ശ്രീഭഗവാനുവാച:
കുതസ്തുവാ കശ്‌മലമിദം വിഷമേ സമുപസ്ഥിതം
അനാര്യജ്ജുഷ്ടമസ്വർഗ്ഗ്യമകീർത്തികരമർജ്ജുന (ശ്ലോകം 2:2)
(ശ്രീ ഭഗവാൻ പറഞ്ഞു: എന്തുകൊണ്ടാണ് ഈ ദുർഘടകാലഘട്ടത്തിൽ ഈ മൗഢ്യം - ശ്രേഷ്ടന്മാർക്കു യുക്തമല്ലാത്തതും പരലോകപ്രാപ്തിക്കു വിരോധമായിട്ടുള്ളതും അപകീത്തിയെ ഉണ്ടാക്കുന്നതുമായ ഈ മൗഢ്യം - ഹേ, അർജ്ജുന നിന്നെ പ്രാപിച്ചത്?)
ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ നൈതത്ത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗർബല്യം ത്വക്ത്യോത്തിഷ്ഠ പരന്തപഃ (ശ്ലോകം 2:3)
(അല്ലയോ അർജ്ജുനാ, നീ ഭയത്തെ പ്രാപിക്കരുത്, ഇത് നിനക്ക് യോഗ്യമല്ല. അല്ലയോ പരന്തപ, മനസ്സിന്റെ തുശ്ചമായ അധൈര്യത്തെ കളഞ്ഞു നീ യുദ്ധത്തിനായി എഴുന്നേൽക്കുക)
ശ്രീ ശങ്കരാചാര്യസ്വാമികളുടെ ഭഗവത് ഗീതാ വ്യാഖ്യാനത്തിൽ കൊടുത്തിരിക്കുന്ന ശ്ലോകാർത്ഥമാണ് മുകളിൽ നൽകിയിരിക്കുന്നത്. വിവേകാന്ദസ്വാമികളുടെ വ്യാഖ്യാനത്തിൽ 'ക്ളൈബ്യം മാ സ്മ ഗമ: പാർത്ഥ ' എന്നതിന് 'yield not to unmanliness Arjuna (പൗരുഷമില്ലാഴ്മക്കു വശംവദനാകാതെ അർജ്ജുനാ)' എന്നാണെങ്കിൽ ശിവാനന്ദ സ്വാമി വ്യാഖ്യാനിക്കുന്നത് 'yield not to impotence (ഷണ്ഡത്വം കാട്ടാതെ)' എന്നാണ്. ചിന്മയാനന്ദ സ്വാമികളാണെങ്കിൽ 'ആണും പെണ്ണും കെട്ട അവസ്ഥയിലേക്ക് (അപൗരുഷം) തരം താഴാതെ' എന്നാണ് ഈ വാക്കുകൾക്ക് അർഥം നൽകിയിരിക്കുന്നത്. ഒരു കുട്ടിയെപ്പോലെ കരഞ്ഞുകൊണ്ടു തന്റെ മുൻപിൽ നിൽക്കുന്ന അർജ്ജുനനോടു ഉപദേശരൂപേണ കൃഷ്ണൻ പറയുന്ന വാക്കുകളായിട്ടാണ് ശ്ലോകങ്ങളെ ശങ്കരാചാര്യസ്വാമികൾ വ്യാഖ്യാനിക്കുന്നതെങ്കിൽ, അതിൽ നിന്നും തികച്ചും വ്യത്യസ്തമായി അർജ്ജുനന്, കൃഷ്ണൻ കൊടുക്കുന്ന ശക്തമായ ഒരടി എന്നർത്ഥത്തിലാണ് മറ്റുള്ള ആചാര്യന്മാർ ഈ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചിരിക്കുന്നത് എന്നു വ്യക്തം. വ്യാഖ്യാതാക്കളുടെ ചിന്തയ്ക്കും മനോനിലയ്ക്കും അനുസരിച്ചു് വ്യാഖ്യാനങ്ങളിൽ വ്യത്യാസം ഉണ്ടാകുമെന്നും അതു വായനക്കാരെ വ്യത്യസ്ത തലങ്ങളിൽ ചിന്തിയ്ക്കാൻ പ്രേരിപ്പിക്കും എന്നും പറയാൻ വേണ്ടി മാത്രം ഈ ഉദാഹരണം എടുത്തു പറഞ്ഞുവെന്നേയുള്ളൂ.
സൈനിക ഓഫീസർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ചെറുപ്രായത്തിലുള്ള കുട്ടികളുടെ ട്രെയിനിങ് വളരെ പ്രയാസമേറിയതാണെന്നറിഞ്ഞു ഞാൻ ഒരു സീനിയർ മിലിട്ടറി കമാൻഡറോടു ചോദിച്ചു, 'ഇന്നത്തെ കുട്ടികളല്ലേ, എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചുവളർന്ന അവരെ സേനയിൽ ചേർന്നയുടൻ തന്നെ കഠിനമായ പരിശീലനത്തിൽ ഏർപ്പെടുത്തേണ്ടതുണ്ടോ? ആദ്യമാദ്യം പ്രയാസം കുറഞ്ഞ കാര്യങ്ങൾ പരിശീലിപ്പിച്ചു, പോകെപ്പോകെ കഠിനകരമായ പരിശീലനങ്ങളിൽ ഏർപ്പെടുത്തുന്ന രീതിയായിരിക്കില്ലേ നല്ലത്?" അദ്ദേഹം എന്നോട് പറഞ്ഞു, 'ഇതു സാധാരണക്കാരുടെ ചിന്തയാണ്. മിലിട്ടറി ഇൻഡക്ഷൻ ട്രെയിനിങ് അങ്ങിനെയല്ല. വളരെ ഗൗരവപരമായ ഒരു സെലെക്ഷൻ പ്രോസസ്സിലൂടെയാണ് ഈ കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഒരു സൈനിക ഓഫീസറിനു വേണ്ട കായികവും മാനസികവും ബൗദ്ധികവുമായ കഴിവുകൾ ഉള്ളവരെ മാത്രമേ കേഡറ്റുകളായി തിരഞ്ഞെടുക്കാറുള്ളൂ. ഇങ്ങിനെ തിരഞ്ഞെടുക്കപ്പെടുന്നവർ വെറും കുട്ടികളാണ്; അവരെ സൈനിക ഓഫീസർ ആക്കേണ്ടതുണ്ട്. We have to mould them. ഓട്ടുപാത്രത്തെ ഉടച്ചു വാർക്കുന്ന പോലത്തെ പ്രക്രിയയാണിത്. പാത്രം ഉടയ്ക്കാതെ മറ്റൊന്നാക്കി തീർക്കാൻ കഴിയില്ല. ആദ്യം തന്നെ ഈ ഉടയ്ക്കൽ നടത്തണം. സാവകാശത്തിൽ ചെയ്യേണ്ട കർമ്മമല്ല അത്. ഓടിന്റെ ഗുണം ഒട്ടും തന്നെ നശിയ്ക്കാതെ മൂശാരി അതിന്റെ പൂർവരൂപം ഇല്ലാതാക്കി പുതിയൊരു രൂപം സൃഷ്ട്ടിക്കുന്നതുപോലെ, ഞങ്ങളും മിടുക്കന്മാരായ കേഡറ്റുകളുടെ കഴിവുകൾ അൽപ്പം പോലും ചോർന്നു പോകാതെ ട്രെയിനിംഗിലൂടെ അവരെ മിടുക്കന്മാരായ മിലിട്ടറി ഓഫീസറന്മാരാക്കുകയാണ് ചെയ്യുന്നത്. ഏതു ഉടച്ചുവാർക്കൽ പ്രക്രിയയും പ്രയാസമേറിയതാണ്. അതു താങ്ങാൻ കഴിയാത്ത ആളിനെങ്ങനെ ഒരു മിലിട്ടറി ഓഫീസർ ആകാൻ കഴിയും? ഇത്രയും പറഞ്ഞതെന്തിനാണെന്നോ? ചില പ്രത്യേക ജോലികൾക്ക് പ്രത്യേക മനോനില ആവശ്യമാണെന്നും അവിടെ പാച്ചുവർക്കെന്ന softline അല്ല ഉടച്ചുവാർക്കൽ എന്ന hardline തന്നെയാണ് വേണ്ടതെന്നും ഊന്നിപ്പറയാൻ വേണ്ടി മാത്രം. നമ്മുടെ ചർച്ചാവിഷയത്തിൽ ഇതിനെന്തു പ്രസക്തിയെന്നു നിങ്ങൾക്കു തോന്നാം. നമുക്കു നോക്കാം.
https://dhanyaasi.blogspot.com/search?updated-max=2016-11-18T19:24:00-08:00&max-results=7
No comments:
Post a Comment