അര്‍ദ്ധരാത്രിയില്‍ ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യവും അധികാരവും ഏറ്റുവാങ്ങിയ നാടാണ് നമ്മുടേത്. സ്വാതന്ത്ര്യത്തിന്റെ പാതയില്‍ ആറര പതിറ്റാണ്ട് പിന്നിട്ടിട്ടും അന്നത്തെ കൂരിരുട്ടില്‍നിന്നും നമ്മള്‍ പൂര്‍ണ്ണമായും മോചിതരല്ല എന്നതാണ് ദു:ഖസത്യം. ലഭ്യമായ അധികാരവും സമ്പാദിച്ചുകൂട്ടിയ അളവില്ലാത്ത സ്വത്തുക്കളും പല രാജനൈതിക നേതാക്കളെയും ജനമനസുകള്‍ അഴുക്കുചാലിലേക്ക് തള്ളാനിടയാക്കിയിട്ടുണ്ട്. മഹാകവി കുഞ്ഞിരാമന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞത് മണല്‍തിട്ടയില്‍ ഉറച്ചുപോയ ഭാരതമെന്ന വലിയ കപ്പലിനെ ഒരു കേവല സ്പര്‍ശംകൊണ്ട് ഗാന്ധിജി ചലിപ്പിച്ചു എന്ന സത്യം നമ്മുടെ നേതാക്കന്മാരും രാഷ്ട്രീയ പണ്ഡിതന്മാരും സാധനാപാഠമാക്കണമെന്നായിരുന്നു. രാമമന്ത്രവും രാമരാജ്യവുമൊക്കെ നെഞ്ചിലേറ്റി ജനങ്ങളെ തട്ടിയുണര്‍ത്തിയാണ് ഗാന്ധിജി സ്വതന്ത്ര ഭാരത സ്വപ്‌നത്തിലേക്ക് ജനങ്ങളെ നയിച്ചത്. ഇന്ന് രാമരാജ്യം എന്ന പദം കേള്‍ക്കുന്നതുതന്നെ പലര്‍ക്കും അരോചകമാണ്. കേവല സാന്നിദ്ധ്യവും സ്പര്‍ശവുംകൊണ്ട് ജനങ്ങളെ ചലിപ്പിക്കാനാവുന്ന നേതാക്കള്‍ എന്തുകൊണ്ട് പൊതുവില്‍ കുറഞ്ഞുവരുന്നു എന്ന സത്യത്തിന് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. മതമോ ധര്‍മമോ ഇല്ലാത്ത രാഷ്ട്രീയം ചണ്ടിയാണെന്ന് പഠിപ്പിച്ച ഗാന്ധിജിയുടെ പിന്‍ഗാമികല്‍ മതനിരാസമാണ് മതേതരത്വമെന്ന് തെറ്റിദ്ധരിപ്പിച്ച നാടാണ് ഭാരതം. സര്‍വ്വധര്‍മ്മ സമഭാവം യുഗധര്‍മ്മമായി തലമുറകളിലേക്ക് സന്നിവേശിപ്പിച്ച മഹത്തായ നമ്മുടെ നാട്ടിലാണ് തികഞ്ഞ ഭൗതികവാദിയായ ലെനിന്‍ നല്‍കിയ നിര്‍വചനത്തിന്റെ ചുവട് പിടിച്ച് മതേതരത്വം വ്യാഖ്യാനിക്കപ്പെട്ടത്. ഭാവാത്മക മതേതരത്വം നമ്മുടെ മതേതര സങ്കല്‍പ്പങ്ങളുടെ അടിത്തറയായിത്തീരുന്ന നല്ല നാളുകളേയാണ് നമുക്കിന്നാവശ്യം. സര്‍വ്വധര്‍മ്മങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ജനതയായി നാം നിലനില്‍ക്കണം. ഭാസില്‍ രതിയുള്ള നാടായി ഭാരതം മാറുകയാണുവേണ്ടത്. കേരളത്തില്‍ സാമൂഹ്യം-രാഷ്ട്രീയം-സാംസ്‌കാരികം തുടങ്ങി സമസ്തമേഖലകളിലും നീണ്ടകാലത്തെ സ്തുത്യര്‍ഹമായ സേവനത്തിന്റെ ചരിത്രമുള്ള പ്രസ്ഥാനങ്ങളാണ് എന്‍എസ്എസ്, എസ്എന്‍ഡിപി, വിശ്വകര്‍മ്മസഭ, പുലയമഹാസഭ തുടങ്ങിയ സാമുദായിക പ്രസ്ഥാനങ്ങള്‍. വിദ്യാഭ്യാസരംഗത്ത് എന്‍എസ്എസ്സിന്റെയും, എസ്എന്‍ഡിപിയുടെയും ശ്രീനാരായണ ട്രസ്റ്റിന്റെയും സേവനങ്ങളെ ആര്‍ക്കം കുറച്ചുകാണാനാവില്ല. രാഷ്ട്രീയലാഭം കൊയ്യാന്‍വേണ്ടി സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയോ അതിനായി കരുക്കള്‍ നീക്കുകയോ ചെയ്ത ചരിത്രം ഹിന്ദു സാമുദായിക പ്രസ്ഥാനങ്ങള്‍ക്കില്ല. അന്യസമുദായങ്ങളെ ക്ഷോഭിപ്പിക്കുന്ന ഒന്നും ചെയ്യാതെ സ്വസമുദായത്തെ സേവിക്കുക എന്ന പ്രതിജ്ഞയാണ് സമുദായാചാര്യനായ മന്നം സ്വസമുദായങ്ങളെകൊണ്ട് എടുപ്പിച്ചത്. എന്നാല്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെയും കപട മതേതരകക്ഷികളുടേയും കുതന്ത്രങ്ങള്‍മൂലം സാമുദായിക പ്രസ്ഥാനങ്ങളുടെ ഐക്യനീക്കം അട്ടിമറിക്കപ്പെട്ട നാടുകൂടിയാണ് കേരളം. അക്രമരാഷ്ട്രീയത്തിന്റെ ബലിപീഠത്തില്‍ ആയിരങ്ങള്‍ ബലികഴിക്കപ്പെട്ട കേരളത്തില്‍ ഹിന്ദു സാമുദായിക സംഘടനകള്‍ സംഘര്‍ഷം സൃഷ്ടിച്ച് ഇവിടെ കൊലക്കേസുകളുണ്ടായിട്ടില്ല. ശ്രീനാരായണഗുരുദേവനും, ചട്ടമ്പി സ്വാമിയും, മന്നത്ത് പത്മനാഭനും അയ്യങ്കാളിയുമൊക്കെ സ്വജീവിതംകൊണ്ട് കാട്ടിതന്ന മാര്‍ഗ്ഗങ്ങളുടെ മഹത്വം അഭിമാനിക്കത്തക്കതാണ്. സമുദായമെന്നാല്‍ ആളുകളുടെ കൂട്ടമെന്നാണ് അര്‍ത്ഥമാക്കപ്പെടുന്നത്. ഒരേ ആശയത്തിലും വിശ്വാസത്തിലും ആചാരങ്ങളിലും ഒന്നു ചേര്‍ന്ന് രൂപപ്പെടുന്ന കൂട്ടായ്മയായി അതിനെ കണക്കാക്കുന്നതാണ് ശരി. കേരളത്തില്‍ ധാര്‍മ്മിക ആചാര്യന്മാരുടെയും ആത്മീയ ഗുരുക്കന്‍മാരുടെയും നവോത്ഥാന നായകന്മാരുടെയും നേതൃത്വത്തില്‍ പല സമുദായങ്ങളുടെയും ഐക്യപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഭാരതീയ സംസ്‌കാരത്തെയും പൈതൃകത്തെയും ചരിത്രത്തെയും സ്വാംശീകരിച്ചുകൊണ്ട് സാമുദായിക പ്രസ്ഥാനങ്ങള്‍ അഭംഗുരം മുന്നേറിയതിന്റെ ഫലമായി ഹിന്ദു സമൂഹത്തില്‍ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഇല്ലാതാക്കാനും ആധുനിക വിദ്യാഭ്യാസത്തിന്റെ പാതയില്‍ ഹിന്ദുസമൂഹത്തെ അണിനിരത്താനും കഴിഞ്ഞിട്ടുണ്ട്. സംഘടിത ന്യൂനപക്ഷ രാഷ്ട്രീയം ഭൂരിപക്ഷങ്ങളുടെ അര്‍ഹമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകവഴി സാമൂഹിക സന്തുലിതാവസ്ഥ കേരളത്തില്‍ അട്ടിമറിക്കപ്പെട്ടുവെന്ന് സൂചിപ്പിച്ച മുഖ്യമന്ത്രിമാരായിരുന്നു എ.കെ.ആന്റണിയും വി.എസ്.അച്യുതാനന്ദനും. അവര്‍ ആശങ്കപ്പെട്ട അനീതികള്‍ ഇല്ലാതാക്കി തുല്യനീതി ഭൂരിപക്ഷ സമുദായത്തിന് ഇപ്പോഴും ലഭിച്ചിട്ടുമില്ല. മഹത്തായതും പൗരാണിക മൂല്യങ്ങളുള്ളതുമായ ഹിന്ദു സംസ്‌കാരത്തിന്റെ അടിത്തറയില്‍ അടിവേരുകള്‍ ഉറപ്പിച്ചിട്ടുള്ള എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ ഹിന്ദു സമുദായ പ്രസ്ഥാനങ്ങളുടെ ഐക്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുത്വപ്രസ്ഥാനങ്ങളും ഹിന്ദു സാമുദായിക സംഘടനകളും പരസ്പരപൂരകങ്ങളും പരസ്പരാശ്രിതങ്ങളുമായി കൈകോര്‍ത്തു മുന്നോട്ടു നീങ്ങുകയാണുവേണ്ടത്. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ശദാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രസംഗിക്കാനുള്ള അപൂര്‍വ്വ അവസരം ഇത്തവണ ഈ ലേഖകന് ലഭിച്ചിരുന്നു. കഴിഞ്ഞകൊല്ലം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തില്‍ അവരുടെ താലൂക്ക് യൂണിയന്‍ ഗുരുമന്ദിരം ഉദ്ഘാടനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. കോഴിക്കോട്ടെ ഈഴവ മഹാസമ്മേളനത്തിലും എന്നെ പങ്കെടുപ്പിച്ചിരുന്നു. തൃപ്രയാറില്‍ കൂടിയ ധീവരസഭയുടെ സംസ്ഥാന സമ്മേളനത്തിലും മുഖ്യാതിഥിയായി പങ്കെടുത്തു. എന്‍എസ്എസ്, എസ്എന്‍ഡിപി, വിശ്വകര്‍മ്മസഭ എന്നിവരുടെ കേസുകളും അഭിഭാഷകന്‍ എന്ന നിലയില്‍ കൈകാര്യം ചെയ്തുവരുന്നു. ഇതെല്ലാം ജീവിതത്തില്‍ ലഭിച്ച അപൂര്‍വ്വ ഭാഗ്യമായി ഞാന്‍ കരുതുന്നു. സംഘ ശാഖയിലൂടെ ബാലസ്വയം സേവകനായി ജിവിതം രൂപപ്പെടുത്തപ്പെട്ട ലേഖകന്റെ പൊതുജീവിതം ഹിന്ദുത്വഗരിമയില്‍ അധിഷ്ഠിതമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായര്‍ ചുമതലയേറ്റപ്പോള്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലും എസ്എന്‍ഡിപി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 21-12-2014 ന് കോഴിക്കോട് അളകാപുരിയില്‍ നടന്ന പൊതുസമ്മേളനത്തിലും ഈ ലേഖകനില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ടു നല്‍കിയ നല്ല വാക്കുകള്‍ സംഘം നടത്തുന്ന മനുഷ്യനിര്‍മിതിക്കുള്ള അംഗീകാരമായി കണക്കാക്കുന്നതാണ് ശരി. ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ഹിന്ദുസമുദായ സംഘടനകളുമായി അടുക്കുകയും അവരുടെ സ്‌നേഹവും വിശ്വാസവും ആര്‍ജ്ജിക്കുകയും ചെയ്യുന്നത് രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിനുവേണ്ടിയുള്ള മഹത്തായ പ്രയാണത്തിന് ശക്തിയും വേഗവും കൂട്ടുമെന്നുറപ്പാണ്. പലവിധത്തിലുള്ള അപചയങ്ങളാല്‍ കേരളം ഇന്നൊരു കെട്ട ഇടമായി മാറിക്കൊണ്ടിരിക്കയാണ്. മൂല്യച്യുതിയുടെ ചുഴികളിലും മലരികളിലുംപ്പെട്ട് മലയാളികള്‍ നട്ടംതിരിയുകയാണ്. ധാര്‍മികതയും സത്യസന്ധതയും ജീവിതത്തിന്റെ പുറംപോക്കിലെക്കെറിഞ്ഞുകൊണ്ടുള്ള കേരളീയരുടെ പോക്ക് അരാജകത്വത്തിലേക്കും സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കുമാണ് നാടിനെ കൊണ്ടെത്തിക്കുന്നത്. അന്ധകാരാവൃതമായ ഇന്നത്തെ ചുറ്റുപാടില്‍ ഭാരതകേസരി മന്നത്തു പത്മനാഭനെയും അദ്ദേഹത്തിന്റെ സംഘടനയേയും കുറിച്ചുള്ള ഒരു പുനര്‍വായന നന്മയിലേക്കുള്ള നിലാവെളിച്ചമായിരിക്കും മലയാളികള്‍ക്കു നല്‍കുക. രണ്ടുകൈകൊണ്ടും ഒരേ സമയം പൊരുതാന്‍ കെല്പുള്ളവരെയാണ് സവ്യസാചികള്‍ എന്നു വിളിക്കുന്നത്. സമുദായാചാര്യന്‍ മന്നത്തു പത്മനാഭന്‍ സമുദായ ഉദ്ധാരണത്തിനും വളര്‍ച്ചയ്ക്കുമായി ഒരു കയ്യും സാമൂഹ്യ നവോത്ഥാനത്തിനായി മറ്റേ കയ്യും ഒരേ സമയം ഉപയോഗിച്ച് പോരാടുകയായിരുന്നു. കൈവെച്ച സമസ്ത മേഖലകളിലും ലക്ഷ്യം നേടാനും വിജയം കൈവരിക്കാനും ഈ സവ്യസാചിയ്ക്കു കഴിഞ്ഞിട്ടുണ്ട്. സമുദായ സേവനം തന്നില്‍ അര്‍പ്പിതമായ ലോകസേവനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം കരുതിയിരുന്നത്. തനിക്കും തന്റെ സമുദായത്തിനും ക്ഷേത്രപ്രവേശനത്തിനും പൊതുവഴി നടക്കുന്നതിനും തടസ്സമില്ലാതിരുന്നിട്ടും അത് നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി പൊരുതി വിജയിച്ച മഹാനായിരുന്നു മന്നം. 1922 ല്‍ അമ്പലപ്പുഴ നായര്‍ മഹാസമ്മേളനത്തെക്കൊണ്ട് ക്ഷേത്ര പ്രവേശനം ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കിച്ച സമുദായാചാര്യന്‍ വൈക്കം സത്യാഗ്രഹവും സവര്‍ണ്ണജാഥയും സംഘടിപ്പിച്ച് അവശര്‍ക്ക് നീതി നേടികൊടുക്കുകയായിരുന്നു. ശ്രീമുലംസഭയില്‍ ക്ഷേത്രപ്രവേശനത്തിനായി പ്രമേയമവതരിപ്പിച്ചപ്പോള്‍ അതിനെ വോട്ടു ചെയ്തു തോല്‍പ്പിച്ചത് ഒരു ഈഴവ പ്രതിനിധികൂടിയായിരുന്നു. ചുരുക്കത്തില്‍ മന്നത്തിന്റെ കര്‍മ്മ മാര്‍ഗ്ഗം 'എല്ലാവരും സുഖികളാവട്ടെ' എന്ന ഭാരതീയ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു. യുഗപുരുഷനായ മന്നം ഹിന്ദു ഏകീകരണവും ഭൂരിപക്ഷ സമുദായ ഐക്യവും സ്വപ്‌നമാക്കി എക്കാലവും കൊണ്ടുനടക്കുകയും അതിനായി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്തിരുന്നു. 1950 ഏപ്രിലില്‍ നീലം പേരൂര്‍ ഹിന്ദു മഹാസമ്മേളനത്തില്‍വെച്ച് താന്‍ ''ഹിന്ദുവായി ജനിച്ചു. ഹിന്ദുവായി മരിക്കുമെന്നും'' മന്നത്തു പത്മനാഭന്‍ ഉറക്കെ പ്രഖ്യാപിച്ചിരുന്നു. സഹോദര ഭാവേന ന്യൂനപക്ഷങ്ങള്‍ നമ്മുടെ ചുമലില്‍ കയറി നമ്മുടെ അവകാശങ്ങളില്‍ കൈകടത്തുകയാണെന്നും അദ്ദേഹം അന്ന് തുറന്നു കാട്ടിയിരുന്നു. 1924 ല്‍ സ്വസമുദായ സ്‌നേഹം ഇതര സമുദായങ്ങളോടുള്ള വിദ്വേഷമാകരുതെന്നും അദ്ദേഹം സര്‍വീസ് മാസികയിലെഴുതിയ മുഖപ്രസംഗത്തില്‍ ആഹ്വാനം ചെയ്തിരുന്നു. എന്‍എസ്എസിന്റെ രജത ജൂബിലി ഉദ്ഘാടനം ചെയ്തത് വീര സവര്‍ക്കറായിരുന്നു. ശ്രീഗുരുജിയുമായി അടുപ്പവും നൂലിഴപിരിയാത്ത ബന്ധവുമാണ് മന്നത്തിനുണ്ടായിരുന്നത്. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ എതിര്‍പ്പുമായി രംഗത്തുവന്ന മന്നത്തു പത്മനാഭന്‍ മരിക്കുന്നതുവരെ വിവേകാനന്ദ സ്മാരക നിര്‍മാണ സമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു. സ്വയംസേവക ഗണവേഷത്തില്‍ അദ്ദേഹം സംഘ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. ദേശീയ ഐക്യത്തിനുവേണ്ടി ജയില്‍വാസം അനുഭവിച്ച ഈ മഹാന്‍ വിമോചന സമരം, കേരളാ കോണ്‍ഗ്രസിന്റെ ജനനം തുടങ്ങി കേരളത്തെ പിടിച്ചുകുലുക്കിയ ഒട്ടേറെ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നെടുനായകത്വം വഹിച്ചിരുന്നു. ഉജ്ജ്വലവാഗ്മിയും സംഘാടകനും സമര്‍പ്പിത ജീവിതത്തിന്റെ ഉടമയുമായിരുന്നു അദ്ദേഹം. 'പ്രോട്ടോകോളില്‍' ആരുമല്ലാതിരുന്ന മന്നത്തെ തേടി പ്രോട്ടോകോളിലെ എല്ലാ വലിയവരും പെരുന്നയിലേക്കെത്തിയിരുന്നു. മന്നത്തിന്റെ ബലിഷ്ഠകരങ്ങളാല്‍ വാര്‍ത്തെടുത്ത ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയിലൂടെയും മന്നത്തിന്റെ പഴയശൈലിയും പ്രവര്‍ത്തന രീതിയും തുടരുകയാണ്. 1950 ലെ ചേര്‍ത്തല എസ്എന്‍ഡിപി യോഗത്തില്‍ മന്നത്തു പത്മനാഭന്‍ ഉദ്‌ഘോഷിച്ച ഹിന്ദു ഐക്യവും ''ഒരുമിച്ചു നിന്നില്ലെങ്കില്‍ അപകടമാണെന്ന'' മുന്നറിയിപ്പും വര്‍ത്തമാന സാഹചര്യത്തിലും കേരളത്തില്‍ പ്രസക്തമാണ്. മൂല്യങ്ങളും ക്ഷേത്രാചാരങ്ങളും തന്ത്രശാസ്ത്ര വിധികളുമൊക്കെ യുവതലമുറയ്ക്കന്യമാവുന്ന ഇന്നത്തെ ചുറ്റുപാടില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ മുന്‍കൈയ്യെടുത്ത് 5000 ത്തോളം കരയോഗങ്ങള്‍വഴി ആത്മീയ ക്ലാസ്സുകള്‍ നടത്താന്‍ തുടങ്ങിയിട്ടുള്ളത് തികച്ചും ശ്ലാഘനീയമാണ്. ജീവിത രീതിയില്‍ ജ്ഞാനാനുഭൂതി ലക്ഷ്യമാക്കുകയും അജ്ഞാനമാകുന്ന തിമിരത്തെ കീറിമുറിക്കാന്‍ ജ്ഞാനമാകുന്ന ശസ്ത്രം ഉപയോഗിക്കുകയുമാണ് മന്നം ചെയ്തത്. സ്വന്തം സ്വത്വത്തെ പ്രസ്ഥാനത്തിന്റെ സത്തയാക്കി ലയിപ്പിച്ച് ആത്മസമര്‍പ്പണത്തിന്റെ മാതൃക സൃഷ്ടിച്ച പത്മഭൂഷണ്‍ മന്നത്തിന്റെ സ്മരണകള്‍ ഒരു സാമൂഹ്യ സംരചനയ്ക്ക് പാഠമാകേണ്ട ഒന്നാണ്. മന്നം ജയന്തിയില്‍ അനുസ്മരണ പ്രഭാഷണത്തിന് കിട്ടിയ അവസരം വൈവിധ്യത്തിലൂന്നിയ ഹിന്ദു സമൂഹത്തിലുറങ്ങുന്ന ഏകതയുടെ ബീജത്തെ പരിപോഷിപ്പിക്കാന്‍ സഹായകമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
No comments:
Post a Comment