Tuesday, December 25, 2018

വാല്മീകി രാമായണം-63

ഒരു കംസൻ പുത്രനായി ജനിച്ചതിൽ ഉഗ്രസേനൻ ദു:ഖിച്ചു. പക്ഷേ ദശരഥൻ ഒരു നല്ല പുത്രനുണ്ടായതിൽ വ്യസനിക്കുന്നു. രാമൻ നല്ലവനല്ലായിരുന്നെങ്കിൽ ഈ ആജ്ഞയെല്ലാം നിരസിച്ചേനെ. എന്നെ ബന്ധനസ്ഥനാക്കിയിട്ടെങ്കിലും രാമൻ വനവാസത്തിന് പോകാതിരുന്നെങ്കിൽ. ഇങ്ങനെ ഓരോന്ന് പുലമ്പികൊണ്ട് ദശരഥൻ ഇരുന്നു. അദ് ദേഹം അവസാനം പറഞ്ഞു ഈ വാർത്ത ഭരതൻ അംഗീകരിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്താൽ പിന്നെ കൈകേയി നീയോ ഭരതനോ എന്റെ മരണത്തിന് ശേഷം എനിയ്ക്ക് ശ്രാദ്ധ കർമ്മങ്ങൾ ചെയ്യേണ്ടതില്ല. ഞാൻ നിങ്ങൾ രണ്ടു പേരെയും ഉപേക്ഷിച്ചു എന്ന് കരുതിക്കോളു. എനിക്ക് നിന്നെ കണ്ടു കൊണ്ടിരിക്കാൻ സാധിക്കുന്നില്ല കൈകേയി , വേഗം സൂര്യോദയമാകട്ടെ എന്നാഗ്രഹിക്കുന്നു.

സൂര്യോദയമായി സേവകർ വന്ന് രാജാവുണരുന്നതിനായി പാടുന്നു.
ഉത്തിഷ്ഠ സിംഹാരാജ കൃത കൗമുദ മംഗള:
എല്ലാ മംഗള ദ്രവ്യങ്ങളോടെ വന്നു നിൽക്കുന്നു എന്നാൽ രാജാവ് എഴുന്നേറ്റു വരുന്നില്ല. വസിഷ്ഠൻ വന്നു രാജാവിനെ കാണുന്നില്ലെന്നറിഞ്ഞപ്പോൾ സുമന്ത്രരെ വിളിച്ചു വരുത്തി. അകത്ത് പോയി അന്വേഷിച്ചു വരാൻ പറഞ്ഞു. സുമന്ത്രർക്ക് എവിടെ വേണമെങ്കിലും കയറി ചെല്ലാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ.
അരമനയിൽ ചെന്ന് കൈകേയിയെ കണ്ടതും സുമന്ത്രർക്ക് എന്തോ പന്തികേട് തോന്നി. ദശരഥൻ ക്ഷീണിതനായി നിലത്തു കിടക്കുന്നു. കൈകേയി പറഞ്ഞു ഇതാ നിങ്ങളുടെ രാജാവ് രാത്രി മുഴുവനും രാമനെക്കുറിച്ച് സംസാരിച്ച് ക്ഷീണിതനായി നിലത്തു കിടക്കുന്നു. സുമന്ത്രരെ നിങ്ങൾ ബുദ്ധിമാനായിരിക്കും എന്നാൽ ഇപ്പോൾ  അധികമൊന്നും ആലോചിക്കാതെ രാമനോട് ഇവിടേയ്ക്ക് വരാൻ പറയു. ഒരു പക്ഷേ പട്ടാഭിഷേകത്തിനെ കുറിച്ച് പറയുന്നതിനു വേണ്ടിയാകും എന്നു കരുതി ഉള്ളിൽ ശങ്കയും താപവുമുണ്ടെങ്കിലും സുമന്ത്രർ രാമനെ വിളിക്കാനായി പുറപ്പെട്ടു. വസിഷ്ഠ മഹർഷിക്ക് മന്ത്രിയുടെ മുഖം കണ്ടപ്പോഴെ പലതും ബോദ്ധ്യപ്പെട്ടു. ജനങ്ങൾ ഇരു വശങ്ങളിലായി രാമൻ സർവ്വവേഷഭൂഷാദികളോടെ പട്ടാഭിഷേകത്തിന് എഴുന്നള്ളുന്നതും കാത്ത് തിങ്ങി നിന്നു.

Nochurji 🙏 🙏
Malini dipu 

No comments: