Wednesday, December 12, 2018

വാല്മീകി രാമായണം-49
ദശരഥനെ മെല്ലെ മാറ്റി രാമൻ ഭാർഗ്ഗവരാമന് മുന്നിൽ വന്ന് നിന്നു. പ്രശാന്ത ഗംഭീര നിജ സ്വഭാവം.വളരെ ശാന്തതയോടെ പരശുരാമനോട് പറഞ്ഞു. ക്ഷത്രിയരെ ഉന്മൂലനം ചെയ്ത അങ്ങയുടെ വീര്യത്തെ കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. എന്നെ വീര്യഹീനനായും അങ്ങയുടെ പരീക്ഷണ പാത്രമായി മാത്രം കരുതുന്നതിലും എനിക്ക് പരിഭവം ഇല്ല. എന്റെ വീര്യത്തെ കാട്ടിത്തരുന്നതിൽ ഒരു സങ്കോചവുമില്ല.
എന്റെ പരാക്രമത്തെ ദർശിച്ചോളു എന്ന് പറഞ്ഞ് ശ്രീരാമൻ ആ വൈഷ്ണവ ധനുസ്സ് കൈയ്യിൽ വാങ്ങി. ഭാർഗ്ഗവൻ നോക്കി നിൽക്കെ ഞാൺ ബന്ധിച്ച് ശരം തൊടുത്ത് വച്ചു. പിന്നീട് എല്ലാവരും നോക്കി നിൽക്കെ ഭാർഗ്ഗവനോട് പറഞ്ഞു താങ്കൾ ബ്രാഹ്മണനായതിനാൽ ഈ ബാണം ഞാൻ താങ്കളുടെ മേൽ അയക്കില്ല. എന്നാൽ അങ്ങയ്ക്ക് ഞാൻ രണ്ട് സാധ്യതകൾ തിരിഞ്ഞെടുക്കാൻ നല്കുന്നു. ഒന്നുകിൽ അങ്ങയുടെ ഗതി ഞാൻ ഇല്ലാതാക്കും ഇല്ലെങ്കിൽ തപസ്സിനാൽ അങ്ങ് ഏതൊക്കെ ലോകങ്ങൾ നേടിയോ അവയെല്ലാം ഞാൻ ഇല്ലാതാക്കും. ഏത് വേണം എന്ന് അങ്ങ് നിശ്ചയിച്ചാലും. എന്റെ ഈ അസ്ത്രം ഈ രണ്ട് കാര്യങ്ങളിൽ ഒന്നിനായി ഞാൻ വിനിയോഗിക്കും.
പരശുരാമന് ഇതു തന്നെയാണ് വേണ്ടിയിരുന്നത്. അദ്ദേഹം പറഞ്ഞു ഞാൻ കശ്യപന് ദാനം നല്കിയ ഈ ഭൂമിയിൽ തങ്ങാൻ ആഗ്രഹിക്കുന്നില്ല . സായാഹ്നമാകുമ്പോൾ ഹിമാലയത്തിലേയ്ക്ക് യാത്ര തിരിക്കണം. അതിനാൽ നീ എന്റെ ഗതി ഇല്ലാതാക്കേണ്ട. തപസ്സിനാൽ ഞാൻ സമ്പാദിച്ച ലോകങ്ങൾ ഇല്ലാതാക്കി കൊള്ളു.
ഇതു തന്നെയാണ് ജ്ഞാനം. നമുക്ക് ഈ ദൃശ്യ ലോകമുണ്ട്. ഈ ദൃശ്യ ലോകത്തിനപ്പുറം പരലോകവും മനോ മണ്ഡലത്തിന്റെ ലോകവും ഉണ്ട് . എന്നാൽ ഭഗവാൻ കൃഷ്ണൻ ഭഗവത് ഗീതയിൽ പറയുന്നത് ബ്രഹ്മ ലോകത്തിന് താഴെയുള്ള എല്ലാ ലോകവും ആ സ്വരൂപത്തിൽ നിൽക്കുന്നതിന് ,ബ്രഹ്മ നിഷ്ഠയ്ക്ക് വിഘ്നങ്ങളാണ്. നമ്മൾ വ്യാവഹാരിക ലോകത്തിൽ വ്യവഹരിക്കും തോറും നമ്മുടെ ഉള്ളിൽ ലോകങ്ങൾ സൃഷ്ടിക്കപ്പെട്ടു കൊണ്ടേ ഇരിക്കുന്നു.
പരശുരാമനും പല വ്യവഹാരങ്ങളും ചെയ്തു കഴിഞ്ഞിരിക്കുന്നു. ത്രിപുര രഹസ്യത്തിൽ പരശുരാമൻ ജ്ഞാനത്തിൽ അടയുന്നതിനായി തപിക്കുന്നതു കാണാം. ഇത്രയധികം ക്ഷത്രിയരെ വധിച്ചതിന് ശേഷം അദ്ദേഹം ഋഷിമാരുടെ പക്കലിൽ നിന്നും ജ്ഞാനോപദേശം തേടുന്നു. അങ്ങനെയുള്ള ഭാർഗ്ഗവൻ പറയുന്നു രാമനോട് എന്റെ ലോകങ്ങളെയെല്ലാം ഇല്ലാതെയാക്കു എന്ന്. രാമ ബാണമെന്നാൽ ജ്ഞാനമാണ്.
ദൃശ്യം നാസ്തേതി ബേധേന മനസോ ദൃശ്യമാർജ്ജനം സമ്പന്നം ചേത് തദുത്പന്ന പരാ നിർവ്വാണ നിർവൃത്തിഹി
ഭഗവാൻ ആ ബാണത്തെ അയച്ചതോടെ പരശുരാമന്റെ ലോകങ്ങളെല്ലാം മറഞ്ഞു പോയി. വിനയം വന്നു. ജ്ഞാനത്തിന്റെ ലക്ഷണമേ വിനയമാണല്ലോ. ശ്രീരാമൻ ഞാൺ കെട്ടിയപ്പോൾ പരശുരാമന് ഗുണം അല്ലെങ്കിൽ വിനയം അർപ്പിക്കപ്പെട്ടു. വില്ല് വളഞ്ഞെങ്കിലും പരശുരാമന്റെ മനസ്സ് നേരെയായി. ഭാർഗ്ഗവൻ പറഞ്ഞു രാമാ നീ സാക്ഷാൽ നാരായണനാണെന്ന് എനിയ്ക്കറിയാം അതിനാൽ നിന്നോട് ഞാൻ തോറ്റു എന്ന അപമാനമോ ദു:ഖമോ എനിയ്ക്കില്ല.
അക്ഷയ്യം മധു ഹന്താരം ജാനാമിത്വാം സുരേഷ്വരം ധനുശോസ്യ പരാമർശാത് സ്വസ്തിതേസ്തു പരം തപ
അങ്ങനെ രാമനെ വന്ദനം ചെയ്ത് പരശുരാമൻ മറഞ്ഞു.
Nochurji ...........malini dipu

No comments: