Tuesday, December 18, 2018

മനസ്സിനെ സ്ഥൈര്യപ്പെടുത്തുന്ന മനോന്മനീ അവസ്ഥ

കൈതപ്രം വാസുദേവന്‍ നമ്പൂതിരി
Wednesday 19 December 2018 2:28 am IST
വിധിവത് പ്രാണസംയാമൈര്‍
നാഡീചക്രേ വിശോധിതേ
സുഷുമ്‌നാവദനം ഭിത്വാ
സുഖാദ് വിശതി മാരുത: (2-41)
വിധിപ്രകാരം പ്രാണായാമം ചെയ്ത് നാഡീസമൂഹം ശുദ്ധമായാല്‍ പ്രാണന്‍ സുഷുമ്‌നാ മുഖം ഭേദിച്ച് അനായാസം സുഷുമ്‌നയില്‍ പ്രവേശിക്കും.
നാഡീചക്രമെന്നാല്‍ ഇവിടെ ആധാര ചക്രങ്ങളെന്നര്‍ഥമില്ല, നാഡീസമൂഹം എന്നാണര്‍ഥം. വിധിവത് എന്നാല്‍ ഗുരൂപദേശ സഹിതമായും ആസനാദികളോടെയും ബന്ധങ്ങളോടെയും എന്നര്‍ഥമെടുക്കണം. അങ്ങനെ ചെയ്യുമ്പോള്‍ നാഡികള്‍ ശുദ്ധമാവും. ഇഡയും പിംഗളയും സന്തുലിതമാവും. ഇവയുടെ മധ്യത്തിലുള്ള സുഷുമ്‌നാ നാഡിയുടെ അടഞ്ഞുകിടക്കുന്ന മുഖം തുറക്കപ്പെടും. പ്രാണന്‍ അതില്‍ പ്രവേശിക്കുകയും ചെയ്യും.
മാരുതേ മധ്യസഞ്ചാരേ
മനഃ സ്ഥൈര്യം പ്രജായതേ
യോ മനഃസുസ്ഥിരീ ഭാവഃ
സൈവാവസ്ഥാ മനോന്മനീ (2 - 42)
പ്രാണന്‍ സുഷുമ്‌നയില്‍ സഞ്ചരിച്ചാല്‍ മനസ്സിന് സ്ഥൈര്യമുണ്ടാകും. അതു തന്നെയാണ് മനോന്മനീ അവസ്ഥ.
മധ്യമെന്നാല്‍ മധ്യനാഡിയായ സുഷുമ്‌നാ നാഡി. അതില്‍ നിന്നാണ് മനസ്സ് സ്ഥിരമാവുന്നത്. സ്ഥിരപ്രജ്ഞന്‍ എന്ന് ഭഗവദ്ഗീത ഇവരെ വിളിക്കുന്നു. സ്ഥൈര്യം അഥവാ സ്ഥിരത ധ്യേയാകാര വൃത്തി പ്രവാഹമാണ്.  ഇതിനെ വീണ്ടും സുസ്ഥിരീഭാവം എന്നു വിളിച്ചിരിക്കുന്നു. സുഷ്ഠു സ്ഥിരീഭവനമാണ് സുസ്ഥിരീഭാവം. മനോന്മനി, സമാധിയുടെ പര്യായമായി നാലാമധ്യായത്തില്‍ പറയുന്നുണ്ട്. മനസ്സ് നിശ്ശബ്ദമാവുന്നതാണ്, ചഞ്ചലത നശിക്കുന്നതാണ് മനോന്മനി അവസ്ഥ. ഇന്ദ്രിയ പ്രേരണകള്‍ തലച്ചോറിലെത്താത്ത അവസ്ഥ. ശൂന്യാവസ്ഥ.
തത്സിദ്ധയേ വിധാനജ്ഞാഃ
ചിത്രാന്‍ കുര്‍വന്തി കുംഭകാന്‍
വിചിത്ര കുംഭകാഭ്യാസാത്
വിചിത്രാം സിദ്ധിമാപ്‌നുയാത് (2-43)
ആ അവസ്ഥ നേടാന്‍ യോഗികള്‍ പലതരം കുംഭകങ്ങള്‍ അനുഷ്ഠിക്കുന്നു. പല തരം സിദ്ധികളും നേടുന്നു.
മനോന്മനി അവസ്ഥ ക്ഷിപ്രസാദ്ധ്യമല്ല. വലിയ സാധന ആവശ്യമാണ്. പ്രാണായാമത്തെപ്പറ്റി സാങ്കേതിക ജ്ഞാനവും വേണം. അവരെയാണ് വിധാനജ്ഞന്മാരെന്നു പറഞ്ഞത്. സൂര്യഭേദനം മുതലായ പലതരം കുംഭകങ്ങളും അവയുടെ ഫലങ്ങളും വൈഷമ്യങ്ങും ഒക്കെ അറിയണം. അണിമാദി സിദ്ധികളറിയണം. പ്രാണായാമത്തില്‍ താത്പര്യം ജനിപ്പിക്കാനാണ് ഫലങ്ങള്‍ പറയുന്നത്. ആയിരങ്ങളിലൊരുവനാണ് (മനുഷ്യാനാം സഹസ്രേഷു- ഭ. ഗീത ) സിദ്ധിക്കുവേണ്ടി യത്‌നിക്കുന്നത്. അവരിലും ഒരു ചെറിയ ന്യൂനപക്ഷമാണ് സത്യത്തിലെത്തിച്ചേരുന്നത്. ഭാഗവതത്തില്‍ ഏകാദശ സ്‌കന്ധത്തില്‍ പറയുന്നു. 
