Monday, December 24, 2018

സ്ഥൂലം, സൂക്ഷ്മം, കാരണം എന്നു മൂന്നു ശരീരം എല്ലാ ജീവികള്‍ക്കുമുണ്ട്. കണ്ണുകൊണ്ടുകാണാന്‍കഴിയുന്നതും തൂക്കിനോക്കാവുന്നതും ക്യാമറയില്‍ പകര്‍ത്താവുന്നതുമായ ശരീരമാണു സ്ഥൂലശരീരം. അതിനെക്കുറിച്ചുമാത്രമേ എല്ലാപേരും അറിയുന്നുള്ളൂ. സൂക്ഷ്മകാരണ ശരീരങ്ങളെക്കുറിച്ച് സാമാന്യജനം പൊതുവില്‍ അജ്ഞരാണ്. സ്ഥൂലശരീരത്തിലാണ് അവയുടെ ഇരിപ്പ്. ഇന്ദ്രിയഗോചരമല്ലാത്ത അവയെ ആരും അറിയാത്തതില്‍ അത്ഭുതമില്ല. മനസ്സ്, ബുദ്ധി, പഞ്ചപ്രാണന്മാര്‍, പഞ്ചജ്ഞാനേന്ദ്രിയങ്ങള്‍ പഞ്ചകര്‍മ്മേന്ദ്രിയങ്ങള്‍ എന്നീ പതിനേഴുഘടകം ചേര്‍ന്നതാണു സൂക്ഷ്മശരീരം. മനസ്സും ബുദ്ധിയും നമുക്കുണ്ടെന്നു പറയാതെതന്നെ അറിയാന്‍ ചിന്താശീലര്‍ക്കു പ്രയാസമില്ല. ജീവനുള്ള മനുഷ്യശരീരം ഓപ്പറേറ്റുചെയ്യുന്ന ഡോക്ടര്‍മാര്‍പോലും മനസ്സിനെ കണ്ടിട്ടില്ല. എങ്കിലും അവര്‍ക്കും അതിനെ നിഷേധിക്കാനാവില്ല. പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ എന്നു അഞ്ചുതരം പ്രാണന്മാര്‍ ശരീരത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. അവയുടെ പ്രവര്‍ത്തനംമൂലമാണ് ശരീരം സചേതനവും സക്രിയവുമായിരിക്കുന്നത്. പഞ്ചപ്രാണന്മാരുടെ ബാഹ്യാവിഷ്‌കാരമാണു ശ്വാസം. ചെവി, ത്വക്ക്, കണ്ണ്, നാക്ക്, മൂക്ക് എന്നീ കര്‍മ്മേന്ദ്രിയങ്ങളും സൂക്ഷ്മശരീരത്തിന്റെ ഭാഗമാണ്. അവയുടെ ബാഹ്യാവിഷ്‌കാരം മാത്രമാണ് സ്ഥൂലശരീരത്തില്‍ കാണുന്ന ജ്ഞാനേന്ദ്രിയങ്ങളും കര്‍മേന്ദ്രിയങ്ങളും. ഈ പറഞ്ഞ സ്ഥൂലശരീരത്തിനും സൂക്ഷ്മശരീരത്തിനും കാരണമായിരിക്കുന്നത് അവിദ്യയാണ് അതാണു കാരണ ശരീരം.
സ്ഥൂല ശരീരവും സൂക്ഷ്മശരീരവും പഞ്ചഭൂത നിര്‍മ്മിതമാണ്. പൃഥ്വി, അപ്, തേജസ്, വായു, ആകാശം എന്നിവയാണു പഞ്ചഭൂതങ്ങള്‍. ഭൂതങ്ങളഞ്ചും സ്ഥൂലമെന്നും സൂക്ഷ്മമെന്നും രണ്ടുവിധമുണ്ട്. പഞ്ചീകരണമെന്ന പ്രക്രിയക്കു വിധേയമായവ സ്ഥൂലപഞ്ചഭൂതവും അല്ലാതുള്ളതു സൂക്ഷ്മപഞ്ചഭുതവും എന്നു ചുരുക്കം. ഇവയില്‍ സ്ഥൂല പഞ്ചഭൂതങ്ങള്‍കൊണ്ടു സ്ഥൂലശരീരവും സൂക്ഷ്മഭൂതങ്ങള്‍കൊണ്ടു സൂക്ഷ്മശരീരവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.
പരമാത്മാവ് സര്‍വവ്യാപിയാണ്. പരമാത്മാവിനെ സര്‍വവ്യാപിയെന്നു പറയുന്നതും സൂക്ഷ്മമാലോചിച്ചാല്‍ ശരിയല്ല. ഭാഷയുടെ പരിമിതിമൂലമാണ് അങ്ങനെ പറയേണ്ടിവരുന്നത്. സര്‍വം എന്ന പദംകൊണ്ട് നാമുദ്ദേശിക്കുന്നവയെല്ലാം പരമാത്മാവിനുള്ളില്‍ സ്ഥിതിചെയ്യുന്നവയാണ്. സമുദ്രത്തില്‍ മത്സ്യങ്ങളെന്നപോലെ പരമാത്മാവ് അവയേയും കടന്നു നില്‍ക്കുന്നു. പരമാത്മാവില്‍നിന്നാണ് പഞ്ചഭൂതങ്ങള്‍ ഉണ്ടാകുന്നത്. പരമാത്മാവിന്റെ തന്നെ ഇച്ഛയനുസരിച്ച് സൃഷ്ടിയുടെ ചലനം പരമാത്മാവില്‍ ആരംഭിക്കുന്നു. ആ ചലനമാണ് പ്രകൃതി. സത്ത്വം രജസ്സ്, തമസ്സ് എന്നു മൂന്നു ഗുണങ്ങളോടുകൂടിയതാണ് അത്. അന്ധകാരം കണ്‍മുന്നിലുള്ള ദൃശ്യങ്ങളെ മറയ്ക്കുന്നതുപോലെ പരമാത്മാവിന്റെ അഥവാ പരബ്രഹ്മത്തിന്റെ ജ്ഞാനാനന്ദങ്ങളെ ജീവന്മാരില്‍നിന്നു മറയ്ക്കുന്ന ഗുണമാണു തമസ്സ്. പരമാത്മാവ് ഒന്നേയുള്ളൂ. അതാണ് ഞാന്‍. ആ അനുഭവം തമോഗുണത്തിന്റെ സാന്നിദ്ധ്യംമൂലം മറയുമ്പോള്‍ രജോഗുണം അഥവാ വിക്ഷേപശക്തി പ്രവര്‍ത്തനമാരംഭിക്കുന്നു. അതു ബ്രഹ്മത്തിന്റെ സ്ഥാനത്ത് ഇല്ലാത്ത പ്രപഞ്ചവസ്തുക്കളെ ഉണ്ടാക്കിക്കാണിക്കുന്നു. മുന്നില്‍ കിടക്കുന്നതു കയറാണെന്ന യാഥാര്‍ത്ഥ്യം ഇരുട്ടുമൂലം മറഞ്ഞിരിക്കുമ്പോള്‍ പാമ്പാണ് അക്കാണുന്നതെന്ന തോന്നലുളവാക്കുന്നത് രജോഗുണത്തിന്റെ പ്രവര്‍ത്തനം മൂലമാണ്. ഇതേ രീതിയില്‍ തമസ്സുമൂലം മറഞ്ഞ ബ്രഹ്മത്തില്‍ അതു പ്രപഞ്ചത്തെ ഉണ്ടാക്കുന്നു. തമസ്സ് ആവരണശക്തിയും രജസ്സ് വിക്ഷേപശക്തിയുമാണെന്നു സാരം. സാത്വികഗുണം ഇവ രണ്ടില്‍നിന്നും ഭിന്നമാണ്. അതുപച്ചവെള്ളംപോലെ നിര്‍മലവും ആത്മപ്രകാശത്തെ ഒരിക്കലും തടയാത്തതുമായ ഗുണമാണ്. ഇതു മൂന്നും ചേര്‍ന്ന പ്രകൃതിയില്‍ നിന്നാണ് അനാദ്യന്തമെന്നു നമുക്കു തോന്നുന്ന പ്രപഞ്ചം ഉടലെടുക്കുന്നത്.
ഇനി പഞ്ചഭൂതങ്ങളുടെ ഉത്പത്തിമാത്രം നാതിദീര്‍ഘമായി വിവരിക്കാം. പ്രകൃതിയിലുള്ള തമോഗുണം തമസ്സില്‍ സത്ത്വം, തമസ്സില്‍, രജസ്സ്, തമസ്സില്‍ തമസ്സ് എന്നു മൂന്നുവിധമുണ്ട്. ആവരണം വിക്ഷേപമെന്നു ഓരോന്നും രണ്ടായി പിരിയുന്നു. ഇതില്‍ ആവരണം ജ്ഞാനാനന്ദങ്ങളെ മറയ്ക്കുന്ന ശക്തിയായി നില്‍ക്കുകയും വിക്ഷേപം പഞ്ചഭൂതസൃഷ്ടിക്കു കളമൊരുക്കുകയും ചെയ്യുന്നു. അതില്‍നിന്നു ആദ്യം ആകാശം. ആകാശത്തില്‍ നിന്നു വായു. വായുവില്‍ നിന്നു തേജസ്സ്, തേജസ്സില്‍ നിന്നു അപ്പ് (ജലം), അപ്പില്‍ നിന്നു പൃഥ്വി എന്നിങ്ങനെ പഞ്ചഭൂതങ്ങളുടെ സൂക്ഷ്മതന്മാത്രകളുണ്ടാക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ പറഞ്ഞ ഭൂതങ്ങള്‍ വസ്തുവല്ല ഗുണമാണെന്നറിയണം. ശബ്ദമെന്ന ഗുണമാണ് ആകാശം, സ്പര്‍ശം, വായു, രൂപം തേജസ്സ്, രസം അപ്പ്, ഗന്ധം പൃഥ്വി. ഭൗതികശാസ്ത്രം ഘോഷിക്കുന്ന മൂലകങ്ങളുമായി പഞ്ചഭുതങ്ങള്‍ക്കു നേരിട്ടു ബന്ധമൊന്നും ഇല്ല. ലോകത്തെ തന്നില്‍നിന്നന്യമായിക്കണ്ട് അപഗ്രഥിക്കുന്നതാണു ഭൗതികശാസ്ത്രത്തിന്റെ രീതി. അതു നൂറില്‍പരം മൂലകങ്ങളുടെ കണ്ടുപിടിത്തത്തിനു കാരണമായി. അദ്ധ്യാത്മശാസ്ത്രം മനുഷ്യനെ പ്രപഞ്ചത്തില്‍നിന്നു അന്യമായി കാണുന്നില്ല. ഇതാണു അദ്ധ്യാത്മരീതി. ആ വിധമുള്ള അപഗ്രഥനം ലോകത്തുള്ള പദാര്‍ത്ഥങ്ങള്‍ പഞ്ചഭൂതനിര്‍മ്മിതമാണെന്നു തെളിയിക്കുന്നു. പഞ്ചീകരണം എന്ന പ്രക്രിയക്കു വിധേയമാകുമ്പോള്‍ ഈ വിവരിച്ച സൂക്ഷ്മപഞ്ചഭൂതങ്ങളില്‍ നിന്നു ആകാശം, വായു, തേജസ്സ്, അപ്പ്, പൃഥ്വി എന്നീ സ്ഥൂല പഞ്ചഭൂതങ്ങളുണ്ടാകുന്നു. ഈ ദൃശ്യപ്രപഞ്ചത്തില്‍ കാണുന്ന മുഴുവന്‍ ഭൗതികവസ്തുവും ഈ അഞ്ചെണ്ണത്തില്‍ ഒതുങ്ങും. മനുഷ്യനുള്‍പ്പെടെ സമസ്തജീവരാശിയുടെ സ്ഥൂലശരീരവും ജഗത്തും സ്ഥൂല പഞ്ചഭൂതങ്ങള്‍കൊണ്ടും സൂക്ഷ്മശരീരം സൂക്ഷ്മഭുതങ്ങള്‍കൊണ്ടുമാണു നിര്‍മ്മിച്ചിരിക്കുന്നത്. സൂക്ഷ്മപഞ്ചഭൂതങ്ങള്‍ ഇന്ദ്രിയഗോചരമല്ലാത്തതിനാല്‍ സൂക്ഷ്മശരീരത്തെ കാണാനാവുകയില്ല. പഞ്ചഭൂതനിര്‍മ്മിതമായ ശരീരം മായാമയമാണ് (പ്രകൃതിമയമാണ്) പരിണാമിയാണ് (മാറിക്കൊണ്ടിരിക്കുന്നതാണ്) വികാരിയായുള്ളതുമാണ്. അതിനാല്‍ ശരീരത്തോടുതോന്നുന്ന അത്യാസക്തി ദുഃഖത്തിനേ കാരണമാകൂ.
പ്രകൃതി നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ പ്രകൃതിയുടെ ഉല്‍പന്നമായ പഞ്ചഭൂതങ്ങളും നിരന്തരമായ ചലനത്തിനുവിധേയമാണ്. തന്മൂലം ശരീരത്തില്‍നിന്നു നഷ്ടമാകുന്ന ഭക്ഷണം കഴിക്കുന്നത്. മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വൃക്ഷങ്ങള്‍ക്കുമായി പലതരം പഞ്ചഭൂതങ്ങളില്ല. പഞ്ചഭൂതം എല്ലാറ്റിലും ഒരേവിധംതന്നെ. അതുകൊണ്ടു സസ്യാദികളെ ഭക്ഷണമാക്കാന്‍ മനുഷ്യനുകഴിയുന്നു. വെള്ളം കുടിക്കുമ്പോഴും ശ്വസിക്കുമ്പോഴും ജീവജാലങ്ങള്‍ ഭൂതാംശത്തെത്തന്നെയാണു സ്വീകരിക്കുന്നത്. ഇങ്ങനെ പ്രകൃതിയെ സമസ്ത ജീവജാലങ്ങളേയും ജഡദൃശ്യങ്ങളേയും ബന്ധിച്ചുകൊണ്ടു പഞ്ചഭൂതങ്ങള്‍ അനവരതം ചലിക്കുന്നു. ഈ ചലനത്തിന്റെ ചാക്രികതമൂലം ഇന്നു മനുഷ്യന്റെ ശരീരമായിരിക്കുന്നു. ജന്തു ചീഞ്ഞളിയുന്നിടത്തു മരങ്ങള്‍ ഭക്ഷണം കണ്ടെത്തുന്നു. ജന്തുക്കളുംവൃക്ഷങ്ങളും ചീഞ്ഞളിയാതെ തന്നെ ഒന്നിലിക്കുന്ന ഭൂതം വേറൊന്നിലേക്കു സംക്രമിക്കുന്നു. ബ്രാഹ്മണന്റെ ശരീരത്തിലെ ഭൂതാംശം ചണ്ഡാലനിലേക്കും ചണ്ഡാലനില്‍നിന്നു ബ്രാഹ്മണനിലേക്കും സംക്രമിക്കുമെന്നതുകൊണ്ടു ശരീരത്തിന്റെ പേരില്‍ ഞാന്‍ ബ്രാഹ്മണനാണെന്നും രാജകുമാരനാണെന്നും ഉന്നതകുലജാതനാണെന്നും അഹങ്കരിക്കുന്നതില്‍ എന്തര്‍ത്ഥം? മരണമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്കു വിധേയമായ ശരീരത്തോടു തോന്നുന്ന അമിതപ്രണയത്തിനു എന്തുമൂല്യം?
ദേഹാഭിമാനം നിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ
മാനസതാരില്‍ നിരൂപിച്ചതും തവ
ജ്ഞാനമില്ലായ്‌കെന്നറിക നീ ലക്ഷ്മണ!
ദോഷങ്ങളൊക്കവേ ദേഹാഭിമാനിനാം
രോഷേണ വന്നു ഭവിക്കുന്നിതോര്‍ക്ക നീ
ഞാന്‍ ഈ ശരീരമാണെന്ന ഉറച്ച വിശ്വാസമാണ് കാമ, ക്രോധ, ലോഭ, മോഹ, മദ, മാത്സര്യാദികള്‍ക്കെല്ലാം കാരണം. ദേഹാഭിമാനംമൂലം ശരീരത്തിനുസുഖംനല്‍ക്കുന്ന വസ്തുക്കളോട് ആസക്തിയുണ്ടാകുന്നു. പ്രബലമായ ആസക്തിതന്നെയാണു കാമം. ആഗ്രഹലബ്ധിക്ക് വ്യക്തികളോ സമൂഹമോ തടസ്സമായി വന്നാലുടന്‍ അവയോടു കോപമായി. ഇങ്ങനെ കാമത്തില്‍നിന്നാണു ക്രോധമുണ്ടാകുന്നത്. ക്രോധമുണ്ടായാല്‍ കാര്യാകാര്യവിവേകം നശിക്കും. അതോടെ ലക്ഷ്യബോധം നഷ്ടപ്പെടും. ബുദ്ധിപാടേനശിക്കാന്‍ അതു കാരണമായിത്തീരുന്നു. ബുദ്ധിനാശം മനുഷ്യന്റെ വിനാശത്തില്‍ പര്യവസാനിക്കുന്നു. ഈ വിപത്തുകള്‍ക്കെല്ലാം കാരണം ദേഹാഭിമാനമാണെന്നു മറക്കരുത്. അഭിഷേകവിഘ്‌നമുണ്ടായപ്പോള്‍ ക്രോധംപൂണ്ട് ലോകം മുഴുവന്‍ ദഹിപ്പിക്കാനായി ലക്ഷ്മണന്‍ വില്ലെടുത്തത് അറിവില്ലായ്മകൊണ്ടാണെന്നു ശ്രീരാമന്‍ തുറന്നുപറയുന്നു. ഇങ്ങനെ ഞാന്‍ ദേഹമാണെന്നഭിമാനിക്കുന്നവര്‍ക്കു കോപംമൂലം പല പ്രകാരത്തിലുള്ള ദോഷമുണ്ടാകുന്നു എന്നറിയണം. അതിനാല്‍ ദേഹാഭിമാനം വെടിയണമെന്നു ആചാര്യന്മാര്‍ ഉപദേശിക്കുന്നു.
punyabhumi

No comments: