Tuesday, December 18, 2018

''ഗുരുനാഥന്‍ തുണ ചെയ്ക സന്തതം
തിരുനാമങ്ങള്‍ നാവിന്മേലെപ്പൊഴും
പിരിയാതെയിരിക്കണം നമ്മുടെ
നരജന്മം സഫലമാക്കീടുവാന്‍''
ഗുരുവന്ദനത്തോടെയാണ് ജ്ഞാനപ്പാനയുടെ തുടക്കം. ഏതു കാര്യവും തടസ്സങ്ങളില്ലാതെ നടക്കണമെങ്കില്‍ ഗുരുക്കന്മാരുടെ അനുഗ്രഹം അത്യാവശ്യമാണ്. 
''ഗുരോരനുഗ്രഹേണൈവ 
പുമാന്‍ പൂര്‍ണഃ പ്രശാന്തയേത്'' 
എന്ന ഭാഗവത വാക്യം ഓര്‍മിക്കാം. ഗുരുവിന്റെ അനുഗ്രഹം ഒന്നുകൊണ്ടുമാത്രമേ മനുഷ്യന്‍ പൂര്‍ണനും ശാന്തചിത്തനും ആയിത്തീരുകയുള്ളൂ എന്നര്‍ഥം. നാടന്‍ ഭാഷയില്‍ 'കുരുത്തം' ഇല്ലാതെ ഒന്നും ശരിയാകില്ല എന്നും, 'കുരുത്തക്കേട്' വാങ്ങിക്കരുത് എന്നുമൊക്കെ പറയാറുണ്ട്. ഗുരുവിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനം എത്ര ഉയര്‍ന്നതാണെന്ന് ഇത്തരം ചൊല്ലുകളില്‍നിന്ന് വ്യക്തമാണല്ലോ. ഗുരു എന്ന വാക്കിന്റെ അര്‍ഥവും ആഴവും ശ്രദ്ധിക്കേണ്ടതുണ്ട്. 'ഗു' എന്ന ശബ്ദത്തിന് അന്ധകാരം, ഇരുട്ട് എന്നും 'രു' ശബ്ദത്തിന് നിരോധിക്കുന്നത്, തടയുന്നത് എന്നുമാണ് അര്‍ഥം. അന്ധകാരത്തെ അകറ്റുവാനാണ് ഗുരു. അജ്ഞാനമാകുന്ന ഇരുട്ടിനെ നീക്കി ജ്ഞാനത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നവനാണ് ഗുരു. ''പുറം കണ്ണു തുറപ്പിപ്പൂ, പുലര്‍വേളയിലംശുമാന്‍, അകക്കണ്ണു തുറപ്പിക്കാനാശാന്‍ ബാല്യത്തിലെത്തണം''- മഹാകവി ഉള്ളൂരിന്റെ ഈ വരികള്‍ ഗുരുവിന്റെ സ്ഥാനമെന്ത്, പ്രാധാന്യമെന്ത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഈശ്വരനാമങ്ങള്‍ എല്ലായ്‌പ്പോഴും നാവില്‍ വരാന്‍ ഗുരുകടാക്ഷം വേണം എന്ന് കവി പ്രാര്‍ഥിക്കുകയാണ്. മനുഷ്യജന്മം സഫലമാകണമെങ്കില്‍, നിരന്തരം ഭഗവന്നാമങ്ങള്‍ ജപിക്കുക. 
കലിയുഗത്തില്‍ ഈശ്വരസാക്ഷാത്കാരത്തിനുള്ള ഒരേയൊരു മാര്‍ഗം നാമജപമാണ് എന്ന് ഭാഗവതപുരാണവും നമ്മോട് പറയുന്നുണ്ട്. നാമോച്ചാരണത്തിലൂടെ ജന്മസാഫല്യം നേടുവാന്‍ ഗുരുനാഥന്റെ അനുഗ്രഹംകൂടി ഉണ്ടാവണേ എന്നാണ് കവിയുടെ പ്രാര്‍ഥന. മനുഷ്യകുലത്തിന്റെ മുഴുവന്‍ അഭ്യുന്നതിക്കും ശ്രേയസ്സിനും വേണ്ടിയുള്ള അപേക്ഷയായും നമുക്ക് ഈ വരികളെ പരിഗണിക്കാം.

No comments: