പലതരത്തില്‍ യുക്തിവിചാരം ചെയ്‌തെങ്കിലും ജിജ്ഞാസുക്കള്‍ക്ക് ജഗത്തിന്റെ കാരണത്തെ കണ്ടെത്താനായില്ല. അത് യുക്തിവിചാരത്തിനും അപ്പുറത്താണെന്ന് അവര്‍ക്ക് ബോധ്യമായി. ബുദ്ധിവ്യായാമം കൊണ്ട് കാരണത്തെ കണ്ടെത്താനാകില്ല. അതിനാല്‍ ഏകാഗ്രമായി ധ്യാനിക്കാന്‍ അവര്‍ തീരുമാനിച്ചു. എല്ലാ തരത്തിലുള്ള വിചാരം ചെയ്യലുകളും നിര്‍ത്തി ധ്യാനിക്കാനിരുന്നു. ധ്യാനത്തെ തുടര്‍ന്നുള്ള സമാധി അവസ്ഥയില്‍ ആ അറിവ് വെളിപ്പെടുമെന്ന് കരുതി.
തേ ധ്യാനയോഗാനുഗതാ അപശ്യന്‍
ദേവാത്മശക്തിം സ്വഗുണൈര്‍ നിഗൂഢാം
യഃ കാരണാനി നിഖിലാനി താനി
കാലാത്മയുക്താന്യധിതിഷ്ഠത്യേകഃ
ധ്യാനയോഗത്തെ അനുഷ്ഠിച്ച അവര്‍, ഗുണങ്ങളാല്‍ മറഞ്ഞിരുന്ന പരമാത്മ ശക്തിയെ സാക്ഷാത്കരിച്ചു. ഏകവും അദ്വയവുമായ പരമാത്മാവ് നേരത്തെ ചര്‍ച്ച ചെയ്ത കാലം മുതല്‍ക്കുള്ള കാരണങ്ങളെന്ന് കരുതിയവയെയൊക്കെ നിയന്ത്രിക്കുന്നതായി മനസ്സിലാക്കി.
ധ്യാനത്തിലൂടെ ദേവാത്മ ശക്തിയെ സാക്ഷാത്കരിച്ചു. പുറമെ അന്വേഷിച്ചാല്‍ ജഗത്കരണത്തെ കണ്ടെത്താനാകില്ലെന്ന് ബോധ്യമായപ്പോഴാണ് അവര്‍ ഉള്‍വലിഞ്ഞ് ധ്യാനത്തില്‍ മുഴുകിയത്. തന്റെ തന്നെ ഗുണങ്ങളാല്‍ മറഞ്ഞിരിക്കുന്ന ഈശ്വര ശക്തിയെയാണ് ദേവാത്മശക്തി എന്ന് പറഞ്ഞത്.
കാലം മുതല്‍ ആത്മാവ് വരെ എല്ലാം നിലനില്‍ക്കുന്നത് പരമാത്മശക്തി കൊണ്ടാണ് എന്ന് ബോധ്യപ്പെട്ടു.
ദേവാത്മാവ് എന്നതിനെ ദേവന്‍, ആത്മാവ് എന്ന് രണ്ടായി പിരിച്ചാല്‍ മതങ്ങളില്‍ വിവരിക്കുന്ന ദേവന്‍ എന്നത് സഗുണ ഈശ്വരനായും ആത്മാവ് എന്നത് ദര്‍ശനങ്ങളില്‍ വിവരിക്കുന്ന നിര്‍ഗുണനായ പരമാത്മാവ് എന്നും അര്‍ഥമുണ്ട്. ശക്തി എന്നാല്‍ സൃഷ്ടിക്ക് കാരണമായത്. ഈ മൂന്ന് ഭാവങ്ങളിലും പ്രകാശിക്കുന്നതിനാലാണ് ദൈവാത്മശക്തി എന്ന് വിശേഷിപ്പിച്ചത്. ഈ മൂന്ന് വാക്കുകളും ജ്ഞാന- ഇച്ഛാ-ക്രിയാ ശക്തികളെ സൂചിപ്പിക്കുന്നതാണ്. ഇന്ദ്രിയങ്ങള്‍ക്കും വാക്കിനും
മനസ്സിനും അതീതമായ ചൈതന്യമാണെന്ന് അറിയണം.
സ്വഗുണങ്ങള്‍ എന്ന് പറഞ്ഞത് ത്രിഗുണങ്ങളെയാണ്. ഇവ പ്രകൃതി ഗുണങ്ങളാണ്. മായയില്‍ നിന്ന് ഉണ്ടായവയാണ്. മായയാല്‍ അഥവാ സത്വരജസ്തമോഗുണങ്ങളാല്‍ ആത്മതത്ത്വം മറയ്ക്കപ്പെട്ടിരിക്കുന്നു. അതിനെയാണ് ധ്യാനത്തിലൂടെ ഭേദിച്ച് അറിഞ്ഞത്. ഈ ത്രിഗുണങ്ങളെ അതിക്രമിച്ചാല്‍ ആത്മദര്‍ശനം ലഭിക്കും.
ആത്മദര്‍ശനത്തെ നേടുന്നതിന് മനുഷ്യസഹജമായ പല പരിമിതികളേയും മറികടക്കേണ്ടതുണ്ട്. ധ്യാനത്താല്‍ ഈ തടസ്സങ്ങളെയും പോരായ്മകളേയും നീക്കണം. അപ്പോള്‍ പരമാത്മസാക്ഷാത്കാരം നേടാനാകും. അതിനാല്‍ ധ്യാനമാണ് ആത്മതത്വത്തെ അനുഭവമാക്കാനുള്ള പ്രധാന ഉപായം. മറ്റുള്ളവയൊക്കെ മനഃശുദ്ധിയുള്‍െപ്പടെയുള്ള കാര്യങ്ങള്‍ക്ക് സഹായിക്കുന്നവ മാത്രമാണ്.
ആത്മതത്ത്വവും ബ്രഹ്മതത്ത്വവും ഒന്നണെന്ന് ധ്യാനത്തിലൂടെ അറിയാനാകും. ജഡമായ ഈ പ്രപഞ്ചത്തിന്റെ കാരണം അന്വേഷിച്ച് പോകുമ്പോള്‍ എല്ലാത്തിനും പരമകാരണമായ ബ്രഹ്മത്തില്‍ എത്തിച്ചേരും.
അതിനാല്‍ പുറമെയുള്ള യുക്തിവിചാരങ്ങളില്‍ മുഴുകാതെ നമ്മോട് അന്തര്‍മുഖരാകാനും ആത്മതത്ത്വത്തെ ധ്യാനിച്ച് ഉറപ്പിക്കാനും പറയുന്നു...janmabhumi
No comments:
Post a Comment