ജന്മൗഷധിതപോമന്ത്രൈ: 
യാവത്യ ഇഹ സിദ്ധയ:
യോഗേനാപ്‌നോതി താ: സര്‍വാ:
നാ: യോഗ ഗതിം വ്രജേത്. (ഭാ. 11-16-34)  
ജന്മനയോ, ഔഷധ പ്രയോഗത്താലോ, തപസ്സിനാലോ, മന്ത്രത്താലോ ഏതെല്ലാം സിദ്ധികള്‍ കിട്ടുമോ അവയെല്ലാം യോഗം കൊണ്ടു കിട്ടും. മറ്റൊന്നുകൊണ്ടും കിട്ടില്ല. അതിനാല്‍ യോഗമാര്‍ഗത്തില്‍ ചരിക്കുക. എന്നു ഭാഗവതം പറയുന്നു. 
പ്രാണായാമ ഭേദങ്ങള്‍ ഇനി പറയുന്നു.
സൂര്യഭേദന മുജ്ജായീ
സീത്കാരീ ശീതളീ തഥാ
ഭസ്ത്രികാ ഭ്രാമരീ മൂര്‍ച്ഛാ
പ്ലാവിനീത്യഷ്ട കുംഭകാഃ (2 - 44)
സൂര്യഭേദനം, ഉജ്ജായി, സീല്‍ക്കാരി, ശീതളി, ഭസ്ത്രികാ, ഭ്രാമരീ, മൂര്‍ച്ഛാ, പ്ലാവിനീ  ഇവയാണ് അഷ്ടകുംഭകങ്ങള്‍.
ശ്വാസം പുറത്തുവിടുന്നതിനെ രേചകമെന്നും അകത്തു നിറയ്ക്കുന്നതിനെ പൂരകമെന്നും ശ്വാസം ഉള്ളില്‍ തടഞ്ഞു നിറുത്തുന്നതിനെ അന്തഃകംഭകമെന്നും ശ്വാസത്തെ പുറഞ്ഞു നിറുത്തുന്നതിനെ ബഹിഃകുംഭകമെന്നും പറയും. പരിശ്രമത്തിലൂടെ ചെയ്യുന്ന ഈ കുംഭകങ്ങളെയെല്ലാം സഹിത പ്രാണായാമമെന്നും പറയും. എന്നാല്‍, പ്രാണായാമത്തില്‍ വൈദഗ്ധ്യം നേടുമ്പോള്‍ പ്രത്യേക പരിശ്രമമില്ലാതെ കുംഭകം കൈവരും. ഇതാണ് കേവല കുംഭകം. അഭികാമ്യമായ ഒരു അവസ്ഥാവിശേഷം തന്നെയാണിത്. മുമ്പ് ചര്‍ച്ച ചെയ്ത നാഡീ ശുദ്ധി പ്രാണായാമം, അനലോമ വിലോമം എന്നിവയും ഓര്‍ക്കണം. കപാലഭാതിയും ഒരു തരം പ്രാണായാമം തന്നെ. പക്ഷെ അതിനെ ഷഡ്കര്‍മത്തിലാണ് പെടുത്തിയിരിക്കുന്നത്.
സൂര്യനാഡി വലത്തെ മൂക്കാണ്. അതിലൂടെ ശ്വാസമെടുത്ത് ഇടതിലൂടെ വിടുന്നത് സൂര്യ ഭേദനം. കഴുത്തില്‍ മുറുക്കത്തോടെ ശ്വാസമെടുക്കുന്നത് ഉജ്ജായി. പല്ലുകള്‍ക്കിടയിലൂടെ സീല്‍ക്കാരത്തോടെ ശ്വാസമെടുന്നത് സീല്‍ക്കാരി. നാക്ക് കുഴലുപോലാക്കി ശ്വാസമെടുക്കുന്നത് ശീതളി. ശക്തമായ ശ്വാസോച്ഛ്വാസമാണ് ഭസ്ത്രിക. മൂളലോടെ ശ്വാസം വിടുന്നത് ഭ്രാമരി. ബോധക്കേടുവരെ കുംഭകം ചെയ്യുന്നത് മൂര്‍ച്ഛാ. വായു വിഴുങ്ങി വയറില്‍ നിറക്കുന്നത് പ്ലാവിനി. യോഗ ചികിത്സ വന്നപ്പോള്‍ പ്രാണായാമത്തിന്റെ പ്രസക്തി വര്‍ധിച്ചിട്ടുണ്ട്.

No comments: