Tuesday, December 18, 2018

ഗുരു കൃപ
അജ്ഞാനത്താല് ബാധിതമായി ഗതികിട്ടാതെ അലഞ്ഞുകൊണ്ടിരിക്കുന്ന ഈ ജീവനിലേക്ക് ഒരു മഹാകൃപയെ ആവേശിപ്പിച്ച്, ആ ജീവനെ അപ്പാടെ എടുത്തു വിഴുങ്ങിക്കളയുന്ന കൃപാമൂര്ത്തിയാണ് ഗുരു. ഈ ജീവാഹന്ത വിഴുങ്ങപ്പെട്ടുകഴിയുമ്പോള്, ബാക്കി അവിടെ അവശേഷിക്കുന്നതെന്തോ, അത് സ്വയമേവ പ്രകാശിക്കുന്നതോടെ ജീവന്റെ ജന്മജന്മാന്തരങ്ങളായുള്ള അലച്ചില് അവസാനിച്ചു, ജനനവും മരണവും നിലച്ച, പോക്കും വരവുമില്ലാത്ത കേവല നിശ്ചല തത്ത്വം; നിശ്ചല തത്ത്വേ ജീവന്മുക്തിഃ
ജീവനെ, ഈ ജീവഭാവത്തെ അപ്പാടെ എടുത്തുവിഴുങ്ങിക്കളയുന്ന തത്ത്വമാണ് ഗുരു എന്നതുകൊണ്ട്, ഒരാള്ക്ക് ഒരൊറ്റ ഗുരുവേ ഉണ്ടാവൂ. എപ്പോഴാണോ അജ്ഞാനജന്യമായ ഈ ജീവബോധം വിഴുങ്ങപ്പെടുകയും, അതേ സ്ഥാനത്ത് ശുദ്ധ ചിത്ത് സ്വയമേവ പ്രകാശിക്കുകയും ചെയ്യുന്നത് അപ്പോള് മാത്രമാണ് ഗുരു, ഗുരുവായിത്തീരുന്നത് എന്നുമറിയുക. പ്രത്യഭിജ്ഞ ഉണ്ടായിക്കഴിഞ്ഞാല് ഗുരു-ശിഷ്യ വ്യത്യാസം പോലും അപ്രസക്തമായിപ്പോകുന്നു എങ്കിലും, ജ്ഞാനം ആവിര്ഭവിച്ച് സ്വയമേവ ജ്ഞാനംതന്നെ ആയിത്തീര്ന്ന വ്യക്തി, തന്നെ ജീവിതമെന്ന ഊരാക്കുടുക്കില്നിന്നും എന്നെന്നേക്കുമായി മുക്തമാക്കിയ ഗുരുവിനെ വീണ്ടും വീണ്ടും താണുവീണു വഴങ്ങുന്നതിനുവേണ്ടി മാത്രമായി അല്പം താഴേക്കിറങ്ങിവന്ന് ഗുരുവിനെ നമസ്കരിക്കുന്നു. 🙏🙏🙏
ഒരാള്ക്ക് ഉപഗുരുക്കന്മാര് (വഴി കാണിച്ചുകൊടുക്കുന്നവര്) ഒന്നില്കൂടുതല് ഉണ്ടായെന്നു വരാം; പക്ഷേ ഗുരു ഒന്നേ ഉണ്ടാവൂ എന്നറിയുക. ആ ഗുരുവില്, ജീവഭാവം, അഗ്നിയില് വീണു കത്തിയെരിഞ്ഞു ചാമ്പലായിത്തീര്ന്ന കരിയില പോലെ, ഗുരുവില് കത്തിയമര്ന്നുപോയ്ക്കഴിഞ്ഞാല് പിന്നെ ആര് ഗുരുവിനെ അന്വേഷിച്ചു പോകും?
ആളെത്തെന്നെ വിഴുങ്ങിക്കളയുന്ന ഗുരുകൃപയ്ക്ക് കോടി കോടി വന്ദനം!.
letting go

No comments: