഥാനം കണ്ടെത്തിയ ആൾ ലോകത്ത് എങ്ങനെയൊക്കെ വ്യവഹരിച്ചുകൊള്ളട്ടെ, അയാൾ അവയാലൊന്നും യാതൊരുവിധത്തിലും ബാധിക്കപ്പെടുന്നില്ല. ഏതൊരു കർമ്മത്തിനു പുറകിലും അയാൾ ഈശ്വരനെത്തന്നെ കാണുന്നു; അതേ സത്യത്തെ ആശ്രയിച്ചുകൊണ്ട് വ്യവഹാരം ചെയ്യുന്നു. അയാളെ ഒരുവിധ ഭയവും ബാധിക്കുന്നില്ല, അയാൾ പൂർണ്ണമായും സ്വതന്ത്രനാണ്. ഭഗവാദാശ്രയംതന്നെ അയാളുടെ സ്വാതന്ത്ര്യം.
10. വീണ്ടും വീണ്ടും വീണും വീണ്ടും വീണ്ടും ഉയിർത്തെഴുന്നേറ്റും, നശ്വരതയെ അനശ്വരമാക്കി മാറ്റാനുള്ള പ്രയാണമാകുന്നു ജീവിതം.
മൃത്യോർമാ അമൃതം ഗമയ.
11.
ഗുരുവും ശിഷ്യനും
ശിഷ്യനു മാത്രമേ "ഗുരു" എന്നും "ശിഷ്യൻ" എന്നും വേറിട്ട ചിന്തയുള്ളൂ; ശിഷ്യൻ ഗുരുവിനെ ഈശ്വരാനുതുല്യം ശ്രേഷ്ഠമായി കരുതുന്നു. എന്നാൽ ഗുരുവിനു അത്തരം ചിന്തയില്ല; എല്ലാം "താൻ" തന്നെ. പിന്നെ പ്രാമാണികമായി, തന്നെ സമീപിക്കുന്നവരിലേക്ക് കാരുണ്യവർഷം ചൊരിയുന്നു എന്നുമാത്രം. എന്നാൽ അപ്പോൾപോലും ഗുരു തനിക്കുതന്നെയാണ് കൃപചെയ്യുന്നത്; മറ്റുള്ളവരുടെ സന്തോഷം തന്റെ സന്തോഷത്തെ ഇരട്ടിപ്പിക്കുന്നതിലൂടെ... ആത്മസുഖത്തിനായിട്ടാണ് എല്ലാവരും ഏതൊരു കർമ്മവും ചെയ്യുന്നത്.
മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി, സ്വയം ശ്രേഷ്ഠമായി തന്നെ ആര് പ്രതിഷ്ടിച്ചിരിക്കുന്നുവോ, അയാൾ അഹങ്കാരത്തിന്റെ കൊടുമുടിയിലാണ് നിൽക്കുന്നതെന്നറിയണം. അഹങ്കാരം കൈമുതലായുള്ള ആൾ ഏറ്റവും മ്ലേച്ഛമായ അവസ്ഥയിലാണുള്ളത്; അയാൾ സത്യവുമായി എപ്പോഴും അകന്നാണ് നിൽക്കുന്നത്. സൂക്ഷിച്ചുവേണം അവരുമായി ഇടപെടാൻ! ഇത്തരക്കാരിലൂടെ ആളുകൾ പലപ്പോഴും വഞ്ചിക്കപ്പെട്ടുപോകുന്നുണ്ട്. വേഷംകെട്ടിയവരുടെ ലോകമാണ് ചുറ്റും; അതിൽനിന്നും വേഷം കെട്ടാത്തവരെ തിരിച്ചറിയണമെങ്കിൽ ഒരുപാട് കഷ്ടപ്പെടേണ്ടിയിരിക്കുന്നു. അതിനും വേണം കൃപ..
12. മനസ്സിനെ കൊളുത്തിവലിക്കുന്ന ശക്തികൾ
മനസ്സ് ഒരിക്കലും സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല; അത് സ്വയമേവ ബന്ധനത്തിലാണ്. മനസ്സിനെ സദാ പിടിച്ചുവലിച്ചുകൊണ്ട് രണ്ടു വലിയ "കൊളുത്തുകൾ" നിലനിൽക്കുന്നു. ഒന്ന് ലോകമെന്ന കൊളുത്ത്, രണ്ടാമത്തേത് ആത്മാ എന്ന കൊളുത്ത്. ഏതെങ്കിലും ഒരു കൊളുത്തിന്റെ ശക്തമായ ആകർഷണത്തിൽ പെടുമ്പോൾ മറ്റേ കൊളുത്തിന്റെ ആകർഷണം കുറയുന്നു. അവസാനം മനസ്സ് ഒരു വശത്തേക്ക് പൂർണ്ണമായും അടിപ്പെട്ടുപോകുന്നു. രണ്ടുഭാഗത്തുമായി മനസ്സിനു നിലനിൽപ്പില്ല.
മനസ്സിന്റെ ഉറവിടം ലോകമല്ല എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്; ആത്മ ആണ് അതിന്റെ യഥാർത്ഥ ഗൃഹവും ഉറവിടവും. ഇന്ദ്രിയങ്ങൾക്കടിപ്പെട്ട ലോകവ്യവഹാരത്തിനിറങ്ങുന്ന മനസ്സ് ലോകത്തിലേക്ക് വീണുപോകുന്നു; സുഖ-ദുഃഖാദി ദ്വന്ദങ്ങളിൽ വലഞ്ഞു പരമലക്ഷ്യമായ ശാന്താവസ്ഥയെ വിട്ടുകളയുന്നു. ലോകമാകുന്ന കൊളുത്തിന്റെ ശക്തമായ വലിക്കലിനടിപ്പെട്ട മനസ്സ് ചതിക്കുഴിയിലാണ് വീണിരിക്കുന്നതെന്നു വളരെ വൈകിമാത്രമേ ബോധ്യപ്പെടുന്നുള്ളൂ. അപ്പോഴേക്കും ഇനിയൊരിക്കലും രക്ഷപ്പെടാനാകാത്തവിധം കുടുങ്ങിപ്പോയിരിക്കും. ശാന്തി കൈവരിക്കണമെങ്കിൽ ഉറവിടമായ ആത്മാവിനെ ശരണം പ്രാപിക്കൽ മാത്രമേ രക്ഷയുള്ളൂ; പക്ഷേ, അതിനായി ബാഹ്യമായ, താനല്ലാത്ത എല്ലാറ്റിനെയും ത്യജിക്കാനുള്ള ചങ്കൂറ്റവും ആർജ്ജവവും കാണിക്കണം.
ആത്മാ മനസ്സിനെ നിരന്തരം അതിലേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നുണ്ട്; എന്നാൽ അവിടേക്ക് ലോകം കയറിവരുമ്പോൾ ഈ ആകർഷണം വളരെ കുറഞ്ഞുപോകുന്നു. ജീവിതത്തിന്റെ പരമലക്ഷ്യമായ ശാന്തിയെ കൈവരിക്കണമെങ്കിൽ ലോകത്തെ ത്യജിച്ച് ആത്മാവിന്റെ ആകർഷണവലയത്തിലേക്ക് മനസ്സ് ചെന്നുവീഴണം. ഉള്ളിലേക്കുള്ള വലിക്കൊപ്പം പുറത്തുനിന്നും ശക്തമായ തള്ളൽ കൂടിവേണം. നാമജപാദികളടക്കമുള്ള പലവിധ സാധനകളാണ് ഈ തള്ളൽ. അങ്ങനെ പുറത്തുനിന്നു ശക്തമായി തള്ളുകയും അകത്തുനിന്നും സ്വമേധയാ ഉള്ള വലിക്കൽ കൂടിയാകുമ്പോൾ മനസ്സ് ആത്മാവിൽ ശ്രദ്ധയുറപ്പിക്കുന്നു. ഈ ശ്രദ്ധയെ "ധ്യാനം" എന്നുപറയുന്നു. ധ്യാനം തീവ്രമാകുമ്പോൾ, മനസ്സ്ആത്മാവിന്റെ അനന്തതയിലേക്കുചെന്നു പതിച്ച് സ്വയം അതിൽ ഇല്ലാതാകും. ഈ സ്ഥിതിക്ക് "സമാധി" എന്നുപേര്..
letting go
No comments:
Post a Comment