മുറജപക്കാലത്ത് തിരുവനന്തപുരത്തെത്തിയ ബ്രാഹ്മണരെല്ലാം രാമവര്‍മ മഹാരാജാവിന് മുമ്പില്‍ ഒത്തു ചേര്‍ന്നു. അഭ്യാസിയായ കായംകുളത്തുകാരന്‍ നായരോട് അടിയറവു പറഞ്ഞ മുണ്ട്യൂരെന്ന് വിളിപ്പേരുള്ള ബ്രാഹ്മണനുമുണ്ടായിരുന്നു കൂട്ടത്തില്‍. വൈകാതെ നായരും അവിടെയെത്തിച്ചേര്‍ന്നു. അണ്ഡാകൃതിയിലുള്ള ഒരു ഇരുമ്പുദണ്ഡ് അവിടെ കിടന്നിരുന്നു. ആര്‍ക്കെങ്കിലും അതുയര്‍ത്താമോ എന്ന് രാജാവ് ചോദിച്ചു. എന്നാല്‍, അതൊന്ന് ഇളക്കാന്‍ പോലും ആര്‍ക്കും കഴിഞ്ഞില്ല.
അപ്പോള്‍ മുണ്ട്യൂര് അതെടുത്ത് മുട്ടോളം ഉയര്‍ത്തി. നായര്‍ അതെടുത്ത് അരയോളം ഉയര്‍ത്തി. വാര്‍ധക്യത്തിന്റെ ക്ഷീണമുണ്ടെങ്കിലും പരീക്ഷിച്ചു നോക്കാമെന്ന് പറഞ്ഞ് മഹാരാജാവ് അതെടുത്ത് കഴുത്തോളം ഉയര്‍ത്തി. വിദ്യാഭ്യാസ കാലത്ത് ആയിരം തവണ ഇതുയര്‍ത്തി പുറകോട്ടിട്ടിട്ടുണ്ടെന്ന് മഹാരാജാവ് പറഞ്ഞു. പ്രായാധിക്യമുണ്ടായിട്ടും രാജാവെടുത്തു പൊക്കിയ ദണ്ഡ് ഒന്നിളക്കാന്‍ പോലും തങ്ങള്‍ക്ക് പറ്റിയില്ലല്ലോ എന്നോര്‍ത്ത് അവിടെ കൂടിയ അഭ്യാസികള്‍ ലജ്ജിച്ചു.
കായംകുളത്തുകാരന്‍ നായര്‍ക്ക് മഹാരാജാവ് ഉപചാരപൂര്‍വം അനേകം സമ്മാനങ്ങളും വസ്തുവകകളും നല്‍കി. അദ്ദേഹത്തിന് പ്രതിമാസം ഒരു നിശ്ചിത തുക നല്‍കുന്നതിനും രാജാവ് ഉത്തരവിട്ടു.
കല്ലന്താറ്റില്‍ ഗുരുക്കളുടെ ശിക്ഷണത്തില്‍ രാമവര്‍മ രാജാവിന് ലഭിച്ച അഭ്യാസബലം ഏറെ പ്രസിദ്ധമായിരുന്നു. രാമവര്‍മ രാജാവ് ഗുരുക്കള്‍ക്ക് കീഴില്‍ അഭ്യാസം തുടങ്ങിയതു മുതല്‍ അമ്മാവനായ മാര്‍ത്താണ്ഡവര്‍മ രാജാവ് എത്ര പേരെ തടുക്കാനാവുമെന്ന് നിശ്ചിത ഇടവേളകളില്‍ ചോദിക്കുന്ന പതിവുണ്ടായിരുന്നു. കോഴിക്കോട് രാജാവ് ഗുരുക്കളോട് ചോദിച്ചിരുന്ന അതേ ചോദ്യങ്ങള്‍. പതിനായിരം പേരെ, അയ്യായിരം പേരെ എന്നിങ്ങനെ രാമവര്‍മ രാജാവ് ഉത്തരം നല്‍കിക്കൊണ്ടിരുന്നു.
അഭ്യാസം ഏറെ നാള്‍ പിന്നിട്ടപ്പോള്‍ ഒരിക്കല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് പത്മനാഭപുരം കൊട്ടാര മാളികയില്‍ എഴുന്നള്ളി രാമവര്‍മ രാജാവിനെ പ്രതീക്ഷിച്ച് ഇരുന്നു. രാമവര്‍മ രാജാവ് കോവണിപ്പടി കയറി വരുന്നതു കണ്ട മാര്‍ത്താണ്ഡ വര്‍മ കോവണി വാതില്‍ക്കല്‍ ഒരുവശത്ത് മാറി ഒളിച്ചു നിന്നു. കോവണി കയറി രാമവര്‍മ രാജാവ് മുകളിലേക്ക് എത്താറായപ്പോള്‍ അദ്ദേഹത്തിന്റെ കഴുത്തിനു നേരെ മാര്‍ത്താണ്ഡ വര്‍മ രാജാവ് പള്ളിവാള്‍ വീശി ഒരു വെട്ടു കൊടുത്തു. വെട്ടുകഴുത്തില്‍ കൊണ്ടപ്പോഴാണ് രാമവര്‍മ രാജാവ് അറിഞ്ഞത്. എങ്കിലും തൊലി മുറിയുന്നതിനു മുമ്പായി അദ്ദേഹം മാറിക്കളഞ്ഞു. വെട്ട് കൊണ്ട് കൊട്ടാര മാളികയുടെ ഒരു കഴുക്കോല്‍ മുറിഞ്ഞു പോയി.
ഇതു കണ്ടു നിന്ന ഗുരുക്കള്‍ ഓടിയെത്തി എന്തിനാണ് ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനോട് ആരാഞ്ഞു. ഉണ്ണിയുടെ വിദ്യാഭ്യാസം കഴിയാറായോ എന്ന് പരീക്ഷിക്കാനാണെന്നും ഇത്തരം ചതി പ്രയോഗങ്ങള്‍ ശത്രുക്കളില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതാണെന്നും അതില്‍ നിന്ന് രക്ഷപ്പെടാനാവാത്തവന്‍ ഈ വംശത്തില്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നുമായിരുന്നു മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്റെ മറുപടി. എന്റെയടുക്കല്‍ വിദ്യയഭ്യസിക്കുന്നവര്‍ക്ക് എന്റെ ഗുരുനാഥന്റെ അനുഗ്രഹം കൊണ്ട്് അങ്ങനെയൊന്നും ഭവിക്കില്ലെന്ന് ഗുരുക്കളും പറഞ്ഞു.
ഈയൊരു സംഭവത്തിനു ശേഷമാണ് കായംകുളം ഉള്‍പ്പെടെയുള്ള യുദ്ധങ്ങള്‍ക്ക് രാമവര്‍മ മഹാരാജാവിനെ കൂടി മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് കൂടെ കൊണ്ടു പോകാന്‍ തുടങ്ങിയത്. ..janmabhumi
No comments:
Post a Comment