Tuesday, December 25, 2018

പക്ഷികളും മൃഗങ്ങളും നമ്മെ ശല്യപ്പെടുത്തുന്നതിനെ കുറച്ച് നാം അസ്വസ്ഥമാകാറുണ്ട്. എന്നാല്‍ സ്വന്തം സുഖത്തിനായി ഒരു ആടിനെ കൊല്ലുമ്പോഴോ ഒരു മരം മുറിക്കുമ്പോള്‍ കിളികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളോ ഒന്നും നാം ചിന്തിക്കാറില്ല. ഇങ്ങനെ നോക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന് നാം കാണാത്ത പല തലങ്ങള്‍ ഉണ്ടെന്നു കാണാം.
വ്യക്തിക്ക് തന്‍റെ ജീവനെയും സ്വത്തിനെയും സ്വാതന്ത്ര്യത്തെയും സംരക്ഷിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നു. എന്നാല്‍ ഈ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുന്നത് ആരാണ്? അധികാരത്തെയും പണത്തെയും ജീവനെയും ഭയന്ന് ഒരു വ്യക്തിക്ക് തന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുണ്ടല്ലോ! ജോലി പോകും എന്ന് ഭയന്ന് ഒരു പ്രൈവറ്റ് കമ്പനിയിലെ ജീവനക്കാരന്‍ ഉടമയുടെ അനീതികളെ നിശബ്ദം സഹിച്ചുകഴിയുന്നു! അങ്ങനെ എത്രയോ തൊഴിലാളികള്‍ ഉണ്ട്! അധികാരത്തിലിരിക്കുന്നവര്‍ അടിച്ചേല്‍പ്പിക്കുന്ന ധാര്‍ഷ്ട്യംനിറഞ്ഞ തന്നിഷ്ടങ്ങള്‍ അധികാരത്തെ ഭയന്ന് നിശബ്ദം സഹിക്കുന്ന എത്രയോ സര്‍ക്കാര്‍ ജീവനക്കാരുണ്ട്! ഭീഷണിക്കുമുന്നില്‍ സ്വന്തം ജീവനെയും അഭിമാനത്തെയും ഭയന്ന് ലൈംഗികാതിക്രമങ്ങളെ നിശബ്ദം സഹിക്കുന്ന എത്രയോ സ്ത്രീകള്‍ ഉണ്ട്! ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ആരാണ് സ്വാതന്ത്ര്യം നടപ്പിലാക്കുക? എവിടെയാണ് പഴുതുകള്‍ അടയ്ക്കേണ്ടത്? സ്വാതന്ത്ര്യം അനുഭവിക്കുന്നത് അധികാരവും സമ്പത്തും ഉള്ളവരാകുന്നു. അതായത് പണ്ടും ഇന്നും നിലനില്‍ക്കുന്നത് ജന്മിത്വവും മുതലാളിത്തവും തന്നെയാണല്ലോ!
ഈ സാഹചര്യത്തില്‍ അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നത് നോക്കു-''ആരാണ് അധികാരത്തില്‍ വരേണ്ടതെന്ന കാര്യം ജനങ്ങളുടെ തീരുമാനത്തിനു വിട്ടിരിക്കയാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ വേണ്ടത് അങ്ങനെയാണുതാനും. പക്ഷേ ആര് അധികാരത്തില്‍ വന്നാലും, തോന്നിയപോലെ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടായിരിക്കില്ല.''
അധികാരശക്തികൊണ്ടും സാമ്പത്തികശക്തികൊണ്ടും കായികശക്തികൊണ്ടും ആശ്രിതജനങ്ങളുടെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നുണ്ട്! എന്താണ് പരിഹാരം ? ദൗര്‍ബല്യങ്ങളെ ദൂരെയെറിഞ്ഞൃ പരിശുദ്ധി നേടുക എന്നതാണ് പരിഹാരം. ഇവിടെ ജനങ്ങള്‍ രാഷ്ട്രീയമായ ദൗര്‍ബല്യംകൊണ്ട് ഭിന്നിക്കാതെ ഒറ്റക്കെട്ടായി നില്‍ക്കണം. ജനാധിപത്യത്തിലെ ഏറ്റവും വലിയ പഴുത് അടയ്ക്കുവാന്‍ ജനങ്ങള്‍ക്കേ കഴിയുകയുള്ളൂ. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ പേരില്‍ ഭിന്നിച്ചു നില്‍ക്കാതെ സത്യം മനസ്സിലാക്കി സത്യത്തിനു വേണ്ടി ഒന്നിച്ചുനില്‍ക്കണം. അതാണ് ശക്തി! അതാണ് സ്വാതന്ത്ര്യം! നമ്മുടെ വാക്കുകള്‍ക്ക് പരിശുദ്ധി ഇല്ലെങ്കില്‍ അതിനര്‍ത്ഥം നാം ഭീരുക്കളും ദുര്‍ബലരും അടിമകളും ആണെന്നാണ്! പരിശുദ്ധിയാണ് സ്വാതന്ത്ര്യം! ദുര്‍ബലര്‍ക്കും ഭീരുക്കള്‍ക്കും സ്വാതന്ത്ര്യം ഇല്ല!
ഓം........krishnakumar kp

No comments: